

പ്രതീകാത്മക ചിത്രം
credit: metrovaartha
ക്വാറന്‍റൈൻ| കെ. ആർ. പ്രമോദ്
പണ്ടത്തെ കാര്യമാണ്. പത്തു നാൽപ്പതു വർഷം മുമ്പാണെന്ന് പറയാം. ഇംഗ്ലീഷ് സംസാരിക്കുന്ന വൃദ്ധനായ ഒരു ഇളയത് ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. ഞങ്ങളുടെ ഓർമയിൽ അദ്ദേഹത്തിന് എൺപതു വയസോളം വരും. എങ്കിലും ഊർജത്തിന് ഒരു കുറവുമില്ല. നല്ല തമാശക്കാരനുമാണ്.
ഇദ്ദേഹത്തിന് കാര്യമായ വിദ്യാഭ്യാസ യോഗ്യതയൊന്നുമില്ല. എന്നിട്ടും അദ്ദേഹം ഇംഗ്ലീഷ് പ്രയോഗിക്കുന്നത് ഞങ്ങൾ അദ്ഭുതത്തോടെയാണ് കേട്ടിരുന്നത്. മൊബൈലും ടിവിയും ചാനലുകളും കംപ്യൂട്ടറും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും മറ്റും ഇല്ലാതിരുന്ന കാലമായിരുന്നല്ലോ അത്. അക്കാലത്ത് ഇംഗ്ലീഷ് പത്രങ്ങൾ പോലും നാട്ടിൽ വിരളമായിരുന്നു. മദ്രാസിൽ അച്ചടിച്ചിരുന്ന ഹിന്ദു പത്രം ഒന്നും രണ്ടും ദിവസം കഴിഞ്ഞാണ് ചുരുക്കം ചില വീടുകളിലെങ്കിലും എത്തിയിരുന്നത്.
ഇളയത് നല്ല മൂഡിലാണെങ്കിൽ ഞങ്ങൾ, കുട്ടികൾ ചോദിക്കും: "ഈ ഇംഗ്ലിഷൊക്കെ എവിടുന്നാണ് പഠിച്ചത്?'അതു കേട്ട് മൂപ്പർ ചിരിച്ചുകൊണ്ട് പറയും:
"ഈഫ് ദയർ ഈസ് എ വിൽ, ദയർ ഈസ് എ വേ!'.മനസുണ്ടെങ്കിൽ മാർഗവും ഉണ്ടെന്ന്!
ഇളയത് എന്നത് നായന്മാരുടെ ശ്രാദ്ധാദി കർമങ്ങൾ നടത്തുന്ന പുരോഹിതനും നായന്മാരുടെ ക്ഷേത്രങ്ങളിൽ പൂജയും ചെയ്യുന്ന ബ്രാഹ്മണരാണെന്ന് പറയേണ്ടതില്ലല്ലോ. വീടുകളിൽ ശ്രാദ്ധ കർമങ്ങൾ നടത്തുമ്പോൾ മൂപ്പർ പറയുന്നതിങ്ങനെയായിരുന്നു: "രണ്ട് ഫ്ലവറെടുത്ത് വാട്ടർ ആഡ് ചെയ്ത് മൂന്നു വട്ടം പിണ്ഡത്തിൽ സ്പ്രേ ചെയ്യുക!'.
