സ്വദേശി ജീവിതരീതി പിന്തുടരണം: രാജേന്ദ്ര അര്‍ലേക്കര്‍

32ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസിന് തുടക്കം
 The 32nd Swadeshi Science Congress begins

32ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസിന് തുടക്കം

social media

Updated on

പെരിയ (കാസർഗോഡ്): ശാസ്ത്രീയമായ ജീവിതരീതി അനിവാര്യതയാണെന്നും സ്വന്തം ദേശത്തിന്‍റെ ജീവിത രീതികള്‍ പിന്തുടരണമെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കേരള കേന്ദ്ര സര്‍വകലാശാലയും സ്വദേശി ശാസ്ത്ര പ്രസ്ഥാനം കേരളയും സംയുക്തമായി സംഘടിപ്പിച്ച 32ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസും "വികസിത ഭാരതത്തിനായുള്ള ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം' എന്ന വിഷയത്തില്‍ നടക്കുന്ന ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്രം ജീവിതത്തിന്‍റെ ഭാഗമാണ്. ആരോഗ്യകരമായ ജീവിതശൈലി എന്താണെന്നത് നമ്മുടെ പൂർവികര്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ശരീരത്തെയും മനസിനെയും ഒരുപോലെ പരിപോഷിപ്പിക്കുന്നതായിരുന്നു അത്. അവര്‍ ആരോഗ്യമുള്ളവരും ആയുര്‍ദൈര്‍ഘ്യം കൂടിയവരുമായിരുന്നു. ഈ ശാസ്ത്രീയമായ ജീവിതരീതി അവഗണിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം.

പാശ്ചാത്യ ജീവിതരീതി പലതരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇന്നത്തെ സമൂഹം അഭിമുഖീകരിക്കുന്ന പലവിധ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ പാശ്ചാത്യ ജീവിതരീതിയിലൂടെ സാധ്യമല്ല. ഭക്ഷണരീതീയിലെ മാറ്റം ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമായി. പാശ്ചാത്യ ജീവിതരീതകള്‍ക്ക‌ു പകരം നമ്മുടെ നാടിന്‍റെ തനതു ജീവിതരീതികള്‍ പകര്‍ത്തുന്നത‌ു സംബന്ധിച്ച ഗൗരവമായ പുനരാലോചന വേണം. അദ്ദേഹം വിശദീകരിച്ചു.

പെരിയ ക്യാംപസില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസവും ഗവേഷണവും ക്ലാസ് മുറികള്‍ക്കും ലബോറട്ടറികള്‍ക്കും ഉള്ളില്‍ ഒതുക്കാതെ നാടിന്‍റെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യാനും രാജ്യത്തിന്‍റെ വികസനത്തില്‍ ചാലകശക്തിയാകാനുമാണ് കേരള കേന്ദ്ര സര്‍വകലാശാലയുടെ പ്രവര്‍ത്തനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ശാസ്ത്രീയമായ അറിവുകളാല്‍ ശാക്തീകരിക്കപ്പെട്ട സമൂഹത്തെ നിര്‍മ്മിച്ചെടുക്കുന്നതില്‍ ഉന്നത വിദ്യാഭ്യാസത്തിന് പ്രധാന പങ്കുണ്ട്. വിദ്യാഭ്യാസം നല്‍കുക എന്നതിനപ്പുറം സാമൂഹത്തോടും രാജ്യത്തോടും ഉത്തരവാദിത്വമുള്ള യുവസമൂഹത്തെ സൃഷ്ടിച്ചെടുക്കുകയാണ് സര്‍വകലാശാലകളുടെ ലക്ഷ്യം. ഭാരതത്തിന്‍റെ പൗരാണികമായ അറിവുകളുടെയും ആധുനിക ശാസ്ത്ര സാങ്കേതിക അറിവുകളുടെയും സംയോജനമാണ് സ്വദേശി സയന്‍സ് കോണ്‍ഗ്രസിലൂടെ ലക്ഷ്യമിടുന്നത്. പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടുന്നതിന് ഇത് അനിവാര്യമാണ്. വികസിത് ഭാരതത്തിലേക്കുള്ള മുന്നേറ്റത്തിന് ക്രിയാത്മകമായ സംഭാവനകള്‍ നല്‍കാന്‍ സമ്മേളനത്തിന് സാധിക്കും. അദ്ദേഹം വിശീദീകരിച്ചു.

ശാസ്ത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജി മുന്‍ ഡയറക്റ്റര്‍ ഡോ. ചന്ദ്രഭാസ് നാരായണ, ഇന്ത്യന്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സർവീസ് ഡയറക്റ്റര്‍ ഡോ. ടി.എം. ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ക്ക് സ്വദേശി ശാസ്ത്ര പുരസ്‌കാരവും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ മുന്‍ പ്രൊഫസര്‍ ഡോ. വി.പി.എന്‍. നമ്പൂരിക്ക് സ്വദേശി പുരസ്‌കാരവും ഗവര്‍ണര്‍ നല്‍കി. കേരള കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകര്‍ക്ക് റിസര്‍ച്ച് പ്രൊജക്റ്റ് അവാര്‍ഡുകളും നല്‍കി.

വിജ്ഞാന്‍ ഭാരതി സെക്രട്ടറി ജനറല്‍ വിവേകാനന്ദ പൈ മുഖ്യ പ്രഭാഷണം നടത്തി. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ആര്‍. ജയപ്രകാശ്, ഫിനാന്‍സ് ഓഫിസര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, സ്വദേശി ശാസ്ത്ര പ്രസ്ഥാനം കേരള പ്രസിഡന്‍റ് ശിവകുമാര്‍ വേണുഗോപാല്‍, 32ാമത് സ്വദേശി സയന്‍സ് കോണ്‍ഗ്രസ് സെക്രട്ടറി ഡോ. ജാസ്മിന്‍ എം. ഷാ, അധ്യാപകര്‍, ഗവേഷകര്‍ എന്നിവര്‍ സംബന്ധിച്ചു. സമ്മേളനം നാളെ സമാപിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com