

നീല സമ്പദ് വ്യവസ്ഥ
പ്രത്യേക ലേഖകൻ
11,099 കിലോമീറ്റർ നീളമുള്ള തീരപ്രദേശവും 24 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രത്യേക സാമ്പത്തിക മേഖലയുമുള്ള ഇന്ത്യയ്ക്ക് വിപുലവും വൈവിധ്യപൂർണവുമായ സമുദ്ര വിഭവശേഖരമുണ്ട്. ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ 58.6 ലക്ഷം മെട്രിക് ടൺ സമുദ്ര മത്സ്യസമ്പത്തുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഭക്ഷ്യ സുരക്ഷ, പോഷണം, തൊഴിൽ, വരുമാന സൃഷ്ടി, കയറ്റുമതി വരുമാനം എന്നിവയിൽ ഗണ്യമായ സംഭാവന നൽകുന്നതിനൊപ്പം, 50 ലക്ഷം മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം നിലനിർത്തുന്നതിലും ഈ മേഖല നിർണായക പങ്ക് വഹിക്കുന്നു.
ഇന്ന് ആഗോളതലത്തിൽ മത്സ്യബന്ധന- അക്വാ കൾച്ചർ മേഖലയിൽ വൻകിട രാജ്യങ്ങൾക്കിടയിൽ ഇന്ത്യ പ്രമുഖ സ്ഥാനം വഹിക്കുന്നു. 2025-26 സാമ്പത്തിക വർഷം ഏകദേശം ₹73,890 കോടി മൂല്യമുള്ള സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്തു. ദേശീയ സമ്പദ്വ്യവസ്ഥയിലും ആഗോള സമുദ്രോത്പന്ന വ്യാപാരത്തിലും ഈ മേഖലയുടെ വർധിച്ചുവരുന്ന പ്രാധാന്യം ഇത് വ്യക്തമാകുന്നു.
ഇന്ത്യയുടെ മത്സ്യബന്ധന മേഖല ഉത്പാദന കേന്ദ്രീകൃത പ്രവർത്തനത്തിൽ നിന്ന് സാങ്കേതികവിദ്യാ അധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായി ദേശീയ സമ്പദ്വ്യവസ്ഥയുടെ ചലനാത്മക സ്തംഭമായി മാറിക്കൊണ്ടിരിക്കുകയാണ്. 2015 മുതൽ മത്സ്യബന്ധന മേഖലയിലെ പൊതുനിക്ഷേപം കേന്ദ്ര ഗവൺമെന്റ് ഗണ്യമായി വർധിപ്പിച്ചു, പ്രധാന പദ്ധതികളിലൂടെയും പരിപാടികളിലൂടെയും 39,272 കോടി രൂപ നിക്ഷേപിക്കാനും തീരുമാനിച്ചു.
പ്രധാനമന്ത്രി മത്സ്യസമ്പദാ യോജനയ്ക്കു (പിഎംഎംഎസ്വൈ) കീഴിൽ മത്സ്യബന്ധന വികസനം ശക്തിപ്പെടുത്താൻ ദ്വീപ് പ്രദേശങ്ങൾക്കായി ഗണ്യമായ നിക്ഷേപങ്ങൾ വിഭാവനം ചെയ്തിട്ടുണ്ട്. ആൻഡമാൻ- നിക്കോബാർ ദ്വീപുകൾക്ക് 218 കോടിയും ലക്ഷദ്വീപിന് 175 കോടിയും വകയിരുത്തി. ഈ തന്ത്രപ്രധാന സമുദ്ര മേഖലകളിലെ മീൻപിടിത്ത സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധതയാണിത്.
