
#സുധീർ നാഥ്
ഇന്ത്യയുടെ ഞരമ്പുകളാണ് റെയ്ല്‍വേ. ഈ രാജ്യത്തെ അങ്ങോട്ടുമിങ്ങോട്ടും ബന്ധിപ്പിച്ചു വ്യാപിച്ചു കിടക്കുകയാണ് തീവണ്ടിപ്പാതകള്‍. ലോക റെയ്ല് ഭൂപടത്തില്‍ ഇന്ന് ഇന്ത്യ നാലാം സ്ഥാനത്താണ്. കേരളത്തിൽ ഇന്ന് ആദ്യ വന്ദേഭാരത് സൂപ്പർ ക്ലാസ് സെമി ഹൈസ്പീഡ് ട്രെയ്ൻ സർവീസ് ആരംഭിക്കുമ്പോൾ, ഇന്ത്യൻ റെയ്ൽവേയുടെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം.
1853 ഏപ്രില്‍ 16നാണ് ഇന്ത്യയില്‍ ആദ്യമായി ഒരു പാസഞ്ചര്‍ തീവണ്ടി ഓടിത്തുടങ്ങിയത്. ഇംഗ്ലണ്ടില്‍ യാത്രാ തീവണ്ടി ആദ്യമായി ഓടിയതിനു ശേഷം 28 വര്‍ഷം കൊണ്ടുതന്നെ ഇന്ത്യയിലും യാത്രാ വണ്ടി ഓടിത്തുടങ്ങി. ബോംബെ ബോറീബന്ദര് സ്റ്റേഷനില്‍ നിന്ന് താനെയിലേയ്ക്ക് 34 കിലോമീറ്റര്‍ ദൂരമായിരുന്നു ആദ്യ യാത്ര. ബോറീബന്ദര് സ്റ്റേഷനാണ് ഇന്ത്യയിലെ ആദ്യത്തെ റെയ്ൽവേ സ്റ്റേഷന് എന്ന വിശേഷണവുമുണ്ട്. 1888ല്‍ ഈ സ്റ്റേഷന് വികസിപ്പിച്ചാണ് വിക്ടോറിയ ടെർമിനസ് റെയ്ല്‍വേ സ്റ്റഷനായി മാറിയത്. ഇന്ത്യന്‍ റെയ്ൽ യാത്രയുടെ ചരിത്രം അവിടെയാണ് ആരംഭിക്കുന്നത്. 400ഓളം യാത്രക്കാര്‍ അന്ന് ആദ്യ യാത്രയില്‍ ഉണ്ടായിരുന്നു. സാഹിബ്, സിന്ദ്, സുല്‍ത്താന്‍ എന്ന് പേരിട്ട 3 ആവി എന്‍ജിനുകളാണ് 14 കാരേജുകളുള്ള വണ്ടിയെ വലിച്ചുകൊണ്ടു പോയത്. ആ വണ്ടി കാണാൻ ആയിരങ്ങളാണ് പാതയ്ക്ക് ഇരുവശവും ഓടിക്കൂടിയത്.
1832ല്‍ ആദ്യമായി ഇന്ത്യയില്‍ റെയ്ല്‍വേ കൊണ്ടുവരണം എന്ന ആശയം മുന്നോട്ടുവയ്ക്കപ്പെട്ടു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ഇങ്ങനെ ഒരാശയം മുന്നോട്ടു വച്ചത്. അക്കാലത്ത് ബ്രിട്ടനില്‍ പോലും റെയ്ല്വേയെക്കുറിച്ച് ചര്‍ച്ച നടക്കുന്ന കാലമാണ് എന്നോര്‍ക്കണം. ലോഡ് ഡല്ഹൗസിയായിരുന്നു അന്ന് ഇന്ത്യയുടെ ഗവര്‍ണര്‍ ജനറല്‍. അദ്ദേഹം എടുത്ത താത്പര്യമാണ് ഇന്ത്യയിലെ റെയ്ല്‍വേ വികസനത്തിന് തുടക്കം കുറിച്ചത്. അതുകൊണ്ട് ഇന്ത്യന്‍ റെയ്ല്‍വേയുടെ പിതാവായി ഡല്‍ഹൗസി പ്രഭു അറിയപ്പെടുന്നു.
ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയില്‍ ഇത്തരം ഒരു റെയ്ല്‍വേ ഉണ്ടാക്കിയത് അവർക്കാവശ്യമായ ചരക്കു നീക്കത്തിനു വേണ്ടിയാണ്. 1845ല്‍ ഇന്ത്യയില്‍ ആദ്യമായി മദ്രാസ് റെയ്ല്‍വേ രൂപീകരിച്ചു. റെയ്ല്‍വേ വികസനത്തിന് റെയ്ല്‍വേ കമ്പനികള്‍ രൂപീകരിച്ചു. ആദ്യം ഈസ്റ്റ് ഇന്ത്യ റെയ്ല്‍വേ ആണ് നിലവില്‍ വന്നത്. 1845 മേയ് 8 നായിരുന്നു അത്. 1849 ഓഗസ്റ്റ് 1ന് ഗ്രേറ്റ് ഇന്ത്യന്‍ പെനിന്‍സുലാര്‍ റെയ്ല്‍വേ രൂപം കൊണ്ടു. ഇന്ത്യന്‍ റെയ്ല്‍വേയുടെ വികസനത്തിന്റെ തുടക്കമായിരുന്നു അത്. 1901 ലാണ് ഇന്ത്യന്‍ റെയ്ല്‍വേ ബോർഡിനു രൂപം കൊടുക്കുന്നത്.
1852ല്‍ മദ്രാസ് ഗ്യാരണ്ടീഡ് റെയ്ല്‍വേ കമ്പനി ഉണ്ടായി. 1856ല്‍ മദിരാശിയില്‍ റോയപുരത്തു നിന്ന് ചിന്നാമപ്പേട്ട വരെയുള്ള 35 മൈല്‍ റെയ്ല് ലൈനാണ് മദ്രാസ് റെയ്ല്‍വേയ്സ് ആദ്യം നിര്‍മിച്ചത്. റോയപുരത്തു നിന്നാണ് മദിരാശിയില്‍ നിന്നുള്ള എല്ലാ വണ്ടികളും ആദ്യകാലത്ത് പുറപ്പെട്ടിരുന്നത്. 1873ലാണ് മദിരാശിയിലെ സെൻട്രല്‍ സ്റ്റേഷന് നിര്‍മിക്കുന്നത്. ആര്‍ക്കോട്ട് നവാബ് സ്വര്‍ണ കൈക്കോട്ടു കൊണ്ട് മണ്ണ് കോരിയിട്ടാണ് റോയപുരം സ്റ്റേഷന്റെ നിര്‍മാണ ഉദ്ഘാടനം നടത്തിയത് എന്നാണ് ചരിത്ര രേഖകളില്‍ കാണുന്നത്.
1862ല്‍ കേരളത്തിലെ കോഴിക്കോട് ബേപ്പൂരിലേക്കും, 1864ല്‍ ജോലാര്‍പ്പേട്ടയില്‍ നിന്ന് ബംഗളൂരിലേക്കും തീവണ്ടിപ്പാതകള്‍ നീണ്ടു. കേരളത്തില്‍ സ്ഥാപിക്കപ്പെട്ട ആദ്യ റെയ്ല്പ്പാതയിൽ ബേപ്പൂര്‍ മുതല്‍ തിരൂര്‍ വരെ 30.5 കി.മീ. നീളത്തില്‍ 1861 മാര്‍ച്ച് 12ന് വണ്ടി ഓടിത്തുടങ്ങിയിരുന്നു. തിരൂരില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് ആ വര്‍ഷം മെയ് ഒന്നിനും, കുറ്റിപ്പുറത്തു നിന്ന് പട്ടാമ്പിയിലേക്ക് അടുത്ത വര്‍ഷം സപ്തംബര്‍ 23 നും, പട്ടാമ്പിയില്‍ നിന്നു കോയമ്പത്തൂരിനടുത്തുള്ള പോത്തനൂര്‍ക്ക് 1862ല്‍ ഏപ്രില്‍ 14നും വണ്ടികള്‍ ഓടിത്തുടങ്ങി.
