

എസ്‌സി- എസ്ടി വിഭാഗങ്ങൾക്ക് നീതി, സംരക്ഷണം ശക്തിപ്പെടുത്തൽ
കേന്ദ്ര സാമൂഹിക നീതി,
ശാക്തീകരണ മന്ത്രാലയ സഹമന്ത്രി
ഏതൊരു പൗരനും അന്തസോടെ, സമത്വത്തോടെ, സുരക്ഷിതത്വത്തോടെ ജീവിക്കാൻ കഴിയുമെന്ന ഉറപ്പിലാണ് നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഈ പ്രതിബദ്ധത ശക്തമായ ഭരണഘടനാ സംരക്ഷണങ്ങളിലൂടെയും ഫലപ്രദമായ നിയമങ്ങളിലൂടെയും ഉത്തരവാദിത്തമുള്ള സ്ഥാപനങ്ങളിലൂടെയുമാണ് യാഥാർഥ്യമാകുന്നത്. അതിനാൽ, അക്രമങ്ങൾ തടയാനും ഇരകളെ സംരക്ഷിക്കാനും സമയബന്ധിതമായി നീതി ലഭ്യമാക്കാനുമുള്ള നിയമപരവും സ്ഥാപനപരവുമായ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നത് ഗവൺമെന്‍റ് തുടർന്നുപോരുന്നു.
രണ്ട് പ്രധാന നിയമങ്ങളാണ് ഈ ചട്ടക്കൂടിന്‍റെ അടിത്തറയായി നിൽക്കുന്നത്: പിസിആർ ആക്റ്റ് എന്നറിയപ്പെടുന്ന 1955ലെ സിവിൽ അവകാശ സംരക്ഷണ നിയമവും, എസ്‌സി/ എസ്ടി പിഒഎ ആക്റ്റ് എന്നറിയപ്പെടുന്ന1989ലെ പട്ടികജാതി- പട്ടികവർഗ (അക്രമങ്ങൾ തടയൽ) നിയമവും. വർഷങ്ങളായി നിയമ ഭേദഗതികൾ, മെച്ചപ്പെടുത്തിയ ആശ്വാസ- പുനരധിവാസ വ്യവസ്ഥകൾ, പ്രത്യേക നീതിന്യായ സംവിധാനങ്ങൾ, പരാതി പരിഹാര സംവിധാനങ്ങൾ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള സാമ്പത്തിക സഹായം എന്നിവയിലൂടെ ഈ നിയമങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
നീതിക്കായി കൂടുതൽ ശക്തമായ നിയമ ചട്ടക്കൂട്
ജാതി അധിഷ്ഠിത അക്രമങ്ങൾക്ക് ഇരയാകാൻ സാധ്യതയുള്ള വിഭാഗങ്ങൾ നേരിടുന്ന വെല്ലുവിളികളോട് കൂടുതൽ ഫലപ്രദമായി പ്രതികരിക്കാൻ 1989ലെ എസ്‌സി/ എസ്ടി (പിഒഎ) ആക്റ്റ് കാര്യമായ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഈ ദിശയിലുള്ള ഒരു പ്രധാന ചുവടുവയ്പ്പ് 2016 ജനുവരി 26ന് നിലവിൽ വന്ന ഭേദഗതികളിലൂടെയാണ് സാധ്യമായത്.
കുറ്റകൃത്യങ്ങളുടെ വിചാരണ വേഗത്തിലാക്കുന്നതിനായി പ്രത്യേക കോടതികൾ സ്ഥാപിക്കാനും പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കാനും ഈ ഭേദഗതികൾ വ്യവസ്ഥ ചെയ്തു. കൂടാതെ, അക്രമങ്ങളുടെ പുതിയ പല രൂപങ്ങളെയും ഈ നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തുകയും അതുവഴി എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് ലഭ്യമായ നിയമ പരിരക്ഷ കൂടുതൽ വിപുലീകരിക്കുകയും ചെയ്തു.
