
അജയൻ
'പ്രിയ ഭീം, ഇത്
താങ്കൾക്ക്. നാം വക്കീൽമാരല്ലേ? ഒന്നിച്ച് നൂല്ക്കാം
ധർമ്മത്തിന്‍റെ നൂൽ. അതുകൊണ്ട് താങ്കളുടെ
കോട്ടും നെയ്യാം എന്‍റെ ധോത്തിയും'
'എത്ര പാടുപെട്ടാണ് ഞാൻ അർധ നഗ്നതയിൽ നിന്ന്
രക്ഷപ്പെട്ടതെന്ന് ബാപ്പുവിനറിയാമോ?'
'ഞാൻ കോട്ടിൽ നിന്നും'. ഗാന്ധി ദക്ഷിണാഫ്രിക്ക പോലുള്ള
ഒരു ചിരി ചിരിച്ചു...
കെ. സച്ചിദാനന്ദന്‍റെ 'ഇരുവർ' എന്ന കവിതയിലെ ഈ ഹൃദയസ്പർശിയായ വരികൾ ഇന്നത്തെ സംഘർഷഭരിതമായ അന്തരീക്ഷത്തിൽ തീവ്രമായ പ്രതിധ്വനി ഉയർത്തുന്നുണ്ട്. സമുന്നതരായ രണ്ട് സാമൂഹിക പരിഷ്കർത്താക്കളെ, അവർ എക്കാലവും എതിർത്തിട്ടുള്ള മതപരമായ പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിക്കുന്ന ഒരു രാഷ്‌ട്രീയ പ്രസ്ഥാനം സ്വന്തം വരുതിയിലാക്കാൻ ശ്രമിക്കുന്ന അന്തരീക്ഷമാണത്.
ദേശീയ രാഷ്‌ട്രീയത്തിൽ, കോൺഗ്രസിനെതിരേ ആയുധമാക്കാൻ ബി.ആർ. അംബേദ്കറെ വലിച്ചിഴയ്ക്കുകയാണ് ബിജെപി. ഇങ്ങു തെക്കേയറ്റത്ത് കേരളത്തിലോ, ശ്രീനാരായണ ഗുരുവിന്‍റെ പ്രബോധനങ്ങൾ, അദ്ദേഹം അകറ്റി നിർത്തിയ സനാതന ധർമത്തെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിലും കുടുങ്ങിക്കിടക്കുന്നു. അംബേദ്കർ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കുകയാണു ചെയ്തത്. അതേസമയം ശ്രീനാരായണ ഗുരു, ഏകമായ ഒന്നല്ല, മറിച്ച് നിരവധി സനാതന ധർമങ്ങളുണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട്, ഹിന്ദുമതം ഒരു മതമേയല്ലെന്ന് ധൈര്യപൂർവം പ്രഖ്യാപിക്കുകയാണു ചെയ്തത്. വിരോധാഭാസമെന്നു പറയട്ടെ, ഈ ബഹുസ്വരതയെ സങ്കുചിതമായ പ്രത്യയശാസ്ത്രത്തിന്‍റെ പൊട്ടക്കിണറ്റിൽ അടയ്ക്കാനുള്ള രാഷ്‌ട്രീയ നീക്കങ്ങളാണ് ഇവിടെ നടക്കുന്നത്; കോൺഗ്രസിലെ ഒരു വിഭാഗം പോലും ഈ നീക്കത്തിന്‍റെ ഭാഗമായിരിക്കുന്നു.
ഗുരുവിനെ സനാതന ധർമത്തിന്‍റെ ചട്ടക്കൂടുകളിൽ കുരുക്കിയിടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു ശിവഗിരി തീർഥാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഹിന്ദു സംഘടനകൾക്ക് അസ്വസ്ഥതയുണ്ടാക്കി. പിണറായിയുടെ പ്രസ്താവനയ്ക്കു പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെങ്കിലും, ഈ ഹിന്ദു സംഘടനകൾ വാദിക്കുന്ന ആദർശങ്ങൾക്കൊക്കെ ഒരുപാട് മുകളിലാണ് ഗുരു എന്നതൊരു യാഥാർഥ്യം തന്നെയാണ്. യുക്തിവാദം അടക്കം നിരവധിയായ ചിന്താധാരകൾ ചേരുന്നതാണ് ഹിന്ദു സമൂഹം എന്നായിരുന്നു ഗുരുവിന്‍റെ പക്ഷം. ഇപ്പോൾ ഹിന്ദുക്കളായി സ്വയം അടയാളപ്പെടുത്തുന്നവരിൽ ഒരുമിച്ചു നിൽക്കുന്ന ഭൂരിഭാഗവും യഥാർഥത്തിൽ അതിനു പുറത്തുനിന്നവരുമാണ്. ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയ ആൾ ഏറ്റവും വ്യക്തമായ സന്ദേശം തന്നെയാണ് ഈ മതഭ്രാന്തിനെതിരേ നൽകിയിട്ടുള്ളത്.
