ഇസ്രയേലും ഇന്ത്യയും: ചേരിചേരാത്ത സഖ്യം
വി.കെ. സഞ്ജു
ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിന് രണ്ടു മാസം മുൻപ് ജവഹർലാൽ നെഹ്റുവിന്‍റെ പേരിൽ അമേരിക്കയിൽനിന്ന് ഒരു കത്ത് വന്നു. അയച്ചിരിക്കുന്നത് വിഖ്യാത ജർമൻ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റൈൻ. ജൂതർക്കു വേണ്ടി പ്രത്യേക രാജ്യം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ അഭ്യർഥിക്കുന്നതായിരുന്നു കത്ത്. അഡോൾഫ് ഹിറ്റ്‌ലറുടെ ജൂത വേട്ടയെ പേടിച്ച് ജർമനി വിട്ട് അമേരിക്കയിൽ സ്ഥിര താമസമാക്കിക്കഴിഞ്ഞിരുന്നു ഐൻസ്റ്റൈൻ അന്ന്. കത്തിലെ അപേക്ഷ നിരസിക്കാൻ നെഹ്റുവിനു ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ, മറ്റ് ഇന്ത്യൻ നേതാക്കളുടെ നിലപാട് കണക്കിലെടുക്കുമ്പോൾ, അതു സ്വീകരിക്കാനും കഴിയുമായിരുന്നില്ല.
1947ൽ പാലസ്തീൻ വിഭജിച്ച് ഇസ്രയേൽ എന്ന ജൂത രാഷ്‌ട്രം സ്ഥാപിക്കുന്നതിനെതിരേ ഇന്ത്യ ഐക്യരാഷ്‌ട്ര സഭയിൽ വോട്ട് ചെയ്തു. പക്ഷേ, ബ്രിട്ടന്‍റെ താത്പര്യം തന്നെ നടപ്പായി, ജൂത രാഷ്‌ട്രം സ്ഥാപിതമായി. പുതിയ രാജ്യത്തിന് ഐക്യരാഷ്‌ട്ര സഭയിൽ അംഗത്വം നൽകുന്നതിനെതിരേയും ഇന്ത്യ വോട്ട് ചെയ്തു, 1949ൽ.

ഹിന്ദു ദേശീയതയും ജൂത ദേശീയതയും
ഇസ്രയേൽ വിഷയത്തിൽ മഹാത്മാ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളുടെ നിലപാട് നെഹ്റുവിന്‍റെ തീരുമാനങ്ങളെ ശക്തമായി സ്വാധീനിച്ചിരുന്നു. ഹിന്ദു ദേശീയത അടിസ്ഥാനമാക്കി പ്രവർത്തിച്ചിരുന്നവർ മാത്രമാണ് അക്കാലത്ത് ഇന്ത്യയിൽ പൊതുവേ ഇസ്രയേലിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നത്. ഹിന്ദു മഹാസഭ നേതാവ് വിനായക് ദാമോദർ സവർക്കർ ധാർമികമായും രാഷ്‌ട്രീയമായുമുള്ള പിന്തുണ ഇസ്രയേൽ രാഷ്‌ട്ര സ്ഥാപനത്തിനു നൽകി. യുഎന്നിൽ ഇന്ത്യ ഇസ്രയേലിനെതിരേ വോട്ട് ചെയ്തതിനെ വിമർശിക്കുകയം ചെയ്തു. ആർഎസ്എസ് നേതാവ് മാധവ് സദാശിവ് ഗോൽവാൽക്കർ ജൂത ദേശീയതയെ അംഗീകരിക്കുകയും, ജൂതർക്കുള്ള സ്വാഭാവിക മേഖലയാണ് പലസ്തീൻ എന്നു വിശ്വസിക്കുകയും ചെയ്തു.

ഗാന്ധിജിയുടെ നിലപാട്
ഇന്ത്യ മതാടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട ചരിത്രവും, ഇന്ത്യക്ക് അറബ് രാജ്യങ്ങളുമായുള്ള അടുത്ത ബന്ധവും അടക്കമുള്ള കാരണങ്ങൾ ഇസ്രയേൽ രാഷ്‌ട്ര രൂപീകരണത്തിലെ ഇന്ത്യൻ നിലപാടിൽ പ്രതിഫലിച്ചിട്ടുണ്ട്. ജൂതരുടെ ആവശ്യം ന്യായമാണെന്നും, ഇസ്രയേൽ എന്ന അവരുടെ ആവശ്യത്തിന് ചരിത്രപരമായ പ്രസക്തിയുണ്ടെന്നുമായിരുന്നു മഹാത്മാ ഗാന്ധിയുടെ കാഴ്ചപ്പാട്. എന്നാൽ, മതത്തിന്‍റെ മാത്രം അടിസ്ഥാനത്തിൽ ഒരു രാജ്യം രൂപീകരിക്കുക എന്ന ആശയത്തെ അദ്ദേഹം എതിർത്തു. പലസ്തീന്‍റെ യഥാർഥ അവകാശികൾ അറബികളാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. ഇസ്രയേൽ രൂപീകരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ജൂതർ അവരുടെ ജന്മരാജ്യങ്ങളിലേക്കു മടങ്ങിപ്പോകണമെന്നും ഗാന്ധിജി അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് നെഹ്റുവിനെ ഐൻസ്റ്റൻ കത്തയയ്ക്കുന്നതും, അതിലെ അപേക്ഷ നിരസിക്കപ്പെടുന്നതും.
