''മുൻപൊരാൾ ഇങ്ങനെ പ്രസംഗിച്ചപ്പോൾ ഒരുപാടു പേർ മരിച്ചുവീണിരുന്നു...''

നേപ്പാൾ കലാപത്തിനു തിരികൊളുത്തിയ വിദ്യാർഥിയുടെ പ്രസംഗത്തിന് ഹിറ്റ്ലറുടെ ശൈലി, ഹിന്ദുത്വ വിപ്ലവമെന്ന് ആരോപണം
Summary

2008ലെ മാവോയിസ്റ്റ് പ്രക്ഷോഭത്തിലാണ് നേപ്പാളിലെ ഷാ രാജവംശം സ്ഥാനഭ്രഷ്ടരായത്. ഹിന്ദു രാഷ്ട്രമായിരുന്ന നേപ്പാളിനെ മതേതര രാഷ്ട്രമായി പ്രഖ്യാപിച്ചതും അതിനു ശേഷമായിരുന്നു. ഈ രണ്ടു മാറ്റങ്ങളും റദ്ദാകണം എന്നത് കലാപകാരികളുടെ പ്രധാന ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.

പ്രത്യേക ലേഖകൻ

ഓറ എന്നാണ് അവന്‍റെ പേര്. ഹൈസ്കൂൾ വിദ്യാർഥി, നേപ്പാളിലെ ഒരു സ്കൂളിൽ ഹെഡ് ബോയ്. ഏകദേശം ആറു മാസം മുൻപ്, തന്‍റെ സ്കൂളിന്‍റെ 24ാം വാർഷികത്തിൽ ഓറ നടത്തിയ പ്രസംഗമാണ് ഇപ്പോഴത്തെ നേപ്പാൾ കലാപത്തിന് വഴിമരുന്നിട്ടതെന്ന് സോഷ്യൽ മീഡിയ വ്യാഖ്യാനിക്കുന്നുണ്ട്. അവന്‍റെയാ പ്രസംഗം ഇന്‍റർനെറ്റിൽ വൈറലാണിപ്പോൾ. വിസ്ഫോടനാത്മകമായ വാഗ്ധോരണിയാൽ തന്‍റെ അധ്യാപകരെപ്പോലും സ്തംബ്ധരാക്കിക്കൊണ്ടാണ് ഓറയുടെ പ്രസംഗം കത്തിപ്പടരുന്നത്. ആവേശത്താൽ ശബ്ദം ഉച്ചസ്ഥായിയിലേക്കുയർത്തിയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടും വിധം കിതച്ചും, കൈയിൽ കരുതിയ കുറിപ്പിലേക്ക് ഇടയ്ക്കൊന്നു പാളി നോക്കുമ്പോഴും അടങ്ങാത്ത വികാരവിക്ഷുബ്ധതയോടെ അവൻ സംസാരിക്കുന്നത് ഭാഷ മനസിലാകാത്തവർ പോലും കേട്ടിരുന്നു പോകും.‌

നേപ്പാളിലെ തൊഴിലില്ലായ്മയ്ക്കും ദുരിതത്തിനും രാഷ്ട്രീയക്കാരെ രൂക്ഷമായി വിമർശിച്ചുകൊണ്ട് മുന്നേറുന്ന ഓറ ഇടയ്ക്ക് പഴയ ബീരേന്ദ്ര രാജാവിനെ ആദരവോടെ സ്മരിക്കുന്നുമുണ്ട്. രാജ്യത്തെ ചൂഴ്ന്നു നിൽക്കുന്ന ഇരുട്ടകറ്റുന്ന തീയാകാനാണ് താൻ പ്രതിനിധീകരിക്കുന്ന പുതുതലമുറയോടുള്ള അവന്‍റെ ആഹ്വാനം. ആ തീയിൽ അഡോൾഫ് ഹിറ്റ്ലറെയും അയാളുടെ ആര്യൻ വംശാധിപത്യ സിദ്ധാന്തത്തെയും കണ്ടെത്താൻ ശ്രമിക്കുന്നവർ കുറവല്ല.

ബംഗ്ലാദേശ് സർക്കാരിനെ താഴെയിറക്കിയ പ്രക്ഷോഭം ഇസ്ലാമിക് കലാപമായി വ്യാഖ്യാനിക്കപ്പെട്ടപ്പോൾ, നേപ്പാളിലേത് ഹിന്ദുത്വ വിപ്ലവമാണെന്നു വാദിക്കുന്നവർ ഏറെ. ലോകത്തിന്‍റെ വിവിധ മേഖലകളിൽ ആഘോഷിക്കപ്പെട്ട ജാസ്മിൻ റവല്യൂഷൻ എന്ന മുല്ലപ്പൂ വിപ്ലവം മതമൗലികവാദികളുടെ അധികാരം പിടിച്ചെടുക്കൽ മാത്രമായിരുന്നു എന്ന് കാലം തെളിയിച്ചിരുന്നു. നേപ്പാളിൽ സംഭവിക്കുന്നത് അതിന്‍റെ ഹിന്ദു ബദൽ എന്നു വിളിക്കാവുന്ന അട്ടിമറിയാണെന്ന ആശങ്ക സജീവമാണ്.

