അമെരിക്കയ്ക്കു തലവേദനയായ ഹവാന സിൻഡ്രോം... ഇന്ത്യ ശ്രദ്ധിക്കണോ?

ഒരു കൂട്ടം മാനസികാരോഗ്യ ലക്ഷണങ്ങളാണ് ഈ രോഗത്തിന്‍റെ ലക്ഷണം.
The US embassy in Havana, Cuba, on 4 January 2023. Photograph: Ismael Francisco/AP
യുഎസ് എംബസി ഹവാന ക്യൂബ
Updated on

റീന വർഗീസ് കണ്ണിമല

ഹവാന സിൻഡ്രോം...അത്ര ചില്ലറക്കാരനല്ല. അത്ര വേഗം പിടി തരികയുമില്ല.

ക്യൂബയുടെ തലസ്ഥാനമായ ഹവാന എന്ന വലിയ നഗരത്തിലാണ് മനസിലാക്കാൻ എളുപ്പമല്ലാത്ത ഈ രോഗം കണ്ടെത്തിയത്. അങ്ങനെ ഹവാന സിൻഡ്രോം എന്നു പേരു കിട്ടി.പക്ഷേ, ക്യൂബയിൽ മാത്രമൊതുങ്ങിയില്ല ഈ രോഗം.ഹവാന സിൻഡ്രോം എന്നാണ് ഇതിന് പേരിട്ടിരിക്കുന്നതെങ്കിലും, ഓസ്ട്രിയ, ചൈന, കൊളംബിയ, ജോർജിയ, ജർമ്മനി, ഇന്ത്യ, പോളണ്ട്, റഷ്യ, വിയറ്റ്നാം, കൂടാതെ യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽപ്പോലും ഈ ലക്ഷണങ്ങളുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എന്താണ് ഹവാന സിൻഡ്രോം?

ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ അമെരിക്കൻ എംബസി ഉദ്യോഗസ്ഥരിൽ 2016ലാണ് ഈ രോഗ ലക്ഷണങ്ങൾ ആദ്യമായി പ്രകടമായത്. ഹവാന സിൻഡ്രോമിന്‍റെ ലക്ഷണങ്ങൾ ഉയർന്ന ആവൃത്തിയിലുള്ള മൈക്രോവേവ് ട്രാൻസ്മിഷനുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഒരു കൂട്ടം മാനസികാരോഗ്യ ലക്ഷണങ്ങളാണ് ഈ രോഗത്തിന്‍റെ ലക്ഷണം. ബാഹ്യശബ്ദങ്ങളില്ലാതെ ശബ്ദം കേൾക്കുക, ഓക്കാനം, തലകറക്കം, തലവേദന, ഓർമ്മക്കുറവ്, ബാലൻസ് പ്രശ്‌നങ്ങൾ എന്നിവയാണ് ആ ലക്ഷണങ്ങൾ.

അന്വേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും, ഹവാന സിൻഡ്രോമിന് നിലവിൽ അറിയപ്പെടുന്ന ചികിത്സയില്ല. ഈ ആശയക്കുഴപ്പമുണ്ടാക്കുന്ന അവസ്ഥയുടെ കാരണങ്ങളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും ഗവേഷണം തുടരുന്നു

ഇപ്പോൾ ഹവാന സിൻഡ്രത്താൽ ബുദ്ധിമുട്ടുകയാണ് അമെരിക്കയുടെ ഉന്നത സർക്കാരുദ്യോഗസ്ഥരിൽ പലരും. രാഷ്ട്രത്തെ സേവിച്ച സ്വന്തം പൗരന്മാരെ വേണ്ട രീതിയിൽ ചികിത്സിക്കാനോ അവർക്കു തുടർ ചികിത്സ നൽകാനോ ആവാത്ത അവസ്ഥയിലാണ് ഇപ്പോൾ അമെരിക്ക എന്നാണ് ഹവാന സിൻഡ്രോം ബാധിച്ച ഒരു മുൻ സർക്കാർ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത്.ഹവാന സിൻഡ്രോമിനു പിന്നിൽ റഷ്യയാണെന്നും അമെരിക്കയുടെ സിഐഎ ഇതു മൂടി വയ്ക്കുകയാണെന്നും ഇത് ഭയാനകമാണെന്നും വെളിപ്പെടുത്തിയത് സിഐഎയുടെ ഒരു മുൻ ഉദ്യോഗസ്ഥ തന്നെയാണ്.ആലീസ് എന്ന സാങ്കൽപിക നാമത്തിൽ എത്തിയ അവർ ഹവാന സിൻഡ്രോം ബാധിതർ അനുഭവിക്കുന്ന ദുരിതപർവങ്ങളെ കുറിച്ച് കനേഡിയൻ ജേണലിസ്റ്റ് കാതറിൻ ഹെറിഡ്ജിനോട് വാചാലയായി .