1892ല്‍ ബേപ്പൂര്‍, മദ്രാസ് പാതകള്‍ സജീവമായത് റെയ്ല്‍വേ ചരിത്രത്തിന്റെ ഭാഗമാണ്. 27 വര്‍ഷത്തിന് ശേഷമാണ് ബേപ്പൂരില്‍ നിന്ന് കോഴിക്കോട്ടേക്കു വണ്ടി ന്നത്. 1888ല്‍ ജനുവരി 2ന് കോഴിക്കോട് റെയ്ല്‍വേ സ്റ്റേഷനില്‍ ആദ്യ തീവണ്ടി എത്തി. അന്ന് സ്വകാര്യ കമ്പനിയായിരുന്ന മദ്രാസ് റെയ്ല്‍വേ കമ്പനി അതിന്റെ തെക്കുപടിഞ്ഞാറന്‍ ശൃംഖലയുടെ ഭാഗമായാണ് ഈ പണികള്‍ നടത്തിയത്. 1871ല്‍ റയിച്ചൂര്‍ വരെ എത്തിയിരുന്ന ഈ ശൃംഖലയെ ഗ്രേറ്റ് ഇന്ത്യന്‍ പെനിന്‍സുല റെയ്ല്‍വേയുടെ ബോംബെയിലേക്കുള്ള പാതയുമായും ബന്ധിപ്പിച്ചു. 1908ല്‍ ഈ കമ്പനിയെ സതേണ്‍ മറാഠ റെയ്ല്‍വേയുമായി ലയിപ്പിച്ചുകൊണ്ട് മദ്രാസ് ആന്‍ഡ് സതേണ്‍ മറാഠ റെയ്ല്‍വേ നിലവില്‍ വന്നു. സ്വാതന്ത്ര്യാനന്തരം ഈ കമ്പനി ഇന്ത്യന്‍ റെയ്ല്‍വേയിലെ സതേണ്‍ റെയ്ല്‍വേ ആയി മാറി.
1832ല്‍ ഇന്ത്യയില്‍ മദ്രാസിലാണ് ആദ്യമായി റെയ്ല് നിര്‍മാണ നിര്‍ദേശങ്ങള്‍ നടപ്പാക്കപ്പെട്ടത്. 1837ല്‍ റെഡ് ഹില്‍ റെയ്ല്‍വേയില്‍ നിന്ന് ഇന്ത്യയിലെ ആദ്യ ട്രെയ്ന്‍ ഓടിക്കൊണ്ടിരുന്നു. റെഡ് ഹില്‍ റെയ്ല്‍വേ എന്നായിരുന്നു അത് അറിയപ്പെട്ടിരുന്നത്. വില്യം അവെറി നിര്‍മിക്കുന്ന ഒരു റോട്ടറി നീരാവി ലോക്കോമോട്ടീവ് ഉപയോഗിച്ചായിരുന്നു ആദ്യ വണ്ടി ഓടിയത്. സര് ആര്‍തര്‍ കോട്ടണിനാല്‍ നിര്‍മിച്ച ഈ റെയ്ല്‍വേ മദ്രാസിലെ റെഡ് ഹില്‍സില്‍ നിന്നും ചിന്ദ്രാദ്രിപ്പേട്ട് ബ്രിഡ്ജ് വരെയായിരുന്നു ഓടിയിരുന്നത്. ഇത് ഒരു ചരക്ക് തീവണ്ടിയായിരുന്നു. ആവി എന്ജിന് ഘടിപ്പിച്ച ഈ വണ്ടി റെഡ് ഹില്ലില്‍ നിന്നുള്ള കരിങ്കല്ലുകള്‍ കൊണ്ടുവരാനാണ് നിര്‍മിച്ചത്. ആദ്യകാല തീവണ്ടികള്‍ ഓടിയിരുന്നത് നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് വേണ്ടിയുള്ള സാമഗ്രികള്‍ എത്തിക്കാനാണ്.
കേരളത്തിലെ റെയ്ല്‍വേ വികസനം ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. 1861 മാര്‍ച്ച് 12 മുതല്‍ കേരളത്തില്‍ തീവണ്ടി ഗതാഗതം ആരംഭിച്ചത് മുന്‍പ് സൂചിപ്പിച്ചിരുന്നല്ലോ. 1862ല്‍ മദ്രാസുമായി ബേപ്പൂര്‍ തീവണ്ടിപ്പാത ബന്ധിപ്പിച്ചു. പക്ഷെ ഏറെ വൈകിയാണ് ഇന്നത്തെ കേരളത്തിന്റെ വ്യവസായ നഗരമായ കൊച്ചിയിലേക്കു തീവണ്ടി എത്തുന്നത്. 1902ലാണ് ഷൊര്‍ണൂരില്‍ നിന്ന് എറണാകുളത്തേക്ക് ആദ്യമായി തീവണ്ടി ഓടുന്നത്. ആദ്യം ഈ പാത നാരോ ഗേജ് ആയിരുന്നു. 1935 കാലത്താണ് ഇത് ബ്രോഡ് ഗേജ് ആയി മാറുന്നത്. പിന്നീട് അങ്ങോട്ട് കേരളത്തില്‍ തലങ്ങും വിലങ്ങും വണ്ടികൾ ഓടിത്തുടങ്ങി. നിലമ്പൂര്‍ കാടുകളില്‍ നിന്ന് തേക്ക് കടത്താന്‍ വേണ്ടി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഷൊർണൂര്‍- നിലമ്പൂര്‍ പാത ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നിര്‍മിച്ചു. ജനങ്ങള്‍ പൊതുവെ കുറവുള്ള പ്രദേശമായിരുന്നു അക്കാലത്ത് നിലമ്പൂര്‍.