അതുപോലെ പ്രധാനപ്പെട്ടതായിരുന്നു ഇരകളുടെയും സാക്ഷികളുടെയും അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രത്യേക അധ്യായം നിയമത്തിൽ ഉൾപ്പെടുത്തിയത്. ഒരു കേസിന്‍റെ രജിസ്ട്രേഷനും വിചാരണയ്ക്കുമപ്പുറം ബാധിക്കപ്പെട്ടവരുടെ സംരക്ഷണം, അന്തസ്, പുനരധിവാസം എന്നിവയിലേക്കും നീതി വ്യാപിപ്പിക്കേണ്ടതുണ്ടെന്ന തിരിച്ചറിവോടെ, ഇരകളോടും അവരുടെ ആശ്രിതരോടും സാക്ഷികളോടുമുള്ള സംസ്ഥാന ഗവൺമെന്‍റുകളുടെ ഉത്തരവാദിത്തങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി.
തുടർന്ന് 1995ലെ എസ്‌സി/ എസ്ടി (പിഒഎ) ചട്ടങ്ങൾ 2016 ഏപ്രിൽ 14ന് ഭേദഗതി ചെയ്തു. ഈ ഭേദഗതികൾ ആശ്വാസ- പുനരധിവാസ ചട്ടക്കൂടിനെ കൂടുതൽ ശക്തിപ്പെടുത്തുകയും, 47 തരം അക്രമ സംഭവങ്ങൾക്കായി നിർദേശിച്ചിട്ടുള്ള ആശ്വാസധനം വർധിപ്പിക്കുകയും, ഇരകൾക്കും അവരുടെ ആശ്രിതർക്കും സമയബന്ധിതമായി സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതിന് ഊന്നൽ നൽകുകയും ചെയ്തു.
സമയബന്ധിതമായി നീതി ലഭ്യമാക്കൽ
2018 ഓഗസ്റ്റ് 20ന് എസ്‌സി/ എസ്ടി (പിഒഎ) ആക്റ്റിൽ വരുത്തിയ ഭേദഗതിയിലൂടെ കൂടുതൽ സുപ്രധാന മാറ്റങ്ങൾ കൊണ്ടുവന്നു. ഈ നിയമപ്രകാരമുള്ള കേസുകളിൽ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്യും മുമ്പ് പ്രാഥമികാന്വേഷണം വേണമെന്ന വ്യവസ്ഥ ഈ ഭേദഗതി ഒഴിവാക്കി. കൂടാതെ, ഈ നിയമപ്രകാരം കുറ്റകൃത്യം ചെയ്തതായി ആരോപിക്കപ്പെടുന്ന വ്യക്തിയെ അറസ്റ്റ് ചെയ്യുന്നതിന് മുൻകൂർ അനുമതി വേണമെന്ന നിബന്ധനയും നീക്കം ചെയ്തു.
എസ്‌സി- എസ്ടി വിഭാഗങ്ങൾക്കെതിരേയുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ രജിസ്ട്രേഷനും അന്വേഷണത്തിനും വിചാരണയ്ക്കും നടപടിക്രമങ്ങൾ തടസമാകരുത് എന്ന വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു ഇത്.
1995ലെ എസ്‌സി/ എസ്ടി (പിഒഎ) ചട്ടങ്ങൾ 2018 ജൂൺ 27നും ഭേദഗതി ചെയ്തു. മരണങ്ങൾ, പരിക്കുകൾ, ബലാത്സംഗം, കൂട്ടബലാത്സംഗം, ആസിഡ് ആക്രമണം, സ്വത്ത് നശിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലും നിയമത്തിന്‍റെ പരിധിയിൽ വരുന്ന മറ്റ് കുറ്റകൃത്യങ്ങളിലും ഉള്ള സാമ്പത്തിക ആശ്വാസ വ്യവസ്ഥകളെ ഈ ഭേദഗതി കൂടുതൽ ശക്തമാക്കി.
