ജിഎസ്ടി പരിഷ്കാരങ്ങളും വിനോദ സഞ്ചാരത്തിന്‍റെ പുതുപുലരിയും

വർഷങ്ങളോളം, ഇന്ത്യയുടെ വിനോദസഞ്ചാരവും അതിഥിസത്കാര വ്യവസായവും സങ്കീർണമായ നികുതിവ്യവസ്ഥയുടെ ഭാരം പേറി
GST reforms and the new dawn of tourism

ജിഎസ്ടി പരിഷ്കാരങ്ങളും വിനോദ സഞ്ചാരത്തിന്‍റെ പുതുപുലരിയും

Updated on

ഗജേന്ദ്ര സിങ് ഷെഖാവത്ത്- കേന്ദ്ര സാംസ്കാരിക- വിനോദ സഞ്ചാര മന്ത്രി

ഒഴിവുസമയ വിനോദം എന്നതിനപ്പുറമാണ് എല്ലായ്‌പ്പോഴും ഇന്ത്യയിലെ വിനോദ സഞ്ചാരം. നാഗരികതകൾ തമ്മിലുള്ള ചർച്ചയും, പൈതൃകം വഹിക്കുന്നതും, ഏവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്ക് ഉത്തേജകവുമാണത്. എങ്കിലും, പതിറ്റാണ്ടുകളായി ലഡാഖിലെ ബുദ്ധവിഹാരങ്ങൾ മുതൽ കന്യാകുമാരിയുടെ തീരങ്ങൾ വരെ അസാധാരണമായ വൈവിധ്യമുണ്ടായിട്ടും, വിഘടിച്ച നികുതി സമ്പ്രദായങ്ങളും ഉയർന്ന ചെലവുകളും കാരണം അതിന്‍റെ പൂർണമായ സാധ്യതകൾക്കു പ്രതിസന്ധികൾ നേരിടേണ്ടി വന്നിരുന്നു. ചരക്കു സേവന നികുതിയിലെ (ജിഎസ്ടി) സമീപകാല പരിഷ്കാരങ്ങൾ ആ കഥ മാറ്റിയെഴുതാൻ തുടങ്ങിയിരിക്കുന്നു.

വർഷങ്ങളോളം, ഇന്ത്യയുടെ വിനോദസഞ്ചാരവും അതിഥിസത്കാര വ്യവസായവും സങ്കീർണമായ നികുതിവ്യവസ്ഥയുടെ ഭാരം പേറി. സേവന നികുതി, വാറ്റ്, ആഡംബര നികുതി എന്നിങ്ങനെയുള്ള നികുതികളുടെ കൂട്ടം ആശയക്കുഴപ്പം സൃഷ്ടിക്കുകയും യാത്രാ ചെലവുകൾ വർധിപ്പിക്കുകയും ചെയ്തു. ജിഎസ്ടി കൊണ്ടുവന്നതു ലളിതവത്കരണം സാധ്യമാക്കി. എന്നാൽ നിരക്കുകൾ സമീപകാലത്തു യുക്തിസഹമാക്കിയത് രാജ്യത്തെ വിനോദ സഞ്ചാരത്തെ കൂടുതൽ മത്സരാധിഷ്ഠിതമാക്കുന്നതിൽ നിർണായകമായി.

₹7500ൽ താഴെയുള്ള ഹോട്ടൽ മുറികളുടെ ജിഎസ്ടി 12ൽനിന്ന് 5% ആയി കുറച്ചതു വഴിത്തിരിവാണ്. അതിലൂടെ ആഭ്യന്തര വിനോദ സഞ്ചാരത്തിന്‍റെ നട്ടെല്ലായ മധ്യവർഗ കുടുംബങ്ങൾക്കും ബജറ്റ് യാത്രികർക്കും യാത്ര കൂടുതൽ താങ്ങാനാകുന്നു. കൂടുതൽ താമസക്കാർ, കൂടുതൽ കാലം താമസിക്കൽ, പ്രാദേശികമായ ചെലവഴിക്കൽ വർധിക്കൽ എന്നിവയാണ് ഇതിന്‍റെ നേരിട്ടുള്ള ഫലങ്ങൾ. ചെറുകിട സംരംഭകർക്കും ഹോം സ്റ്റേ ഉടമകൾക്കും കുറഞ്ഞ നികുതിപാലന ചെലവുകൾ അവരുടെ നിലനിൽപ്പു മെച്ചപ്പെടുത്തുകയും ഔപചാരികവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

