പാട്ടിന്‍റെ പാലാഴി: സംഗീതത്തിന്‍റെ ചരിത്രവഴികൾ

പാട്ടിന്‍റെ പാലാഴി: സംഗീതത്തിന്‍റെ ചരിത്രവഴികൾ

ഒരു പാട്ടെങ്കിലും പാടാത്ത മനുഷ്യരില്ല. മനുഷ്യന്‍റെ കൂടപ്പിറപ്പാണ് സംഗീതം.

തയാറാക്കിയത്: എൻ. അജിത്കുമാർ

പാട്ടുകേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവരുണ്ടോ? ഒരു പാട്ടെങ്കിലും പാടാത്ത മനുഷ്യരില്ല. മനുഷ്യന്‍റെ കൂടപ്പിറപ്പാണ് സംഗീതം. അമ്മ കുഞ്ഞിനു പാല്‍ കൊടുക്കുമ്പോള്‍ പാടുന്ന താരാട്ടു പാട്ടുകളിലൂടെ അമ്മിഞ്ഞപ്പാലിനൊപ്പം ആ സംഗീത സംസ്‌കാര മാധുര്യവും പകര്‍ന്നുകിട്ടുന്നു...

ഭാരതീയ സംഗീതം

അതിസമ്പുഷ്ടമായ ഒരു സംഗീത പാരമ്പര്യം ഉള്ള രാജ്യമാണ് ഇന്ത്യ. വ‌േദ കാലത്തുതന്നെ ഇവിടെ രൂപം പ്രാപിച്ച കലയാണ് സംഗീതം. ആ കാലത്ത് സംഗീതത്തെ മൊത്തത്തില്‍ മാര്‍ഗിസംഗീതം, ദേശി സംഗീതം എന്ന് രണ്ടായി വിഭജിച്ചിരുന്നു. മതാനുഷ്ടാനങ്ങള്‍ക്കും യാഗങ്ങള്‍ക്കും പ്രയോഗിച്ചിരുന്ന സംഗീതം മാര്‍ഗിസംഗീതമാണ്. ഇത് ശ്രുതി, സ്വരം, താളം എന്നിവയെ ആധാരമാക്കിയുള്ളതും പ്രാദേശിക വ്യതിയാനങ്ങള്‍ക്കു വശംവദമാകാത്തതുമാണ്.സാധാരണ ജനങ്ങള്‍ കൈകാര്യം ചെയ്യുന്ന സംഗീതമാണ് ദേശി. അതതു ദേശങ്ങളിലെ ചിട്ടകളും പ്രത്യേകതകളും അനുസരിച്ച് ദേശിസംഗീതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു.

പേര്‍ഷ്യന്‍ - അഫ്ഗാന്‍ സംഗീതശൈലികളുടെ സ്വാധീനതയില്‍ ഉത്തരേന്ത്യയില്‍ ഒരു സംഗീത പദ്ധതി ഉരുത്തിരിഞ്ഞു. അതാണ് ഹിന്ദുസ്ഥാനി സംഗീതം. ഭാരതീയ സംഗീതത്തിന്‍റെയും പേര്‍ഷ്യന്‍ മുഗള്‍ശൈലിയുടെയും സമഗ്രരൂപമാണ് ഇത്. ഹിമാലയം മുതല്‍ കന്യാകുമാരിവരെ പരന്നുകിടക്കുന്ന ആര്‍ഷഭൂമിയിലെ ഓരോ പ്രദേശവും തനതായ സംഭാവനകള്‍ നല്‍കി നമ്മുടെ സംഗീതത്തെ പരിപോഷിപ്പിച്ചു. രണ്ടായി പിരിഞ്ഞൊഴുകിയ ഭാരതീയ സംഗീതത്തിന്‍റെ മറ്റൊരു പ്രധാന ശാഖയാണ് കര്‍ണാടക സംഗീതമെന്നറിയപ്പെടുന്ന ദക്ഷിണേന്ത്യന്‍ സംഗീതം.

