എന്തൊരു തണുപ്പപ്പോ...!

മധ്യേഷ്യയില്‍ നിന്ന് വരുന്ന അതിശൈത്യം നിറഞ്ഞ കാറ്റുകളെ ഹിമാലയന്‍ പര്‍വതനിരകള്‍ തടഞ്ഞു നിര്‍ത്തുന്നു. ഇത് വടക്കേ ഇന്ത്യയിലേക്ക് തണുപ്പ് കടക്കുന്നത് വർധിപ്പിക്കുന്നു.
Himalayan mountain range

ഹിമാലയന്‍ പര്‍വതനിരകള്‍

credit: wiki

Updated on

അന്തരീക്ഷം തണുക്കുന്നത് എന്തുകൊണ്ട് ? വടക്കേ ഇന്ത്യയില്‍ തണുപ്പ് കൂടുതലാകുന്നത് എന്തുകൊണ്ട് ? ചോദ്യങ്ങള്‍ പലതുണ്ട്. വടക്കേ ഇന്ത്യയില്‍ തണുപ്പ് കൂടുതലാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നു ഹിമാലയന്‍ മലനിരകളുടെ സാമീപ്യം തന്നെയാണ്. മധ്യേഷ്യയില്‍ നിന്ന് വരുന്ന അതിശൈത്യം നിറഞ്ഞ കാറ്റുകളെ ഹിമാലയന്‍ പര്‍വതനിരകള്‍ തടഞ്ഞു നിര്‍ത്തുന്നു. ഇത് വടക്കേ ഇന്ത്യയിലേക്ക് തണുപ്പ് കടക്കുന്നത് വർധിപ്പിക്കുന്നു.

വിജയ് ചൗക്ക്| സുധീര്‍നാഥ്

ഇന്ത്യ എന്ന മഹാരാജ്യം വൈവിധ്യങ്ങളുടെ ഒരു കേന്ദ്രമാണ് എന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല. വൈവിധ്യമാര്‍ന്ന ഭാഷകള്‍ ഇന്ത്യയെ വേറിട്ടതാക്കുന്നു. ഭാഷ മാത്രമല്ല, വേഷവും, സംസ്കാരവും, മതവും, ജാതിയും, ആരാധനയും എല്ലാം ഒട്ടേറെയാണ് ഇന്ത്യയില്‍. അതാണ് ഇന്ത്യയുടെ സൗന്ദര്യം. വൈവിധ്യമാര്‍ന്ന കാലാവസ്ഥയാണ് എടുത്ത് പറയേണ്ട മറ്റൊന്ന്. മറ്റു ലോകരാജ്യങ്ങളില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായ ഒരു രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ വടക്കുഭാഗം തണുത്തുവിറയ്ക്കുമ്പോള്‍ തെക്കേയറ്റം ചൂടും മഴയുമായി സമ്മിശ്ര സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതെന്തുകൊണ്ട് സംഭവിക്കുന്നു എന്നു ചിന്തിക്കേണ്ട കാര്യമുണ്ട്.

അന്തരീക്ഷം തണുക്കുന്നത് എന്തുകൊണ്ട് ? വടക്കേ ഇന്ത്യയില്‍ തണുപ്പ് കൂടുതലാകുന്നത് എന്തുകൊണ്ട് ? ചോദ്യങ്ങള്‍ പലതുണ്ട്. വടക്കേ ഇന്ത്യയില്‍ തണുപ്പ് കൂടുതലാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നു ഹിമാലയന്‍ മലനിരകളുടെ സാമീപ്യം തന്നെയാണ്. മധ്യേഷ്യയില്‍ നിന്ന് വരുന്ന അതിശൈത്യം നിറഞ്ഞ കാറ്റുകളെ ഹിമാലയന്‍ പര്‍വതനിരകള്‍ തടഞ്ഞു നിര്‍ത്തുന്നു. ഇത് വടക്കേ ഇന്ത്യയിലേക്ക് തണുപ്പ് കടക്കുന്നത് വർധിപ്പിക്കുന്നു.

