ഗുരുവായൂരമ്പല നടയിൽ

ചിങ്ങമാസത്തിലെ ഓണത്തിന് മുമ്പായുള്ള അവസാന ഞായറാഴ്ചയും ചോതി നക്ഷത്രവും ഒരുമിച്ച് വന്നതാണ് ഇത്രയേറെ വിവാഹങ്ങൾ ഒന്നിച്ചു നടന്നതിന് കാരണം
ഗുരുവായൂരമ്പല നടയിൽ | Guruvayur mass wedding
ഗുരുവായൂരമ്പല നടയിൽ
Updated on

അതീതം | എം.ബി. സന്തോഷ്

ഗുരുവായൂരമ്പല നടയിൽ ചിങ്ങം 23ന്, അതായത് സെപ്റ്റംബർ 8ന് നടന്നത് 334 വിവാഹങ്ങൾ. 7 വർഷം മുമ്പുള്ള 2017 ഓഗസ്റ്റ് 27ന് നടന്ന 276 വിവാഹങ്ങൾ എന്ന റെക്കോർഡ് അതോടെ പഴങ്കഥയായി.

ബുക്കിങ് 354 വിവാഹങ്ങൾക്കായിരുന്നു. എണ്ണം 363 വരെ എത്തിയെങ്കിലും 9 വിവാഹ സംഘങ്ങൾ എത്തുകയില്ലെന്ന് അറിയിച്ചു. ഇതോടെ എണ്ണം 354 ആയെങ്കിലും അത്രയും വിവാഹം നടന്നില്ല. ഉച്ചപൂജ കഴിഞ്ഞ് നടന്ന ഒരു വിവാഹം ഉൾപ്പെടെ ആകെ 334 വിവാഹം. വരന്‍റെയും വധുവിന്‍റെയും രക്ഷിതാക്കൾ ഒരുപോലെ വിവാഹം ശീട്ടാക്കിയതിനാലാണ് എണ്ണം കൂടിയത്.

ചിങ്ങമാസത്തിലെ ഓണത്തിന് മുമ്പായുള്ള അവസാന ഞായറാഴ്ചയും ചോതി നക്ഷത്രവും ഒരുമിച്ച് വന്നതാണ് ഇത്രയേറെ വിവാഹങ്ങൾ ഒന്നിച്ചു നടന്നതിന് കാരണം. വിവാഹങ്ങളുടെ റെക്കോഡ് ബുക്കിങ് അറിഞ്ഞ് ആശങ്കയോടെയാണ് വധൂവരന്മാരും മാതാപിതാക്കൾ ഉൾപ്പെടെയുള്ള ബന്ധുക്കളും ക്ഷേത്രത്തിൽ എത്തിയത്. ഇത്രയേറെ വിവാഹം ഉറപ്പായപ്പോൾ ഗുരുവായൂർ ദേവസ്വവും പൊലീസും നഗരസഭയും ഉൾപ്പെടെ വ്യക്തമായ ആസൂത്രണത്തോടെ ഒരുമിച്ചപ്പോൾ കൂട്ടത്തിരക്കില്ലാതെ മികച്ച രീതിയിൽ വിവാഹങ്ങൾ നടന്നു. ആ ഏകോപനത്തിനും ആസൂത്രണത്തിനും കൈയടി.

പുലർച്ചെ 4ന് 6 കല്യാണമണ്ഡപങ്ങളിലായി വിവാഹ ചടങ്ങുകൾ ആരംഭിച്ചു. സാധാരണ രാവിലെ 5 മുതലാണ് ആരംഭിക്കുക. തിരക്കുള്ളപ്പോൾ സാധാരണ 4 മണ്ഡപങ്ങളിലാണ് വിവാഹമെങ്കിലും ഇത്തവണ അതിന്‍റെ എണ്ണം ആറാക്കി. കല്യാണ സംഘങ്ങളെ ആദ്യം തെക്കേ നടയിലെ പന്തലിലേക്ക് പ്രവേശിപ്പിച്ചു. അവിടെ നിന്ന് ടോക്കണ്‍ നല്‍കി. വധൂവരന്‍മാരും ബന്ധുക്കളും ഫോട്ടോഗ്രാഫര്‍മാരും ഉള്‍പ്പെടെ 24 പേരെ ഊഴമനുസരിച്ച് മണ്ഡപങ്ങളിലേക്ക് വിട്ടു. താലികെട്ടിന് 5 മിനിറ്റായിരുന്നു അനുവദിച്ചത്. ഒരേ സമയം 6 മണ്ഡപങ്ങളിലും കല്യാണം. താലികെട്ട് കഴിഞ്ഞ് വധൂവരന്‍മാര്‍ക്ക് ദീപസ്തംഭത്തിനു മുന്നില്‍ ഒരു മിനിറ്റ് തൊഴാനുള്ള അവസരവും നല്‍കി. അവിടെയും ഫോട്ടോ എടുക്കാൻ സൗകര്യമൊരുക്കി. ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ 49 കല്യാണം നടന്നു. രാവിലെ എട്ടിനുള്ളില്‍ 185 എണ്ണം കഴിഞ്ഞു. ശയന പ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ക്ഷേത്രത്തിൽ തിരക്കായതുകൊണ്ട് ഒഴിവാക്കി.