ഈ പരിഷ്കാരങ്ങൾ സുപ്രധാനമായ ഒരു തത്വം അടിവരയിടുന്നു: നിയമം കടലാസിൽ മാത്രം ശക്തമായാൽ പോരാ, ഒരു ഇര സംരക്ഷണവും നീതിയും തേടിയെത്തുമ്പോൾ അത് പ്രാപ്യവും ഫലപ്രദമായി പ്രതികരിക്കുന്നതും ആയിരിക്കണം.
വേഗ വിചാരണയ്ക്കായി പ്രത്യേക കോടതികൾ
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നൽകിയ വിവരങ്ങൾ അനുസരിച്ച്, 1989ലെ എസ്‌സി/ എസ്ടി (അക്രമങ്ങൾ തടയൽ) നിയമപ്രകാരമുള്ള കേസുകളുടെ വിചാരണയ്ക്കായി 15 സംസ്ഥാനങ്ങളിലായി 217 പ്രത്യേക കോടതികൾ സ്ഥാപിച്ചിട്ടുണ്ട്. കേസുകളുടെ എണ്ണം താരതമ്യേന കുറവുള്ള ജില്ലകളിൽ, ബന്ധപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ അനുമതിയോടെ സെഷൻസ് കോടതികളെ പ്രത്യേക കോടതികളായി പ്രഖ്യാപിക്കുന്നതിനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.
ഈ നിയമപ്രകാരമുള്ള കേസുകളുടെ വേഗത്തിലുള്ള വിചാരണയ്ക്കും ഫലപ്രദമായ തീർപ്പാക്കലിനും അതുപോലെതന്നെ ഇരകൾക്ക് പ്രത്യേക നീതിന്യായ സംവിധാനങ്ങൾ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് ഇത്തരം പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതും ശക്തമാക്കുന്നതും ലക്ഷ്യമിടുന്നത്.
പരാതി പരിഹാരം ജനങ്ങളുടെ അടുത്തേക്ക്
നിയമപരമായ സംരക്ഷണത്തെക്കുറിച്ച് പൗരന്മാർക്ക് ബോധവത്കരണമുള്ളപ്പോഴും അനുയോജ്യമായ സഹായം ലഭ്യമാകുമ്പോഴും മാത്രമേ അത് അർഥവത്താകൂ. ഇത് മുൻനിർത്തി, പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കെതിരേയുള്ള അക്രമങ്ങൾക്കെതിരായ ദേശീയ ഹെൽപ്പ് ലൈൻ 2021 ഡിസംബർ 13ന് ആരംഭിക്കുകയും പിന്നീട് ഇത് "സംബൽ' (SAMBAL) എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.
ടോൾ ഫ്രീ നമ്പറായ 1800-202-1989, ഷോർട്ട് കോഡ് ഹെൽപ്പ് ലൈനായ 14566 എന്നിവ എസ്‌സി/ എസ്ടി (പിഒഎ) നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനും വിവരങ്ങൾ, മാർഗനിർദേശങ്ങൾ, പരാതി പരിഹാര സംവിധാനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. അക്രമങ്ങൾക്ക് ഇരയാകുന്ന വ്യക്തികൾക്ക് തങ്ങളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ചും ലഭ്യമായ പരിഹാര മാർഗങ്ങളെക്കുറിച്ചും മനസിലാക്കുന്നതിനുള്ള ഒരു പ്രധാന മാർഗമായി ഇത് പ്രവർത്തിക്കുന്നു. ഈ ഹെൽപ്പ് ലൈൻ സംരക്ഷണത്തിനും നീതിക്കുമായുള്ള വിശാലമായ സ്ഥാപനപരമായ ചട്ടക്കൂടിന് കൂടുതൽ കരുത്തുപകരുന്നു.