അനൗപചാരിക അംഗീകാരം
1950ലാണ് ഇസ്രയേൽ എന്ന രാജ്യത്തെ ഇന്ത്യ അംഗീകരിക്കുന്നത്. ഈ വിഷയത്തിലുള്ള ജവഹർലാൽ നെഹ്റുവിന്‍റെ വ്യക്തിപരമായ നിലപാട് പരസ്യമാക്കുന്നതും അതിനു ശേഷമാണ്.
''നമ്മൾ ഇതു നേരത്തെ ചെയ്യേണ്ടതായിരുന്നു. കാരണം, ഇസ്രയേൽ എന്നത് ഒരു വസ്തുതയാണ്. അറബ് രാജ്യങ്ങളിലെ നമ്മുടെ സുഹൃത്തുക്കളുടെ വികാരം വ്രണപ്പെടുത്താതിരിക്കാൻ മാത്രമാണ് നമ്മൾ ഇതുവരെ അംഗീകാരം നൽകാതിരുന്നത്.''

മൂന്നു വർഷത്തിനുള്ളിൽ ബോംബെയിൽ (ഇന്നത്തെ മുംബൈ) കോൺസുലേറ്റ് തുറക്കാൻ ഇസ്രയേലിന് അനുമതി ലഭിച്ചു. എന്നാൽ, ഇന്ത്യ നൽകിയ അംഗീകാരത്തിന് നാലു പതിറ്റാണ്ടോളം അനൗപചാരിക സ്വഭാവം മാത്രമാണുണ്ടായിരുന്നത്. മുസ്‌ലിം വോട്ട് ബാങ്കിൽ ഇടിവുണ്ടാകുമെന്ന രാഷ്‌ട്രീയ നേതൃത്വത്തിന്‍റെ ഭയമായിരുന്നു അതിനൊരു കാരണം. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന ആശങ്ക വേറെ. അന്ന് ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തിന്‍റെ പ്രധാന സ്രോതസ് അവരായിരുന്നു. ഇതുകൂടാതെ, ഇന്ത്യയുടെ ഊർജ ആവശ്യങ്ങളുടെ സിംഹഭാഗവും നിറവേറ്റിയിരുന്നത് അറബ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണയായിരുന്നു.
സ്വാഭാവികമായും, പലസ്തീൻ ലിബറേഷൻ ഓർഗനൈസഷനോടും അതിന്‍റെ നേതാവ് യാസർ അരാഫത്തിനോടുമായിരുന്നു ഇന്ത്യയുടെ ചായ്‌വ്. ചേരിചേരാ നയത്തിന്‍റെ മുന്നണിയിൽ നിൽക്കുമ്പോഴും, ശീതയുദ്ധകാലത്ത് സോവ്യറ്റ് യൂണിയനോടു ചായ്‌വുണ്ടായിരുന്ന ഇന്ത്യക്ക്, സമാനമായ നിലപാടാണ് ഇസ്രയേൽ - പലസ്തീൻ തർക്കത്തിൽ അന്നു പലസ്തീനോടുണ്ടായിരുന്നത്. അറബ് രാജ്യങ്ങളിൽ പാക്കിസ്ഥാൻ സ്വാധീനം വർധിപ്പിക്കുന്നത് തടയുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു അതിനു പിന്നിൽ.

ഔപചാരിക അംഗീകാരം
ഇന്ത്യയുടെ തുറന്ന പിന്തുണ തങ്ങൾക്കു കിട്ടാതിരുന്നിട്ടും, 1971ലെ ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധത്തിൽ ഇസ്രയേൽ പിന്തുണച്ചത് ഇന്ത്യയെയാണ്. ആ രാജ്യത്തിന്‍റെ മുസ്‌ലിം വിരോധം അതിനൊരു കാരണമായിരുന്നെങ്കിൽ പോലും, ഇസ്രയേൽ കൈമാറിയ സുപ്രധാന വിവരങ്ങൾ ഒന്നിലധികം യുദ്ധങ്ങളിൽ ഇന്ത്യക്കു സഹായകമായിട്ടുണ്ട്.