രണ്ട് സംഗീതരീതികളുടെയും അടിസ്ഥാന ശാസ്ത്രതത്വങ്ങള്‍ രാഗവും താളവുമാണ്. 'സ രി ഗ മ പ ധ നി' എന്നീ സപ്തസ്വരങ്ങളും സ്ഥായീഭേദങ്ങളും ഹിന്ദുസ്ഥാനി സംഗീതത്തിലും കർണാടക സംഗീതത്തിലും പരമപ്രധാനമായ അടിസ്ഥാനമാണ്.

കര്‍ണാടക സംഗീതം

കർണത്തിന് (ചെവിക്ക്) അടകമായ (സ്വീകാര്യമായ) സംഗീതം എന്ന അർഥത്തിലാണ് ഈ പേരുവന്നതെന്ന് ഒരു അഭിപ്രായമുണ്ട്. അതല്ല പശ്ചിമഘട്ടത്തിനും ബംഗാള്‍ ഉള്‍ക്കടലിനുമിടയ്ക്കുള്ള സമതല പ്രദേശങ്ങളെ ബ്രിട്ടീഷുകാര്‍ 'കര്‍ണാട്ടിക്' എന്നു വിളിച്ചു.

അതില്‍നിന്നാണ് 'കര്‍ണാട്ടിക് മ്യൂസിക്' (കര്‍ണാടക സംഗീതം) എന്ന പേരുണ്ടായതെന്നും പറയപ്പെടുന്നു.

കര്‍ണാടകദേശത്ത് ജനിച്ച പുരന്ദരദാസനാണ് കര്‍ണാടക സംഗീതലോകത്തെ പ്രഥമാചാര്യന്‍. കര്‍ണാടകസംഗീതത്തിന് ചിട്ടയായ ഒരു പഠനക്രമം നിർദേശിച്ചത് പുരന്ദരദാസരത്രേ. അഞ്ഞൂറുവര്‍ഷം മുമ്പ് പുരന്ദരദാസര്‍ നിശ്ചയിച്ച അതേ ക്രമത്തിലാണ് സംഗീത വിദ്യാർഥികള്‍ ഇന്നും സംഗീതം അഭ്യസിക്കുന്നത്. അതുകൊണ്ടായിരിക്കാം വൈദേശിക സ്വാധീനങ്ങള്‍ക്കു വഴങ്ങാതെ തനിമ കാത്തുസൂക്ഷിക്കാന്‍ കര്‍ണാടക സംഗീതത്തിനു കഴിയുന്നത്. പുരന്ദരദാസൻ, ശ്യാമശാസ്ത്രികള്‍, ത്യാഗരാജ സ്വാമികള്‍, മുത്തുസ്വാമി ദീക്ഷിതര്‍, സ്വാതിതിരുനാള്‍ മഹാരാജാവ്, ഷഡ്കാല ഗോവിന്ദ മാരാര്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, എം.ഡി. രാമനാഥന്‍, ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍, എം. ബാലമുരളീകൃഷ്ണ, എം.എസ്. സുബ്ബലക്ഷ്മി, ഡി.കെ. പട്ടാമ്മാള്‍, എം.എല്‍. വസന്തകുമാരി തുടങ്ങിയവര്‍ കര്‍ണാടക സംഗീതലോകത്തെ പ്രശസ്തമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.

ഹിന്ദുസ്ഥാനി സംഗീതം

പൂർവഘട്ടത്തിനു കിഴക്കുള്ള പ്രദേശങ്ങളിലെ സംഗീതം പൊതുവെ, 'ഹിന്ദുസ്ഥാനി സംഗീതം' എന്നറിയപ്പെടുന്നു. വിദേശസംഗീതത്തിന്‍റെ അംശങ്ങള്‍ കൂടിച്ചേര്‍ത്ത് ഉത്തരേന്ത്യയില്‍ രൂപം കൊണ്ടതാണ് ഈ സംഗീതരീതി. കര്‍ണാടക സംഗീതത്തില്‍ കൃതികള്‍ക്ക് വളരെ പ്രാധാന്യമുണ്ട്.