"നോട്ട് ഒൺലി, ബട്ട് ആൾസോ'
നാട്ടിൽ പണ്ട് ജീവിച്ചിരുന്ന രണ്ട് വിമുക്ത ഭടന്മാരെയും ഓർമ വരുന്നു. അവർ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത് വിദൂര രാജ്യങ്ങളിൽ പോയി തിരിച്ചുവന്ന വീരന്മാർ! നാട്ടിൽ ജീവിക്കാൻ മാർഗമില്ലാതെ ഒളിച്ചോടി കൂലിപ്പട്ടാളത്തിൽ ചേർന്ന നിരക്ഷരർ! യുദ്ധം തീർന്നപ്പോൾ അവരിൽ രണ്ടുപേർ നാട്ടിൽ തിരിച്ചെത്തി. അതോടെ ഈ ചങ്ങാതിമാരുടെ സംസാരം ഇംഗ്ലീഷിലായി. അസാരം കള്ള് ഉള്ളിലുണ്ടെങ്കിൽ ഉഗ്രൻ ഇംഗ്ലീഷ് ഒഴുകുകയായി! ഈ ആംഗലേയ വാണികൾ കേൾക്കാനായി പലരും ഈ കിഴവന്മാർക്ക് യഥേഷ്ടം കള്ളു വാങ്ങിക്കൊടുത്തു.
"നോട്ട് ഒൺലി, ബട്ട് ആൾസോ' എന്ന് കൂടെക്കൂടെ പറഞ്ഞിരുന്ന ഇവരിൽ ഒരാൾക്ക് "നോട്ട് ഓൺലി' എന്നും മറ്റേയാൾക്ക് "ബട്ട് ആൾസോ' എന്നും നാട്ടിൽ പേരു വീണു. സ്കൂൾ കുട്ടികളുള്ള വീടുകളിൽ ഇവർക്ക് ആദരവും കരുതലും കിട്ടി. ഇവരുടെ ഇംഗ്ലീഷ് ഭാഷണം കുട്ടികൾക്ക് പ്രചോദനമാകുമെന്നാണ് പലരും കരുതിയത്. അത് ഏറെക്കുറെ ശരിയായിരുന്നു താനും.
എ ഫോർ ആപ്പിൾ! ബി ഫോർ ബോയ്!
ഇംഗ്ലീഷ് പറയാനറിയാത്തതു കൊണ്ട് "എൽ ബി ഡബ്ലിയു!', "നോ സ്മോക്കിങ്!' എന്നൊക്കെ തട്ടിമൂളിക്കുന്ന കഥാപാത്രത്തെ ഒരു സിനിമയിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ചിട്ടുണ്ടല്ലോ. ഇത്തരക്കാർക്ക് അമെരിക്കയും സോമാലിയയും തമ്മിൽ വ്യത്യാസമില്ല. തന്‍റെ പറമ്പിലെ വാഴക്കുല ഒരു സായ്പ്പിന് വെട്ടി നൽകാൻ ആഗ്രഹിച്ച ഒരു പഴയ കാരണവരുടെ കഥ കേട്ടിട്ടില്ലേ?
മൂപ്പർക്ക് അപ്പോഴൊരു സംശയം - വാഴക്കുലയുടെ ഇംഗ്ലീഷ് എന്താണ്?അദ്ദേഹം ഗാഢമായി ആലോചിച്ചു - ചക്കയ്ക്ക് "ജാക് ഫ്രൂട്ട്' എന്നാണല്ലോ പറയുക. നമുക്ക് ചക്കയും കൈതച്ചക്കയും ആത്തച്ചക്കയുമൊക്കെ ഉണ്ടു താനും. എങ്കിൽ വാഴക്കുലയ്ക്ക് എന്തുകൊണ്ട് "വാഴച്ചക്ക' എന്നു പറഞ്ഞു കൂടാ? അപ്പോൾ വാഴക്കുലയ്ക്ക് "വാഴയുടെ ജാക് ഫ്രൂട്ട്' എന്നു പറയാൻ സാധിക്കില്ലേ? "വാഴയുടെ ജാക് ഫ്രൂട്ട്' എന്നു സധൈര്യം പരിചയപ്പെടുത്തിക്കൊണ്ട് കാരണവർ വാഴക്കുല സായ്പ്പിന് കാഴ്ച വച്ചു!