തിരുവിതാംകൂറില്‍ റെയ്ല്‍വേ വികസനം ഉണ്ടാകുന്നത് കൊല്ലം- ചെങ്കോട്ട റെയ്ല്‍പ്പാത 1890ല്‍ നിര്‍മിച്ചു തുടങ്ങിയതോടാണ്. 1904ല്‍ ഇവിടെ നിര്‍മിച്ച മീറ്റര്‍ ഗേജ് പാതയില്‍ വണ്ടികള്‍ ഓടിത്തുടങ്ങി. പിന്നീട് 1931 നവംബര്‍ 4ന് തിരുവനന്തപുരം സ്റ്റേഷന് വരെ ഈ പാത നിലവില്‍ വന്നു. എറണാകുളം- കോട്ടയം പാതയില്‍ 1956ല്‍ ഇന്ത്യന്‍ റെയ്ല്‍വേയുടെ തീവണ്ടികള്‍ കൂകിപ്പാഞ്ഞു. കോട്ടയം- കൊല്ലം പാത 1958ലാണ് നിലവില്‍ വന്നത്. 1976ല്‍ എറണാകുളം- തിരുവനന്തപുരം പാത ബ്രോഡ് ഗേജ് ആക്കി മാറ്റി. എറണാകുളം- ആലപ്പുഴ- കായംകുളം പാത 1992ഓടെയാണ് യാഥാര്‍ഥ്യമായത്. മദ്രാസ്- എറണാകുളം പാത 1986ഓടെ ഇരട്ടിപ്പിച്ചു. തൃശൂര്‍- ഗുരുവായൂര്‍ പാത 1994ലാണ് പണിതീര്‍ന്നത്. 2000ത്തോടെ കായംകുളം- തിരുവനന്തപുരം പാത ഇരട്ടിപ്പിച്ചു.
ഇന്ന് കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലൂടെയും ട്രെയ്നുകൾ ഓടുന്നു. ഇടുക്കി, വയനാട് ജില്ലകളാണ് ട്രെയ്ൻ സ്പർശമേൽക്കാത്തത്. എന്നാല്‍ 1924 വരെ ഇടുക്കിയിലും തീവണ്ടി ഓടിയിരുന്നു എന്നതാണ് ചരിത്രം. മൂന്നാറില്‍ 1909 മുതല്‍ 1924വരെ ഉണ്ടായിരുന്ന റെയ്ല്‍വേ ആണ് മൂന്നാര്‍ റെയ്ല്‍വേ അല്ലെങ്കില്‍ കുണ്ട്ള വാലി റെയ്ല്‍വേ എന്നറിയപ്പെടുന്നത്. സ്വകാര്യയുള്ള ഇന്ത്യയിലെ ആദ്യത്തെ മോണോ റെയ്ല് സിസ്റ്റം ആയിരുന്നു ഇത്. പിന്നീട് ഇത് 2 അടി വീതിയുള്ള നാരോ ഗേജാക്കി മാറ്റി. 1924 വരെ പ്രവര്‍ത്തനക്ഷമമായിരുന്ന മൂന്നാര്‍ റെയ്ല്‍വേ 1924ല്‍ ഉണ്ടായ തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന മഹാപ്രളയത്തില്‍ തകര്‍ന്നു. മൂന്നാറിൽ ഇപ്പോഴും അവയുടെ അവശേഷിപ്പുകൾ കാണാം.