എന്നാല്‍ ഹിന്ദുസ്ഥാനി സംഗീതം കൃതികള്‍ക്ക് ഒട്ടുംതന്നെ പ്രാധാന്യം കൽപ്പിക്കുന്നില്ല. രാഗത്തിന്‍റെ വിസ്താരത്തിനും അതിന്‍റെ ഛായകള്‍ പുറത്തുകൊണ്ടുവരാനുതകുന്ന മനോധർമത്തിനുമാണ് കൂടുതല്‍ ഊന്നല്‍. സാഹിത്യത്തിന്‍റെ പിന്തുണയില്ലാതെ സംഗീതമെന്ന കല ഒരു സംവേദന മാധ്യമമാകുന്നതിന്‍റെ പ്രത്യേക്ഷ ഉദാഹരണം കൂടിയാണ് ഹിന്ദുസ്ഥാനി സംഗീതം.

മല്ലികാര്‍ജുന്‍ മന്‍സൂര്‍, ബിസ്മില്ല ഖാന്‍, ഭീംസെന്‍ ജോഷി, കുമാര്‍ ഗന്ധര്‍വ, അംജദ് അലിഖാന്‍, രവിശങ്കര്‍, കിശോരി അമോങ്കര്‍, സാദത്ത് ഹുസൈന്‍ ഖാന്‍, ഗംഗുഭായ് ഹംഗാല്‍, അലി അക്ബര്‍ ഖാന്‍, വിജയരാഘവ റാവു, ഹരിപ്രസാദ് ചൗരസ്യ, പര്‍വീണ്‍ സുല്‍ത്താന, എന്‍.ജെ. ജോഗ്, ഗിരിജാ ദേവി, നസീര്‍ ഹുസൈന്‍ ഖാന്‍ തുടങ്ങിയവര്‍ ആധുനികകാലത്തെ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞരായി വാഴ്ത്തപ്പെടുന്നു. ഷെഹനായ്, സരോദ്, സിതാര്‍, സാരംഗി, വിചിത്രവീണ, പുല്ലാങ്കുഴല്‍, വയലിന്‍, തബല തുടങ്ങിയവയാണ് ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രമുഖ വാദ്യങ്ങള്‍.

ഘരാനകള്‍

ഹിന്ദുസ്ഥാനി സംഗീതത്തില്‍ പ്രാദേശികാടിസ്ഥാനത്തില്‍ സമ്പ്രദായഭേദങ്ങള്‍ കാണാം. ഇവയ്ക്ക് ഘരാനകള്‍ എന്നാണ് പേര്. ഗ്വാളിയര്‍ ഘരാന, ആഗ്രാഘരാന, ദില്ലി ഘരാന, ബനാറസ് ഘരാന എന്നിങ്ങനെ വിഭിന്ന ഘരാനകള്‍ പ്രസിദ്ധമാണ്. കര്‍ണാടക സംഗീതത്തില്‍ ഇപ്രകാരം പ്രാദേശിക സമ്പ്രദായഭേദങ്ങളില്ല.പശ്ചാത്യസംഗീതത്തില്‍ ഇതിനു തുല്യമായി ഡോ, റേ, മി, ഫാ, സോള്‍, ലാ, തി എന്നാണ് അറിയപ്പടുന്നത്. എന്നാല്‍ ഇംഗ്ലീഷുകാര്‍ ഇവയ്ക്ക് മാറ്റം വരുത്തി അവരുടെ അക്ഷരമാലയിലെ ആദ്യത്തെ ഏഴ് അക്ഷരങ്ങള്‍ ഉപയോഗിച്ചു.