"യുവർ ദാൽ വിൽ നോട്ട്കു ക്ക് ഹിയർ'
ഇന്ന് ഇംഗ്ലീഷിൽ ഡോക്റ്ററേറ് നേടിയ ചില പൗര മുഖ്യരുടെയും യുവനേതാക്കളുടെയുമൊക്കെ അവസ്ഥ എന്താണെന്നോർക്കുമ്പോഴാണ് സാധുക്കളായിരുന്ന നമ്മുടെ ഇളയതിന്‍റെയും നാട്ടിലുണ്ടായിരുന്ന പാവം കൂലിപ്പട്ടാളക്കാരുടെയുമൊക്കെ മാഹാത്മ്യം പിടികിട്ടുന്നത്. നമ്മുടെ യുവ വിപ്ലവ കേസരികളിൽ ഒരാൾ അടുത്തയിടെ ബംഗളൂരുവിൽ പോയി മുറിയിംഗ്ലീഷിൽ തെരുവു നാടകം കളിച്ചത് ഈ സന്ദർഭത്തിൽ സ്മരണീയമാണ്.
അദ്ദേഹത്തിന്‍റെ സംസാരവും തുടർന്നുള്ള കുമ്പസാരവും കോമഡി ബലൂണുകളായി പുതുവർഷാകാശത്തിൽ ഉയർന്നു പൊട്ടുകയും അറബിക്കടലോരങ്ങളിൽ ട്രോൾ മഴ പെയ്യിക്കുകയും ചെയ്യുന്നു. ഒരാഴ്ചയായി "എയറി'ലായതിനാൽ മൂപ്പർക്ക് നിലംതൊടാൻ തെല്ലും സമയം കിട്ടുന്നില്ല. ദുബായിലെ ഒരു യൂറോപ്യൻ സൂപ്പർ മാർക്കറ്റിൽ ഒരു വർഷം പരിചാരകനായി നിന്നിരുന്നെങ്കിൽ ഇംഗ്ലീഷ് ശരിക്കും പഠിക്കാമായിരുന്നു എന്നാണ് ചില ട്രോളർമാർ നിർദേശിക്കുന്നത്.
ഇംഗ്ലീഷറിയാത്തത് ഒരു തെറ്റല്ലെങ്കിലും ഉത്തരേന്ത്യയിലെ നിരക്ഷരരായ മനുഷ്യരെ നിരന്തരം അപഹസിക്കുന്ന ഒരു പണ്ഡിത രത്നമായ നേതാവാണ് ഇപ്രകാരം ആംഗലേയ ഭാഷയെ കൊന്നു തിന്നുന്നതെന്ന് ഓർക്കണം. സർവജ്ഞാനിയാണെന്ന നാട്യത്തിൽ പ്രപഞ്ച സത്യങ്ങൾ തട്ടിമൂളിക്കുമ്പോൾ നേരേ ചൊവ്വേ പറയാനെങ്കിലും ശ്രമിക്കേണ്ടത് ഏതു ജീനിയസിന്‍റെയും മിനിമം മര്യാദയല്ലേ? അല്ലെങ്കിൽ, "യുവർ ദാൽ വിൽ നോട്ട് കുക്ക് ഹിയർ' എന്ന് നാട്ടുകാർക്ക് ഇദ്ദേഹത്തോടു പറയേണ്ടിവരും. ഇംഗ്ലീഷ് പറയാൻ കഷ്ടപ്പെടുന്ന ഈ മനുഷ്യനെ മലയാളം പറയാൻ കഷ്ടപ്പെടുന്ന ഒരു മന്ത്രി ന്യായീകരിക്കുന്നതും ഇതിനിടയിൽ നമ്മൾക്ക് കാണേണ്ടിവന്നു.
