ഹിമാലയ ദിനം ഓർമിപ്പിക്കുന്നത്...

ഇത് പതിനഞ്ചാം ഹിമാലയ ദിനം
himalaya day
ഹിമാലയ ദിനം
Updated on

ഇന്നു ഹിമാലയ ദിനം. ഹിമാലയൻ ആവാസ വ്യവസ്ഥയെയും പ്രദേശത്തെയും സംരക്ഷിക്കുന്നതിനായി എല്ലാ വർഷവും ലോകം സെപ്റ്റംബർ 9 ഹിമാലയ ദിവസമായി ആചരിക്കുന്നു. ഹിമാലയ ദിവസ് എന്നും ഉത്തരേന്ത്യയിൽ ഇത് അറിയപ്പെടുന്നു. പ്രകൃതിയെ സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും പ്രതികൂല കാലാവസ്ഥയിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിലും ഹിമാലയം വഹിക്കുന്ന പങ്ക് സുപ്രധാനമാണ്. വൈവിധ്യമാർന്ന പുഷ്പ-ജന്തുജാല ജൈവവൈവിധ്യ സംരക്ഷണം മാത്രമല്ല, ഇന്ത്യയിൽ മഴ പെയ്യിക്കുന്നതിന്‍റെ മുഖ്യ പങ്കും ഹിമാലയത്തിനാണ്.

ഈ വർഷം ഇന്ത്യ പതിനഞ്ചാമത് ഹിമാലയ ദിനമാണ് ആഘോഷിക്കുന്നത്. പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും സംരക്ഷണ പ്രവർത്തനങ്ങളിൽ സാമൂഹിക പങ്കാളിത്തം കൊണ്ടുവരുന്നതിനുമുള്ള മികച്ച ദിനം കൂടിയായി ഇത് പരിഗണിക്കപ്പെടുന്നു.

അശാസ്ത്രീയമായ നഗരവത്കരണവും ആസൂത്രണവും രൂപകൽപനയും തന്നെയാണ് ഹിമാലയം നേരിടുന്ന വെല്ലുവിളികൾക്കു കാരണം.മുമ്പെങ്ങുമില്ലാത്ത വിധം ഇപ്പോൾ ഹിമാലയൻ മലയോര മേഖലകൾ മരം മുറിക്കൽ ഭീഷണി നേരിടുന്നു.

അശാസ്ത്രീയമായ റോഡുകളും , ജലവിതരണവും അടിസ്ഥാന സൗകര്യങ്ങൾ പോലും കുരുക്കിലാകുന്ന അവസ്ഥയാണ് ഇന്നവിടെ. ഇതെല്ലാം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

പരിസ്ഥിതി സെൻസിറ്റീവ് ഹിൽ ടൗൺ പ്ലാനുകളും ഡിസൈനുകളും വികസിപ്പിച്ചെടുക്കേണ്ടതിന്‍റെ അടിയന്തിര ആവശ്യം എത്ര വലുതാണെന്ന് എടുത്തുകാണിച്ചുകൊണ്ടാണ് ഹിമാലയദിനം ആചരിക്കുന്നത്. ഹിമാലയം മുഴുവൻ ലോകത്തിനും ശക്തിയുടെ ഉറവിടവും വിലപ്പെട്ട പൈതൃകവുമാണ്. അതിനാൽ അത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

ഹിമാലയ ദിനം ചരിത്രവഴി:

2014-ൽ അന്നത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്താണ് സെപ്റ്റംബർ 9 ഹിമാലയ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഹിമാലയൻ എൻവയോൺമെന്‍റൽ സ്റ്റഡീസ് ആൻഡ് കൺസർവേഷൻ ഓർഗനൈസേഷനിലെ അനിൽ ജോഷിയും മറ്റ് ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകരും ചേർന്നാണ് ഈ ആശയം ആവിഷ്കരിച്ചത്. 2010 ഓഗസ്റ്റിൽ ഈ പ്രദേശത്തെ ബാധിച്ച വിനാശകരമായ മൺസൂണായിരിക്കാം ഹിമാലയ ദിവസ് പ്രഖ്യാപിക്കപ്പെട്ടതിന്‍റെ ഒരു കാരണം.

2013ലെ കേദാർനാഥ് ദുരന്തം ഹിമാലയൻ ആവാസവ്യവസ്ഥയുടെ ദുർബലത തുറന്നുകാട്ടുന്ന ആദ്യത്തെ വലിയ തോതിലുള്ള സംഭവമായതിനാൽ മറ്റൊരു പ്രചോദനമാകാം.ജമ്മു കാശ്മീർ മുതൽ അരുണാചൽ പ്രദേശ് വരെയുള്ള ഇന്ത്യയിലെ എല്ലാ ഹിമാലയൻ സംസ്ഥാനങ്ങളിലും സെപ്റ്റംബർ 9 ഹിമാലയ ദിവസായി ആചരിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. കാരണം, ഈ സംസ്ഥാനങ്ങൾക്ക് പൊതുവായ ഹിമാലയൻ സാമൂഹിക പരിസ്ഥിതിശാസ്ത്രമുണ്ട്. ഇന്നത് ലോകം മുഴുവൻ ആചരിക്കുന്നു.

എന്നാൽ,ഈ ആഘോഷത്തിനായി തിരഞ്ഞെടുത്ത തീയതിക്ക് ഇന്ത്യയിലെ ഒരു ഹിമാലയൻ സംസ്ഥാനത്തിന്‍റെയും സാമൂഹിക-സാംസ്കാരിക മേഖലയുമായി യാതൊരു ബന്ധവുമില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com