സ രി ഗ മ പ ധ നി സ

C D E F G A B C

എന്ന ക്രമത്തില്‍

നാടോടി സംഗീതം

'നാടോടി' എന്നതിന് നാട്ടിലൊക്കെ ഓടുന്നത് അഥവാ പ്രചരിക്കുന്നത് എന്നർഥം. സാധാരണ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള പ്രാദേശിക സംഗീതമാണ് നാടോടി സംഗീതം. ശാസ്ത്രീയ നിബന്ധനങ്ങള്‍ ഒട്ടുംതന്നെ പാലിക്കാത്ത ഒരു സംഗീതവിഭാഗമാണിത്.

പാടുന്നത് ആരാണോ അക്കൂട്ടരുടെ വാമൊഴിയില്‍ത്തന്നെയാണ് പാട്ടുകളുണ്ടാവുക. നാടന്‍പാട്ടുകളുടെ ആകര്‍ഷകത്വത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് ഈ വാമൊഴികളുടെ സാന്നിധ്യം കൂടിയാണ്. കേള്‍വിക്കാരനെ അങ്ങേയറ്റം ആകര്‍ഷിക്കുന്ന ലളിതവും ഇമ്പമേറിയതുമായ ശൈലി ഈ സംഗീതവിഭാഗത്തിന്‍റെ പ്രത്യേകതയാണ്.

സോപാന സംഗീതം

സോപാനമെന്ന പദത്തിന്‍റെ അർഥം ക്ഷേത്രത്തിന്‍റെ ശ്രീകോവിലിലേക്കുള്ള ചവിട്ടുപടി എന്നാണ്. സോപാനത്തിന്‍റെ സമീപത്തുനിന്ന് പാടുന്നതിനാലാണ് ഇതിന് ഈ പേരു വന്നത്. കേരളത്തിന്‍റെ തനതായ ഒരു സംഗീതശൈലിയാണ് സോപാനസംഗീതം. ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകള്‍ക്കും ചടങ്ങുകള്‍ക്കും ഇടയ്ക്ക കൊട്ടി പ്രത്യേക രീതിയിലാണ് ഇത് പാടുന്നത്. ഓരോ പൂജയ്ക്കും ഓരോ രാഗം, താളം എന്ന വ്യവസ്ഥയുണ്ട്. ദേശാക്ഷി, ശ്രീകണ്ഠി, നളത്ത, മലഹരി, ആഹരി, ഭൂപാളി, നാട്ട, സാമന്തലഹരി, അന്തരി, അന്ധാളി എന്നിവയാണ് അവ. കൊട്ടിനും പാട്ടിനും ആരാധനയോടുള്ള ഗാഢബന്ധത്തിനു നിദര്‍ശനമാണ് സോപാനസംഗീതം.

കഥകളി സംഗീതം

കഥകളിയിലെ സംഗീതം ഭാവസംഗീതമാണ്. എല്ലാ മാനുഷിക വികാരങ്ങളെയും പ്രതിഫലിപ്പിക്കുന്നതാണ് കഥകളി സംഗീതം. കഥകളിയുടെ ഉത്ഭവകാലത്ത് പാട്ടും അഭിനയവുമെല്ലാം ഒരാള്‍ തന്നെയാണ് ചെയ്തിരുന്നത്. പിൽക്കാലത്ത് ഇവ രണ്ടും രണ്ടായി. ഈ വിധം കഥകളിയിലെ വാചികാഭിനയമാണ് കഥകളി സംഗീതം എന്നറിയപ്പെടുന്നത്. മദ്ദളം, ചേങ്ങില, ഇലത്താളം, ചെണ്ട എന്നിവയാണ് കഥകളിയിലെ വാദ്യോപകരണങ്ങള്‍. കേരളീയ സംഗീതപാരമ്പര്യത്തിന് ദ്രുതവികാസമുണ്ടാക്കിയത് കഥകളിയെന്ന കലാരൂപമാണ്. വിഖ്യാതരായ അനവധി കഥകളി സംഗീതവിദഗ്ധരെ സൃഷ്ടിക്കാന്‍ കേരളത്തിനു കഴിഞ്ഞു. പ്രതികൂല സാഹചര്യങ്ങളോടു പൊരുതി വിജയം വരിച്ച് അകാലത്തില്‍ പൊലിഞ്ഞുപോയ കലാമണ്ഡലം ഹൈദരലി ഇക്കൂട്ടത്തില്‍ വിശേഷ പരാമര്‍ശം അര്‍ഹിക്കുന്നു.

