
#ചേറൂക്കാരന്‍ ജോയി
ഹൈന്ദവ വര്‍ഷാഘോഷത്തിന്റെ തിരു ആണ്ടുതുറയാണ് ഹോളി. പഞ്ചാംഗ കലണ്ടര്‍ ഫല്ഗുന മാസം നിറപൗര്ണമി മുഹൂര്‍ത്തം. മാര്‍ച്ച് ഏഴിന് സന്ധ്യക്ക് ഹോളികയെ കത്തിച്ചുള്ള ആചാരാനുഷ്ഠാനങ്ങള്‍ യഥാവിധി അരങ്ങേറും. പിറ്റേന്ന് പുലര്‍ക്കാലെ ഹോളി തിമര്‍ത്തു കളിച്ചുല്ലസിക്കാന്‍ ആബാലവൃന്ദം ഒരിറക്കവും. ആണും പെണ്ണും നിറങ്ങളില്‍ കുളിച്ച് ആര്‍ത്തുല്ലസിക്കുക പതിവ്.
ഉത്തരേന്ത്യയില്‍ ഹോളി ഉത്സവത്തിമര്പ്പാണ്. പഞ്ചാബി, ഗുജറാത്തി, മാര്‍വാഡി സമൂഹം കൂടെ. മെട്രേൊ നഗരങ്ങളായ മുംബൈ, ഡല്‍ഹി പോലെയുള്ള ഇടങ്ങളിലെ നിവാസികള്‍ ജാതിഭേദമെന്ന്യെ ഹോളി കൊണ്ടാടുന്നതു തഴക്കമാക്കി. ആയതിനാല്‍ ബോളിവുഡ് സിനിമകളും ഹോളി തിമര്‍പ്പ് സുലഭമായി ആഘോഷിച്ചു. ചില മലയാള സിനിമകളും ഹോളിയെ പരിചയപ്പെടുത്തിത്തന്നു. മാലോകരെ ഹോളി കളിയില്‍ പങ്കാളികളാക്കാന്‍ കൊതിപ്പിച്ചു വിസ്മയിപ്പിച്ചു! അയല്‍രാജ്യമായ നേപ്പാളിലും ആഘോഷം തിരുതകൃതിയാണ്. ഇംഗ്ലണ്ട്, അമെരിക്ക, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ വിദേശ നാടുകളിലും ഹോളി വിശേഷാല്‍ നിറംനിറഞ്ഞ നാണം തീര്‍ക്കും.
മലയാളനാട്ടിലും ദേശീയ ഭാഷ ഹിന്ദിക്കു പ്രചാരമായി തുടങ്ങിയല്ലോ. തൊഴിലാളികളായി ബംഗാളി, ബിഹാറി, അസംകാരൊക്കെ കാലുറപ്പിച്ചു. വ്യാപാരികളായി ഗുജറാത്തി- മാര്വാഡിരെല്ലാം സംഘം ചേര്‍ന്ന് ആഘോഷിക്കുന്ന സുദിനമാണ് ഹോളി. ഇവരൊത്ത് സഹവസിക്കുന്ന കേരളീയരും ഹോളിക്കളി ഹരമാക്കി വരുന്നു. ഈയവസരത്തില്‍ ഹോളിയാഘോഷം എന്തെന്ന് അല്ലറചില്ലറ അറിഞ്ഞിരിക്കാം.
ഹോളി ഐതിഹ്യം
പണ്ടുപണ്ടൊരു കാലത്ത് ഹിരണ്യ കശ്യപു എന്ന ചക്രവര്‍ത്തി നാടുവാണിരുന്നു. പ്രജകളോട് തന്നെ ദൈവതുല്യം ആദരിക്കാന്‍ ഉത്തരവിട്ടിരുന്ന അദ്ദേഹത്തെക്കൊണ്ട് ജനം പൊറുതിമുട്ടി. നിഷേധിച്ചവരെ ദുഷ്ടന് ഉപദ്രവിച്ചു. എന്നിട്ടും ചൊല്‍പ്പടിക്കു വരാത്തവരെ നിഷ്ക്കരുണം വധിച്ചു. അറുകൊലകള്‍ കണ്ടും കേട്ടും ഹിരണ്യ കശ്യപുവിന്റെ മകന് പ്രഹ്ലാദന്റെ മനസിടിഞ്ഞു. അവന് നിരപരാധികള്‍ക്കു വേണ്ടി പിതാവിനു നേരേ തിരിഞ്ഞു. എന്നാല്‍ ചക്രവര്‍ത്തി സ്വപുത്രനായ പ്രഹ്ലാദനേയും വരച്ച വരയില്‍ നിര്‍ത്താന്‍ ശ്രമിച്ചു. ഫലിച്ചില്ല. ഒടുവില്‍ മകനേയും കൊന്നുകളയാന്‍ പരിപാടിയിട്ടു.