രാവിലെ 9 ആയപ്പോഴേക്കും 225 കല്യാണവും നടന്നു. രാവിലെ 8. 15 മുതല്‍ 9 വരെ പന്തീരടി പൂജയ്ക്കും 11. 30 മുതല്‍ 12. 30 വരെ നിവേദ്യത്തിനും നട അടച്ചപ്പോൾ വിവാഹം ഉണ്ടായില്ല. രാവിലെ 11 ആകുമ്പോഴേയ്ക്കും 320 കല്യാണംനടന്നു. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ഗുരുവായൂര്‍ എസിപി ടി.പി. സിനോജ് എന്നിവര്‍ വിവാഹം നടന്നപ്പോഴത്രയും ക്ഷേത്രനടയില്‍ മേല്‍നോട്ടത്തിനുണ്ടായി. 100 പൊലീസുകാര്‍, ദേവസ്വത്തിന്‍റെ 50 സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍, ദേവസ്വം ജീവനക്കാര്‍ എന്നിവരും യോജിച്ച് പ്രവര്‍ത്തിച്ചു. കൂടാതെ ക്രമീകരണങ്ങള്‍ക്കായി ഗുരുവായൂര്‍ നഗരസഭയുടെ സജീവ ഇടപെടലുമുണ്ടായി. വിവാഹ രജിസ്‌ട്രേഷന് പ്രത്യേകസൗകര്യങ്ങളും ഒരുക്കി. 10.40ന് 317 വിവാഹം, ഉച്ചപൂജയ്ക്ക് നടയടക്കുന്നതിന് മുൻപ് 333 കല്യാണങ്ങളും കഴിഞ്ഞതോടെ ക്ഷേത്രം കിഴക്കേ നടയിലെ നിയന്ത്രണങ്ങളെല്ലാം നീക്കി. പിന്നീട് 6 എന്നുള്ളത് 2 കല്യാണമണ്ഡപം മാത്രമാക്കി.

റെക്കോർഡ് വിവാഹ ബുക്കിങ്ങുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി മുതൽ പൊലീസ് ഗതാഗത നിയന്ത്രണങ്ങൾ വരുത്തിയിരുന്നു. റോഡുവക്കിൽ പാർക്ക് ചെയ്ത മുഴുവൻ വാഹനങ്ങളും പൊലീസ് ഇടപെട്ട് ബഹുനില പാർക്കിംഗ് കേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെ വാഹനങ്ങൾ നിറഞ്ഞപ്പോൾ ശ്രീകൃഷ്ണ ഹൈസ്കൂൾ ഗ്രൗണ്ട് അടക്കമുള്ള പാർക്കിംഗ് കേന്ദ്രങ്ങളിലേക്ക് വഴികാട്ടി. അതിരാവിലെ മുതൽ പൊലീസ് റോഡുകളിൽ നിലയുറപ്പിച്ചത് വിവാഹസംഘങ്ങൾക്കും ഭക്തർക്കും ആശ്വാസമായി.

സംസ്ഥാനത്ത് ഏറ്റവം കൂടുതൽ വിവാഹങ്ങൾ നടക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ. ദീർഘകാല ദാമ്പത്യമെന്ന വിശ്വാസമാണ് വിവാഹം നടത്താൻ ഗുരുവായൂർ ക്ഷേത്രം തെരഞ്ഞെടുക്കാൻ ഭക്തരെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഗുരുവായൂർ ക്ഷേത്രത്തിൽ രാത്രിയും പകലും വിവാഹം നടത്താൻ അനുമതി നൽകിയിരുന്നു. നട തുറന്നിരിക്കുന്ന സമയത്ത് മാത്രമേ വിവാഹം നടത്താറുള്ളൂ. രാത്രി 9 മണിയോടെ ശീവേലിക്ക് പുറത്തേക്ക് എഴുന്നള്ളിക്കുന്നത് വരെയാണ് നടതുറന്നിരിക്കുന്നത്. ഇപ്പോൾ, വിവാഹം നടക്കുന്നത് പുലർച്ചെ 5 മുതൽ ഉച്ചപൂജ കഴിഞ്ഞ് 1. 30 വരെയാണ്. അതിനുശേഷം വിവാഹം പതിവില്ല. നായർ സമാജം ജനറൽ കൺവീനർ വി. അച്യുതക്കുറുപ്പ് മകന്‍റെ വിവാഹം ക്ഷേത്രത്തിനു മുന്നിൽ വൈകിട്ട് നടത്താൻ അനുമതിക്കായി ദേവസ്വത്തിന് 2022 ഡിസംബറിൽ അപേക്ഷ നൽകി. ദേവസ്വം ഇത് അംഗീകരിക്കുകയും ആ മാസം 19ന് വൈകിട്ട് 5ന് വിവാഹം നടത്തുകയും ചെയ്തു.