കൊട്ടാരക്കര തമ്പുരാന്‍, അശ്വതി തിരുനാള്‍, കോട്ടയത്തു തമ്പുരാന്‍, ഉണ്ണായിവാര്യര്‍, ഇരയിമ്മന്‍ തമ്പി, കുട്ടിക്കുഞ്ഞുതങ്കച്ചി തുടങ്ങിയവരെല്ലാം ഈ കേരളീയ സംഗീത ശാഖയെ വളര്‍ത്തിയെടുത്തവരാണ്.

സപ്തസ്വരങ്ങള്‍

ഭാരതീയ സംഗീതത്തില്‍ സപ്തസ്വരങ്ങളെ ഷഡ്ജം (സ), ഋഷഭം (രി), ഗാന്ധാരം (ഗ), മധ്യമം (മ), പഞ്ചമം (പ), ധൈവതം (ധ), നിഷാദം (നി) എന്നിങ്ങനെ വിളിക്കുന്നു. സപ്തസ്വരങ്ങള്‍ പ്രകൃതിയില്‍ ലയിച്ചുകിടക്കുന്നു എന്നാണ് സങ്കൽപ്പം. പക്ഷിമൃഗാദികളുടെ ശബ്ദങ്ങളുടെ അനുകരണങ്ങളായാണ് സപ്തസ്വരങ്ങള്‍ കല്പിക്കപ്പെട്ടിരിക്കുന്നത്.

  1. ഷഡ്ജം - മയിലിന്‍റെ ശബ്ദം

  2. ഋഷഭം - കാളയുടെ ശബ്ദം

  3. ഗാന്ധാരം - ആടിന്‍റെ ശബ്ദം

  4. മധ്യമം - ക്രൗഞ്ചപക്ഷിയുടെ കരച്ചില്‍

  5. പഞ്ചമം - കുയില്‍നാദം

  6. ധൈവതം - മഴക്കാലത്തെ തവളക്കരച്ചില്‍

  7. നിഷാദം - ആനയുടെ ചിന്നംവിളി

അഷ്ടപദി

ഗീതഗോവിന്ദം എന്ന പ്രശസ്ത കൃതിയിലെ ഗാനങ്ങള്‍ക്ക് പൊതുവില്‍ നൽകിയിട്ടുള്ള പേരാണ് അഷ്ടപദി. ഓരോ ഗാനത്തിനും എട്ടു പാദങ്ങള്‍ വീതമുള്ളതിനാലാണ് ഇവയ്ക്ക് അഷ്ടപദി എന്ന പേരുവന്നത്. ജയദേവകവിയാണ് ഈ കൃതിയുടെ രചയിതാവ്. രാധ-കൃഷ്ണ പ്രണയമാണ് ഗീതഗോവിന്ദത്തിലെ ഇതിവൃത്തം.

പുള്ളവന്‍ പാട്ട്

സര്‍പ്പംതുള്ളലിന്‍റെ പശ്ചാത്തല സംഗീതമാണ് പുള്ളുവന്‍പാട്ട്, പുള്ളുവ ദമ്പതികള്‍ പാടുന്നതിനാല്‍ 'പുള്ളുവന്‍പാട്ട്' എന്ന പേരു ലഭിച്ചു. പുള്ളോർക്കുടവും വീണയുമാണ് പശ്ചാത്തല വാദ്യങ്ങള്‍.