ഗുരുവിനെ സംബന്ധിച്ചിടത്തോളം, ഇപ്പോൾ വ്യാഖ്യാനിക്കപ്പെടുന്നതു പോലുള്ള സനാതന ധർമം കാർക്കശ്യത്തെയാണ് പ്രതിനിധീകരിക്കുന്നത് - മാറ്റങ്ങൾക്കു വിധേയമാകാൻ തയാറാല്ലാത്തൊരു സാമൂഹികക്രമമാണത്. ഇത്തരം വഴക്കമില്ലായ്മയെയും മർക്കടമുഷ്ടിയെയും ഗുരു ശക്തമായി എതിർക്കുകയാണു ചെയ്തിട്ടുള്ളത്. കൂടുതൽ വിശാലവും വികസിതവുമായൊരു കാഴ്ചപ്പാടിനായാണ് അദ്ദേഹം വാദിച്ചത്. അതിനൊരിക്കലും സനാതന ധർമമാകാൻ കഴിയുകയുമില്ല. കൗതുകം എന്തെന്നുവച്ചാൽ, ഗുരു പകർന്നു നൽകിയ പാഠങ്ങളുടെ യഥാർഥ സത്ത ഉയർത്തിപ്പിടിക്കാൻ ചുമതലപ്പെട്ടിരിക്കുന്നത്, നിയമപരമായി ഹിന്ദു സംഘടന എന്നു തരംതിരിക്കപ്പെട്ടിട്ടില്ലാത്ത ഒരു സ്ഥാപനമാണ്- ആ സ്ഥാപനത്തിന്‍റെ പേരാണ് ശിവഗിരി മഠം.
പുരുഷൻമാർ ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ മേൽവസ്ത്രമഴിക്കണം എന്ന ആചാരത്തെ ഇതിനിടെ ശിവഗിരി മഠാധിപതി ചോദ്യം ചെയ്തത് ഹിന്ദു സംഘടനകളെ സംബന്ധിച്ച് എരിതീയിൽ എണ്ണയൊഴിച്ചതു പോലെയുമായി. കാലങ്ങളായി നിലനിൽക്കുന്ന ആചാരമാണെന്നും, ആചാരങ്ങൾ മാറ്റാൻ പാടില്ലാത്തതാണെന്നുമുള്ള വാദവുമായി മറ്റൊരു വിവാദത്തിനും അവർ തുടക്കം കുറിച്ചു. മാറ് മറയ്ക്കാനുള്ള സ്ത്രീകളുടെ അവകാശത്തിനു വേണ്ടി ധീരമായ പോരാട്ടങ്ങൾ നടന്ന നാട്ടിൽ, ഈ വിഷയത്തിൽ രണ്ട് അഭിപ്രായമുണ്ടാകുന്നതുപോലും, കേരളത്തിന്‍റെ പുരോഗമന പാരമ്പര്യത്തെ സംബന്ധിച്ച് ഏറ്റവും വേദനാജനകമായ ഒരു ഓർമപ്പെടുത്തലായി മാറുന്നു.
അങ്ങു വടക്ക് ഡൽഹിയിലാകട്ടെ, പാർലമെന്‍റിൽ അംബേദ്കറുടെ നാമം ജപിക്കുന്നത് ബിജെപി നേതാവ് അമിത് ഷായ്ക്ക് ഒരു ഫാഷൻ തന്നെയായി മാറിയിരിക്കുന്നു. വെറും വാചാടോപത്തിൽ മാത്രം ഒതുങ്ങാതെ, ഷാ ഒരു പടി കൂടി കടന്ന്, കോൺഗ്രസ് അംബേദ്കറെ ഉപേക്ഷിച്ചെന്നും, അവർ പകരം ദൈവനാമം ജപിച്ച് സ്വർഗത്തിലേക്ക് എക്സ്പ്രസ് പാസ് എടുക്കണമെന്ന ഉപദേശം കൂടി നൽകുന്നുണ്ട്.