അതിനുപയോഗിച്ചതു സ്വന്തം സഹോദരിയായ ഹോളികയെ. ഒരഗ്നിയ്ക്കും കത്തിച്ചു ചാമ്പലാക്കാനാവാത്ത ദിവ്യവരം ലഭിച്ചവളാണു ഹോളിക! പ്രഹ്ലാദനെ ഹോളികക്കൊപ്പം തൂണില്‍ തളച്ചിട്ടു. തീ കൊളുത്തിയതും മകന് ചൂളയില്‍ കത്തി മരിക്കും എന്നായിരുന്നു ധാരണ. ഹോളിക രക്ഷപ്പെടുമെന്നും വിചാരിച്ചു. സംഭവിച്ചതു നേരെ മറിച്ചും. വരദോഷം വരുത്തിയ ഹോളിക കത്തി ഭസ്മമായി. അത്ഭുതകരമാം വിധം പ്രഹ്ളാദന് അഗ്നിദേവനില്‍ നിന്നു മുക്തി നേടി! നരസിംഹം ഇറങ്ങി വിറളിപിടിച്ച ചക്രവര്‍ത്തിയുടെ മാറുപിളർന്നു കൊന്നു. ഇതാണു ഹോളിയുടെ പ്രബലമായ സര്വപ്രചാരമാര്ന്ന ഐതിഹ്യം.
ഹോളികയെ കത്തിക്കല്‍
ഇതേ സ്മരണയുടെ അനുബന്ധമായി വീടുകളിലും കോളനികളിലും ഹോളിയുടെ തലേന്നു രാത്രി ഹോളികയെ കത്തിക്കുന്ന ചടങ്ങ് അരങ്ങേറും. വലിയ കുഴി കുഴിച്ച് അതിനുള്ളില്‍ ഒരു തൂണു നാട്ടും. പ്രഹ്ലാദനെ തളച്ചിടാന്‍. കൂടെ ഹോളികയുടെ വിശ്വരൂപവും പ്രതിഷ്ഠിക്കും. ശേഷം വിറകും വൈക്കോലും മറ്റു ചപ്പുചവറും കൊണ്ടു മൂടും. ഇതിനായി ഓരോ വീട്ടുകാരും തടിക്കഷണങ്ങള്‍ വര്‍ഷം മുഴുവന്‍ സൂക്ഷിച്ചു ശേഖരിച്ചു പോരുന്നതാണു അഭിലഷണീയമായ സമ്പ്രദായം.
കാഴ്ചയ്ക്ക് ആളെണ്ണം തികഞ്ഞാല്‍ കുഴിക്കുള്ളിലും ചുറ്റുവട്ടവും എണ്ണ പാറ്റും. കൂട്ടത്തിലെ തലമുതിര്‍ന്ന കാരണവര്‍ കൂനയ്ക്കു തീ ക്കൊളുത്തും. കത്തിയാളുന്ന തീവട്ടത്തിനു ചുറ്റും മങ്കമാരുടെ നാട്യപ്രകടനമുണ്ട്. അരുമ വളക്കൂട്ട കൈത്താളമിട്ട് ഇമ്പത്തില് ചുവടുവച്ചുള്ള വട്ടപ്പാല കുമ്മിയടി ചേല്. പുരാതന കാലത്തു പൂതനാരാഗ ഗാനമാലപിക്കുന്നത് ശുഭമായി വിശ്വസിച്ചിരുന്നു. ഇന്ന് അതിനു പകരം ഭജന മൂളിപ്പാട്ടു വടിവൊത്തു കേള്‍ക്കാം. തപ്പും തകരവുമാണു മേളം. നോമ്പുനോറ്റ വരമഞ്ഞളണിഞ്ഞ ചില മങ്കമാര്‍ കൈയില്‍ ലോട്ട വെള്ളം പാറ്റി കത്തുന്ന കുഴിക്കു ചുറ്റും അഗ്നിപ്രദക്ഷിണവും നടത്താറുണ്ട്. സന്താന സന്തുഷ്ടിക്കുള്ള ഈശ്വര വരപ്രസാദലബ്ധിയാണത്രേ ലക്ഷ്യം.
