ഗാന്ധിജിയുടെ ചെങ്ങന്നൂര്‍ സന്ദര്‍ശനം: ചരിത്രവും പ്രസക്തിയും

ഖിലാഫത്തിന് പിന്തുണയുമായി 1920 ആഗസ്റ്റ് 18നു കോഴിക്കോട്ടെത്തിയ അദ്ദേഹം അവിടെ ചെലവഴിച്ചത് ഒരൊറ്റ ദിവസം മാത്രമാണ്
History and relevance of Gandhijis visit to Chengannur

ഗാന്ധിജിയുടെ ചെങ്ങന്നൂര്‍ സന്ദര്‍ശനം: ചരിത്രവും പ്രസക്തിയും

Updated on

മഹാത്മാ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന്‍റെ 150ാം വാര്‍ഷികം ആഘോഷിക്കപ്പെട്ടത് 2020ലായിരുന്നു. ഗാന്ധിജിയുടെ "കേരള സന്ദര്‍ശനം' എന്നു പറയുന്നതില്‍ നിര്‍വചനപരമായ ഒരു പിഴവുണ്ടെന്ന് അദ്ദേഹത്തിന്‍റെ ചെറുമകനായ ഗോപാല്‍കൃഷ്ണ ഗാന്ധി തന്‍റെ "ഗാന്ധി ആന്‍ഡ് കേരള' എന്ന ഒരു ലേഖനത്തില്‍ (2011ല്‍ അദ്ദേഹം നടത്തിയ ശ്രീ ചിത്തിര തിരുനാള്‍ സ്മാരക പ്രഭാഷണത്തിന്‍റെ ലേഖനരൂപം) ചൂണ്ടിക്കാണിക്കുന്നു. കാരണം, അക്കാലത്ത് കേരളം നിലവില്‍ വന്നിട്ടില്ല. മാത്രമല്ല അന്ന് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നു വ്യത്യസ്ത രാജ്യങ്ങളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്.

ഖിലാഫത്തിന് പിന്തുണയുമായി 1920 ആഗസ്റ്റ് 18നു കോഴിക്കോട്ടെത്തിയ അദ്ദേഹം അവിടെ ചെലവഴിച്ചത് ഒരൊറ്റ ദിവസം മാത്രമാണ്. ആ വരവിനു പിന്നാലെ നടന്ന മലബാര്‍ ഹിന്ദു വംശഹത്യ അദ്ദേഹത്തിന്‍റെ ഹൃദയത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ച സംഭവമായിരുന്നു. ആ വംശഹത്യയുടെ ഉത്തരവാദിത്വം അക്കാലത്തെ പല മാധ്യമങ്ങളും ഡോ. ബാബാ സാഹേബ് അംബേദ്കറും സര്‍ സി. ശങ്കരന്‍ നായരും അടക്കമുള്ള രാഷ്‌ട്രീയ നേതാക്കളും ഗാന്ധിജിക്കായിരുന്നു ചാര്‍ത്തിനല്‍കിയിരുന്നത്. അങ്ങനെ 1920ലെ സന്ദര്‍ശനത്തിന്‍റെ ഓര്‍മകളില്‍ ഗാന്ധിജിക്കും മലയാളികള്‍ക്കും ഒരുപോലെ ആഘോഷിക്കാനോ സന്തോഷിക്കാനോ ഒന്നും തന്നെ ഇല്ലെന്നതാണ് ചരിത്രം.

എന്നാല്‍, 1925ലെ അദ്ദേഹത്തിന്‍റെ കേരള യാത്രയെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതിന് ഒട്ടനവധി കാരണങ്ങളുണ്ട്. വൈക്കം സത്യഗ്രഹത്തിന്‍റെ പശ്ചാത്തലത്തില്‍ നടത്തുന്ന ഐതിഹാസികമായ ആ യാത്രയിലാണ് അദ്ദേഹം ശ്രീനാരായണ ഗുരുവിനെയും, റീജന്‍റ് മഹാറാണി സേതുലക്ഷ്മി ബായി, ബാലനായിരുന്ന ശ്രീ ചിത്തിര തിരുനാള്‍, കൊച്ചി മുന്‍ മഹാരാജാവ് എന്നിവരുമായി കൂടിക്കാഴ്ച്ചയും നടത്തുന്നത്. മാര്‍ച്ച് 8ന് എറണാകുളം വഴി വൈക്കത്തെ സമരഭൂമിയില്‍ എത്തിയ ഗാന്ധിജി, മാര്‍ച്ച് 19നു പാലക്കാടു വഴി മടങ്ങി.

