

കഥകൾക്കപ്പുറം ചിന്തയുടെ അനന്ത യാത്ര
മണികണ്ഠൻ തോന്നയ്ക്കൽ
രാമായണം കഥകളുടെ ഒരു പ്രവാഹമാണ്. കുടുംബ ബന്ധങ്ങളും രാഷ്‌ട്രീയ ജീവിതവും അപഹരണവും കീഴടക്കലും ചതിയും പ്രതികാരവും ധർമവും അധർമവും ഇവയെല്ലാം ഇഴചേർന്നും ഇഴപിരിഞ്ഞും അതിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഓരോ കാലവും രാമായണത്തെ പുതുതായി വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു.
"എരിയുന്ന മഹാവനങ്ങൾ
തന്നരികിൽ ശീതള
നീർത്തടാകമോ?
തിരതല്ലിയെഴുന്ന
സിന്ധുവിൻ കരയോ
ശാന്തികരം തപോവനം?"
കുമാരനാശാന്‍റെ ഈ ചോദ്യം സീതയുടെ വിചാരം മാത്രമല്ല, രാമായണത്തെ സമീപിക്കുന്ന ഓരോ വായനക്കാരന്‍റെയും ചിന്തയാണെന്ന് ചിലപ്പോൾ തോന്നും.
വർത്തമാനകാല വ്യാഖ്യാനങ്ങൾക്ക് വഴങ്ങുമ്പോഴും രാമായണം സൂക്ഷിക്കുന്ന ഒരു ഭൂതകാലമുണ്ട്. ഭാവിയിലേക്കുള്ള കരുതലാകുന്ന ആ ഭൂതകാലം ഓരോ വായനയിലും പുതിയ അർഥങ്ങൾ സമ്മാനിക്കുന്നു.
രാമായണത്തിലെ കഥാപാത്രങ്ങൾ കാലത്തിനൊപ്പം സഞ്ചരിക്കുകയും നമ്മെയും ഒപ്പം കൂട്ടുകയും ചെയ്യുന്നു. ചില കഥാപാത്രങ്ങൾ പുതിയ ചിന്തകളുടെ വാതിലുകൾ തുറക്കുന്നു.
ശ്രീരാമനും രാവണനും ശരിയുടെ തുലാസിൽ ഉയർന്നും താണും ഇളകിനിൽക്കുന്ന കഥാപാത്രങ്ങളാണ്. ശ്രീരാമന്‍റെ ഓരോ വധവും ധർമ നിർവഹണത്തിന്‍റെ ഭാഗമായി വ്യാഖ്യാനിക്കപ്പെടുമ്പോഴും ചില സത്യങ്ങൾ നമ്മുടെ ചിന്തയിൽ ഉടക്കി നിൽക്കും.
ഒരമ്മയെയും രണ്ടു മക്കളെയും മൂന്ന് സന്ദർഭങ്ങളിലായി ശ്രീരാമൻ നിഗ്രഹിക്കുന്നുണ്ട്. ആ അമ്മയാണ് താടക; മക്കൾ സുബാഹുവും മാരീചനും. ശിലയായി മാറിയ അഹല്യയുടെ കഥ കേൾക്കുമ്പോൾ നമ്മൾ സഹതപിക്കുന്നു. എന്നാൽ താടകാ വധം കേൾക്കുമ്പോൾ സന്തോഷിക്കുന്നു. ശ്രീരാമന്‍റെ ആദ്യ മനുഷ്യ വധവും ആദ്യ സ്ത്രീവധവും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്.
പതിനാലു വർഷത്തെ വനവാസത്തിനുള്ള മുന്നൊരുക്കമെന്ന പോലെ ശ്രീരാമനും ലക്ഷ്മണനും വിശ്വാമിത്രനോടൊപ്പം കാട്ടിലേക്ക് പ്രവേശിക്കുന്നു. കഥകൾ പറഞ്ഞും വിശപ്പും ദാഹവും അകറ്റിയും വിശ്വാമിത്രൻ അവർക്ക് വനത്തിന്‍റെ സ്വഭാവം പരിചയപ്പെടുത്തുന്നു. ശാന്തരായ സന്യാസിമാരും ക്രൂരരായ രാക്ഷസന്മാരും ഒരുമിച്ചു ജീവിക്കുന്ന ലോകമാണ് വനം എന്ന് അവർ തിരിച്ചറിയുന്നു. അതോടൊപ്പം, മുനിമാർക്ക് ശാപത്തിലൂടെ സുന്ദരിമാരെ രാക്ഷസികളാക്കാനും ശിലയാക്കാനും കഴിയുന്ന ഒരു ലോകവും അവിടെ തുറന്നുകാണുന്നു.