വടക്കേ ഇന്ത്യ സമുദ്രത്തില്‍ നിന്ന് അകന്നു കിടക്കുന്നതിനാലും, വലിയ ഭൂപ്രദേശമായതിനാലും പകലും രാത്രിയും തമ്മിലുള്ള താപനിലയിലുള്ള വ്യത്യാസം കൂടുതലായിരിക്കും, ഇത് തണുപ്പ് വർധിപ്പിക്കും. തണുപ്പുകാലത്ത് വടക്കേ ഇന്ത്യയിലെ അന്തരീക്ഷം കടലിന്‍റെ സാമീപ്യം ഇല്ലാത്തതിനാല്‍ വരണ്ടുപോകുന്നു. ഈ വരണ്ട അന്തരീക്ഷത്തില്‍ ചൂട് വേഗത്തില്‍ നഷ്ടപ്പെടുകയും തണുപ്പ് കൂടുകയും ചെയ്യുന്നു. ഇതൊക്കെ കൊണ്ടാണ് വടക്കേ ഇന്ത്യയില്‍ ശൈത്യകാലത്ത് അതിശക്തമായ തണുപ്പ് അനുഭവപ്പെടാന്‍ കാരണം.

തണുപ്പുകാലം ഒരഥത്തില്‍ വളരെ സുഖകരമാണ്. വൈദ്യുതി ഇല്ലെങ്കിലും പുതച്ച് മൂടി കിടക്കാം. ഫാനും എസിയും ആവശ്യമില്ല. രാത്രി നേരം വളരെ കൂടുതലും പകല്‍ നേരം വളരെ കുറവായിരിക്കും. തണുത്ത കാലാവസ്ഥ, സുഖകരമായ പുതപ്പുകള്‍, ചൂടുള്ള പാനീയങ്ങള്‍ ഇതൊക്കെ ഉറങ്ങാനുള്ള സാഹചര്യം വർധിപ്പിക്കുന്നു. താഴ്ന്ന താപനില പൊതുവെ ഉറക്കത്തിന് നല്ലതാണ്, കാരണം അവ നിങ്ങളുടെ ശരീരത്തിന്‍റെ കാതലായ താപനില കുറയ്ക്കാന്‍ സഹായിക്കുന്നു.

എന്നിരുന്നാലും, തണുപ്പ് കാലം നിങ്ങളുടെ ഉറക്ക രീതികളെ സാരമായി ബാധിക്കും എന്നതും എടുത്ത് പറയണം. ചിലര്‍ക്ക് തണുത്ത കാലാവസ്ഥയില്‍ മികച്ച ഉറക്കം ലഭിക്കുമ്പോള്‍, മറ്റു ചിലര്‍ക്ക് അസ്വസ്ഥത, ഉറക്കമില്ലായ്മ, അല്ലെങ്കില്‍ ഉറക്കചക്രം തടസ്സപ്പെടുകയും ചെയ്യും. നിങ്ങള്‍ കിടക്കുന്ന മുറിയില്‍ വളരെ തണുപ്പാണെങ്കില്‍, നിങ്ങള്‍ ഇടയ്ക്കിടെ വിറയ്ക്കുകയോ ഉണരുകയോ ചെയ്തേക്കാം. ഇത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഗാഢനിദ്രയെ തടസ്സപ്പെടുത്തും.

തണുത്ത കാലാവസ്ഥ നിങ്ങളുടെ ഉറക്കത്തെ ബാധിക്കും. ശൈത്യകാല മാസങ്ങളില്‍ മികച്ച രാത്രി വിശ്രമം ഉറപ്പാക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. തണുപ്പ് കാലത്ത് മുറിയില്‍ ഹീറ്ററുകള്‍ ഉപയോഗിക്കുന്ന രീതി കണ്ടു വരുന്നുണ്ട്. തണുപ്പിനെ മറികടക്കാന്‍ ഇലക്‌ട്രിക് ഹീറ്ററുകള്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ഇത് വലിയ അപകടമാണ്. റൂം ഹീറ്ററുകള്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ മുതല്‍ അഗ്നിബാധ മൂലമുണ്ടാകുന്ന അപകടങ്ങള്‍ വരെ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ ഉണ്ടായേക്കാം.

