ആടിയുലയുന്ന ഹിമാചൽ കോൺഗ്രസ്

40 അംഗങ്ങളാണ് കോൺഗ്രസിനു നിയമസഭയിലുണ്ടായിരുന്നത്. ബിജെപിക്ക് 25 പേർ മാത്രം. എന്നിട്ടും രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതു ബിജെപി സ്ഥാനാർഥി
ആടിയുലയുന്ന ഹിമാചൽ കോൺഗ്രസ്

രാജ്യസഭാ തെരഞ്ഞെടുപ്പുകളിലെ ക്രോസ് വോട്ടിങ് പുതിയ കാര്യമല്ല. പാർട്ടി മാറി വോട്ട് ചെയ്ത് സ്വന്തം പാർട്ടിയുടെ സ്ഥാനാർഥികളെ തോൽപ്പിക്കുന്ന ജനപ്രതിനിധികളെ മുൻപും കണ്ടിട്ടുണ്ട്. ഇങ്ങനെ എതിർ കക്ഷിക്കാർ അടർത്തിക്കൊണ്ടുപോകാതിരിക്കാൻ തെരഞ്ഞെടുപ്പുകാലത്ത് എംഎൽഎമാരെ റിസോർട്ടിൽ പാർപ്പിക്കുന്നതും ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ഭാഗമായിട്ടുണ്ട്. എന്നാൽ, ഇക്കുറി കോൺഗ്രസുകാരുടെ കാലുമാറ്റം ഹിമാചൽ പ്രദേശിലെ സർക്കാരിനെ കൂടി പ്രതിസന്ധിയിലാക്കി എന്നതാണു‌ ശ്രദ്ധേയമായിട്ടുള്ളത്.

ഉത്തരേന്ത്യയിൽ കോൺഗ്രസിനു ഭരണമുള്ള ഏക സംസ്ഥാനമാണു ഹിമാചൽ. അവിടെ നിന്നു തെരഞ്ഞെടുപ്പു നടന്ന ഏക സീറ്റിലേക്ക് വിജയം ഉറപ്പിച്ച് കോൺഗ്രസ് സ്ഥാനാർഥിയാക്കിയത് പ്രമുഖ നേതാവ് അഭിഷേക് മനു സിങ്‌വിയെയാണ്. നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ള കോൺഗ്രസോ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവോ ഒരട്ടിമറിയും പ്രതീക്ഷിച്ചില്ല എന്നു വേണം ധരിക്കാൻ. അതുകൊണ്ടാവണമല്ലോ സിങ്‌വിയെപ്പോലൊരു സ്ഥാനാർഥിയെ നിർത്തിയത്. പക്ഷേ, ആറു കോൺഗ്രസ് എംഎൽഎമാരാണ് കാലുമാറി ബിജെപിക്കു വോട്ടു ചെയ്തത്. സർക്കാരിനെ പിന്തുണയ്ക്കുന്ന മൂന്നു സ്വതന്ത്രരും ഒപ്പം കൂടി. ഫലം ഇരു സ്ഥാനാർഥികൾക്കും തുല്യ വോട്ടാവുകയും നറുക്കെടുപ്പിൽ ബിജെപിയുടെ ഹർഷ് മഹാജൻ വിജയിക്കുകയും ചെയ്തു! 40 അംഗങ്ങളാണ് കോൺഗ്രസിനു നിയമസഭയിലുണ്ടായിരുന്നത്. ബിജെപിക്ക് 25 പേർ മാത്രം. എന്നിട്ടും രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതു ബിജെപി സ്ഥാനാർഥി! അവസാന നിമിഷം വരെ ഒപ്പമുണ്ടായിരുന്നവർ ബിജെപി പാളയത്തിലേക്കു ചാടാൻ തയാറായിക്കഴിഞ്ഞുവെന്ന് കോൺഗ്രസിനു മനസിലായില്ല!

