
ആദ്യത്തെ സാമ്പാറിൽ തേങ്ങ ചേർത്തിരുന്നോ?
പരമ്പരാഗതമായ പല ഭക്ഷ്യ വിഭവങ്ങളുടെയും ഉദ്ഭവത്തെക്കുറിച്ച് കൗതുകകരമായ പല കഥകളും നിലവിലുണ്ട്. ചിലതൊക്കെ ചരിത്രത്തിന്‍റെ ഭാഗം, ചിലതൊക്കെ തെളിവില്ലാത്ത കേട്ടുകേൾവിയും. അങ്ങനെയൊരു കഥ ദക്ഷിണേന്ത്യക്കാർക്കു പ്രിയപ്പെട്ട സാമ്പാറിനുമുണ്ട് പറയാൻ.
ചോറിനും ഇഡ്ഡലിക്കും ദോശയ്ക്കും പറ്റിയ കോംബോ ആണെങ്കിലും പൊറോട്ടയ്ക്കും ചപ്പാത്തിക്കും വരെ സാമ്പാർ നല്ല കൂട്ടാണ്. ഇഡ്ഡലി ഉദ്ഭവിച്ചത് 800 വർഷം മുൻപാണെങ്കിൽ, അതിനു ശേഷമായിരുന്നു സാമ്പാറിന്‍റെ രംഗപ്രവേശം എന്നാണ് സൂചന. സാമ്പാർ വരും മുൻപ് ഇഡ്ഡലിക്ക് കറിയെന്തായിരുന്നു എന്നത് ഇപ്പോഴും അജ്ഞാതം!
ഏതായാലും ദക്ഷിണേന്ത്യൻ വിഭവമായി അറിയപ്പെടുന്ന സാമ്പാറിന്‍റെ ഉപജ്ഞാതാവ് ഒരു മഹാരാഷ്ട്രക്കാരനാണ് എന്നാണ് കഥ. മറാഠാ രാജകുടുംബാംഗമായിരുന്ന സാംബാജി കണ്ടുപിടിച്ച കറി ആയതുകൊണ്ടാണത്രെ അതിനു സാമ്പാർ എന്നു പേരു പോലും വന്നത്!
ഉപജ്ഞാതാവ് മറാഠിയാണെങ്കിലും സാമ്പാറിന്‍റെ ഉദ്ഭവം തമിഴ് നാട്ടിൽ തന്നെയായിരുന്നു. കൃത്യമായി പറഞ്ഞാൽ തഞ്ചാവൂരിൽ. മറാഠാ രാജവംശം തഞ്ചാവൂർ ഭരിച്ചിരുന്ന കാലത്താണത്. അഭിനവ ഭോജൻ എന്നറിയപ്പെട്ടിരുന്ന മറാഠാ മഹാരാജാവ് ഷാഹാജി രണ്ടാമൻ ആയിരുന്നു 1684 മുതൽ 1712 വരെ തഞ്ചാവൂരിന്‍റെ ഭരണാധികാരി. സംഗീതത്തിലും നൃത്തത്തിലുമെല്ലാം തത്പരനായിരുന്ന അദ്ദേഹത്തിന് തമിഴ് അടക്കം നിരവധി ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു. കർണാടക സംഗീതത്തിനു പോലും ഷാഹാജി മഹാരാജ് അതുല്യ സംഭാവനകൾ നൽകിയിട്ടുണ്ട്.
ഈ ഷാഹാജിക്ക് ഇഷ്ടപ്പെട്ട ഒരു കറിയായിരുന്ന അംടി. മഹാരാഷ്ട്രയിൽ പ്രചാരത്തിലുള്ള ഒരു പരിപ്പ് കറിയാണിതെന്ന് ലളിതമായി പറയാം. കോകും എന്ന പുളി ഇതിലെ ഒരു പ്രധാന ഘടകമാണ്.
മഹാരാജാ ഷാഹാജി രണ്ടാമൻ.
അങ്ങനെയൊരിക്കൽ, ഷാഹാജിക്കു വേണ്ടി അംടി തയാറാക്കുന്നതിനിടെയാണ് തഞ്ചാവൂരിലെ പാചകക്കാരൻ തിരിച്ചറിയുന്നത്, കോകും തീർന്നുപോയിരിക്കുന്നു! മഹാരാഷ്ട്ര, കർണാടക മേഖലയിൽ സുലഭമായി കിട്ടുന്ന കോകും തമിഴ്‌നാട്ടിൽ ലഭ്യമായിരുന്നില്ല. പുറത്തുനിന്നു കൊണ്ടുവരണം. കറി വച്ചു തുടങ്ങുകയും ചെയ്തു!