രബീന്ദ്ര സംഗീതം

ബംഗാളി-ബാബുല്‍ സംഗീതത്തോടൊപ്പം ആംഗല സംഗീതവും ചേര്‍ത്തു രബീന്ദ്രനാഥ ടാഗോര്‍ രൂപം നൽകിയതാണ് രബീന്ദ്ര സംഗീതം.

പാശ്ചാത്യ സംഗീതം

താളത്തിനും ലയത്തിനും പ്രാധാന്യമുള്ളതാണ് പാശ്ചാത്യസംഗീതം. ഈശ്വരനുമായി സംവേദിക്കാനുള്ള ഒരു മാധ്യമം എന്നതിനുപരിയായി സഹജീവികളോട് തന്‍റെ വികാരങ്ങളെ അറിയിക്കാനുള്ള ഒരു കലയായാണ് പാശ്ചാത്യസംഗീതം വളര്‍ന്നത്. പോപ്പ്, റോക്ക് എന്നിവയെല്ലാം പാശ്ചാത്യസംഗീതത്തിലെ വിവിധ ശൈലികളാണ്. സാധാരണക്കാരന് മനസിലാകത്തക്കവിധത്തില്‍ ലളിതമായ ഭാഷയിലാണ് ഇതിലെ ഗാനങ്ങള്‍ മിക്കതും രചിച്ചിരിക്കുന്നത്.

പോപ്പ്, റോക്ക്, ജാസ്

യുവജനങ്ങളുടെ ഹരമായി തീര്‍ന്നിട്ടുള്ള പോപ്പ് സംഗീതം പാശ്ചാത്യസംഗീതത്തിലെ വിവിധ ശൈലികളുടെ സമ്മിശ്രമാണ്. 'റോക്ക് ആന്‍ഡ് റോള്‍' സംഗീതം ഉടലെടുത്തത് പോപ് സംഗീതത്തില്‍നിന്നാണ് എന്നു കരുതപ്പെടുന്നു. 1954-ല്‍ റെക്കോര്‍ഡ് ചെയ്ത് റോക്ക് എറൗണ്ട് ദി ക്ലോക്ക് എന്ന ഗാനമാണ് റോക്ക് ആന്‍ഡ് റോളില്‍ പ്രചാരം നേടിയ ആദ്യ ഗാനം. പോപ് സംഗീതത്തിന്‍റെ ഒരു വിഭാഗമാണ് റോക്ക് സംഗീതം.ലോകസംഗീതത്തിന് അമേരിക്കയുടെ വിലപ്പെട്ട സംഭാവനയാണ് ജാസ് സംഗീതം. ആഫ്രിക്കന്‍ യൂറോപ്യന്‍ സംഗീതങ്ങളുടെ സമ്മിശ്രമാണ് ജാസ്. ആഫ്രിക്കൻ വംശജരാണ് ജാസ് സംഗീതത്തിന്‍റെ ഉപജ്ഞാതാക്കളെന്നു കരുതപ്പെടുന്നു.

ഉത്പത്തി പുരാണം

ശ്രീപാര്‍വതിയുടെ അപേക്ഷപ്രകാരം പരമശിവന്‍ തന്‍റെ അഞ്ച് മുഖങ്ങളില്‍ നിന്നും പഞ്ചഭൂതങ്ങളെയും സപ്തസ്വരങ്ങളെയും സൃഷ്ടിച്ചു എന്ന് 'സംഗീത ദാമോദര'ത്തില്‍ പറയുന്നു.