ശ്രദ്ധേയമായ മറ്റൊരു വിശേഷം തെരഞ്ഞെടുക്കപ്പെട്ട ഹർഷ് മഹാജനും പഴയ കോൺഗ്രസ് നേതാവാണ് എന്നതാണ്. സംസ്ഥാനത്തെ മുൻ കോൺഗ്രസ് മന്ത്രിയും മുൻ സ്പീക്കറുമായിരുന്നു അദ്ദേഹത്തിന്‍റെ പിതാവ് ദേസ് രാജ് മഹാജൻ. രാജീവ് ഗാന്ധി ഹിമാചലിലെ യൂത്ത് കോൺഗ്രസ് നേതാവായി ഉയർത്തിക്കൊണ്ടുവന്ന ഹർഷ് മഹാജനും നാലു പതിറ്റാണ്ട് കോൺഗ്രസിൽ പ്രവർത്തിച്ചു. ഒരു ദശകക്കാലത്തോളം ഹിമാചലിലെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്നു. മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്‍റെ കീഴിൽ രാഷ്ട്രീയ തന്ത്രങ്ങൾ പഠിച്ചു വളർന്ന അദ്ദേഹം പല തവണ നിയമസഭാംഗമാവുകയും സംസ്ഥാനത്തെ ക്യാബിനറ്റ് മന്ത്രിയാവുകയും ചെയ്തു. 2022ൽ സംസ്ഥാനത്ത് കോൺഗ്രസിന്‍റെ വർക്കിങ് പ്രസിഡന്‍റ് ആയിരിക്കെയാണു ബിജെപിയിൽ ചേരുന്നത്. മുഖ്യമന്ത്രി സുഖുവിനോട് താത്പര്യമില്ലാത്ത കോൺഗ്രസുകാരെ സ്വാധീനിക്കാൻ ഏറ്റവും യോജിച്ച നേതാവ് എന്ന നിലയിലാണ് അറുപത്തെട്ടു വയസുള്ള ഹർഷ് മഹാജൻ സ്ഥാനാർഥിയായത് എന്നു കരുതണം. അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്‍റെ അനുയായികൾ സുഖുവിനെതിരേ അവസരം കാത്തിരിക്കുകയുമായിരുന്നു.

രാജ്യസഭാ തെരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിങ്ങിനു പിന്നാലെയാണ് വീരഭദ്ര സിങ്ങിന്‍റെ മകൻ വിക്രമാദിത്യ സിങ് മന്ത്രിസ്ഥാനം രാജിവച്ചതും കൂടുതൽ എംഎൽഎമാർ സംസ്ഥാന സർക്കാരിനെതിരേ തിരിഞ്ഞതും. നിയമസഭയിലെ ബജറ്റ് വോട്ടെടുപ്പിനു മുൻപ് 15 ബിജെപി എംഎൽഎമാരെ സസ്പെൻഡ് ചെയ്താണ് ബുധനാഴ്ച സുഖു പിടിച്ചുനിന്നത്. ക്രോസ് വോട്ട് ചെയ്ത ആറ് കോൺഗ്രസ് എംഎൽഎമാരെ ഇന്നലെ നിയമസഭാ സ്പീക്കർ അയോഗ്യരാക്കിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് വിമതർക്ക് അയോഗ്യത വിധിച്ചിരിക്കുന്നത്. ചില ബിജെപി എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നും സുഖു അവകാശപ്പെടുന്നുണ്ട്. എങ്ങനെയും പിടിച്ചുനിൽക്കാനാണു മുഖ്യമന്ത്രിയുടെ ശ്രമം. വിക്രമാദിത്യ സിങ്ങിനെ മന്ത്രിസ്ഥാനത്തു തുടരാനും മുഖ്യമന്ത്രി പ്രേരിപ്പിക്കുന്നു. വിമത തന്ത്രങ്ങൾ തത്കാലം തിരിച്ചടിക്കുകയാണെങ്കിൽ വിക്രമാദിത്യ സുഖുവിനു വഴങ്ങും. എന്നാൽ, ഈ സർക്കാരിന്‍റെ നിലനിൽപ്പിനുള്ള ഭീഷണി അവസാനിച്ചു എന്നു പറയാറായിട്ടില്ല.

ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഭരണത്തിലുള്ള ഒരു ചെറിയ സംസ്ഥാനത്ത് പാർട്ടിയെ ഒറ്റക്കെട്ടായി നിർത്താൻ കഴിഞ്ഞില്ല എന്നതാണ് കോൺഗ്രസിന്‍റെ ഗതികേട്. ബിജെപിയുടെ ഗെയിം പ്ലാനിനു മുന്നിൽ ആവർത്തിച്ചു പരാജയപ്പെടുകയാണ് കോൺഗ്രസ് പദ്ധതികൾ. വിമതർക്കു കൂടി സ്വീകാര്യനായ നേതാവിനെ മുഖ്യമന്ത്രിയാക്കി വിമത പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞ ദിവസം പാർട്ടി ഹൈക്കമാൻഡ് ചില നീക്കങ്ങൾ നടത്തിയെന്നാണു റിപ്പോർട്ടുകൾ. എന്നാൽ, ഒഴിഞ്ഞുകൊടുക്കാൻ സുഖു തയാറായില്ല. അഞ്ചുവർഷവും തന്‍റെ സർക്കാർ ഭരിക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. വിമതരുടെ വാശി കൂട്ടാനും ബിജെപിയുടെ വഴി എളുപ്പമാക്കാനും സുഖുവിന്‍റെ പിടിവാശി കാരണമാവുമോയെന്ന് കണ്ടറിയണം. ഹൈക്കമാൻഡ് നിസഹായരാവുന്ന അവസ്ഥയാണിത്.

ആദ്യം പഞ്ചാബും പിന്നീട് രാജസ്ഥാനും ഛത്തിസ്ഗഡും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നഷ്ടമായ കോൺഗ്രസിന് ഇപ്പോൾ മൂന്നു സംസ്ഥാനത്താണു സ്വന്തം മുഖ്യമന്ത്രിമാരുള്ളത്. ഹിമാചലിനു പുറമേ, കർണാടകയിലും തെലങ്കാനയിലും പാർട്ടി ഭരിക്കുന്നു. ഇതിനു പുറമേ ഝാർഖണ്ഡിലെ സഖ്യകക്ഷി സർക്കാരിലും പാർട്ടിയുണ്ട്. തമിഴ്നാട്ടിൽ ഭരണകക്ഷി ഡിഎംകെയുടെ സഖ്യകക്ഷിയുമാണ്. ഉത്തരേന്ത്യയിൽ പേരിനുപോലും ഒരു മുഖ്യമന്ത്രി ഇല്ലാതാവുന്നത് ഒരു കാലത്ത് രാജ്യം മുഴുവൻ അടക്കിഭരിച്ച പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ എത്രമാത്രം മോശമാണെന്ന് കാണിക്കുകയാണ്. കർണാടകയിൽ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിൽ എന്തായാലും വോട്ട് ചോർച്ചയുണ്ടാകാതെ കെട്ടുറപ്പ് വ്യക്തമാക്കാൻ പാർട്ടിക്കു കഴിഞ്ഞു. അവിടെ ബിജെപി എംഎൽഎ കോൺഗ്രസിന് ക്രോസ് വോട്ട് ചെയ്യുകയാണുണ്ടായത്. കോൺഗ്രസിൽ നിന്നു വോട്ടു കിട്ടുമെന്ന ബിജെപി പ്രതീക്ഷകൾ തകർന്നു. സംസ്ഥാനത്തെ നാലിൽ മൂന്നു സീറ്റും കോൺഗ്രസ് നേടി. ഒന്നു മാത്രമാണു ബിജെപിക്ക്. ജെഡിഎസ് സ്ഥാനാർഥി പരാജയപ്പെടുകയും ചെയ്തു.