താഴേത്തട്ടിൽ നടപ്പിലാക്കൽ ശക്തമാക്കുന്നു
ഏതൊരു നിയമനിർമാണത്തിന്‍റെയും ഫലപ്രാപ്തി എന്നത് അന്തിമമായി അത് എങ്ങനെ നടപ്പിലാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ, 1955ലെ പിസിആർ ആക്റ്റ്, 1989ലെ എസ്‌സി/ എസ്ടി (PoA) ആക്റ്റ് എന്നിവയുടെ ഫലപ്രദമായ നടത്തിപ്പ് സുഗമമാക്കാൻ, ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും മറ്റ് പങ്കാളികളുമായും കൂടിയാലോചനകൾ നടത്തിയ ശേഷം ഗവൺമെന്‍റ് പദ്ധതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സഹായം വ്യാപിപ്പിക്കാനും പ്രതിരോധം, സംരക്ഷണം, ആശ്വാസ ധനം, പുനരധിവാസം, ബോധവത്കരണം എന്നിവയുമായി ബന്ധപ്പെട്ട നടപടികൾ ശക്തമാക്കാനും ഈ മാർഗനിർദേശങ്ങൾ വ്യക്തമായ ഘടനാപരമായ ചട്ടക്കൂട് നൽകുന്നു.
നിയമം നടപ്പിലാക്കുമ്പോൾ ഉയർന്നുവരുന്ന പ്രായോഗിക വെല്ലുവിളികളോടും ഗവൺമെന്‍റ് കൃത്യമായി പ്രതികരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു സംസ്ഥാനത്തുനിന്നോ കേന്ദ്രഭരണ പ്രദേശത്തുനിന്നോ മറ്റൊരു ഇടത്തേക്ക് കുടിയേറിയ ഇരകൾക്കോ അവരുടെ ആശ്രിതർക്കോ ആശ്വാസധനം നൽകാൻ ഉത്തരവാദപ്പെട്ട അധികാരി ആരാണ് എന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നുവന്നിരുന്നു. വ്യക്തതയും ഏകീകരണവും കൊണ്ടുവരാൻ, 2025 ജൂൺ 20ന് പുറപ്പെടുവിച്ച വിശദീകരണത്തിൽ എസ്‌സി/ എസ്ടി (പിഒഎ) ചട്ടപ്രകാരം നിർദേശിച്ചിട്ടുള്ള ആശ്വാസധനം നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ ആണ് നൽകേണ്ടതെന്ന് വ്യക്തമാക്കി.
ഇത്തരം നടപടികൾ വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഇരകളോ അവരുടെ ആശ്രിതരോ സംസ്ഥാനങ്ങളുടെയോ കേന്ദ്രഭരണ പ്രദേശങ്ങളുടെയോ അതിർത്തികൾ കടന്ന് യാത്ര ചെയ്യുമ്പോൾ പോലും നിയമപ്രകാരം ലഭ്യമാകുന്ന സംരക്ഷണം ഫലപ്രദമായി തുടരേണ്ടതുണ്ട്. ഈ വിശദീകരണം ആശ്വാസധനം സമയബന്ധിതമായി വിതരണം ചെയ്യാൻ സഹായിക്കുകയും നടപ്പിലാക്കലിൽ സ്ഥിരതയും ഏകീകരണവും ഉറപ്പുവരുത്തുകയും ചെയ്യുന്നു.
കേന്ദ്ര സഹായം
1955ലെ പിസിആർ ആക്റ്റ്, 1989ലെ എസ്‌സി/ എസ്ടി (PoA) ആക്റ്റ് എന്നിവ നടപ്പിലാക്കുന്നതിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതി, നിയമപാലന സംവിധാനങ്ങൾ ശക്തമാക്കാനും ഇരകൾക്ക് ആശ്വാസവും പുനരധിവാസവും നൽകാനും സാമൂഹിക സമഗ്രത വളർത്താനുമായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സാമ്പത്തിക സഹായം നൽകുന്നു.
2014-15 മുതൽ ഈ പദ്ധതിക്ക് കീഴിൽ 5,012.17 കോടി രൂപയുടെ കേന്ദ്ര സഹായം അനുവദിച്ചു. ഈ കാലയളവിൽ അക്രമങ്ങൾക്ക് ഇരയായ ഏകദേശം 7,26,588 ആളുകൾക്ക് ആശ്വാസധനം നൽകുകയും, മിശ്രവിവാഹം കഴിച്ച 2,21,716 ദമ്പതികൾക്ക് ധനസഹായം നൽകുകയും ചെയ്തു.