ഇത്തരത്തില്‍ ചരിത്രത്തിന്റെ ഭാഗമായ മറ്റൊരു റെയ്ല്പ്പാതയായിരുന്നു ഇന്ത്യയിലെ മണ്ഡപവും ശ്രീലങ്കയിലെ സിലോണും തമ്മിലുണ്ടായിരുന്നത്. ഇന്ത്യയില്‍ നിന്നു ലങ്കയിലേക്ക് അന്നു ട്രെയ്ന്‍ സർവീസ് ഉണ്ടായിരുന്നു എന്നതാണു ശ്രദ്ധേയം. രാമേശ്വരം, ധനുഷ്കോടി വഴി ലങ്കയുടെ തലസ്ഥാനമായ കൊളംബോയിലേക്ക് 1964 വരെ ഇന്ത്യന്‍ റെയ്ല്‍വേയുടെ തീവണ്ടികള്‍ കൂകിപ്പാഞ്ഞു. ബോട്ട് മെയില്‍ എന്നാതായിരുന്നു ആ ട്രെയ്നിന്റെ പേര്.
1964 ഡിസംബര്‍ 22 രാത്രി 11.30. മധുര- രാമേശ്വരം വഴി ധനുഷ്കോടിയിലേക്കു പോകുന്ന ബോട്ട് മെയിന്‍ എന്ന ട്രെയ്ന്‍ പാമ്പന്‍ പാലത്തിലൂടെ സഞ്ചരിക്കവെ. ശക്തമായ ചുഴലിക്കാറ്റും കൊടുങ്കാറ്റും ഉണ്ടായി. 110 യാത്രക്കാരും 5 ജീവനക്കാരുമുള്‍പ്പെടെ ആ വണ്ടിയെ കടലിന്റെ അഗാധതയിലേക്ക് ആ കാറ്റ് വലിച്ചെറിഞ്ഞു. 22, 23 തീയതികളിലുണ്ടായ കാറ്റില്‍ തീവണ്ടിപ്പാതയും സ്റ്റേഷനും ധനുഷ്കോടി പട്ടണവും അപ്പാടെ നാമാവശേഷമായി. ആയിരങ്ങൾക്കു ജീവൻ നഷ്ടമായി.
ഇന്ന് ഇന്ത്യന്‍ റെയ്ല്‍വേ നാള്‍ക്കുനാള്‍ വികസിക്കുകയാണ്. ആവി എന്‍ജിനുകളില്‍ നിന്ന് കല്‍ക്കരി വണ്ടിയിലേക്കും, അവയില്‍ നിന്ന് ഡീസലിലേക്കും, പിന്നെ വൈദ്യുതി എന്‍ജിനിലേക്കും വികസിച്ച ഇന്ത്യന്‍ റെയ്ല്‍വേ ഇപ്പോള്‍ വേഗതയുടെയും വൃത്തിയുടെയും ടെക്നോളജിയുടെയും കാര്യത്തിലാണ് ഏറെ ശ്രദ്ധിക്കുന്നത്. ആദ്യകാലങ്ങളില്‍ വളരെ വേഗത കുറഞ്ഞ തീവണ്ടിയാണ് ഉണ്ടായിരുന്നതെങ്കില്‍, വേഗത ഇന്നു നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരിക്കുന്നു.
രാജ്യത്ത് ഇന്ന് ഓടുന്ന ട്രെയ്നുകളിൽ ഏറ്റവും വേഗതയേറിയതും ലക്ഷ്വറി സൗകര്യങ്ങളുള്ളതും വന്ദേഭാരത് എക്സ്പ്രസാണ്. അതു ട്രാക്കിലിറങ്ങിയിട്ടു വർഷങ്ങളേറെയായിട്ടുമില്ല. ഇന്ത്യ സ്വന്തമായി, സ്വന്തം മികവിൽ, സ്വന്തം ടെക്നോളജിയിൽ നിർമിച്ചതാണ് ഈ ലോകോത്തര ട്രെയ്ൻ. വന്ദേഭാരത് തീവണ്ടിയുടെ കനക്കുറവാണ് വേഗതയുടെ മുഖ്യ കാരണം. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും മറ്റൊരു കാരണമാണ്. ഒരു മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത്തിൽ യാത്ര ചെയ്യാന്‍ വന്ദേഭാരത് വണ്ടികള്‍ക്ക് സാധിക്കുമെങ്കിലും ഇത്രയും വേഗതയില്‍ ദീർഘദൂരം സഞ്ചരിക്കാവുന്ന പാതകള്‍ നമുക്കു വളരെ കുറവാണ്. കേരളത്തിനും കിട്ടിയിരിക്കുന്നു, ഒരു വന്ദേഭാരത്. പകൽ യാത്രകൾക്കുള്ളതാണ് നിലവിൽ നിർമിക്കുന്ന വന്ദേഭാരതുകൾ. എന്നാൽ, ദീർഘദൂര യാത്രയ്ക്ക് സ്ലീപ്പർ കൂടിയുള്ളവയുടെ നിർമാണവും ആരംഭിച്ചുകഴിഞ്ഞു.