ദ്വീപുകളെ കേന്ദ്രീകരിച്ചുള്ള മത്സ്യബന്ധന വികസനത്തിന് നൽകുന്ന ഊന്നൽ 2025-26ലെ കേന്ദ്ര ബജറ്റിലും പ്രതിഫലിച്ചിരുന്നു. ലക്ഷദ്വീപിനും ആൻഡമാൻ- നിക്കോബാർ ദ്വീപുകൾക്കും പ്രത്യേക ഊന്നൽ നൽകുകയും ചെയ്തു. ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിലും സമീപത്തെ ആഴക്കടൽ പ്രദേശങ്ങളിലുമുള്ള ഇനിയും പൂർണമായി പ്രയോജനപ്പെടുത്താത്ത സമുദ്ര മത്സ്യവിഭവങ്ങളിലേക്ക് പ്രവേശനം നേടുന്നതിൽ ഈ ദ്വീപ് പ്രദേശങ്ങൾക്കുള്ള തന്ത്രപരമായ പ്രാധാന്യത്തിന്റെ അംഗീകാരമാണ് ഈ ഊന്നൽ. അതേസമയം, വികസന യാത്രയിൽ സുസ്ഥിരതയ്ക്കും ശാസ്ത്രീയ പരിപാലനത്തിനും പ്രാധാന്യം നൽകുകയും ചെയ്യുന്നു.
ഇന്ത്യയുടെ സമുദ്ര ഭൂമിശാസ്ത്രത്തിൽ ലക്ഷദ്വീപിനും ആൻഡമാൻ- നിക്കോബാർ ദ്വീപുകൾക്കും സവിശേഷ സ്ഥാനമാണുള്ളത്. ഇവ രണ്ടും ചേർന്ന് രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലയുടെ ഏകദേശം 40 ശതമാനവും ഉൾക്കൊള്ളുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഇന്ത്യയുടെ സാന്നിധ്യം വ്യാപിപ്പിക്കുന്ന ഈ രണ്ട് ദ്വീപസമൂഹങ്ങൾ സമൃദ്ധമായ മത്സ്യബന്ധന മേഖലകളിലേക്കും ചൂര മത്സ്യങ്ങളുടെ പ്രധാന ദേശാടന പാതകളിലേക്കും പ്രവേശനം നൽകുന്നു.
ലക്ഷദ്വീപിലെ ലഗൂൺ സംവിധാനങ്ങളും പവിഴപ്പുറ്റുകളും ചുറ്റുമുള്ള ആഴക്കടൽ ജലവും ട്യൂണ (ചൂര) മത്സ്യബന്ധനം, കടൽ പായൽ കൃഷി, പവിഴപ്പുറ്റുകളെ ആശ്രയിച്ചുള്ള ഉപജീവന മാർഗങ്ങൾ എന്നിവയ്ക്ക് അനുകൂല സാഹചര്യങ്ങൾ ഒരുക്കുന്നു. വിശാലമായ തീരപ്രദേശം, വൈവിധ്യമാർന്ന സമുദ്ര ആവാസ വ്യവസ്ഥകൾ, തെക്കുകിഴക്കൻ ഏഷ്യൻ സമുദ്ര പാതകളുമായുള്ള സാമീപ്യം എന്നിവയുള്ള ആൻഡമാൻ- നിക്കോബാർ ദ്വീപുകൾ സുസ്ഥിര മത്സ്യബന്ധനം, സമുദ്ര കൃഷി, മൂല്യവർധിത സമുദ്രോത്പന്ന ഉത്പാദനം എന്നിവ വികസിപ്പിക്കുന്നതിന് വിപുലമായ അവസരങ്ങൾ നൽകുന്നു.
ഉയർന്ന മൂല്യമുള്ള സമുദ്ര വിഭവ മത്സ്യബന്ധനത്തിനായുള്ള ഗവൺമെന്റിന്റെ കർമപദ്ധതിയുടെ മുഖ്യ ഇനമായി ചൂര മത്സ്യ ഇനങ്ങളുടെ വികസനം മാറി. ലക്ഷദ്വീപിനും ആൻഡമാൻ- നിക്കോബാർ ദ്വീപുകൾക്കും ചുറ്റുമുള്ള സമുദ്രജലത്തിൽ യെല്ലോഫിൻ, സ്കിപ്ജാക്ക്, ബിഗ്ഐ ട്യൂണ എന്നിവ ഗണ്യമായി ഉണ്ട്. ഇത് സുസ്ഥിരവും കയറ്റുമതി കേന്ദ്രീകൃതവുമായ മത്സ്യബന്ധനത്തിന് വലിയ സാധ്യതകൾ നൽകുന്നു. ആധുനിക ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ, ഹുക്ക് ആൻഡ് ലൈൻ, പോൾ ആൻഡ് ലൈൻ തുടങ്ങിയ തെരഞ്ഞെടുത്ത മത്സ്യബന്ധന രീതികൾ, ബോട്ടുകളിൽ മത്സ്യം കൈകാര്യം ചെയ്യാനുള്ള മെച്ചപ്പെട്ട സംവിധാനങ്ങൾ, ശീതീകരണ ശൃംഖലാ വിപുലീകരണം, സംസ്കരണ- സംഭരണ സൗകര്യങ്ങൾ, കാര്യക്ഷമമായ കയറ്റുമതി ബന്ധങ്ങൾ എന്നിവ സംയോജിപ്പിക്കുന്ന ശാസ്ത്രാധിഷ്ഠിതവും മൂല്യശൃംഖലാ കേന്ദ്രീകൃതവുമായ സമീപനമാണ് മുന്നോട്ടുകൊണ്ടുപോകുന്നത്.