അതി സുന്ദരിയായ ഒരു യക്ഷസ്ത്രീയായിരുന്നു താടക. യക്ഷരാജാവായ സുകേതുവിന്‍റെ മകളായി ജനിച്ച അവൾ തപസിലൂടെ ആയിരം ആനകളുടെ കരുത്ത് നേടിയിരുന്നു. പിന്നീട് അസുരനായ സുന്ദനെ വിവാഹം കഴിക്കുകയും സുബാഹുവും മാരീചനും ജനിക്കുകയും ചെയ്തു.
ഒരിക്കൽ സുന്ദൻ അഗസ്ത്യ മുനിയുടെ ആശ്രമത്തിലെത്തി ആശ്രമ മര്യാദകൾ ലംഘിച്ച് ആക്രമണം നടത്തി. കോപാകുലനായ അഗസ്ത്യൻ സുന്ദനെ ശപിച്ച് ഭസ്മമാക്കി. ഭർത്താവിന്‍റെ മരണ വിവരം അറിഞ്ഞ താടകയും മാരീചനും പ്രതികാരത്തിനായി അഗസ്ത്യാശ്രമത്തിലെത്തി. എന്നാൽ അഗസ്ത്യൻ അവരെയും ശപിച്ച് ഉഗ്രരൂപികളായ രാക്ഷസരാക്കി. തുടർന്ന് താടക കരുഷവനത്തിൽ താമസമുറപ്പിച്ചു.
ഈ വനത്തിലേക്കാണ് വിശ്വാമിത്രനോടൊപ്പം രാമനും ലക്ഷ്മണനും എത്തുന്നത്. ശാപത്താൽ യക്ഷത്വം നഷ്ടപ്പെട്ട് രാക്ഷസിയായിത്തീർന്ന താടക വിശ്വാമിത്രനെ കണ്ടപ്പോൾ ആക്രമണത്തിന് ഒരുങ്ങി. ആ നിമിഷം തന്നെ രാമൻ താടകയെ വധിക്കുന്നു. തുടർന്ന് രണ്ട് വ്യത്യസ്ത സന്ദർഭങ്ങളിലായി സുബാഹുവിനെയും മാരീചനെയും നിഗ്രഹിക്കുന്നു. അങ്ങനെ ഒരു അമ്മയെയും രണ്ട് പുത്രന്മാരെയും വധിക്കുന്ന സംഭവമാണ് ഇവിടെ പൂർത്തിയാകുന്നത്.
"താടകാവധം' എന്ന പേരിൽ ഈ സംഭവത്തെ ഓർക്കുന്ന നമ്മൾ പലപ്പോഴും ആ രണ്ട് പുത്രന്മാരുടെ കഥയെ പ്രത്യേകം ചിന്തിക്കാറില്ല. ഇങ്ങനെ നിറം മങ്ങിപ്പോയ ബന്ധങ്ങളെയും മറവിയിലായ കഥാപാത്രങ്ങളെയും ചേർത്ത് വായിക്കുമ്പോഴാണ് രാമായണം കൂടുതൽ ആസ്വാദ്യകരവും ചിന്തോദ്ദീപകവുമായ കൃതിയായി മാറുന്നത്.
എഴുത്തച്ഛന്‍റെ അദ്ധ്യാത്മ രാമായണമാണ് മലയാളികളുടെ സ്വന്തം രാമായണം. ഭക്തിരസ പ്രധാനമായ ഈ കൃതി ഭക്തിസ്വരത്തിൽ പാരായണം ചെയ്യുന്നതുകൊണ്ടു മാത്രമല്ല നമ്മെ ആനന്ദിപ്പിക്കുന്നത്. പ്രൗഢവും ഭാവാനുരോധിയുമായ ഭാഷാ പ്രയോഗം, അലങ്കാര ഭംഗി, വർണനകളിലെ കൈയടക്കം എന്നിവയും ചേർന്നാണ് അത് മഹത്തായ ഒരു സാഹിത്യസൃഷ്ടിയായി ഉയരുന്നത്.
രാമായണങ്ങൾ അനേകമാണ്. കഥകൾ പല ദിശകളിലേക്ക് ചിതറിയൊഴുകുകയും പുതിയ ചോദ്യങ്ങളും സംശയങ്ങളും ഉയർത്തുകയും ചെയ്യുന്ന അനവധി രചനകൾ ഇന്നുണ്ട്. അതുകൊണ്ടു തന്നെ ഈ വർത്തമാനകാലത്ത് ഒരൊറ്റ രാമായണം മാത്രമല്ല, പല രാമായണങ്ങളും പല കാഴ്ചപ്പാടുകളും അറിഞ്ഞു കൊണ്ടായിരിക്കണം രാമായണ വഴിയിലൂടെ സഞ്ചരിക്കേണ്ടത്. ഈ കർക്കടക മാസം അത്തരം ഒരു വായനയ്ക്കും ചിന്തയ്ക്കും നമുക്ക് പ്രയോജനപ്പെടുത്താം.