മറ്റൊരു മനോഹരമായ ഐതിഹ്യം ദീപക് എന്ന പക്ഷിയുമായി ബന്ധപ്പെട്ടുള്ളതാണ്. 1000 വര്‍ഷക്കാലത്തോളം പാടി ജീവിച്ച് പാടിക്കൊണ്ട് ജീവിതം അവസാനിപ്പിക്കുന്ന പക്ഷിയാണ് 'ദീപക്' പക്ഷി. ഈ പക്ഷിയുടെ കൊക്കില്‍നിറയെ പ്രത്യേകതരത്തിലുള്ള സുഷിരങ്ങളുണ്ടായിരുന്നുവത്രേ. ഇവയില്‍നിന്നും സപ്തസ്വരങ്ങളാണ് പുറപ്പെട്ടിരുന്നത്. ദിവസത്തിന്‍റെ ഓരോ നാഴികയ്ക്കും അനുസൃതമായ വ്യത്യസ്ത രാഗങ്ങള്‍ ഈ പക്ഷി ആലപിച്ചിരുന്നു. പാടിക്കൊണ്ട് ജീവിതം അവസാനിപ്പിക്കുന്ന 'ദീപക്' പക്ഷിയുടെ ചിതയില്‍നിന്നും പിന്‍ഗാമിയായ മറ്റൊരു 'ദീപക്' ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.

ചില സംഗീത ശാസ്ത്രകൃതികള്‍

സംഗീതത്തിന്‍റെ അടിസ്ഥാനതത്വങ്ങളെയും ഘടകങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ചില സമുന്നത കൃതികളെ പരിചയപ്പെടാം.

ബൃഹഭദശി: 4-7 നൂറ്റാണ്ടിനിടയ്ക്ക് ജീവിച്ചിരുന്ന മതംഗമുനിയാണ് രചയിതാവ്. രാഗങ്ങളെക്കുറിച്ചുള്ള ആദ്യത്തെ പ്രൗഢകൃതിയാണിത്.

സംഗീത രത്‌നാകരം: 13-ാം നൂറ്റാണ്ടില്‍ ശാര്‍ങ്ഗദേവനാല്‍ രചിക്കപ്പെട്ട സംസ്‌കൃത കൃതി.

സ്വരമേള കലാനിധി: 16-ാം നൂറ്റാണ്ടില്‍ ആന്ധ്രാപ്രദേശില്‍ ജീവിച്ചിരുന്ന രാമാമാത്യന്‍ രചിച്ച കൃതി.

ചതുര്‍ഭണ്ഡി പ്രകാശിക: കര്‍ണാടക സംഗീതത്തിന്‍റെ ആധാരഗ്രന്ഥം. 17-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വെങ്കിടമഖിയാണ് കര്‍ത്താവ്.

സംഗ്രഹചൂഡാമണി: ഗോവിന്ദാചാര്യനാല്‍ വിരചിതമായ കൃതി.

സംഗീതസാരബോധിനി: എന്‍ വെങ്കിടാചലമയ്യര്‍ രചിച്ച് 1910-ല്‍ പുറത്തിറങ്ങി.

സംഗീത മാലിക: കെ.സി. കേശവപിള്ള. 1912-ല്‍ പ്രസിദ്ധീകൃതമായി.

സംഗീത രത്‌നമാല: പാറക്കുളം പി.എ. വെങ്കിടാചല അയ്യര്‍ - 1915.

സംഗീതസഹായി: എസ്. നാരായണയ്യര്‍ - 1917

കേരളീയ സംഗീതം

കേരളത്തിലെ സംഗീത സമ്പത്തിനെ സാമാന്യമെന്നും ശാസ്ത്രീയമെന്നും രണ്ടായി വിഭജിക്കാം. ആദ്യത്തെയിനത്തില്‍ സാധാരണ ജനങ്ങള്‍ ഒറ്റയ്‌ക്കോ സംഘം ചേര്‍ന്നോ പാടുന്ന നാടോടിപ്പാട്ടുകളും രണ്ടാമത്തെയിനത്തില്‍ ശാസ്ത്രനിയമങ്ങള്‍ക്കു വിധേയമായി രൂപം കൊണ്ടിട്ടുള്ള സംഗീതവും ഉള്‍പ്പെടുന്നു.