"ഹവാന സിൻഡ്രോം" എന്ന് വിളിക്കപ്പെടുന്ന നിഗൂഢമായ ഒരു കൂട്ടം രോഗലക്ഷണങ്ങളാൽ മെഡിക്കൽ റിട്ടയർമെന്‍റിന് നിർബന്ധിതയായ ഒരു CIA ഏജന്‍റാണ് താൻ എന്നാണ് ആലീസ് അഭിമുഖത്തിൽ സ്വയം പരിചയപ്പെടുത്തിയത്.

സിഐഎയുടെ ഈ മുൻ ഏജന്‍റിന്‍റെ വെളിപ്പെടുത്തൽ പ്രകാരം അവളും ലോകമെമ്പാടുമുള്ള മറ്റ് നിരവധി യു.എസ് സർക്കാർ ജീവനക്കാരും അനുഭവിച്ചിട്ടുള്ള എഎച്ച്ഐ കളെക്കുറിച്ചുള്ള സത്യത്തെ ശക്തമായി അടിച്ചമർത്തുകയാണ് സിഐഎ.

എക്‌സിൽ പ്രസിദ്ധീകരിച്ച ജേണലിസ്റ്റ് കാതറിൻ ഹെറിഡ്ജുമായുള്ള അഭിമുഖത്തിൽ, തനിക്ക് എഎച്ച്ഐ ബാധിച്ചതായി തനിക്ക് ഉറപ്പുണ്ടെന്നും സിഐഎ അതിന്‍റെ ഉറവിടം മറച്ചുവെക്കുകയാണെന്നും ഈ ഏജന്‍റ് പറയുന്നു. അതിജീവിച്ചവർക്ക് പ്രത്യേക പരിചരണം ആവശ്യമാണെന്ന് ആലീസ് അവകാശപ്പെടുന്നു.

“എഎച്ച്ഐകൾ കൂടുതൽ സങ്കീർണ്ണമാണ്, ഞങ്ങൾ അടിസ്ഥാനപരമായി ടൈം ബോംബുകളാണ് ടിക്ക് ചെയ്യുന്നത്,” അതിജീവിച്ചവർ അപൂർവ അർബുദങ്ങൾ, ഡിമെൻഷ്യ, പാർക്കിൻസൺസ് എന്നിവയുമായി പോരാടുകയാ'ണെന്നും ആലീസ് പറഞ്ഞു.

അമെരിക്കൻ പൗരന്മാരായിട്ടു പോലും ഹവാന സിൻഡ്രോം ഇരകളുടെ എണ്ണം അജ്ഞാതമാണ്.എന്നാൽ പ്രസക്തമായ ലക്ഷണങ്ങളുള്ള 334 അമേരിക്കക്കാർ സൈനിക ആരോഗ്യ സംവിധാനത്തിൽ പരിചരണത്തിന് യോഗ്യത നേടി. രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന അമേരിക്കക്കാർ പലപ്പോഴും ഇന്‍റലിജൻസ് കമ്മ്യൂണിറ്റിയിലെയും മറ്റ് വിവിധ ഏജൻസികളിലെയും അവരുടെ കുടുംബങ്ങളിലെയും ഫെഡറൽ ജീവനക്കാരായിരുന്നു. ജോലിസ്ഥലങ്ങളിലും താമസസ്ഥലങ്ങളിലും ദൈനംദിന യാത്രാവേളകളിലും പോലും രോഗലക്ഷണങ്ങൾ അനുഭവിക്കുന്നതായി അവർ റിപ്പോർട്ട് ചെയ്തു.

റിപ്പോർട്ടുചെയ്‌ത ലക്ഷണങ്ങൾ വ്യത്യസ്തമാണെങ്കിലും, ചില സന്ദർഭങ്ങളിൽ അവയുടെ തീവ്രത നീണ്ടുനിൽക്കുന്ന വൈജ്ഞാനിക,ബൗദ്ധിക സെൻസറി, ബാലൻസ് പ്രശ്‌നങ്ങളിലേക്ക് ഉന്നതോദ്യോഗസ്ഥരായ ഈ ഹവാന സിൻഡ്രോം ബാധിതരെ നയിച്ചു.

