പോര് മുറുകുന്ന ഹരിയാന
ശക്തമായ തെരഞ്ഞെടുപ്പു പോരാട്ടത്തിന് ഒരുങ്ങുകയാണു ഹരിയാന. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നിന്നു വ്യത്യസ്തമായി വലിയ ആത്മവിശ്വാസത്തിലാണു കോൺഗ്രസ് എന്നതാണ് ഇക്കുറി പോരാട്ടം കൂടുതൽ കടുത്തതാക്കുന്നത്. പത്തു വർഷമായുള്ള തുടർ ഭരണത്തിനു ശേഷവും ഭരണവിരുദ്ധ വികാരം ഭയക്കാനില്ലെന്ന വിശ്വാസം ബിജെപിക്കുമുണ്ട്. തുടർച്ചയായി മൂന്നാം വട്ടവും പാർട്ടി അധികാരത്തിലെത്തുമെന്നു തന്നെയാണ് ബിജെപി നേതാക്കൾ അവകാശപ്പെടുന്നത്. ആം ആദ്മി പാർട്ടിയും പ്രാദേശിക കക്ഷികളും കളത്തിലുണ്ടെങ്കിലും ഒക്റ്റോബർ ഒന്നിലെ വോട്ടെടുപ്പിനുള്ള മുഖ്യപോരാട്ടം കോൺഗ്രസും ബിജെപിയും തമ്മിൽ തന്നെയാവും. സംസ്ഥാനത്തെ പാർട്ടിയെ ഒറ്റക്കെട്ടായി തന്‍റെ കീഴിൽ അണിനിരത്താൻ മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്‍റെ പ്രമുഖ നേതാവുമായ ഭൂപീന്ദർ ഹൂഡയ്ക്ക് ഇപ്പോൾ കഴിയുന്നുണ്ട് എന്നതു കോൺഗ്രസിന് അനുകൂലമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് കർഷകരുടെ വിരോധം ബിജെപി സർക്കാരിനു തിരിച്ചടിയായിരുന്നു. ഈ ഖാരിഫ് സീസണിൽ എല്ലാ വിളകൾക്കും ഏക്കറിന് 2000 രൂപ ബോണസ് നൽകാനുള്ള നയാബ് സിങ് സെയ്നി സർക്കാരിന്‍റെ തീരുമാനം കർഷകരുടെ വിശ്വാസം ആർജിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. 5 ലക്ഷത്തിലേറെ കർഷകർക്കുള്ള ബോണസിന്‍റെ ആദ്യ ഗഡുവായി 525 കോടി രൂപ സർക്കാർ അനുവദിക്കുകയും ചെയ്തിരുന്നു. വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ താഴെയുള്ള ക്ഷീരകർഷകർക്ക് ഇൻഷ്വറൻസ് പരിരക്ഷ പ്രഖ്യാപിച്ചതും ഇവരുടെ വോട്ടിൽ കണ്ണുവച്ചാണ്. കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിച്ചതും ഗ്രാമപഞ്ചായത്ത് അധ്യക്ഷൻമാരുടെ സാമ്പത്തികാധികാരം വർധിപ്പിച്ചതും നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുകിട്ടാൻ സഹായിക്കുമെന്ന് ബിജെപി കരുതുന്നുണ്ട്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സ്ഥിരതയുള്ള ഭരണം ഉണ്ടാവില്ലെന്നാണ് ബിജെപി നേതാക്കൾ പ്രചരിപ്പിക്കുന്നത്.
അതേസമയം, കർഷക രോഷം ബിജെപി ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നു. സർക്കാരിനെതിരേ പ്രക്ഷോഭത്തിലുള്ള കർഷകർക്ക് കോൺഗ്രസ് നേരത്തേ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കർഷക പ്രക്ഷോഭത്തിന് എല്ലാ സഹായവും ഭൂപീന്ദർ സിങ് ഹൂഡ വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടുത്തിടെ ഹരിയാനയിൽ നിന്നുള്ളവർ അടക്കം കർഷക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കർഷകർ എന്തു നിലപാട് സ്വീകരിക്കുമെന്നത് എന്തായാലും തെരഞ്ഞെടുപ്പിൽ നിർണായകമാണ്.