അങ്ങനെ പാചകക്കാരൻ ഒരു പ്രതിവിധി കണ്ടെത്തി. കോകുമിനു പകരം, കൈയിലുണ്ടായിരുന്ന വാളൻ പുളി പിഴിഞ്ഞൊഴിച്ച് കറി വച്ചു. രാജാവ് കഴിക്കുമ്പോൾ വ്യത്യാസം തിരിച്ചറിയുമെന്നുറപ്പാണ്. പക്ഷേ, വേറേ വഴിയില്ല.
അമൃതേത്തിനു സമയമായി. രണ്ടും കൽപ്പിച്ച് ചാവലും (ചോറ്) അംടി എന്ന ദാൽ (പരിപ്പ്) അടക്കമുള്ള കറികളും തീൻമേശയിലെത്തി. രാജാവിന്‍റെ മുഖം മാറുന്നുണ്ടോ എന്ന് പരുങ്ങി നിന്നു നോക്കിയ പാചകക്കാരന് മെല്ലെ ശ്വാസം നേരേ വീണു. അദ്ദേഹം ആസ്വദിച്ച് കഴിക്കുന്നു. എന്നു മാത്രമല്ല, തന്‍റെ സഹോദരീപുത്രൻ സാംബാജിക്കും ഈ കറി വിളമ്പാൻ ആവശ്യപ്പെട്ടു.
അംടി - തമിഴ് നാട്ടിലുണ്ടായ സാമ്പാറിന്‍റെ മഹാരാഷ്ട്രയിലെ പൂർവികൻ.
സാംബാജിക്കും ഇഷ്ടപ്പെട്ടു പുതിയ കറി. എന്നാൽ, അതിൽ കുറച്ച് മാറ്റങ്ങൾ കൂടിയാകാമെന്ന് അദ്ദേഹത്തിനു തേന്നി. അംടിയിൽ കോകും മാത്രമല്ല, നേർത്ത മധുരത്തിന് ശർക്കരയും ചേർക്കും. ഇതു രണ്ടും ഒഴിവാക്കിയ സാംബാജി, പരിപ്പ് നിലനിർത്തുകയും കുറച്ച് പച്ചക്കറികൾ കൂടി ഉൾപ്പെടുത്തുകയും ചെയ്യാൻ നിർദേശിച്ചു. അങ്ങനെ ഉണ്ടായതാണത്രെ ഇന്നു കാണുന്ന സാമ്പാറിന്‍റെ ആദിമ രൂപം.
സാമ്പാറിൽ തേങ്ങയരയ്ക്കണോ വേണ്ടയോ എന്ന് പതിറ്റാണ്ടുകളായി കേരളത്തിൽ തുടരുന്ന തർക്കത്തിനുള്ള ഉത്തരവും ഈ കഥയിലുണ്ട്. സാമ്പാറിന്‍റെ പൂർവികനായ അംടിയിൽ തേങ്ങ ചിരകിയിടും. അലങ്കാരത്തിനും ഇതു തന്നെയാണ് ഉപയോഗിക്കാറ്. സാമ്പാറായി മാറിയപ്പോൾ വെറുതേ ചിരകിയിടുന്നതിനു പകരം തേങ്ങ വറുത്തരച്ച് ചേർക്കുന്ന രീതിയായിരിക്കണം ആദ്യകാലങ്ങളിൽ പിന്തുടർന്നു വന്നതെന്ന് കരുതാം. വാമൊഴി വഴക്കത്തിൽ തെക്കോട്ടു തെക്കോട്ട് കാതോടുകാതോരം കൈമാറിവന്ന സാമ്പാറിന്‍റെ പാചകവിധിയിൽ എവിടെയോ വച്ച് തേങ്ങ വിട്ടുപോയതാവാം തെക്കൻ കേരളത്തിലെ സാമ്പാറിൽ തേങ്ങ ചേർക്കാത്തതിനു കാരണമെന്നും വേണമെങ്കിൽ പറയാം.