''പഴയൊരു ആർട്ടിസ്റ്റിനെയാണ് എനിക്ക് ഓർമ വരുന്നത്'', ഓറയുടെ പ്രസംഗ വീഡിയോയ്ക്കു താഴെ ഒരു പ്രേക്ഷകൻ കുറിച്ചു. രാഷ്ട്രീയവും അധികാരവും തലയ്ക്കു പിടിക്കും മുൻപ് ചിത്രകാരനായിരുന്ന അഡോൾഫ് ഹിറ്റ്ലറാണ് ഇവിടെ വ്യംഗ്യം.

''മുൻപൊരാൾ ഇങ്ങനെ പ്രസംഗിച്ചപ്പോൾ ഒരുപാടു പേർ മരിച്ചുവീണിരുന്നു'' എന്നാണ് ഇതേ താരതമ്യം വ്യക്തമാക്കാൻ മറ്റൊരാൾ കുറിച്ചിരിക്കുന്നത്.

''സി ഡിവിഷനിലെ അഡോൾഫ് കുമാർ ചോക്കിനും ഡസ്റ്ററിനും വേണ്ടി ഡി ഡിവിഷനെ ആക്രമിക്കാൻ പോകുന്നു'' എന്ന മട്ടിൽ ഈ പ്രസംഗത്തെ നിസാരവത്കരിക്കുന്നവരും കുറവല്ല. പക്ഷേ, അത്ര നിസാരമല്ല കാര്യങ്ങൾ, യാദൃച്ഛികമായി തോന്നുന്നതുമല്ല താരതമ്യങ്ങൾ. അഡോൾഫ് ഹിറ്റ്ലറുടെ പഴയ പ്രസംഗങ്ങൾ എത്ര വേണമെങ്കിലും ഇന്‍റർനെറ്റിൽ കിട്ടും. ജർമൻ ഭാഷ മനസിലായില്ലെങ്കിലും വൈകാരിക ഭാവഹാവാദികളുടെ അകമ്പടിയോടെ നടത്തുന്ന വാഗ് വിസ്ഫോടനങ്ങൾ ഈ താരതമ്യത്തെ സാധൂകരിക്കും. അതല്ലെങ്കിൽ, ഹിറ്റ്ലറുടെ വേഷത്തിൽ ചാർലി ചാപ്ലിൻ അഭിനയിച്ച അതിപ്രശസ്തമായ 'ദ ഗ്രേറ്റ് ഡിക്റ്റേറ്റർ' എന്ന സിനിമയിലെ പ്രസംഗം കേട്ടു നോക്കൂ, ഓറയുടേതു പോലെ ഇംഗ്ലീഷിലാണ് അതും....

രാജഭരണം തിരിച്ചുവരണം എന്നതും നേപ്പാളിനെ വീണ്ടും ഹിന്ദു രാഷ്ട്രമാക്കണം എന്നതും, ജെൻ സി (Gen Z) എന്ന ഓമനപ്പേരിൽ വിശേഷിപ്പിക്കപ്പെടുന്ന കലാപകാരികളുടെ ആവശ്യങ്ങളിൽ പ്രധാനമാണ്. കഴിഞ്ഞ മാർച്ച് മുതൽ ഈ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യത്ത് വിവിധ സംഘടനകൾ പ്രകടനങ്ങളും നടത്തിവരുന്നുണ്ട്. രാജ്യത്തിന്‍റെ സൈനിക മേധാവി പഴയ രാജാവിന്‍റെ ചിത്രത്തിനു മുന്നിലിരുന്ന് വാർത്താ സമ്മേളനം നടത്തിയതും യാദൃച്ഛികമാകാൻ തരമില്ല.

2008ലെ മാവോയിസ്റ്റ് പ്രക്ഷോഭത്തിലാണ് നേപ്പാളിലെ ഷാ രാജവംശം സ്ഥാനഭ്രഷ്ടരായത്. ഹിന്ദു രാഷ്ട്രമായിരുന്ന നേപ്പാളിനെ മതേതര രാഷ്ട്രമായി പ്രഖ്യാപിച്ചതും അതിനു ശേഷമായിരുന്നു. പക്ഷേ, ചൈനയുടെ പരസ്യ പിന്തുണയോടെ പുഷ്പ കുമാർ ദഹൽ എന്ന പ്രചണ്ഡ നയിച്ച കലാപത്തിനും അവിടെ കമ്യൂണിസ്റ്റ് ആധിപത്യം സ്ഥാപിക്കാനായില്ല. തുടർന്നിങ്ങോട്ട് 17 വർഷത്തിനിടെ 13 സർക്കാരുകളാണ് രാജ്യം ഭരിച്ചത്.

ഏറ്റവും മികച്ച രാജാധിപത്യത്തെക്കാൾ മികച്ചതായിരിക്കും ഏറ്റവും ദുഷിച്ച ജനാധിപത്യം എന്ന പ്രശസ്തമായ ഉദ്ധരണി അലയടിക്കാൻ പറ്റിയ അന്തരീക്ഷമല്ല നേപ്പാളിൽ ഇപ്പോഴുള്ളത് എന്നർഥം.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com