സൈനിക റിക്രൂട്ട്മെന്‍റിനുള്ള കേന്ദ്ര സർക്കാരിന്‍റെ അഗ്നിപഥ് സ്കീമിനെതിരായ പ്രതിപക്ഷത്തിന്‍റെ നിലപാടും ഹരിയാനയിൽ ഗുണം ചെയ്യുമെന്നാണു കോൺഗ്രസ് കരുതുന്നത്. അഗ്നിപഥ് പദ്ധതി വന്നതിനു ശേഷം ഹരിയാനയിൽ നിന്ന് സൈന്യത്തിൽ ചേരുന്നവർ കുത്തനെ കുറഞ്ഞതായി കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. അഗ്നിപഥിനെതിരേ രാഹുൽ ഗാന്ധിയും ഹൂഡയും ശക്തമായി രംഗത്തുണ്ട്. നാലു വർഷത്തിനുശേഷം വിരമിക്കുന്ന അഗ്നിവീറുകൾക്ക് സംസ്ഥാനത്ത് 10 ശതമാനം തൊഴിൽ സംവരണം സെയ്നി സർക്കാർ പ്രഖ്യാപിച്ചത് കോൺഗ്രസിന്‍റെ പ്രചാരണം നിഷ്പ്രഭമാക്കാനാണ്. കോൺസ്റ്റബിൾ, മൈനിങ് ഗാർഡുകൾ, ഫോറസ്റ്റ് ഗാർഡുകൾ, ജയിൽ വാർഡൻമാർ, സ്പെഷ്യൽ പൊലീസ് ഓഫിസർമാർ തുടങ്ങിയ തസ്തികകളിലേക്കാണ് ഈ സംവരണമുള്ളത്. അഗ്നിപഥ് പദ്ധതിയിൽ ചേരുന്ന ഭൂരിഭാഗം യുവാക്കളും നാലു വർഷത്തിനു ശേഷം തൊഴിൽ രഹിതരാവുമെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും 5 വീതം സീറ്റുകളാണു സംസ്ഥാനത്തു നേടിയത്. 2019ൽ 10 സീറ്റുകളും ബിജെപിയാണു നേടിയിരുന്നത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏഴിടത്തു ബിജെപിയും ഒരിടത്തു കോൺഗ്രസും രണ്ടിടത്ത് ഐഎൻഎൽഡിയുമായിരുന്നു. 2014ൽ 22.9 ശതമാനവും 2019ൽ 28.42 ശതമാനവും വോട്ടു നേടിയ കോൺഗ്രസിന് ഇക്കുറി 43 ശതമാനം വോട്ടാണു കിട്ടിയത്. ഈ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനാവുമെന്ന പ്രതീക്ഷ അവരിൽ വളർത്തുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കുവച്ചാണെങ്കിൽ 90 അംഗ നിയമസഭയിൽ 44 മണ്ഡലങ്ങളിലും ബിജെപിക്കു ലീഡുണ്ട്. 42 മണ്ഡലങ്ങളിലാണു കോൺഗ്രസ് മുന്നിലുള്ളത്. 4 മണ്ഡലങ്ങളിൽ എഎപിയാണു മുന്നിൽ. കോൺഗ്രസ്- എഎപി സഖ്യമില്ലാത്ത സാഹചര്യത്തിൽ ഈ വോട്ട്നിലയ്ക്കു മാറ്റമുണ്ടാവുമോയെന്ന് കണ്ടറിയണം. ലോക്സഭാ തെരഞ്ഞെടുപ്പിലേതുപോലെ തൊഴിലില്ലായ്മ മുഖ്യ വിഷയമായി ഉയർത്തിക്കാണിക്കാനാണു കോൺഗ്രസ് ശ്രമിക്കുന്നത്.