ലക്ഷദ്വീപിൽ 5 വർഷ പദ്ധതിയിലൂടെ ട്യൂണ ഉത്പാദനം ഇരട്ടിയാക്കി 50,000 ടണ്ണിലെത്തിക്കുകയാണ് ലക്ഷ്യം. ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ, വൻകിട കപ്പലുകൾ എന്നിവ ഉൾപ്പെടുത്തുന്നതും ദ്വീപുകളുടെ പരമ്പരാഗതവും പരിസ്ഥിതിക്ക് അനുയോജ്യവുമായ ചൂണ്ട (പോൾ ആൻഡ് ലൈൻ) മത്സ്യബന്ധനവും ഇതിന് പിന്തുണ നൽകുന്നു. ആൻഡമാൻ- നിക്കോബാർ ദ്വീപുകളിൽ പിഎംഎംഎസ്വൈയ്ക്ക് കീഴിൽ പ്രത്യേക ട്യൂണ ക്ലസ്റ്റർ രൂപീകരിച്ച് കപ്പലുകളുടെ ആധുനികവത്കരണവും അടിസ്ഥാനസൗകര്യ വികസനവും വേഗത്തിലാക്കുകയാണ്. പുതിയ ബോട്ടുകൾ, നവീകരിച്ച മത്സ്യബന്ധന യാനങ്ങൾ, വിപുലീകരിച്ച ശീതീകരണ സംഭരണ ശേഷി എന്നിവ ഇതിൽ ഉൾപ്പെടുന്നു. അതേസമയം, മറൈൻ പ്രോഡക്റ്റ്സ് എക്സ്പോർട്ട് അഥോറിറ്റിയുടെ (എംപിഇഡിഎ) പങ്കാളിത്തം വിപണി പ്രവേശനം മെച്ചപ്പെടുത്തുകയും ദ്വീപുകളിൽ നിന്ന് നേരിട്ടുള്ള കയറ്റുമതി സുഗമമാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
ദ്വീപുകളുടെ സമ്പദ്വ്യവസ്ഥയുടെ പൂരക ഘടകങ്ങളായി കടൽ പായൽ കൃഷിയെയും അലങ്കാര മത്സ്യബന്ധനത്തെയും ഗവൺമെന്റ് മുന്നോട്ടുകൊണ്ടുപോകുന്നു. ഇതിലൂടെ മത്സ്യമേഖലാ വളർച്ച മത്സ്യബന്ധനത്തിൽ മാത്രം ഒതുങ്ങാതെ കൂടുതൽ വിപുലമാക്കുകയാണ്. ലക്ഷദ്വീപിലെ ശുദ്ധമായ ലഗൂൺ സംവിധാനങ്ങളും ആൻഡമാൻ- നിക്കോബാർ ദ്വീപുകളിലെ പവിഴപ്പുറ്റുകളാൽ സമ്പന്നമായ ആവാസ വ്യവസ്ഥകളും സുസ്ഥിര കടൽ പായൽ കൃഷിക്ക് അനുകൂല സാഹചര്യങ്ങൾ ഒരുക്കുന്നു. ഭക്ഷണം, ന്യൂട്രാസ്യൂട്ടിക്കൽസ്, സൗന്ദര്യവർധക വസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽസ്, ജൈവ- വ്യാവസായിക ഉത്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ ഇതിന് പ്രയോഗസാധ്യതയുണ്ട്.