അമെരിക്കയിലെ ഇന്‍റലിജൻസ് കമ്യൂണിറ്റി, ഫെഡറൽ കമ്യൂണിറ്റി, തുടങ്ങി ബൗദ്ധിക മേഖലയിൽ പ്രവർത്തിക്കുന്നവരെയാണ് ഹവാന സിൻഡ്രോം കൂടുതലായി ബാധിച്ചു കൊണ്ടിരിക്കുന്നത് എന്നത് ഇത് ഒരു ബൗദ്ധിക യുദ്ധമാണെന്ന സൂചന തരുന്നു.

സൂക്ഷിക്കണം, ഇന്ത്യയും

ബംഗളൂരു നിവാസിയായ എ അമർനാഥ് ചാഗു കർണാടക ഹൈക്കോടതിയിൽ ഇന്ത്യയിലെ സിൻഡ്രോമിനെക്കുറിച്ച് അന്വേഷിക്കണമെന്നും രാജ്യത്തിനകത്ത് ഇത് പകരുന്നത് തടയുന്നതിനുള്ള നടപടികളെക്കുറിച്ചും ആവശ്യപ്പെട്ടു കൊണ്ട് ഹർജി നൽകിയിരുന്നു.

2021-ൽ, സെൻട്രൽ ഇന്‍റലിജൻസ് ഏജൻസി (സിഐഎ) ഡയറക്റ്റർ വില്യം ബേൺസിനൊപ്പം ഡൽഹിയിലേക്ക് യാത്ര ചെയ്ത ഒരു യുഎസ് ഇന്‍റലിജൻസ് ഉദ്യോഗസ്ഥന് ഹവാന സിൻഡ്രോമിന്‍റെ ലക്ഷണങ്ങൾ അനുഭവപ്പെട്ടതായി റിപ്പോർട്ടു വന്നതിനെ തുടർന്നായിരുന്നു ഇത്.

രാഷ്ട്രങ്ങൾ തമ്മിലുള്ള ബൗദ്ധിക യുദ്ധമാകുമോ ഹവാന സിൻഡ്രോം?

എന്നാൽ അനോമലസ് ഹെൽത്ത് ഇൻസിഡന്‍റ്സ് അഥവാ എഎച്ച്‍ഐകൾ എന്നും അറിയപ്പെടുന്ന ഈ സിൻഡ്രോം എന്താണെന്നോ ആരാണിതിനു പിന്നിലെന്നോ എന്നതിന് ഇതു വരെ കൃത്യമായ ഉത്തരങ്ങളില്ല.ചില തരത്തിലുള്ള റേഡിയോ ഫ്രീക്വൻസി എനർജി അല്ലെങ്കിൽ ഫോക്കസ് ഡ് അൾട്രാസൗണ്ട് ഈ രോഗത്തിന്‍റെ ലക്ഷണങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങളുണ്ട്.

കഴിഞ്ഞ വർഷം, അമെരിക്കൻ രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ട റിപ്പോർട്ട് പറഞ്ഞത് ഹവാന സിൻഡ്രോമിന് വിദേശ കാരണങ്ങളുണ്ടാകാൻ സാധ്യതയില്ലെന്നാണ്.എന്നാൽ ഇപ്പോൾ ട്രംപിന്‍റെ വിജയത്തോടെ,

റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഹൗസ് ഇന്‍റലിജൻസ് കമ്മിറ്റി ഒരു വിദേശ എതിരാളി ഹവാന സിൻഡ്രോമിനു പിന്നിലുണ്ടാകാൻ കൂടുതൽ സാധ്യതയെന്നു റിപ്പോർട്ട് പുറത്തു വിട്ടിരിക്കുകയാണ് ഇപ്പോൾ.

അമെരിക്കയുടെ സിഐഎ ഏജന്‍റുമാരും നയതന്ത്രജ്ഞരുമൊക്കെയാണ് ഹവാന സിൻഡ്രോം ബാധിതരിൽ ഭൂരിഭാഗവും എന്നത് ഏറെ ഭയാശങ്കകളുയർത്തുന്നതാണ്. രാഷ്ട്രങ്ങളുടെ ബുദ്ധികേന്ദ്രങ്ങളെ തന്നെ തെരഞ്ഞു പിടിച്ച് മാനസികാരോഗ്യ നിലയെ തന്നെ തകർക്കുന്ന ഈ രോഗാവസ്ഥയ്ക്ക് അറുതി വരുത്തിയില്ലെങ്കിൽ ലോകം മറ്റൊരു ബൗദ്ധിക യുദ്ധത്തിലേയ്ക്കു പോകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com