വിശ്വാസങ്ങളെന്തായാലും ആചാരങ്ങള്ക്കാരും മുടക്കു കല്പ്പിക്കാറില്ല. കനലോടു കനല് കത്തി ചാമ്പലായാല്‍ ഏറെ നീണ്ടുനില്‍ക്കാത്ത ആറാപ്പുവിളി തിമര്‍ക്കും. ഹോളീ രേ ഹോളീ..! ഭക്തര്‍ പിറ്റേന്നത്തെ ആഘോഷ കലപില ചര്‍ച്ചയുമായി പിരിയുകയായി.
ഹോളിക്കളിയുടെ ഗുട്ടന്‍സ്
കുബേരനും കുചേലനും തമ്മിലുള്ള ഒത്തൊരുമയാണ് ഹോളിയാഹ്ലാദത്തിലെ ഇതിവൃത്തം. ഹോളിക്ക് ഒരാഴ്ച മുമ്പേ പിള്ളേര് പടചട്ടവട്ടങ്ങള് തുടങ്ങും. കെട്ടിടങ്ങളില്‍ പതുങ്ങി ഒളിച്ചിരുന്നാണ് അക്രമണശൈലി കാട്ടുക. റോഡിലൂടെ പോകുന്ന വഴിപോക്കരായിരിക്കും ഇരകള്‍.
ബലൂണിലോ കൊച്ചു കവറുകളിലോ വെള്ളം നിറച്ചൊരേറ്. ഉന്നത്തില്‍ ചെന്നു പതിച്ചാല്‍ കാര്യം ബല ഭേഷ്! ദേഹത്തു പതിക്കുന്നവന്റെ മുഖഭാവമാണ് അന്നേരം കാണാന്‍ ബഹുരസം. ഉടുപടകള് ഈറനണിഞ്ഞ ചമ്മലൊതുക്കി ചുറ്റുവട്ടം ഒരു വെപ്രാള നോട്ടമുണ്ട്. ഒരീച്ചക്കുഞ്ഞിനെ കണ്‍വെട്ടത്തു കണി കാണാന്‍ കിട്ടില്ല. ഒന്നും ആരും കണ്ടില്ലെന്ന വൈക്ലബ്യം ഉളളിലൊതുക്കും. ഗമയില്‍ മുന്നോട്ടൊരു ചുവടുവച്ചാല്‍ ആറാപ്പുവിളി ആലഭാരമാകും. ഒളിഞ്ഞിരുന്ന് അക്രമിച്ചവര്‍ വെളിച്ചത്തുവരും. സുഹൃത്തിനെ സഹൃദയംവട്ടം കൂടി കീഴടക്കും. അതോടെ സെറ്റിൽ ഒരാളെണ്ണം കൂടിയാകും.
ആരുമീ ബാല ലീലയ്ക്ക് എതിരിടാന്‍ ചെല്ലില്ലെന്ന സവിശേഷതയാണു ഹോളിക്കളിയുടെ സന്മാര്ഗഹരം. ഹോളി കളിക്ക് ഇറങ്ങുന്നവര്‍ വെള്ളം ചീറ്റാന്‍ കരുതുന്ന കളിക്കോപ്പിന്റെ പേരാണു പിച്ച്ക്കാരി! കുട്ടിക്കുറുമ്പന്മാരുടെ കൈയില്‍ ഹോളി നാളുകളില്‍ കാണുന്ന വിചിത്ര ഇനം കുസൃതി ആയുധം.