1925ല്‍ 12 ദിവസങ്ങളാണ് അദ്ദേഹം കേരളത്തില്‍ ചിലവഴിക്കുന്നത്. മാത്രമല്ല, കൊച്ചിയിലെയും തിരുവിതാംകൂറിലെയും പ്രധാനപ്പെട്ട സ്ഥലങ്ങളിലൂടെ അദ്ദേഹം യാത്ര ചെയ്യുകയും, അനേകം വിശിഷ്ട വ്യക്തികളെ സന്ദര്‍ശിക്കുകയും ചെയ്യുന്നുണ്ട്. സത്യത്തില്‍, ഗാന്ധിജി കേരളത്തിലേക്ക് നടത്തുന്ന ആദ്യത്തെ സമഗ്ര സന്ദര്‍ശനം 1925ലേതാണെന്ന് പറയേണ്ടിവരും. പിന്നീട്, 1927ല്‍ 7 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു പര്യടനവും, 1934ലും 1937ലും പതിമ്മൂന്നും ഒന്‍പതും ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന രണ്ടു സന്ദര്‍ശങ്ങളും അദ്ദേഹം നടത്തി. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രസിഡന്‍റും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്ന ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയുടെ കാറിലായിരുന്നു ഗാന്ധിജിയുടെ തിരുവിതാംകൂര്‍ യാത്രകള്‍ അധികവും.

തന്‍റെ കോഴിക്കോട്‌സന്ദര്‍ശന കാലത്ത്, ഗാന്ധിജി "അർധനഗ്‌നനായ സന്യാസി' ആയിക്കഴിഞ്ഞിരുന്നില്ല. 51കാരനായിരുന്ന അദ്ദേഹം കുര്‍ത്തയും ധോത്തിയും വെള്ള തൊപ്പിയും ധരിച്ചാണെത്തിയത്. തന്‍റെ രണ്ടാമത്തെ കേരള സന്ദര്‍ശനത്തിലാണ് ചിത്രങ്ങളിലൂടെ നാം പരിചയിച്ച ഒറ്റമുണ്ടുടുത്ത ഗാന്ധിജിയുടെ രൂപം മലയാളികള്‍ കണ്ടത്. കെ.പി. കേശവമേനോനിലൂടെയാണ് അദ്ദേഹം ശ്രീനാരായണ ഗുരുദേവനെയും മഹാത്മാ അയ്യങ്കാളിയെയും ആദ്യമറിയുന്നത്. എന്നാല്‍, വൈക്കം സത്യഗ്രഹത്തില്‍ കേശവമേനോനോടൊപ്പം, ഒരു പ്രധാന പ്രേരണ ഗാന്ധിജിക്ക് ലഭിക്കുന്നത് ചെങ്ങന്നൂര്‍ക്കാരനായ ബാരിസ്റ്റര്‍ ജോർജ് ജോസഫില്‍ നിന്നായിരുന്നു. ശ്രീനാരായണ ഗുരുദേവന്‍റെ അനുഗ്രഹാശിസുകളോടെ, ടി.കെ. മാധവന്‍ മുതലായവര്‍ ബീജാവാപം നല്‍കിയ വൈക്കം സത്യഗ്രഹത്തെ ദേശീയശ്രദ്ധയിലേക്ക് കൊണ്ടുവന്നത് ജോർജ് ജോസഫ് ആയിരുന്നു. ദേശീയ നേതാക്കളെ വൈക്കത്തേക്ക് എത്തിക്കാന്‍ ഏറ്റവും അധികം പരിശ്രമിച്ചത് അദ്ദേഹമായിരുന്നു.