2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭയായിരുന്നു ജനം വിധിച്ചത്. 90 അംഗ നിയമസഭയിൽ ബിജെപിക്ക് 40 സീറ്റുകളും കോൺഗ്രസിന് 31 സീറ്റുകളും ലഭിച്ചു. ദുഷ്യന്ത് ചൗതാലയുടെ ജനനായക് ജനതാ പാർട്ടി (ജെജെപി) പത്തിടത്തു വിജയിച്ചു. ജെജെപിയുടെയും സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണയോടെയാണ് മനോഹർ ലാൽ ഖട്ടർ തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയായത്. ദുഷ്യന്ത് ഉപമുഖ്യമന്ത്രിയുമായി. കഴിഞ്ഞ മാർച്ചിൽ ഇവരുടെ സഖ്യം തകർന്നതിനെത്തുടർന്ന് ഖട്ടർ രാജിവച്ചു. തുടർന്നാണ് നയാബ് സിങ് സെയ്നി ബിജെപിയുടെ മുഖ്യമന്ത്രിയാകുന്നത്.
പാർട്ടിക്കുണ്ടായ ക്ഷീണം തീർത്ത് അധികാരത്തിൽ നിലനിർത്താൻ സെയ്നിക്ക് ഏതാനും മാസങ്ങൾ മാത്രമാണു ലഭിച്ചിരിക്കുന്നത്. 10 വർഷം മുഖ്യമന്ത്രിയായിരുന്ന ഖട്ടർ ഇപ്പോൾ കേന്ദ്ര മന്ത്രിയാണ്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാലിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഹരിയാനയിൽ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി എന്ന സ്ഥാനം എന്തായാലും ഖട്ടറിനുണ്ട്. ഖട്ടറിന്‍റെ സ്വാധീനം ഹരിയാന രാഷ്‌ട്രീയത്തിലും നിലനിൽക്കുന്നുണ്ട്. അത് ഏതു വിധത്തിൽ സെയ്നിയെ സഹായിക്കുമെന്നു കണ്ടുതന്നെ അറിയണം. ഖട്ടറിനെ മാറ്റി സെയ്നിയെ കൊണ്ടുവന്നത് എന്തായാലും തെരഞ്ഞെടുപ്പിലെ ഒരു പ്രധാന വിഷയമാണ്.
ജനകീയനായ മുഖ്യമന്ത്രിയെന്ന നിലയിൽ ജനങ്ങളുടെ മനസിൽ സ്ഥാനം നേടാനാണ് 54കാരനായ സെയ്നി ശ്രമിക്കുന്നത്. ബിജെപിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ഇതുവഴി കഴിയുമെന്ന് അദ്ദേഹം കരുതുന്നു. ജാട്ട് വോട്ടുകൾ കോൺഗ്രസിനും ജെജെപിക്കും ഐഎൻഎൽഡിക്കുമായി വിഭജിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. അങ്ങനെ വരുമ്പോൾ ജാട്ടിതര വിഭാഗങ്ങളെ ഒരുമിച്ചു നിർത്തിയാൽ വിജയം സാധ്യമാകുമെന്നും അവർ പ്രതീക്ഷിക്കുന്നു. ഒബിസി വിഭാഗത്തിൽ നിന്നുള്ള സെയ്നിയെ ബിജെപി ഹൈക്കമാൻഡ് മുഖ്യമന്ത്രിസ്ഥാനത്തു കൊണ്ടുവന്നതും ഈ ലക്ഷ്യത്തിലാണ് എന്നാണു കരുതുന്നത്.