ഇക്കാര്യത്തെക്കുറിച്ച് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പറഞ്ഞത്: 'പഴയ കാലം മുതൽക്ക് വിവാഹങ്ങൾ നടന്നിരുന്നത് രാത്രിയിലാണ്. പിന്നീട് വീടുകളിൽ നിന്നും ഹാളുകളിലേക്ക് ആയപ്പോഴാണ് ഇതിൽ വ്യത്യാസം വന്നത്. നല്ല മുഹൂർത്തമുള്ള ദിവസങ്ങളിൽ ആണെങ്കിൽ വളരെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. അങ്ങനെ ഒരു സാഹചര്യം വന്നപ്പോഴാണ് രാത്രിയിൽ വിവാഹം നടത്തുന്നതിന്‍റെ സാധ്യത ആരാഞ്ഞത്. ഗുരുവായൂരിലെ ആചാരങ്ങൾ ആയാലും അനുഷ്ഠാനങ്ങൾ ആയാലും ആദ്യം അഭിപ്രായം ചോദിക്കുന്നത് തന്ത്രിയോടാണ്. അങ്ങനെ ചെയ്യുന്നതിൽ വിരോധമില്ല എന്ന അഭിപ്രായം പറഞ്ഞപ്പോഴാണ് ഞങ്ങൾ അതിനെക്കുറിച്ച് ആലോചിച്ചത്. ഇത് പെട്ടെന്ന് എടുത്ത തീരുമാനം അല്ല'.

ഗുരുവായൂർ സന്നിധിയിൽ വിവാഹം നടത്താൻ താലികെട്ടിന് 2 മണിക്കൂർ മുമ്പുവരെ ക്ഷേത്രത്തിൽ വിവാഹ ടിക്കറ്റ് എടുക്കാൻ അനുമതിയുണ്ട്. ഓൺലൈൻ വിവാഹ ബുക്കിംഗ് ലഭ്യമാണ്. ക്ഷേത്രത്തിന് മുന്നിലെ മണ്ഡപങ്ങളിലാണ് താലികെട്ട്. ഗുരുവയൂർ മുനിസിപ്പാലിറ്റിയിൽ അതേ ദിവസം അപേക്ഷിക്കാനും വിവാഹ സർട്ടിഫിക്കറ്റ് നേടാനും കഴിയും. വധുവിന് ഏതുതരം സാരിയും വരന് മുണ്ടും ഷർട്ടും ധരിക്കാം, മണ്ഡപത്തിൽ ചെരിപ്പ് പാടില്ല. മണ്ഡപത്തിൽ പ്രവേശിക്കാൻ വധൂവരന്മാരെ അനുഗമിക്കാൻ 8 പേർക്കാണ് അനുമതി. ക്ഷേത്ര വിവാഹ വേദിയിൽ 2 ഫോട്ടോഗ്രാഫർമാർക്കും 2 വീഡിയോഗ്രാഫർമാർക്കും അനുവാദമുണ്ട്. വിവാഹസമയത്ത് തകിലും കുഴിത്താളവും നാദസ്വരവും അവതരിപ്പിക്കുകയും ക്ഷേത്രമണ്ഡപത്തിൽ നിന്ന് ചെറിയ തുളസിമാലകൾ നൽകുകയും ചെയ്യും.

'ഗുരുവായൂരമ്പല നടയിൽ

ഒരു ദിവസം ഞാൻ പോകും'

എന്ന വയലാർ രാമവർമ എഴുതി ജി. ദേവരാജൻ ഈണമിട്ട പാട്ട് യേശുദാസ് മനസ് നിറഞ്ഞ് പാടുമ്പോൾ

'ഓമൽക്കൈവിരൽ ലാളിക്കും

ഓടക്കുഴൽ ഞാൻ മേടിക്കും

ഞാനതിലലിഞ്ഞലിഞ്ഞില്ലാതാകും'

എന്നത് കണ്ണന്‍റെ തിരുനടയിൽ തൊഴുതു നിൽക്കുമ്പോൾ അലിഞ്ഞലിഞ്ഞു പോവുന്നത് അനുഭവിക്കാനാവുന്നെന്ന് ഗുരുവായൂരപ്പന്‍റെ ഭക്തർ പറഞ്ഞുകേട്ടിട്ടുണ്ട്. അപ്പോഴും,

'ഗോപുരവാതിൽ തുറക്കും

ഞാൻ ഗോപകുമാരനെ കാണും'

എന്ന് ഉള്ളുനിറഞ്ഞ് പാടിയ യേശുദാസിന്‍റെ മുന്നിൽ ഒരിക്കലും ആ ഗോപുരവാതിൽ തുറക്കാത്തത് യഥാർഥ ഗുരുവായൂർ ഭക്തരെ വേദനിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

Trending

No stories found.

Latest News

No stories found.