ഗാന്ധിജിയുടെ

ചെങ്ങന്നൂരിലെ സുഹൃത്ത്

രണ്ടാം കേരള സന്ദര്‍ശനം കഴിഞ്ഞുള്ള തന്‍റെ മടക്കയാത്രയില്‍, മാര്‍ച്ച് 15ന് ഗാന്ധിജി പന്തളം വഴി ചെങ്ങന്നൂര്‍ എത്തുകയും, അവിടെ വച്ച്മുനിസിപ്പാലിറ്റിയുടെ ഗംഭീരസ്വീകരണം ഏറ്റുവാങ്ങുകയുംചെയ്തു. പിന്നീട്, 1937 ജനുവരി 20 ന്തന്‍റെ അവസാനത്തെ കേരള സന്ദര്‍ശനത്തിലും അദ്ദേഹം ചെങ്ങന്നൂരില്‍ എത്തുന്നുണ്ട്. ചെങ്ങന്നൂരിലെ അദ്ദേഹത്തിന്‍റെ രണ്ടു സന്ദര്‍ശനങ്ങളും ചരിത്ര പ്രാധാന്യമുള്ളവയായിരുന്നു. ആദ്യ സന്ദര്‍ശനത്തില്‍ അദ്ദേഹം തന്‍റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന ജോർജ് ജോസഫിന്‍റെ മാതാപിതാക്കളെ സന്ദര്‍ശിച്ചു. ഒരുപക്ഷേ, ഗാന്ധിജിയുടെ കേരള സന്ദര്‍ശനത്തില്‍ രാഷ്‌ട്രീയ- സാമൂഹിക ലക്ഷ്യങ്ങള്‍ക്ക് ഉപരിയായി, വ്യക്തിബന്ധത്തിന്പ്രാധാന്യം നല്‍കിയ ഒരു സ്വകാര്യ സന്ദര്‍ശനം ഒരുപക്ഷെ ഇതു മാത്രമായിരിക്കാം. വൈക്കം സത്യഗ്രഹത്തിന്‍റെ പശ്ചാത്തലത്തിലും അല്ലാതെയും ജോർജ് ജോസഫിന് ഗാന്ധിജി അനേകം കത്തുകള്‍ അയക്കുന്നുണ്ട്. അവര്‍ തമ്മിലുണ്ടായിരുന്ന വ്യക്തിബന്ധത്തിന്‍റെ ആഴം പ്രകടമാക്കുന്നവയാണ് ആ കത്തുകളൊക്കെ. രോഗബാധിതയായിരുന്ന അദ്ദേഹത്തിന്‍റെ ഭാര്യയുടെ വിവരങ്ങള്‍ ഗാന്ധിജി പ്രത്യേകം അന്വേഷിക്കുന്നതായി കാണാം, കൂടാതെ ചികിത്സക്ക്വേണ്ട നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കുന്നുണ്ട്.

എന്നാല്‍, വ്യക്തിബന്ധങ്ങള്‍ക്കപ്പുറം രാഷ്‌ട്രീയനിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്തവരായിരുന്നു ഇരുവരുമെന്ന് പിന്നീടുള്ള സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. വൈക്കം സത്യാഗ്രഹത്തിലെ ജോർജ് ജോസഫിന്‍റെ ഇടപെടലിനെയും സമരത്തെ ദേശീയതലത്തിലേക്ക് എത്തിക്കുവാനുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങളെയും ഗാന്ധിജി തുടക്കം മുതലേ എതിര്‍ത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജോര്‍ജ്‌ കോണ്‍ഗ്രസ് ഉപേക്ഷിച്ച് ജസ്റ്റിസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. എങ്കിലും അദ്ദേഹംപിന്നീട് 1935ല്‍ കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങിവന്നു.

തൊഴിലാളി രാഷ്‌ട്രീയം, സ്വാതന്ത്ര്യ സമരം, നിയമരംഗം തുടങ്ങി അനേകം മേഖലകളില്‍ വ്യക്തിമുദ്ര ചാര്‍ത്തിയ ബാരിസ്റ്റര്‍ ജോർജ് ജോസഫ്, തന്‍റെ സഹോദരന്‍ പോത്തന്‍ ജോസഫിനെ പോലെ ഇന്ത്യ കണ്ട എക്കാലത്തെയും ധീരരായ പത്രപ്രവര്‍ത്തകരില്‍ ഒരാളുമായിരുന്നു. മോത്തിലാല്‍ നെഹ്രുവിന്‍റെ "ദി ഇന്‍ഡിപെന്‍ഡന്‍റിന്‍റെ' പത്രാധിപരായിരുന്ന അദ്ദേഹത്തിന്‍റെ കീഴ്ജീവനക്കാരായി ജോലി ചെയ്തിരുന്നവരായിരുന്നു പില്‍ക്കാലത്ത് പ്രശസ്തരായ ഫ്രീ പ്രസ് ജേര്‍ണലിന്‍റെ സ്ഥാപകനായ സദാനന്ദും, ഗാന്ധിജിയുടെ സെക്രട്ടറി ആയിരുന്ന മഹാദേവ് ദേശായിയുമൊക്കെ. ദി ഇന്‍ഡിപെന്‍ഡന്‍റിന്‍റെ എഡിറ്റര്‍ ആയിരിക്കെ ബ്രിട്ടീഷ് വിരുദ്ധ ലേഖനങ്ങളുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അദ്ദേഹത്തെ മൂന്നുവര്‍ഷം ജയില്‍ ശിക്ഷയ്ക്കു വിധിക്കുന്നുണ്ട്. അതിനുശേഷം അദ്ദേഹം 1923ല്‍ ഗാന്ധിജിയുടെ "യങ് ഇന്ത്യയുടെ' പത്രാധിപരായി.