വിനോദ സഞ്ചാരം അഭിവൃദ്ധി പ്രാപിക്കുന്നതു സമ്പർക്ക സൗകര്യങ്ങളിലൂടെയാണ്. ഗതാഗതത്തിന്, പ്രത്യേകിച്ച് 10ൽ കൂടുതൽ യാത്രക്കാരെ കയറ്റുന്ന ബസുകൾക്ക്, ജിഎസ്ടി 28ൽനിന്ന് 18% ആയി കുറച്ചത് നിർണായകമായ പ്രചോദനമാണ്. ഇതു തീർഥാടകർക്കും വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും നഗരാന്തര കൂട്ടായ യാത്രകൾ കൂടുതൽ പ്രാപ്യമാക്കാൻ സഹായകമായി. പൈതൃക പരിപഥങ്ങൾ, പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പാർക്കുകൾ, ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്കു നവോന്മേഷം ലഭിച്ചിരിക്കുന്നു.

ഈ പരിഷ്കരണം നിരക്കു കുറഞ്ഞ ടിക്കറ്റുകൾക്കും അപ്പുറമാണ്. ഇതു പ്രദേശങ്ങളെ കൂട്ടിയിണക്കുന്നതിനെ കുറിച്ചും യാത്രയെ ജനാധിപത്യവത്കരിക്കുന്നതിനെ കുറിച്ചും ചെറുകിട വിനോദ സഞ്ചാര ഓപ്പറേറ്റർമാർക്കു വിപുലീകരണത്തിനുള്ള അവസരം നൽകുന്നതിനെ കുറിച്ചുമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിനോദ സഞ്ചാരം പ്രാദേശിക സമത്വത്തിനുള്ള കരുത്തുറ്റ സങ്കേതമാണ്; ചെലവു കുറഞ്ഞ യാത്രാസൗകര്യം സാമ്പത്തിക ശാക്തീകരണവും.

ഇന്ത്യയുടെ ആകർഷണം അതിന്‍റെ സ്മാരകങ്ങളിൽ മാത്രമല്ല, ജീവിത പാരമ്പര്യങ്ങളിലും കൂടിയാണ്. കലാ- കരകൗശല ഉത്പന്നങ്ങളുടെ ജിഎസ്ടി 12ൽ നിന്ന് 5% ആയി കുറച്ചത് ദശലക്ഷക്കണക്കിനു കരകൗശല വിദഗ്ധർക്ക് ഉപജീവനമേകുന്ന മേഖലയ്ക്ക് ഉത്തേജനമേകി. പ്രാദേശിക വിപണിയിൽ വിൽക്കുന്ന കൈകൊണ്ടു നിർമിച്ച ഓരോ ഉത്പന്നവും ഇന്ത്യയുടെ സാംസ്കാരികത്തുടർച്ചയുടെ മുദ്ര പേറുന്നവയാണ്.

നികുതി കുറയ്ക്കുന്നതു കേവലം സാമ്പത്തിക നേട്ടം കണക്കാക്കിയല്ല; അതു സാംസ്കാരിക നിക്ഷേപം കൂടിയാണ്. ഇന്നു വിനോദ സഞ്ചാരികൾ തേടുന്നത് ആധികാരികതയാണ്. കൈകൊണ്ടു നെയ്ത കാഞ്ചീപുരം സാരിയോ കൊത്തിയെടുത്ത ചന്ദന ശിൽപ്പമോ വീട്ടിലേക്കു കൊണ്ടുപോകുമ്പോൾ, അവർ ഇന്ത്യയുടെ സർഗാത്മക സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാണു വഹിക്കുന്നത്. ഈ പരിഷ്കരണം കരകൗശല വിദഗ്ധരെ ശാക്തീകരിക്കുകയും കരകൗശല കൂട്ടായ്മകളെ ശക്തിപ്പെടുത്തുകയും പൈതൃകത്തെ വളർച്ചയുടെ ഭാഗമാക്കുകയും ചെയ്യുന്നു.