അതേസമയം, ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയിൽ നിന്നുള്ള ഏഴ് എംഎൽഎമാരാണ് ബിജെപിക്ക് വോട്ട് ചെയ്തത്. ബിജെപിക്ക് ഏഴും സമാജ് വാദി പാർട്ടിക്ക് മൂന്നും രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള ശക്തി നിയമസഭയിലുണ്ടായിരുന്നു. എന്നാൽ, ക്രോസ് വോട്ടിങ് തുണച്ചപ്പോൾ ബിജെപിക്ക് എട്ടുപേരെ ജയിപ്പിക്കാനായി. സമാജ് വാദി പാർട്ടിയുടെ രണ്ടു പേരും ജയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് അഖിലേഷ് യാദവിനുള്ള തിരിച്ചടിയാണിത്. യുപിയിലും ഹിമാചലിലുമായി രണ്ട് അധിക സീറ്റ് നേടാനായതിന്‍റെ ആത്മവിശ്വാസം ബിജെപിക്കുണ്ട്.

മൊത്തം 56 രാജ്യസഭാംഗങ്ങളുടെ ഒഴിവാണ് ഇപ്പോൾ നികത്തിയത്. ഇതിൽ 41 സീറ്റിലും സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്ര മന്ത്രിമാരായ അശ്വനി വൈഷ്ണവ്, ധർമേന്ദ്ര പ്രധാൻ എന്നിവർ ഇവരിൽ ഉൾപ്പെടുന്നു.

രാജസ്ഥാനിൽ നിന്നാണ് സോണിയ രാജ്യസഭയിലെത്തുന്നത്. അഞ്ചു തവണ ലോക്സഭയിലെത്തിയ സോണിയ ഇതാദ്യമായാണ് രാജ്യസഭയിലേക്കു മത്സരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം 1999ൽ ആദ്യമായി ലോക്സഭയിലേക്കു മത്സരിച്ചു- അമേത്തിയിൽ നിന്നും ബെല്ലാരിയിൽ നിന്നും. രണ്ടിടത്തും ജയിച്ച അവർ അമേത്തി നിലനിർത്തി. 2004 മുതൽ റായ് ബറേലിയുടെ എംപിയാണ് സോണിയ. അടുത്ത തെരഞ്ഞെടുപ്പിൽ അവിടെ ആരാവും കോൺഗ്രസ് സ്ഥാനാർഥി എന്ന ചോദ്യം കൗതുകമുണർത്തുന്നതാണ്.

രാജ്യസഭയിലേക്ക് ഇപ്പോൾ ഒഴിവുവന്ന 56ൽ 30 സീറ്റും നേടിയത് ബിജെപിയാണ്. കോൺഗ്രസിനു ലഭിച്ചത് ഒമ്പതു സീറ്റ്.

രാജ്യസഭയിൽ ബിജെപിയുടെ അംഗസംഖ്യ 97 ആയി ഉയർന്നിട്ടുണ്ട്. കോൺഗ്രസിന് 29 പേരാണുള്ളത്. തൃണമുൽ കോൺഗ്രസിന് പതിമൂന്നും ഡിഎംകെ, എഎപി കക്ഷികൾക്ക് പത്തു വീതവും രാജ്യസഭാംഗങ്ങളുണ്ട്. ബിജെഡിക്കും വൈഎസ്ആർ കോൺഗ്രസിനും ഒമ്പതു വീതം. ഇപ്പോഴത്തെ തെരഞ്ഞെടുപ്പോടെ എൻഡിഎയുടെ മൊത്തം രാജ്യസഭാംഗങ്ങൾ 117 ആയി. ഭൂരിപക്ഷത്തിനു നാലു പേരുടെ മാത്രം കുറവ്. അത് അനായാസം മറികടക്കാവുന്നതേയുള്ളൂ ബിജെപിക്ക്.

Trending

No stories found.

Latest News

No stories found.