എന്നാൽ, ഇന്ത്യക്കാരെ സംബന്ധിച്ച്, പുരാണ സീരിയലിൽ കണ്ട ദൈവ വേഷമല്ല അംബേദ്കർ എന്ന കാര്യം അന്ധമായ കോൺഗ്രസ് വിരോധം കാരണം അമിത് ഷായ്ക്ക് മനസിലാകാതെ പോയി. മറ്റൊരു ആരാധനാകേന്ദ്രം തകർത്ത് അതിന്‍റെ നാശാവശിഷ്ടങ്ങൾക്കു മുകളിൽ അംബേദ്കർക്കു ക്ഷേത്രം പണിയുന്നില്ല. ജീവനുള്ള ദൈവമായിരുന്നു അംബേദ്കർ; മനുഷ്യർക്കിടയിൽ ഇറങ്ങിനടക്കുകയും, മനുഷ്യത്വം പുനസ്ഥാപിക്കാനും അടിച്ചമർത്തപ്പെട്ടവരെ കൈപിടിച്ചുയർത്താനും ശ്രമിച്ച മാനവികതയുടെ ദൈവം. രാഷ്‌ട്രീയ താത്പര്യങ്ങൾക്കു വേണ്ടി ഉയർത്തിപ്പിടിക്കുന്ന മത പ്രതീകങ്ങളെക്കാളൊക്കെ ഒരുപാട് ഉയരത്തിലാണ് അംബേദ്കർ എന്ന പ്രതീകത്തിന്‍റെ സ്ഥാനം.
ഭരണഘടനയുടെ 370ാം അനുച്ഛേദത്തെക്കുറിച്ച് അംബേദ്കർ സ്വീകരിച്ച നിലപാടിനെ ദുർവ്യാഖ്യാനം ചെയ്തതും ഷായുടെ അവകാശവാദങ്ങളെ ദുർബലമാക്കുന്നു. ജമ്മു, ലഡാക്ക്, കശ്മീർ എന്നിവിടങ്ങളിൽ പ്രാദേശിക ഹിതപരിശോധന നടത്താൻ ഭരണഘടനാ ശിൽപ്പി വാദിച്ചിട്ടുണ്ട്; സൂക്ഷ്മമായൊരു സമീപനത്തെയാണ് ഇതു പ്രതിഫലിപ്പിക്കുന്നത്. കൂടാതെ, പുരോഗമന ഹിന്ദു കോഡ് ബിൽ പാസാക്കാൻ കോൺഗ്രസ് കാണിച്ച വിമുഖതയാണ് അംബേദ്കറുടെ രാജിക്കു കാരണമായതെന്ന വസ്തുതയും ഷാ വിസ്മരിച്ചു.
ഹിന്ദു സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ പിന്തിരിപ്പൻ ആചാരങ്ങൾ പൊളിച്ചുമാറ്റുന്നതിനുള്ള വിപ്ലവകരമായ നിർദേശങ്ങളായിരുന്നു ഹിന്ദു കോഡ് ബില്ലിൽ ഉണ്ടായിരുന്നത്. ബഹുഭാര്യത്വം നിരോധിക്കുക, പുരുഷാധിപത്യ അനന്തരാവകാശ നിയമങ്ങൾ പരിഷ്കരിക്കുക, ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം ഉൾപ്പെടെയുള്ള മറ്റ് സാമൂഹിക അനീതികൾ പരിഹരിക്കുക എന്നിവയായിരുന്നു ഇതിന്‍റെ ലക്ഷ്യം. ഹിന്ദു കോഡ് ബിൽ തയാറാക്കാൻ ചുമതലപ്പെടുത്തിയ ഉപസമിതിയുടെ ചെയർമാനായിരുന്ന അംബേദ്കർ 1947 ഒക്റ്റോബറിൽ ഭരണഘടനാ അസംബ്ലിയിൽ ബിൽ അവതരിപ്പിച്ചു. ജവഹർലാൽ നെഹ്‌റു അതിനെ ഏറ്റവും ശക്തമായി പിന്തുണച്ചു. ഇപ്പോൾ ഹിന്ദു എന്നു വിളിക്കപ്പെടുന്ന സമൂഹത്തിനുള്ളിൽ സമത്വവും നീതിയും സ്ഥാപിക്കുന്നതിനായി വിപുലമായ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ബിൽ. എന്നാൽ, ഹിന്ദുത്വ ഗ്രൂപ്പുകളും വി.ഡി. സവർക്കറെപ്പോലുള്ള നേതാക്കളും ഇതിനെ ശക്തമായി എതിർത്തു; ബിൽ പരാജയപ്പെട്ടു. തിരിച്ചടിയിൽ നിരാശനായ അംബേദ്കർ 1951 സെപ്റ്റംബർ 27ന് നെഹ്‌റുവിന്‍റെ മന്ത്രിസഭയിൽ നിന്ന് രാജിവച്ചു.