ജിഎസ്ടിയുടെ ഏറ്റവും ശാശ്വതമായ പ്രയോജനം ഒരുപക്ഷേ വ്യക്തതയായിരിക്കും. ചെറുകിട ഹോട്ടലുകൾ, ഹോം സ്റ്റേകൾ, ട്രാവൽ ഏജൻസികൾ എന്നിവ ഇപ്പോൾ സംസ്ഥാന അടിസ്ഥാനത്തിലുള്ള നികുതികളുടെ പ്രതിസന്ധിക്കു പകരം ഒരൊറ്റ, പ്രവചനാത്മക ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കുന്നു. ഇതു നികുതിപാലനം മെച്ചപ്പെടുത്തുന്നു. നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. നവീകരണത്തിന് ഇടമൊരുക്കുന്നു.

ഒരുകാലത്ത് അനൗപചാരികമായി പ്രവർത്തിച്ചിരുന്ന ആയിരക്കണക്കിനു ചെറുകിട ഓപ്പറേറ്റർമാർക്ക് വായ്പ, ഇൻഷ്വറൻസ്, ഡിജിറ്റൽ പണമിടപാടുകൾ എന്നിവയിലേക്കുള്ള പ്രവേശനം ഔപചാരികമാകുന്നു. മറ്റു മിക്ക മേഖലകളേക്കാളും സ്ത്രീകൾക്കും യുവാക്കൾക്കും കൂടുതൽ തൊഴിൽ നൽകുന്ന മേഖലയെ സംബന്ധിച്ചിടത്തോളം, ഈ സമന്വയം പരിവർത്തനാത്മകമാണ്. വിനോദ സഞ്ചാരം വിനോദ വ്യവസായമായി മാത്രമല്ല, സംരംഭകത്വത്തിന്‍റെയും ഉപജീവന മാർഗത്തിന്‍റെയും ചാലക ശക്തിയായും മാറുന്നു.

ആഗോളതലത്തിൽ, വിലയിലെ മത്സരക്ഷമതയാണു വിനോദ സഞ്ചാരികൾ എവിടേക്കു സഞ്ചരിക്കണമെന്നു നിർണയിക്കുന്നത്. വർഷങ്ങളായി, കുറഞ്ഞ ഹോട്ടൽ നികുതികളും ലളിതമായ ലെവികളും വാഗ്ദാനം ചെയ്തിരുന്ന തായ്‌ലൻഡ്, വിയറ്റ്നാം തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ വിനോദ സഞ്ചാര കേന്ദ്രങ്ങളെ അപേക്ഷിച്ച് ഇന്ത്യ പിന്നിലായിരുന്നു. ജിഎസ്ടി പുനഃക്രമീകരണം ആ അന്തരം കുറച്ചു. ആഗോളതലത്തിൽ മത്സരാധിഷ്ഠിത നിരക്കുകളിൽ ആയുർവേദ- ധ്യാന കേന്ദ്രങ്ങൾ മുതൽ പൈതൃക ഹോട്ടലുകൾ വരെയുള്ള ലോകോത്തര അനുഭവങ്ങൾ ഇന്ത്യ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നു.

ഫലങ്ങൾ ദൃശ്യമാണ്. ആഭ്യന്തര വിനോദ സഞ്ചാര റെക്കോഡ് ഉയരങ്ങളിലേക്കു കുതിച്ചു. വിദേശ വിനോദ സഞ്ചാരികളുടെ വരവു ക്രമാനുഗതമായി വർധിക്കുകയാണ്. ക്രൂയിസ്- ആയുർസൗഖ്യ- ചലച്ചിത്ര- ആത്മീയ വിനോദ സഞ്ചാര വിഭാഗങ്ങൾ അതിവേഗം വികസിക്കുന്നു. സ്വദേശ് ദർശൻ 2.0, പ്രസാദ്, ഊർജസ്വല ഗ്രാമങ്ങൾ തുടങ്ങിയ പദ്ധതികളിലൂടെയുള്ള ഗവണ്മെന്‍റിന്‍റെ സംയോജിത മുന്നേറ്റം അടിസ്ഥാന സൗകര്യങ്ങൾ, നയം, സമൂഹ പങ്കാളിത്തം എന്നിവയെ കൂടുതൽ സമന്വയിപ്പിക്കുന്നു.