എന്നാൽ, 1992ൽ മാത്രമാണ് ഇന്ത്യയുടെ അറബ് അനുകൂല നിലപാടിൽ കാതലായ മാറ്റം വരുന്നത്. ആ വർഷം ഇന്ത്യ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുകയും, ടെൽ അവിവിൽ എംബസി സ്ഥാപിക്കുകയും ചെയ്തു. 1999ലെ കാർഗിൽ യുദ്ധത്തിലും ഇസ്രയേലിന്‍റെ പിന്തുണ ഇന്ത്യക്കു കിട്ടി, വാക്കാൽ മാത്രമല്ല, ഇന്‍റലിജൻസ് വിവരങ്ങളായും ആയുധങ്ങളായും. തുടർന്നിങ്ങോട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിൽ വലിയ വളർച്ചയുണ്ടായി. ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്‍റെ രൂപീകരണവും, ഇന്ത്യൻ മുസ്‌ലികളെ ആ സംഘടന അവഗണിച്ചതും, സംഘടനയിൽ ചേരുന്നതിൽ നിന്ന് ഇന്ത്യയെ പാക്കിസ്ഥാൻ തടഞ്ഞതും ഈ നയം മാറ്റത്തിൽ സുപ്രധാന സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നാൽ, അപ്പോഴും പലസ്തീനിയൻ മേഖലയിൽ ഇസ്രയേൽ നടത്തിവന്ന സൈനിക നടപടികളെ ഇന്ത്യ നിരന്തരം വിമർശിച്ചുകൊണ്ടിരുന്നു.
സുപ്രധാന പങ്കാളി
2022 ആയപ്പോഴേക്കും ഇസ്രയേലിന്‍റെ ഏറ്റവും വലിയ ആയുധ വിപണിയായി ഇന്ത്യ മാറി. ഇന്ത്യ ആയുധം വാങ്ങുന്ന രാജ്യങ്ങളിൽ റഷ്യക്കു പിന്നിൽ രണ്ടാം സ്ഥാനവും ഇസ്രയേലിനായി. ഇന്ന് ഇസ്രയേലിന്‍റെ ആയുധ കയറ്റുമതിയിൽ ഏകദേശം 42 ശതമാനവും ഇന്ത്യയിലേക്കു മാത്രമാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ആയുധക്കച്ചവടത്തിൽ അവസാനിക്കുന്നതല്ല. സംയുക്ത സൈനിക പരിശീലനവും, സുരക്ഷാ സംബന്ധമായ ഇന്‍റലിജൻസ് വിവരങ്ങളുടെ കൈമാറ്റവുമെല്ലാം ഇതിൽപ്പെടും. ഏഷ്യയിൽ ഇസ്രയേലിന്‍റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളി കൂടിയാണ് ഇന്ത്യ ഇപ്പോൾ.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാകുകയാണു ചെയ്തത്. സംഘ പരിവാറിനു പരമ്പരാഗതമായിത്തന്നെയുള്ള ഇസ്രയേൽ അനുകൂല നിലപാടിനപ്പുറം, മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായുള്ള സൗഹൃദവും ഇതിലൊരു ഘടകമായിരിക്കാം.
അതേസമയം, ഈ സൗഹൃദമോ സംഘ പരിവാർ നയമോ ചേരാ നയത്തിൽ 'പ്രകടമായ' വ്യതിചലനം നടത്താൻ ഇന്ത്യയെ പ്രേരിപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ രൂക്ഷമായി അപലപിക്കാൻ ഇന്ത്യ തയാറായിരുന്നു. ഒപ്പം, ഗാസയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിച്ചു കൊടുക്കുന്നതിലും മുന്നിൽ നിന്നു. അതേസമയം, ഇസ്രയേലിനെതിരേ ഐക്യരാഷ്‌ട്ര സഭയിൽ വന്ന പ്രമേയത്തിൽ വോട്ട് ചെയ്യാതെ വിട്ടു നിൽക്കുകയും ചെയ്തു.
റഷ്യ - യുക്രെയ്ൻ പ്രശ്നത്തിൽ പക്ഷം പിടിക്കാതെ നിൽക്കുമ്പോൾ ഇന്ത്യ നൽകിയ ന്യായീകരണം, യൂറോപ്പിന്‍റെ പ്രശ്നങ്ങളെല്ലാം ലോകത്തിന്‍റെ പ്രശ്നങ്ങളായി കരുതാനാകില്ല എന്നാണ്. റഷ്യക്കു മേൽ ഏർപ്പെടുത്തിയ ഉപരോധത്തിൽ ഇന്ത്യയെ സഹകരിപ്പിക്കാൻ പാശ്ചാത്യ രാജ്യങ്ങൾക്കു സാധിച്ചതുമില്ല. ഇതിനിടെ, റഷ്യയുമായുള്ള കച്ചവടത്തിലൂടെ ഇന്ത്യൻ എണ്ണക്കമ്പനികൾ ലാഭവുമുണ്ടാക്കി.
ഇസ്രയേലിന്‍റെ കാര്യത്തിലും പക്ഷം പിടിക്കാതെ, അതേസമയം തുറന്നെതിർക്കുകയും ചെയ്യാതെ, പഴയ ചേരിചേരാ നയം തുടരുകയാണ് ഇന്ത്യ, പുതിയ രീതിയിലാണെന്നു മാത്രം; അന്നത്തെ ആഗോള രാഷ്‌ട്രീയത്തിൽ ഇന്ത്യയുടെ പ്രായോഗിക താത്പര്യം പലസ്തീനെ പിന്തുണയ്ക്കുന്നതിലായിരുന്നെങ്കിൽ, വർത്തമാന പരിതസ്ഥിതിയിൽ അതു നേർവിപരീതമായി മാറിക്കഴിഞ്ഞു.