റൂം ഹീറ്ററുകളില്‍ നിന്നുള്ള ചൂട് മുറിയിലെ വായുവിലെ ഈര്‍പ്പം ഇല്ലാതാക്കുന്നതിനാല്‍ ചര്‍മം, കണ്ണുകള്‍, തൊണ്ട എന്നിവ വരണ്ടതാക്കും. ഈ വരള്‍ച്ച ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ വഷളാക്കും. അതിനാല്‍ മുറിയില്‍ ഈര്‍പ്പം നിലനിര്‍ത്തുകയും ആവശ്യത്തിന് ജലാംശം നല്‍കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഒരു നിശബ്ദ കൊലയാളിയായ കാര്‍ബണ്‍ മോണോക്സൈഡിനെ പുറന്തള്ളാന്‍ റൂം ഹീറ്ററുകളുടെ ഉപയോഗം മൂലം ഉണ്ടാകുന്നു.

മണ്ണെണ്ണ അല്ലെങ്കില്‍ ഗ്യാസ് ഹീറ്ററുകള്‍ പോലെയുള്ള ചില റൂം ഹീറ്ററുകള്‍ സള്‍ഫര്‍ ഡയോക്സൈഡ്, നൈട്രജന്‍ ഡയോക്സൈഡ് തുടങ്ങിയ മലിനീകരണ വസ്തുക്കളെ പുറന്തള്ളുന്നു, ഇത് ശ്വസിക്കുന്നത് ഏറെ നേരം തുടരുകയാണെങ്കില്‍ ഇത് മാരകമാകുകയും മരണം വരെ ഉണ്ടാകുവാനുള്ള സാധ്യതകളും ധാരാളമാണ്. ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഹീറ്ററുകള്‍ ഉപയോഗിക്കുന്നത് ഈ അപകടാവസ്ഥ കുറയ്ക്കുന്നു. റൂം ഹീറ്ററുകള്‍ ഉപയോഗിക്കുമ്പോള്‍ ശരിയായ വായുസഞ്ചാരം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

മുറിയിലെ ചൂട് കൂട്ടുന്നതിനുപകരം, നിങ്ങളുടെ കിടക്കയില്‍ അധിക പുതപ്പുകള്‍ ഇടുകയോ കമ്പിളി പുതപ്പുകള്‍ ഉപയോഗിക്കുകയോ ചെയ്യുന്നത് പരിഗണിക്കുക. ചൂടുള്ള പൈജാമകളും, കമ്പിളി ഉടുപ്പുകളും, സോക്സുകളും അമിതമായി ചൂടാകാതെ നിങ്ങളുടെ ശരീര താപനില നിയന്ത്രിക്കാന്‍ സഹായിക്കും. അമിതമായ ചൂടിന്‍റെ ആവശ്യമില്ലാതെ തന്നെ ശരീരം ചൂടായിരിക്കാന്‍ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കും. തണുപ്പില്‍ നിങ്ങള്‍ ആടിയുലയുന്നുണ്ടെങ്കില്‍, നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും വിശ്രമാവസ്ഥയിലേക്ക് കൊണ്ടുവരാന്‍ ആഴത്തിലുള്ള ശ്വസനം അല്ലെങ്കില്‍ ധ്യാനം പോലുള്ള വിശ്രമ വിദ്യകള്‍ പരീക്ഷിക്കുക. ഇത് സമ്മര്‍ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ സഹായിക്കും, അല്ലാത്തപക്ഷം ഇത് ഉറക്കത്തെ തടസപ്പെടുത്തും.

നമ്മുടെ ശരീരത്തിന് തെര്‍മോണ്‍ഗുലേഷന്‍ എന്ന ഒരു ആന്തരിക തെര്‍മോസ്റ്റാറ്റ് ഉണ്ട്. ഇത് ശരീര താപനിലയെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഉറങ്ങുമ്പോള്‍, കോര്‍ താപനില സ്വാഭാവികമായും ഒന്നു മുതല്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുന്നു. ഇത് ശരീരത്തിന് വിശ്രമിക്കാനുള്ള സമയമായി എന്നതിന്‍റെ സൂചന നല്‍കുന്നു. തണുത്ത അന്തരീക്ഷം ഈ പ്രക്രിയയെ പിന്തുണയ്ക്കും. ഇത് ഉറങ്ങുന്നത് എളുപ്പമാക്കുന്നു.

