പ്രയാഗ് രാജിലെ മഹാകുംഭമേളയിൽ കഴിഞ്ഞ ദിവസമുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ ഔദ്യോഗിക എണ്ണം മുപ്പതാണ്. ഉത്തപ്രദേശിലെ ആകെ ജനസംഖ്യയുടെ പകുതി ആളുകൾ, അതായത് പന്ത്രണ്ടരക്കോടി സന്ദർശകർ, ചൊവ്വ - ബുധൻ ദിവസങ്ങളിൽ മാത്രം കുംഭമേളക്കെത്തിയെന്നാണ് കണക്ക്. മൗനി അമാവാസ്യ ദിവസത്തെ മുഖ്യസ്നാനമാണ് കുംഭമേളയിലെ ഏറ്റവും തിരക്കേറിയ ദിവസം.
അനിയന്ത്രിതമായ തിരക്കിൽപ്പെട്ട് കുംഭമേളകളിൽ ആളുകൾ കൂട്ടത്തോടെ കൊല്ലപ്പെടുന്നത് പുതിയ കാര്യമല്ല. ഭാരത സംസ്കാരത്തിന്‍റെ പ്രതീകമെന്നോണം ഇപ്പോൾ സർക്കാർ തലത്തിൽ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന കുംഭമേളയിലെ കൂട്ടമരണങ്ങളുടെ ചരിത്രം പരിശോധിച്ചാൽ, ഏറ്റവും കൂടുതലാളുകൾ കൊല്ലപ്പെട്ടിരിക്കുന്നത്, ഇപ്പോൾ അപകടമുണ്ടായ പ്രയാഗ് രാജിൽ തന്നെയാണെന്നു കാണാം.
രേഖപ്പെടുത്തിയ കുംഭമേളകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ച മേള 1954ലായിരുന്നു. അതും പ്രയാഗ് രാജിൽ തന്നെ. അന്ന് സ്ഥലത്തിന്‍റെ പേര് അലഹാബാദ് എന്നായിരുന്നു എന്നൊരു വ്യത്യാസമുണ്ട്.
800 പേർക്കാണ് അന്ന് തിരക്കിൽ നിലത്ത് വീണ് ചവിട്ടേറ്റും, പുഴയിൽ മുങ്ങിയും ജീവൻ നഷ്ടമായത്. അതും ഒരു മൗനി അമാവാസ്യ ദിവസത്തെ മുഖ്യ സ്നാനത്തിനിടെയായിരുന്നു. ആകെ അമ്പത് ലക്ഷം പേരാണ് അന്ന് കുംഭമേളക്കെത്തിയത്.
അതേസമയം, അന്നത്തെ രാഷ്‌ട്രപതി രാജേന്ദ്ര പ്രസാദും പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും ഇതേ ദിവസം കുംഭമേള സന്ദർശിച്ചിരുന്നു എന്നും, നെഹ്റുവിനെ കാണാനുള്ള തിരക്കിൽപ്പെട്ടാണ് ആളുകൾ മരിച്ചതെന്നും ഈ സംഭവത്തിന്‍റെ സ്ഥിരീകരിക്കാത്ത മറ്റൊരു പതിപ്പും പ്രചാരത്തിലുണ്ട്.
ഒരു കോടി ആളുകൾ പങ്കെടുത്ത അന്നത്തെ ഹരിദ്വാർ കുംഭമേളയിൽ ഇരുനൂറ് പേർക്കാണ് ജീവൻ നഷ്ടമായത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കൾ സ്നാനം ചെയ്യാനിറങ്ങിയ സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ സാധാരണക്കാരെ തടഞ്ഞതാണ് തിരക്കിനു കാരണമായത്. കാത്തുനിന്ന് ക്ഷമ നശിച്ച ജനക്കൂട്ടം ബലമായി നദീതീരത്തേക്ക് കടക്കാൻ ശ്രമിച്ചത് അനിയന്ത്രിതമായ തിരക്കുണ്ടാക്കി.
12 കോടി ആളുകളാണ് അന്നത്തെ കുംഭമേളയിൽ പങ്കെടുത്തത്. അന്ന് അലഹാബാദായിരുന്ന ഇന്നത്തെ പ്രയാഗ് രാജിൽ, അനിയന്ത്രിതമായ തിരക്ക് കാരണം ദുരന്തമുണ്ടായത് നദീതീരത്തല്ല, റെയിൽവേ സ്റ്റേഷനിലായിരുന്നു.
സ്റ്റേഷനിൽ ഒരു നടപ്പാലം തകർന്നു വീണതിനെത്തുടർന്ന് പരിഭ്രാന്തരായ ആളുകൾ തിക്കും തിരക്കുമുണ്ടാക്കിയതു കാരണം 42 പേർ മരിച്ചു. മൗനി അമാവാസി ദിവസം തന്നെയുണ്ടായ ഈ അപകടത്തിൽ 45 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് മൂന്ന് കുംഭമേളകളിലെങ്കിലും തിക്കും തിരക്കും കാരണം വലിയ തോതിൽ സന്ദർശകർ മരിച്ചതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1820 (ഹരിദ്വാർ), 1840, 1906 (അലാഹാബാദ് - പ്രയാഗ് രാജ്) എന്നീ വർഷങ്ങളിലായിരുന്നു ഇത്.