ബിഹാറിൽ നിന്നു ബിരുദവും ഉത്തർപ്രദേശിൽ നിന്ന് എൽഎൽബിയും നേടിയ സെയ്നി വിവാദങ്ങളിൽ അകപ്പെടാത്ത നേതാവാണ്. ദീർഘകാലമായി ആർഎസ്എസിലും ബിജെപിയിലും പ്രവർത്തിക്കുന്ന നേതാവ്. മനോഹർ ലാൽ ഖട്ടറിന്‍റെ വിശ്വസ്തനായി വിവിധ സ്ഥാനങ്ങളിലെത്തിയ സെയ്നി സംസ്ഥാന മന്ത്രിസഭയിലും അംഗമായി. അതിനു ശേഷം 2019ൽ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 2023ൽ ഹരിയാനയിലെ ബിജെപി അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്‍റിന്‍റെ കസേരയിൽ നിന്നാണ് മുഖ്യമന്ത്രിസ്ഥാനത്തേക്കു കയറിയത്. അധികാരം നിലനിർത്താൻ സെയ്നിക്കു കഴിയുന്നുവെങ്കിൽ അത് ഹരിയാന രാഷ്‌ട്രീയത്തിലെ വളരെ നിർണായകമായ സംഭവവികാസമാവും.
തെരഞ്ഞെടുപ്പു കഴിയും വരെ പാർട്ടിയെ ഒറ്റക്കെട്ടായി നിർത്തുകയെന്നത് കോൺഗ്രസിനു മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. സ്ഥാനാർഥി നിർണയം ഇക്കുറി ഒട്ടും എളുപ്പമാവില്ല. പാർട്ടിക്കു പ്രതീക്ഷ കൂടിയതിനാൽ സ്ഥാനാർഥികളായി രംഗത്തെത്തുന്നവരും ഏറെയാണ്. ബിജെപിക്കും ഈ പ്രശ്നമില്ലാതില്ല. ഗുരുഗ്രാം മണ്ഡലത്തിൽ മത്സരിക്കാൻ 32 പേരാണ് കോൺഗ്രസിൽ നിന്നു രംഗത്തുള്ളതെന്നു കഴിഞ്ഞ ദിവസം ഒരു റിപ്പോർട്ടുണ്ടായിരുന്നു. ബിജെപിയിലും 15 പേർ രംഗത്തുണ്ട്. ഒരാൾക്കു സീറ്റ് കിട്ടുമ്പോൾ ബാക്കിയെല്ലാവരും പാർട്ടിക്ക് എതിരാവുന്ന സാഹചര്യം ഒഴിവാക്കേണ്ടിയിരിക്കുന്നു. അതിന് കേന്ദ്ര, സംസ്ഥാന പാർട്ടി നേതൃത്വങ്ങളിൽ നിന്ന് നല്ല രീതിയിലുള്ള ഇടപെടൽ ആവശ്യമായി വരും.
നരേന്ദ്ര മോദിയെയും അമിത് ഷായെയും ബിജെപി നേതാക്കൾ കേൾക്കുന്നതുപോലെ രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖാർഗെയെയും കോൺഗ്രസ് നേതാക്കൾ അനുസരിക്കുമോ എന്നതാണു വിഷയം. കോൺഗ്രസ് നേതാക്കൾ പരസ്പരം കാലുവാരിയാൽ ബിജെപിക്കു കാര്യങ്ങൾ എളുപ്പമാവും. ഭൂപീന്ദർ സിങ് ഹൂഡയ്ക്ക് മുഴുവൻ അനുഭവ പരിചയവും പുറത്തെടുക്കേണ്ട ദിവസങ്ങളാണിത്. ഹരിയാനയിൽ ഒറ്റയ്ക്കു ജയിക്കാൻ കോൺഗ്രസിനു ശേഷിയുണ്ട് എന്ന മുൻ മുഖ്യമന്ത്രിയുടെ അവകാശവാദം പൊളിഞ്ഞാൽ രാഷ്‌ട്രീയ ഭാവി തന്നെ അപകടത്തിലാവും.