നാമമാത്രമായ സീറ്റുകള്‍ മാത്രമുണ്ടായിരുന്ന അന്നത്തെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസ്സംബ്ലിയിലേക്ക് മധുരയില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട ഒരുപാര്‍ലമെന്‍റേറിയന്‍ കൂടിയായിരുന്നു അദ്ദേഹം എന്നുകൂടി നാമോര്‍ക്കണം. മധുരയിലെ അദ്ദേഹത്തിന്‍റെ വസതിയിലെ സ്ഥിരം സന്ദര്‍ശകരില്‍ ഗാന്ധിജിയും സുബ്രഹ്മണ്യ ഭാരതിയും സി. രാജഗോപാലാചാരിയും കെ. കാമരാജുമൊക്കെ ഉള്‍പ്പെട്ടിരുന്നു. കേരളം സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സിനെ പറ്റി പ്രസിദ്ധമായ ദി ക്രെസ്റ്റ് ഓഫ് പീകോക്ക് എന്ന പുസ്തകമെഴുതിയ ലോകപ്രസിദ്ധ ശാസ്ത്രജ്ഞന്‍ ജോര്‍ജ് ഗീവർഗീസ് ജോസഫ് അദ്ദേഹത്തിന്‍റെ ചെറുമകനാണ്. തന്‍റെ അവസാനത്തെ കേരളം യാത്ര കഴിഞ്ഞു ഒരു വര്‍ഷത്തിനകമാണ്‌ ജോർജ് ജോസഫിന്‍റെ അകാല ചരമ വാര്‍ത്ത അദ്ദേഹത്തെ തേടിയെത്തുന്നത്. ജന്മദേശം വിസ്മരിച്ച ആ മഹാനെ ഒരു "സ്വതന്ത്ര ചിന്തകനായ ദേശീയവാദി' എന്നാണ്‌ ഗോപാല്‍ കൃഷ്ണ ഗാന്ധി തന്‍റെ ലേഖനത്തില്‍ വിശേഷിപ്പിക്കുന്നത്.

താഴമണ്‍ മഠത്തില്‍

ഗാന്ധിജി സാക്ഷിയായ

സാമൂഹിക വിപ്ലവം

ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷമുള്ള ഗാന്ധിജിയുടെ തിരുവിതാംകൂര്‍ സന്ദര്‍ശനത്തിന്‍റെ വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അദ്ദേഹത്തിന്‍റെ സന്തത സഹചാരിയും സെക്രട്ടറിയുമായിരുന്ന മഹാദേവ്‌ ദേശായി എഴുതിയ "ദി എപിക് ഓഫ് ട്രാവന്‍കൂര്‍' മലയാളികള്‍ വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. അതില്‍, 1937 ജനുവരി 20നു ഗാന്ധിജി ചെങ്ങന്നൂരില്‍ എത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങളും, ഒപ്പം അദ്ദേഹം നടത്തിയ സാമാന്യം ദീര്‍ഘമായ പ്രസംഗവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചെങ്ങന്നൂരില്‍ എത്തിയ മഹാത്മാഗാന്ധി, താഴമണ്‍ മഠം സന്ദര്‍ശിച്ചു. ആ സംഭവത്തെ ''sights for gods to see''എന്നാണ് മഹാദേവ് ദേശായി രേഖപ്പെടുത്തിയിരിക്കുന്നത്. അതിനു തക്കതായ കാരണവുമുണ്ട്. അയിത്തവും ജാതിവിവേചനവും കൊടികുത്തി വാഴുന്ന കാലത്ത്, ശബരിമല ഉള്‍പ്പെടെയുള്ള അനേകം മഹാക്ഷേത്രങ്ങളുടെ തന്ത്രസ്ഥാനം വഹിക്കുന്ന താഴമണ്‍ മഠത്തിലെ ഉല്പതിഷ്ണുക്കളായിരുന്ന അംഗങ്ങള്‍ മഹാത്മ ഗാന്ധിയെ മഠത്തിലേക്ക് സ്വീകരിക്കുന്നുണ്ട്.