തണുപ്പുകാലം ഏറെ സുഖകരം ആണെങ്കിലും അത് ആരോഗ്യത്തിന്‍റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാലഘട്ടം തന്നെയാണ്. തണുപ്പ് കാലത്ത് തണുത്ത ഭക്ഷണസാധനങ്ങള്‍ പരിമാവധി ഒഴിവാക്കുന്നതാണ് നല്ലത്. യൂറിക്കാസിഡ് പോലെയുള്ള രോഗാവസ്ഥകള്‍ ഉള്ളവരില്‍ നിര്‍ബന്ധമായും ഭക്ഷണ ക്രമീകരണം തണുപ്പ് കാലത്ത് ആവശ്യമാണ്. ചൂടുള്ള ഭക്ഷണം കഴിക്കുന്നതിനൊപ്പം ശരീരത്തിന് ചൂട് നിലനിര്‍ത്തി ഉന്മേഷം പ്രദാനം ചെയ്യേണ്ടതുണ്ട്.

ശൈത്യകാലത്ത് ഉണ്ടാകുന്ന പൊടിപടലങ്ങള്‍, പൂപ്പല്‍ തുടങ്ങിയ കാരണം അലര്‍ജികള്‍ വർധിക്കും. ഈ അലര്‍ജികള്‍ നിങ്ങളുടെ ശ്വസനകോശത്തെ ബാധിക്കും. ഇത് തുമ്മല്‍, മൂക്കൊലിപ്പ് അല്ലെങ്കില്‍ ചുമ എന്നിവ കാരണം സുഖകരമായ ഉറക്കം നഷ്ടപ്പെടുത്തും. ശരീര ഊഷ്മാവ് കുറയുന്നവരില്‍ പനി വരാനുള്ള സാധ്യതകള്‍ കൂടുതലാണ്.

മട്ടന്‍, പോര്‍ക്ക്, ബീഫ് മുതലായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പലപ്പോഴും ശൈത്യകാലത്ത് അപകടം ഉണ്ടാക്കുന്നതാണ്. കാരണം ഇതില്‍ ധാരാളം പ്യൂരിയന്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ പിന്നീട് യൂറിക് ആസിഡ് ആയി മാറുന്നു. ഇവ അമിതമായി കഴിക്കുന്നത് വഴി മനുഷ്യന്‍റെ ആരോഗ്യത്തെ ബാധിക്കും. യൂറിക്ക് ആസിഡിന്‍റെ അളവ് വര്‍ധിക്കുമ്പോള്‍ അത് സന്ധിവാതം പോലുള്ള പ്രശ്നങ്ങള്‍ കാരണമാവുകയും ചെയ്യും.

തണുപ്പ് കാലത്ത് നെല്ലിക്ക ഉപയോഗിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയ നെല്ലിക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മികച്ചതാണ്. ജ്യൂസായോ ചമ്മന്തിയായോ നെല്ലിക്ക ഉപയോഗിക്കാം. ഇഞ്ചിയും വെളുത്തുള്ളിയും ചുമ, ജലദോഷം എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. ശര്‍ക്കര ശരീരത്തിന് ചൂടും ഊര്‍ജവും നല്‍കുന്നു. ബജ്റ / റാഗി പോലുള്ള ധാന്യങ്ങള്‍ ശരീരത്തെ ചൂടോടെ നിലനിര്‍ത്തുന്നു.