ലക്ഷദ്വീപിനെ പ്രത്യേക കടൽ പായൽ ക്ലസ്റ്ററായി വിജ്ഞാപനം ചെയ്തതോടെ വിപുലമായ കൃഷി, വിത്ത് ബാങ്കുകൾ, ഹാച്ചറികൾ, ശേഷി വികസനം എന്നിവയിലൂടെ മൂല്യശൃംഖല വികസിപ്പിക്കാനുള്ള കർമപദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. പ്രത്യേകിച്ച് ലക്ഷദ്വീപിൽ 300ലധികം പവിഴപ്പുറ്റുകളുമായി ബന്ധപ്പെട്ട അലങ്കാര മത്സ്യ ഇനങ്ങൾ കാണപ്പെടുന്നതിനാൽ അലങ്കാര മത്സ്യബന്ധനം ഉയർന്ന മൂല്യമുള്ള അവസരം നൽകുന്നു. ഇടത്തരം തോതിലുള്ള വളർത്തൽ യൂണിറ്റുകൾ സ്ഥാപിക്കുക, സംരക്ഷണാധിഷ്ഠിതവും നിയന്ത്രിതവുമായ ശേഖരണ രീതികൾ പ്രോത്സാഹിപ്പിക്കുക, സുസ്ഥിരമായി ശേഖരിക്കുന്ന അക്വേറിയം മത്സ്യ ഇനങ്ങൾക്ക് വിപണി പ്രവേശനം മെച്ചപ്പെടുത്തുക എന്നിവയിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ദ്വീപ് പ്രദേശങ്ങളിലെ മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങളുടെ ആധുനികവത്കരണം ഗവൺമെന്റിന്റെ പ്രധാന മുൻഗണനയാണ്. മത്സ്യം ഇറക്കുന്ന കേന്ദ്രങ്ങൾ, ഐസ് പ്ലാന്റുകൾ, ശീതീകരണ ശൃംഖലകൾ, ബോട്ടുകളിലെ സംരക്ഷണ സംവിധാനങ്ങൾ, മത്സ്യക്കൂട്ടങ്ങളെ ആകർഷിക്കുന്ന ഉപകരണങ്ങൾ, ബോട്ട് നിർമാണ ശാലകൾ, മൂല്യവർധിത യൂണിറ്റുകൾ, കയറ്റുമതി സുഗമമാക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന മൂല്യശൃംഖലയിലെ വിവിധ സൗകര്യങ്ങളിലേക്ക് നിക്ഷേപങ്ങൾ എത്തിച്ചുകൊണ്ടിരിക്കുകയാണ്. പ്രാദേശിക ശേഷി വികസിപ്പിക്കുക, വിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറയ്ക്കുക, ആഭ്യന്തര- കയറ്റുമതി വിപണികളിലേക്ക് പ്രവേശനം മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം.
കൂടുതൽ വൈവിധ്യപൂർണവും സുസ്ഥിരവുമായ സമുദ്ര സമ്പദ്വ്യവസ്ഥയുടെ കേന്ദ്ര ബിന്ദുവായി ഇന്ത്യയുടെ ദ്വീപ് പ്രദേശങ്ങളെ മാറ്റാനുള്ള ദീർഘകാല ശ്രമമാണിത്. ട്യൂണ മത്സ്യബന്ധനം, കടൽ പായൽ കൃഷി, അലങ്കാര മത്സ്യബന്ധനം, അടിസ്ഥാനസൗകര്യ വികസനം, ഗവേഷണ പിന്തുണ, വിപണി പ്രവേശനം എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ ദ്വീപുകൾക്കുള്ളിൽ തന്നെയുള്ള മൂല്യ വർധനയിലേക്ക് നീങ്ങുകയാണ്. ഉത്പാദന വളർച്ചയെ പാരിസ്ഥിതിക സംരക്ഷണ നടപടികളുമായി സന്തുലിതമാക്കുന്നതിലും, ഉയർന്നുവരുന്ന ആഭ്യന്തര, കയറ്റുമതി മൂല്യശൃംഖലകളിൽ മത്സ്യത്തൊഴിലാളികൾക്കും പ്രാദേശിക സംരംഭങ്ങൾക്കും ദ്വീപ് സമൂഹങ്ങൾക്കും പങ്കാളികളാകാൻ കഴിയുന്നുവെന്ന് ഉറപ്പാക്കുന്നതിലുമാണ് ഇതിന്റെ വിജയം കുടികൊള്ളുന്നത്.