ഒരു വ്യാഴവട്ടത്തിനു മുമ്പ് കേരളത്തിലേക്കുള്ള തന്‍റെ രണ്ടാം വരവില്‍, ഇണ്ടംതുരുത്തി മന ഗാന്ധിജിക്ക് അയിത്തം കല്‍പ്പിച്ച് പ്രവേശനം നിഷേധിച്ച കഥ നാം കേട്ടിട്ടുണ്ട്. എന്നാല്‍, ഗാന്ധിജിയെ സ്വീകരിച്ച താഴമണ്‍ മഠം, അദ്ദേഹത്തിന്‍റെ മനസ്സ്‌നിറക്കുന്ന ഒരു വലിയ കാഴ്ചയും അവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു. സാമൂഹ്യവിരുദ്ധരായ ഒരുകൂട്ടം ജാതിവാദികള്‍ തൊട്ടുകൂടായ്മ കല്‍പ്പിച്ച് മാറ്റിനിര്‍ത്തിയിരുന്ന പുലയ സമുദായത്തില്‍പ്പെട്ട ഒരുകൂട്ടം ആളുകള്‍ ഗാന്ധിജിയുടെ മുന്നിലൂടെ താഴമണ്‍ മഠത്തിനുള്ളില്‍ പ്രവേശിച്ച്, ആ ഗൃഹത്തിന്‍റെ നടുമുറ്റത്ത് പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹത്തിനു മുന്നില്‍ അവരുടെ പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു. ഒപ്പം, അവിടുത്തെ അന്തര്‍ജനങ്ങള്‍ മറക്കുടകളും, മൂടുപടങ്ങളും ഉപേക്ഷിച്ച് ഗാന്ധിജിയുടെ അനുഗ്രഹം തേടി.

അക്കാലത്ത് കേരളത്തില്‍ നടന്ന ഒരു വിപ്ലവകരമായ സംഭവമായിരുന്നു അത്. 1937നു കേരളത്തെ സംബന്ധിച്ച് മറ്റൊരു സവിശേഷതയുമുണ്ട്. കേരളത്തില്‍ ആദ്യമായി കമ്മ്യൂണിസ്‌റ്പാര്‍ട്ടിക്ക്ഒരു രഹസ്യ സെല്‍ രൂപം കൊള്ളുന്നത് ഇതേ വര്‍ഷത്തിലാണ്. ഏലംകുളം മനക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാടും കെ. ദാമോദരനും എന്‍.സി. ശേഖറും പി. കൃഷ്ണപിള്ളയുമെല്ലാം 'രഹസ്യമായി' കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ അംഗങ്ങളാകുന്ന കാലം. അക്കാലത്തോ പില്‍ക്കാലത്തോ ഏലംകുളം മനയില്‍ പോലും ഇത്തരമൊരു സാമൂഹ്യ വിപ്ലവം നടന്നതായി ചരിത്രത്തില്‍ കാണാന്‍ കഴിയില്ല. ഗാന്ധിജിയുടെ സാന്നിധ്യത്തില്‍ തിരുവിതാംകൂറില്‍ മുഴങ്ങിയ മാനവ ഐക്യത്തിന്‍റെ മഹാസന്ദേശമാണ്പിന്നീട് ചരിത്രത്തില്‍ നിന്ന് മായ്ച്ചു കളഞ്ഞത്.