ഇന്ത്യയില്‍ ഓടുന്ന രണ്ടാമത്തെ വേഗതയേറിയ തീവണ്ടി തേജസ് എക്സ്പ്രസാണ്. 551 കിലോമീറ്റര്‍ മുംബൈ- ഗോവ പാതയില്‍ ഓടിയെത്തുന്ന തേജസ് എക്സ്പ്രസ് ഇന്ത്യന്‍ റെയ്ല്‍വേയുടെ ചരിത്രത്തില്‍ പ്രത്യേക ശ്രദ്ധ നേടിയ ഒന്നാണ്. ലക്നൗവില്‍ നിന്ന് ഡല്‍ഹിയിലെ ആനന്ദ് വിഹാറിലേക്കും, ന്യൂഡല്‍ഹിയില്‍ നിന്ന് ചണ്ഡിഗഡിലേക്കും തേജസ് എക്സ്പ്രസുകൾ സര്‍വീസ് നടത്തുന്നുണ്ട്. മണിക്കൂറില്‍ 110 - 162 കിലോമീറ്റര്‍ വേഗതയിലാണ് തേജസ് സഞ്ചരിക്കുന്നത്. ഏറ്റവും വേഗതയേറിയ മൂന്നാമത്തെ തീവണ്ടി ഗതിമാന്‍ എക്സ്പ്രസാണ്. 188 കിലോമീറ്റര്‍ ദൂരമുള്ള ന്യൂഡല്‍ഹി- ആഗ്ര റൂട്ടിലാണ് ഒരു മണിക്കൂര്‍ 40 മിനിറ്റ് കൊണ്ട് ഈ എക്സ്പ്രസ് ഓടുന്നത്. ശരാശരി 160 കിലോമീറ്റര്‍ ഒരു മണിക്കൂറില്‍ സഞ്ചരിക്കാന്‍ ഈ വണ്ടിക്ക് സാധിക്കുന്നു എന്നുള്ളത് പ്രത്യേകതയാണ്. ഭോപ്പാല്‍ ശതാബ്ദി എക്സ്പ്രസ് ആണ് നാലാമത്തെ വേഗതയേറിയ വണ്ടി. ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് പോകുന്ന രാജധാനിയും വേഗതയുടെ കാര്യത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ വണ്ടിയാണ്. രാജധാനിയും ശതാബ്ദിയും കഴിഞ്ഞ് നമ്മളിപ്പോൾ വന്ദേഭാരതില്‍ എത്തിനില്‍ക്കുകയാണ്. വന്ദേഭാരത് ട്രെയ്നുകൾക്ക് ആവശ്യക്കാരേറുന്നു എന്നതും ശ്രദ്ധേയം. 18ഓളം രാജ്യങ്ങളാണ് ഈ വണ്ടിക്കു വേണ്ടി ഇന്ത്യയുമായി ചർച്ചകൾ നടത്തിവരുന്നത്. എന്നാൽ, രാജ്യത്തെ ആവശ്യം കഴിഞ്ഞ ശേഷമേ വിദേശങ്ങളിലേക്ക് കയറ്റുമതിയുള്ളൂ എന്നാണു റെയ്ൽവേയുടെ നിലപാട്.
ഇന്ന് രാജ്യത്തോടുന്ന ഏറ്റവും വേഗത കൂടിയ ട്രെയ്ൻ വന്ദേഭാരത് എന്നതിന് താമസിയാതെ മാറ്റം വരും. ബുള്ളറ്റ് ട്രെയ്നുകള്‍ ഏതാനും വര്‍ഷം കൊണ്ട് രാജ്യത്ത് ഓടിത്തുടങ്ങും. അതിനുള്ള ആദ്യ പാതയുടെ പണി നടക്കുന്നു. വിമാന വേഗതയിലല്ലെങ്കില് പോലും സാധാരണ ജനങ്ങള്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനുള്ള സൗകര്യമാണ് റെയ്ൽ ഗതാഗതം. വന്ദേഭാരതിനൊപ്പം രാജ്യത്തെ എല്ലാ പട്ടണങ്ങളിലും മെട്രേൊ, ലൈറ്റ് മെട്രൊ ട്രെയ്നുകളും വന്നത് രാജ്യത്തിന്റെ പൊതുഗതാഗത വികസനത്തിന്റെ വലിയ നാഴികക്കല്ലു തന്നെയാണ്.