നെയ്യ് മിതമായ അളവില്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ബദാം, അഖ്രോട്ട്, എള്ള്, പമ്പ്കിന്‍ വിത്തുകള്‍ എന്നിവ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നു. ശൈത്യകാല ഇലക്കറികള്‍ ചീര, മുരിങ്ങയില, കടുകില തുടങ്ങിയവ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ഇരുമ്പും നല്‍കുന്നു. ബീറ്റാ കരോട്ടീന്‍ ധാരാളമുള്ള ക്യാരറ്റ് ശരീരത്തിന്‍റെ സ്വാഭാവിക പ്രതിരോധം വര്‍ധിപ്പിക്കുന്നു. തണുപ്പ് കാലത്ത് മദ്യപിക്കുന്നവര്‍ ധാരാളമാണ്. പലപ്പോഴും ഇത് ശരീരത്തിന് ചൂട് നല്‍കുന്നതിന് ഉപകരിക്കും എന്ന് തെറ്റിദ്ധരിക്കുന്നവര്‍ ഉണ്ട്.

എന്നാല്‍ മദ്യപിക്കുന്നവരില്‍ തണുപ്പ് കാലത്ത് വൃക്കകളിലൂടെ യൂറിക് ആസിഡ് പുറന്തള്ളുന്നതിനുള്ള കഴിവിനെ കുറയ്ക്കുന്നു. പ്രത്യേകിച്ച് ബിയര്‍ പോലുള്ളവയില്‍ പ്യൂരിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് വളരെയധികം ദോഷകരമാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തണുപ്പ് കാലത്ത് ഇത്തരം ശീലങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. തണുപ്പ് കാലത്ത് കുളിക്കുന്നതാണ് ഏറെ വിഷമകരം. കുളിമുറിയില്‍ കയറി തണുത്ത വെള്ളത്തില്‍ വിറച്ച് കുളിക്കുക എന്നുള്ളത് ആലോചിക്കുവാന്‍ കൂടി പ്രയാസം. ചൂട് വെള്ളം ഉപയോഗിച്ചുള്ള കുളിയാണ് ഒരു ആശ്വാസം. ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത് അമിതമായ ചൂട് വെള്ളം ചര്‍മത്തില്‍ പതിക്കുന്നത് അപകടകരമാണെന്നാണ്.

ചൂടുള്ള വെള്ളം ശരീരത്തില്‍ ഒഴിക്കുമ്പോള്‍ തൊലിയുടെ പുറത്തുള്ള സൂക്ഷ്മ രക്തവാഹിനികള്‍ ദുര്‍ബലപ്പെടാന്‍ കാരണമാകുന്നു എന്നാണ്. ആരോഗ്യ വിദഗ്ധര്‍ പറയുന്നത് നിരന്തരമായുള്ള ചൂടുവെള്ളത്തിലെ കുളി ശരീരത്തിലെ തൊലികളെ ദുര്‍ബലമാക്കുന്നു എന്നാണ്. മുടി കൊഴിച്ചില്‍ അടക്കം ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ നമ്മുടെ ശരീര ചര്‍മങ്ങളില്‍ പ്രകൃതിദത്ത എണ്ണമയം നഷ്ടപ്പെടുന്നു എന്നത് മറ്റൊരു ആരോഗ്യ പ്രശ്നമാണ്.

ഉറക്കസമയത്തിന് തൊട്ടുമുമ്പ് കഴിവതും വ്യായാമം ഒഴിവാക്കേണ്ടതാണ്. കാരണം ഇത് അഡ്രിനാലിന്‍ വര്‍ദ്ധിപ്പിക്കുകയും ഉറങ്ങാന്‍ ബുദ്ധിമുട്ടാക്കുകയും ചെയ്യും. പകല്‍ സമയത്ത്, പ്രത്യേകിച്ച് രാവിലെ, സൂര്യപ്രകാശം ഏല്‍ക്കുന്നത് സര്‍ക്കാഡിയന്‍ താളം നിയന്ത്രിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു. പകല്‍ സമയത്ത് വീടിനുള്ളില്‍ ഇരിക്കുന്നവര്‍ സൂര്യ പ്രകാശം വരുന്ന ജനാലകള്‍ക്ക് സമീപം ഇരിക്കാന്‍ ശ്രമിക്കുക. ഉറക്ക അന്തരീക്ഷത്തിലും ദിനചര്യയിലും ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ, ശൈത്യകാലം നമുക്ക് സുഖകരമാക്കാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com