ഷാ മറന്നുപോയത് അംബേദ്കറുടെ വാക്കുകളാണ്: "ഹിന്ദു രാജ് ഒരു വസ്തുതയായി മാറുകയാണെങ്കിൽ, അത് ഈ രാജ്യത്തിന് ഏറ്റവും വലിയ വിപത്തായിരിക്കും."
1927 ഡിസംബർ 25ന് മനുസ്മൃതി കത്തിച്ചുകൊണ്ട് അംബേദ്കർ ചരിത്രപരമായൊരു സന്ദേശമാണ് മുന്നോട്ടുവച്ചത്. അന്നും ഇന്നും ഹിന്ദു സംഘടനകൾ പിന്തുണയ്ക്കുന്ന തത്വങ്ങളാണ് അംബേദ്കർ കത്തിച്ച മനു സ്മൃതിയിലുള്ളത്. അംബേദ്കറെ സംബന്ധിച്ചിടത്തോളം, ഈ പുരാതന ഹിന്ദു ഗ്രന്ഥമാണ് സമൂഹത്തിൽ ലിംഗപരവും ജാതിപരവുമായ വിവേചനത്തിന്‍റെയും അടിച്ചമർത്തലിന്‍റെ വേരുകൾ പടർത്തിയത്. ബ്രാഹ്മണർക്ക് അപാരമായ അധികാരങ്ങൾ നൽകിക്കൊണ്ടും, വർണ വ്യവസ്ഥയെ അംഗീകരിച്ചുകൊണ്ടും, വ്യവസ്ഥാപിതമായ അസമത്വങ്ങൾ നിലനിർത്തിക്കൊണ്ടും, മനു സ്മൃതി തൊട്ടുകൂടായ്മയ്ക്ക് അടിത്തറ പാകിയെന്ന് അദ്ദേഹം വിശ്വസിച്ചു.
പൊതുജനത്തിന്‍റെ ഓർമകൾക്ക് ദിവസങ്ങളുടെ ആയുസ് പോലുമില്ലാത്ത വർത്തമാനകാലത്ത്, പരിഷ്കർത്താക്കളുടെ ആദർശങ്ങൾ വളച്ചൊടിക്കപ്പെടുകയും, കെട്ടിച്ചമച്ച നുണകൾ സുവിശേഷ സത്യങ്ങളായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ദീർഘദർശികളായിരുന്ന നമ്മുടെ സമൂഹ പരിഷ്കർത്താക്കളുടെ പൈതൃകമാണ് ഇപ്പോൾ അവസരവാദികളുടെ ഉരുക്കുമുഷ്ടികളിൽ ഞെരിഞ്ഞമരുന്നത്. നവോത്ഥാന പ്രസ്ഥാനത്തിന്‍റെ യഥാർഥ രണ്ടാം തരംഗത്തിനു തുടക്കം കുറിക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് ഇതിൽ നിന്നു വ്യക്തമാകുന്നത്. ശബരിമല പ്രക്ഷോഭത്തിനിടെ പിണറായി ആവിഷ്കരിച്ച ഛിന്നഭിന്നവും രാഷ്‌ട്രീയപ്രേരിതവുമായ നവോത്ഥാന പ്രഹസനമല്ല, മറിച്ച് ഭിന്നിപ്പിന്‍റെ അജൻഡകളെ മറികടക്കുന്ന ശരിയായ പുരോഗമന ആദർശങ്ങളുടെ യഥാർഥ പുനരുജ്ജീവനമാണ് കാലഘട്ടത്തിന്‍റെ അനിവാര്യത.