ഈ കണക്കുകൾ സാമ്പത്തിക വിഹിതത്തെയും ഗുണഭോക്താക്കളുടെ എണ്ണത്തെയും മാത്രം സൂചിപ്പിക്കുന്ന ഒന്നല്ല. ഇരകൾക്ക് ആവശ്യമുള്ള സമയത്ത് സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, സമത്വവും സംയോജനവും പ്രോത്സാഹിപ്പിക്കുന്ന നടപടികളിലൂടെ സാമൂഹിക സൗഹാർദം വളർത്താനുമുള്ള ഗവൺമെന്‍റിന്‍റെ തുടർച്ചയായ ശ്രമങ്ങളെയാണ് ഇവ പ്രതിഫലിപ്പിക്കുന്നത്.
നീതിയും അന്തസും സമത്വവും കേന്ദ്രബിന്ദു
എസ്‌സി/ എസ്ടി (പിഒഎ) നിയമവും ചട്ടങ്ങളും ശക്തമാക്കൽ, പ്രത്യേക നീതിന്യായ സംവിധാനങ്ങൾ സ്ഥാപിക്കൽ, ആശ്വാസ- പുനരധിവാസ വ്യവസ്ഥകൾ വർധിപ്പിക്കൽ, ദേശീയ ഹെൽപ്പ് ലൈൻ ആരംഭിക്കൽ, നടപ്പിലാക്കൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കൽ, തുടർച്ചയായ കേന്ദ്ര സാമ്പത്തിക സഹായം എന്നിവയെല്ലാം ചേർന്ന് പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളുടെ സംരക്ഷണത്തിന് സമഗ്രമായ ഒരു സമീപനം രൂപീകരിക്കുന്നു.
അക്രമങ്ങൾ സംഭവിച്ച ശേഷം മാത്രം പ്രതികരിക്കുന്നതിൽ പരിമിതമല്ല നമ്മുടെ പ്രതിബദ്ധത. പ്രതിരോധം, ബോധവത്കരണം, സ്ഥാപനപരമായ ഉത്തരവാദിത്തം, സമയബന്ധിതമായ ആശ്വാസധനവും പുനരധിവാസവും, കൂടാതെ ഓരോ പൗരനും ഭയരഹിതമായും അന്തസോടെയും ജീവിക്കാൻ കഴിയുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ഭരണഘടന എല്ലാ പൗരന്മാർക്കും സമത്വവും അന്തസും നീതിയും ഉറപ്പുനൽകുന്നു. ഈ മൂല്യങ്ങൾ സംരക്ഷിക്കാൻ തുടർച്ചയായ ജാഗ്രതയും ഫലപ്രദമായ നടത്തിപ്പും കേന്ദ്ര- സംസ്ഥാന ഗവൺമെന്‍റുകളും കേന്ദ്രഭരണ പ്രദേശങ്ങളും തമ്മിലുള്ള അടുത്ത സഹകരണവും ആവശ്യമാണ്.
ഈ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാനും, നടപ്പിലാക്കലിലെ വെല്ലുവിളികൾ പരിഹരിക്കാനും, നിയമപരമായ സംരക്ഷണങ്ങൾ പ്രായോഗികതലത്തിൽ അർഥവത്തായ സുരക്ഷയായി മാറുന്നുവെന്ന് ഉറപ്പാക്കാനും ഗവൺമെന്‍റ് തുടർച്ചയായി പ്രവർത്തിക്കും. പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം, നീതി എന്നത് ഭരണഘടനാപരമായ ഒരു വാഗ്ദാനം മാത്രമായി ശേഷിക്കരുത്; മറിച്ച് അത് അന്തസ്, സുരക്ഷ, സമത്വം, അവസരങ്ങൾ എന്നിവ നിറഞ്ഞ അനുഭവവേദ്യമായ യാഥാർഥ്യമായി മാറണം.