സാമാന്യഗാനങ്ങള്‍

വീരകഥാവ്യാഖ്യാനങ്ങളായ വടക്കന്‍പാട്ടുകള്‍, തെക്കന്‍പാട്ടുകള്‍; ഭദ്രകാളി, അയ്യപ്പന്‍, നാഗരാജാവ് മുതലായ ദേവതകളുടെ സ്തുതിരൂപത്തിലുള്ളതും വീരപരാക്രമാദി വർണനാപരവുമായ പാട്ടുകള്‍; അദ്ധ്വാന ലാഘവത്തിനായി പണിക്കാര്‍ പാടുന്ന പാട്ടുകള്‍; തിരുവാതിരകളി, കുമ്മി, കോലാട്ടം മുതലായ വിനോദങ്ങള്‍ക്കായുള്ള പുരാണ കഥാകഥനപരമായ പാട്ടുകള്‍; സാഹിത്യത്തില്‍ ഗണ്യമായ സ്വാധീനം നേടിയിട്ടുള്ള വഞ്ചിപ്പാട്ടുകള്‍ എന്നിങ്ങനെ നാടോടിപ്പാട്ടെന്ന വിഭാഗത്തില്‍ ഒരു വലിയ നിധി കേരളത്തിലുണ്ട്.

കര്‍ണാടക സംഗീതത്തിന് കേരളത്തിന്‍റെ സംഭാവനകള്‍

തിരുവിതാംകൂറിലെ സ്വാതി തിരുനാള്‍ മഹാരാജാവിന്‍റെ കാലംതൊട്ടാണ് കർണാടക സംഗീതം കേരളത്തില്‍ വ്യാപകമായി പ്രചരിച്ചുതുടങ്ങിയത്. കേരളീയരായ ശാസ്ത്രീയ ഗാനകര്‍ത്താക്കളില്‍ പ്രഥമഗണനീയന്‍ സ്വാതി തിരുനാളാണ്. ഇദ്ദേഹത്തിനു മുന്‍പും പിന്‍പും പലരും ഗാനങ്ങള്‍ നിർമിച്ചിട്ടുണ്ട്. അഷ്ടപദിയുടെ രീതിയില്‍ മുക്കോല ഭഗവതിയുടെ സ്തുതിയായി 'ശിവഗീതി' രചിച്ച രാമപാണിവാദന്‍, സദാശിവ ബ്രഹ്മേന്ദ്രന്‍റെ ഗാനങ്ങളുടെ രീതിയില്‍ കീര്‍ത്തനങ്ങള്‍ രചിച്ച മുക്കോലയ്ക്കല്‍ മാരാര്‍, കുലശേഖര കീര്‍ത്തനങ്ങളുടെ കര്‍ത്താവായ കുലശേഖരന്‍, അശ്വതിതിരുനാള്‍ രാജാവ്, രുക്മിണീഭായിത്തമ്പുരാട്ടി എന്നിവര്‍ സ്വാതിതിരുനാളിനു മുമ്പും, ഇരയിമ്മന്‍ തമ്പി സ്വാതിതിരുനാളിനോടൊരുമിച്ചും, കുട്ടിക്കുഞ്ഞു തങ്കച്ചി, കെ.സി. കേശവപിള്ള തുടങ്ങിയവര്‍ സ്വാതിതിരുനാളിനു ശേഷവും ഗാനരചന ചെയ്തിട്ടുള്ളവരാണ്. സമീപകാല ഗാനകര്‍ത്താക്കളില്‍ ലക്ഷ്മണന്‍പിള്ള, വെങ്കട്ടരമണഭാഗവതര്‍, യോഗാനന്ദ ദാസര്‍, മഹാകവി കുട്ടമത്ത് എന്നിവര്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്നു.

ലക്ഷ്മണന്‍പിള്ള, നീലകണ്ഠശിവന്‍ എന്നിവര്‍ മലയാളമണ്ണില്‍ ജനിച്ച് തമിഴില്‍ ഗാനങ്ങള്‍ രചിച്ച പ്രതിഭാശാലികളാണ്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com