ഹോളി കൊണ്ടാടുന്ന വിധം
ഹോളിയുടെ പരമപ്രധാന സന്ദേശം പരസ്പര സ്നേഹം പങ്കുവയ്ക്കലാണ്. അതിനിത്തിരി നിറങ്ങള്‍ ധാരാളം മതി മാലോകര്‍ക്ക്. വീടുവൃത്തിയാക്കിയിടേണ്ട ഗുലുമാലില്ല, തെല്ലും. പൊരിഞ്ഞ ഹോളി കളിച്ചു വൃത്തിക്കേടാക്കേണ്ട ഇടമാണു വീടും പരിസരവും. പുതുപുത്തന്‍ വസ്ത്രങ്ങളണിയേണ്ട മത്സരമില്ല. നിറങ്ങളിലും കലക്കുവെള്ളത്തിലും ആറാടുന്നതിലാണു ഹോളിയുടെ ഹരമാര്ന്ന പരമാനന്ദം. വീടുകളില്‍ അന്നേദിവസം സദ്യവട്ടങ്ങളും പതിവില്ല. ഭാംഗ് (ഹോളിക്കു വീടുവീടാന്തരം തയാറാക്കുന്ന ലഹരി പാനീയം) വയറുനിറച്ചു മോന്തും. ലഹരിക്കല്ല, മനംമറന്നു ഹോളി കളിക്കു ധൈര്യം കിട്ടാനുള്ള ചെപ്പടിവിദ്യ! ഉപകരണങ്ങള്‍ നിറങ്ങളും വെള്ളവും. വഴങ്ങാത്ത ഏതു കൊലകൊമ്പനും കൂട്ടത്തില്‍ കൂടുമന്ന്.
ആണും പെണ്ണും ആറാപ്പു വിളിച്ചു തുള്ളിച്ചാടി പുലര്‍കാലേ ഒരിറക്കമാണ്. സുഹൃത്തുക്കളെ ഇരകളാക്കാനാണ് സാര്‍വത്രീക കമ്പം. ചുരുക്കം ചിലര്‍ ശത്രുപാളയത്തിലും എത്തിപ്പെടും. പരമ്പരാഗതമായ കുടുംബ വഴക്കുകള്‍ ഹോളി കളിച്ചു തമ്മില്‍ തീര്‍ന്നിട്ടുണ്ട്. അക്രമാസക്തരാവില്ല ആരും. അതാണ് ഹോളികളിയുടെ അനുഗ്രഹം. ആണും പെണ്ണും കണ്ണുമയങ്ങി ചായംതേച്ചു പ്രണയിക്കാനുള്ള മുഹൂര്‍ത്തങ്ങളും നിരവധി സമാഗതമാകാറുണ്ട്.
ഹോളി കളി നല്ലൊരു മനോല്ലാസമായി കരുതുന്നതിനൊപ്പം കായിക വ്യായാമം കൂടിയേകുന്നു. വൈദ്യശാസ്ത്ര പ്രകാരം ഹൃദയ തന്തുലിത അസാരം ലഭ്യമാകും. പിന്നെയെന്തിന് പേക്കൂത്ത് നിറങ്ങളെ അറച്ച് മാറിനില്‍ക്കണം. വര്‍ണഭംഗിയാര്‍ന്ന ചേതോഹാരിതയില്‍ മുങ്ങിക്കുളിക്കാം. സ്നേഹോഷ്മളതയ്ക്കായി പരസ്പരം പല നിറവര്‍ണം പൂശി പരമാനന്ദ നിവൃതിയടയാം.
ഇനിയെന്തിന് അമാന്തിക്കണം? കാഴ്ചക്കാരാകേണ്ടാ. ചേതാരമില്ലാത്ത ഒരിറ്റു നിറഗുണങ്ങള് പാറ്റി സൗഹൃദ സാമ്രാജ്യം ഓരോരുത്തര്‍ക്കും ഇഷ്ടം പോലെ എണ്ണി വര്‍ധിപ്പിക്കാം. മഹോന്നത ഹോളി കളിച്ച മുദ്രകളണിയാം.