കഷ്ടപ്പെടുന്ന വാഗ്മികൾ
മുമ്പ് പറഞ്ഞതു പോലെ, ഇംഗ്ലീഷ് അറിയാത്തത് ഒരു കുറവല്ലെങ്കിലും ബിരുദവും ബിരുദാനന്തര ബിരുദങ്ങളും ഡോക്റ്ററേറ്റ് പ്രബന്ധവും കൈമുതലായുള്ള പൗരമുഖ്യനും വാഗ്മിയുമായ ഒരാൾ ഇംഗ്ലീഷുമായി കഷ്ടപ്പെട്ട് ഗുസ്തി പിടിക്കുന്ന ദയനീയ കാഴ്ച നമ്മുടെ കിടിലൻ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ മേന്മയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഇതുപോലെ ഓക്സ്ഫഡ് ഇംഗ്ലീഷുമായി മല്ലുപിടിച്ച് കഷ്ടപ്പെടുന്ന വാഗ്മികൾ ഒട്ടേറെയുള്ള സാക്ഷര കേരളത്തിലെ സർവകലാശാലകളിൽ രാഷ്‌ട്രീയപ്പോരുകൾക്കപ്പുറം എന്താണ് സംഭവിക്കുന്നതന്ന് ആരും അന്വേഷിക്കുന്നില്ല. കലാശാലകളിലെ പഠനകേന്ദ്രങ്ങളാണ് ഇത്തരം വില്ലാദിവില്ലന്മാരായ വാഗ്മി പൈതങ്ങളുടെ മറ്റൊരു വിഹാര രംഗം. കാലടിയിലെ ശങ്കരാചാര്യ സർവകലാശാലയുടെ നാമത്തിൽ മലബാറിലും മറ്റും തട്ടിക്കൂട്ടിയിട്ടുള്ള സ്റ്റഡി സെന്‍ററുകളിലെ അദ്വൈത രഹസ്യങ്ങളെക്കുറിച്ച് എന്തായാലും ആരും ചോദിക്കുന്നില്ല.
പ്രബന്ധക്കൂത്ത്!
കലാശാലകളിലെ ഗവേഷണ വിഭാഗങ്ങളാണ് കേൾപ്പോരും കേൾവിയുമില്ലാത്ത വേറൊരു തമോഗർത്ത മേഖല. ഗവേഷണ പ്രബന്ധങ്ങളുടെ കാര്യത്തിൽ "കട്ട് ആൻഡ് പേസ്റ്റ്' എന്ന ഒട്ടിപ്പുരീതിയാണ് മിക്കയിടത്തും കാണുന്നത്. പണ്ട് ഏതെങ്കിലും മിടുക്കന്മാർ എഴുതിയ സംഗതികൾ കംപ്യൂട്ടർ സഹായത്തോടെ കട്ടു ചെയ്ത്, ചില്ലറ മാറ്റങ്ങൾ വരുത്തി പേസ്റ്റ് ചെയ്യുക!
ഇങ്ങനെ സൃഷ്ടിക്കുമ്പോൾ പല അബദ്ധങ്ങളും സംഭവിക്കും. ഗാസയിലെ ദീപസ്തംഭം ഗയയിലെ വിളക്കുമരമായി മാറിയെന്നിരിക്കും. അതൊന്നും ആരും കണ്ട മട്ട് നടിക്കാറില്ല. ദീപസ്തംഭം മഹാശ്ചര്യം! നമുക്കും കിട്ടണം പണം! ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ കവിതകളും ഡോക്റ്ററേറ്റ് പഠനത്തിന് ഇപ്രകാരം ഇരയായിട്ടുണ്ട്. ചങ്ങമ്പുഴയുടെ "വാഴക്കുല' എന്ന കവിത വൈലോപ്പിള്ളിയുടെതാണെന്ന് ഉറപ്പിച്ചുപറയുന്ന പ്രബന്ധ നക്ഷത്രങ്ങളും പ്രബുദ്ധതയുടെ ചിദാകാശത്ത് ഉദിച്ചുയർന്നിട്ടുണ്ട്. പോട്ടെ, സർ! ഇതിലൊന്നും ഒരു കാര്യവുമില്ല; നമ്മുടെ പല മഹാ കവികൾക്കും ഇംഗ്ലീഷ് അറിയില്ലായിരുന്നു!