തിരുവല്ലയില്‍ നിന്ന് ആറന്മുളയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഗാന്ധിജി ചെങ്ങന്നൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നത്. അഞ്ചു കൊമ്പനാനകളുടെ അകമ്പടിയില്‍ സ്ത്രീകള്‍ താലപ്പൊലിയും കുരവയുമായാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ക്ഷേത്ര നടയ്ക്കു സമീപം സംഘടിപ്പിച്ച ഒരു പൊതുയോഗത്തില്‍ ഗാന്ധിജി പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തു. നിരവധിപേര്‍ അദ്ദേഹത്തിനു മംഗളപത്രം സമര്‍പ്പിച്ചു. അതിനുശേഷം നടന്ന ഗാന്ധിജിയുടെ പ്രസംഗം, ഒരു തിരുത്തലോടെയാണ് ആരംഭിച്ചത്. എങ്ങനെയായിരുന്നു ആ മംഗളപത്രങ്ങള്‍ എഴുതേണ്ടിയിരുന്നത് എന്ന് അദ്ദേഹം ചെങ്ങന്നൂര്‍ക്കാരെ ഉപദേശിച്ചു.

"നിങ്ങള്‍ മംഗളപത്രം ശരിക്കെഴുതേണ്ടുന്ന രൂപത്തിലല്ല എഴുതിയിട്ടുള്ളത്. ക്ഷേത്രപ്രവേശന വിളംബരത്തെപ്പറ്റി ആഹ്ലാദം പ്രദര്‍ശിപ്പിക്കുകയും ആര്‍ക്കു മംഗളപത്രം നല്‍ക്കുന്നുവോ ആ ആളുടെ ഗുണങ്ങള്‍ വര്‍ണിക്കുകയും മാത്രമല്ല മംഗളപത്രം കൊണ്ടു നിര്‍വഹിക്കേണ്ടത്. മറിച്ച്‌ നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്, മംഗളപത്രം ആരു കൊടുക്കുന്നുവോ അവര്‍ക്ക് ഈ അവസരത്തില്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് അവര്‍ വിചാരിക്കുന്നു, എന്തു ചെയ്യണമെന്ന് അവര്‍ ഉറപ്പിച്ചിരിക്കുന്നു, എന്നൊക്കെ അറിയിപ്പിക്കുകയായിരുന്നു. അതു നിങ്ങള്‍ ചെയ്തിട്ടില്ല,' ഗാന്ധിജി പറഞ്ഞു.

"എന്നാല്‍, അതിനെപ്പറ്റി അധികം ഇനി പറയേണ്ടതില്ലല്ലോ. യാഥാസ്ഥിതികര്‍ ഇന്ത്യയുടെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെയും ഈ ക്ഷേത്രപ്രവേശന വിളംബരം കൊണ്ടു പ്രകമ്പിതരായിരിക്കുന്നു. അവര്‍ അതിനെ എതിര്‍ക്കുന്നുവെന്നല്ല അതിന്‍റെ അര്‍ഥം. ആകപ്പാടെ അവരുടെ പഴയ വിശ്വാസങ്ങളും ആചാരങ്ങളും വാസ്തവത്തില്‍ തെറ്റായിരുന്നില്ല എന്ന ഒരു ബലമായ ആശങ്കയും ഭയവും ഇപ്പോള്‍ തിരുവിതാംകൂറിലെ ജനങ്ങള്‍ ഐകകണ്‌ഠ്യേന വിളംബരത്തെ കൊണ്ടാടുന്നതില്‍ നിന്നുമുണ്ടായിത്തീര്‍ന്നിരിക്കുന്നു,' അദ്ദേഹം തുടര്‍ന്നു.