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ വിനോദ സഞ്ചാരത്തിന്‍റെ നിലവിലെ സംഭാവന 5 ശതമാനമാണ്. 80 ദശലക്ഷത്തിലധികം പേരുടെ ഉപജീവനമാർഗത്തെ ഇതു പിന്തുണയ്ക്കുകയും ചെയ്യുന്നു. സുസ്ഥിരമായ പരിഷ്കാരങ്ങളും അടിസ്ഥാനസൗകര്യ നിക്ഷേപങ്ങളും ഉപയോഗിച്ച്, 2030 ആകുമ്പോഴേക്കും ഇത് എളുപ്പത്തിൽ ഇരട്ടിയാക്കാനാകും. വിനോദ സഞ്ചാര പ്രവർത്തനത്തിലെ ഓരോ ശതമാനം പോയിന്‍റ് വർധനയും തൊഴിലവസരങ്ങൾ, പ്രാദേശിക സംരംഭങ്ങൾ, സ്ത്രീശാക്തീകരണം, സാംസ്കാരിക വിനിമയം എന്നിവ പോലുള്ള അസാധാരണ നേട്ടങ്ങൾ സൃഷ്ടിക്കുന്നു.

ജിഎസ്ടി പരിഷ്കാരങ്ങൾ ഒറ്റപ്പെട്ട സാമ്പത്തിക നടപടികളല്ല; നികുതി തടസപ്പെടുത്താതെ പ്രാപ്തമാക്കേണ്ട തത്വശാസ്ത്രത്തെ പ്രതിനിധാനം ചെയ്യുന്ന ഒന്നാണത്. അവ യാത്രാച്ചെലവു കുറയ്ക്കുകയും, സംരംഭം കൂടുതൽ പ്രായോഗികമാക്കുകയും, വിനോദ സഞ്ചാര കേന്ദ്രങ്ങളെ കൂടുതൽ ആകർഷകവുമാക്കുകയും ചെയ്യുന്നു. സമ്പദ്‌വ്യവസ്ഥയുടെ സ്പന്ദനം ജനങ്ങളിലേക്കു കൂടുതൽ അടുപ്പിക്കാനും അവയ്ക്കു കഴിയുന്നു.

ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികത്തിലേക്ക് ഉറ്റുനോക്കുമ്പോൾ, ആഗോളതലത്തിൽ മത്സരാധിഷ്ഠിതവും സാംസ്കാരികമായി ആത്മവിശ്വാസമുള്ളതുമായ വിനോദ സഞ്ചാര ആവാസവ്യവസ്ഥയില്ലാതെ, വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടു പൂർണമാക്കാൻ പ്രയാസമായിരിക്കും. വിനോദ സഞ്ചാര കേന്ദ്രമായി മാത്രമല്ല, പാരമ്പര്യത്തെ ആധുനികതയുമായും സാമ്പത്തിക ശാസ്ത്രത്തെ സഹാനുഭൂതിയുമായും സമന്വയിപ്പിക്കുന്ന അനുഭവമായും ലോകം ഇന്ത്യയെ വീണ്ടും കണ്ടെത്തുകയാണ്.

യുക്തിസഹമായ ജിഎസ്ടി, മെച്ചപ്പെട്ട സമ്പർക്ക സൗകര്യം, ശാക്തീകരിക്കപ്പെട്ട കരകൗശല വിദഗ്ധർ, ആത്മവിശ്വാസമുള്ള വ്യവസായം എന്നിവയിലൂടെ ഇന്ത്യയുടെ വിനോദ സഞ്ചാര മേഖല ഈ ദശകത്തിലെ നിർണായക വിജയഗാഥകളിലൊന്നായി മാറാനൊരുങ്ങുകയാണ്. പരിഷ്കരണം നവോത്ഥാനവുമായി സന്ധിക്കുന്ന, ഓരോ യാത്രയും പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന്‍റെ ഭാഗമാകുന്ന, ഒരു വിജയഗാഥ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com