നിങ്ങള്‍ മറ്റെല്ല ഗ്രന്ഥങ്ങളും മറന്നാലും, ഈശാവാസ്യ ഉപനിഷത്തിലെ ആദ്യത്തെ ശ്ലോകം മാത്രം ഓര്‍ത്തിരുന്നാല്‍ മതിയെന്ന് അദ്ദേഹം തന്‍റെ പ്രസംഗത്തില്‍ പറയുന്നു. കൂടാതെ "ഈശാവാസ്യമിദം സര്‍വം' എന്ന ഇശോവാസ്യ ഉപനിഷത്തിലെ ആദ്യശ്ലോകം അദ്ദേഹം അർഥ സഹിതം വിശദീകരിച്ചു. "പാശ്ചാത്യ ശാസ്ത്രം പറയുന്നത് അക്ഷരം പ്രതിശരിയാണ്, പ്രകൃതി ശൂന്യതയെ വെറുക്കുന്നു. അതുകൊണ്ട്, ഈ ഭൂമിയില്‍ ഈശ്വരനില്ലാത്തതായ ഇടങ്ങള്‍ ഒന്നുംതന്നെയില്ല. എല്ലായിടവും ഈശ്വരനാല്‍ ആവസിക്കപ്പെട്ടതാകുമ്പോള്‍, നമുക്ക് നമ്മുടേതെന്ന് അവകാശപ്പെട്ട കൈക്കലാക്കാന്‍ ഇടങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയാകുന്നു. അതുകൊണ്ട് ത്യാഗം അനുഷ്ഠിച്ച് ജീവിക്കുക, അന്യന്‍റെ സ്വത്ത് ആഗ്രഹിക്കാതെ ജീവിക്കുക. ഈ സന്ദേശമാണ് ഹിന്ദുധര്‍മത്തിന്‍റെ "ഫോര്‍മുല' എന്നാണ് അദ്ദേഹം ഉപദേശിച്ചത്. ഒപ്പം, തന്‍റെപ്രസംഗത്തിന്‍റെ ഉപസംഹാരത്തില്‍ പറഞ്ഞു: "നിങ്ങള്‍ക്ക് ഹിന്ദുധര്‍മത്തിന്‍റെ ഈ "ഫോര്‍മുല' മനസിലാകുന്നെങ്കില്‍, നിങ്ങള്‍ ഹരിജനങ്ങളെ സഹോദരങ്ങളായി ഒപ്പം കൂട്ടി, അവരെ അവരുടെ മാടങ്ങളില്‍ നിന്നു പുറത്തുകൊണ്ടുവന്ന് നിങ്ങള്‍ ഇന്ന് ആസ്വദിക്കുന്ന അതേ ജീവിത നിലവാരത്തിലേക്ക് അവരെ നിങ്ങള്‍ ഉയര്‍ത്തും.'

ഗാന്ധിജിയുടെ മധ്യകേരള- തിരുവിതാംകൂര്‍ സന്ദര്‍ശനത്തിന്‍റെ നൂറാം വാര്‍ഷികത്തെ അവിസ്മരണീയമാക്കുന്നത് ശ്രീനാരായണ ഗുരുവുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ച്ചയും, ഒപ്പം നാം മറന്ന ബാരിസ്റ്റര്‍ ജോർജ് ജോസഫ് എന്ന കര്‍മധീരനായ ദേശസ്‌നേഹിയുടെ ഓർമകളുമാണ്. ഒപ്പം, ഒരുവ്യാഴവട്ടത്തിന്‍റെ ഇടവേളയില്‍ താഴമണ്‍ മഠത്തില്‍ വച്ച് ഗാന്ധിജി കണ്ട ദൈവങ്ങള്‍ക്കു പോലും അത്ഭുതം തീര്‍ത്ത കാഴ്ചയും, ചെങ്ങന്നൂരില്‍ വച്ച് ഈ ലോകത്തിനാകെ അദ്ദേഹം പകര്‍ന്നുനല്‍കിയ ഉപനിഷദ് സന്ദേശവും അന്നെന്ന പോലെ ഇന്നും പ്രസക്തമാണ്. വൈക്കം സത്യഗ്രഹത്തിന്‍റെ പശ്ചാത്തലത്തില്‍ അതിനുമുമ്പും ഗാന്ധിജി പലതവണ ഉദ്ധരിച്ച ഇതേ ഈശാവാസ്യ ഉപനിഷത്തിന്, അതിനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു മനോഹരമായ മലയാള വ്യാഖ്യാനം ചമച്ചുകൊണ്ടാണ് ഗുരുദേവന്‍ തന്‍റെ ആധ്യാത്മിക- സാമൂഹിക ജാഗരണ യജ്ഞത്തിനു തുടക്കമിട്ടതെന്ന് മനസിലാക്കുന്നിടത്താണ് ദേശകാലങ്ങള്‍ക്ക് അതീതമായ സനാതന ധര്‍മത്തില്‍ അധിഷ്ഠിതമായ ദേശീയബോധം എന്താണെന്ന് നാം തിരിച്ചറിയുന്നത്.

(ബിജെപി ആലപ്പുഴ തെക്ക് ജില്ലാ പ്രസിഡന്‍റാണ് ലേഖകൻ)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com