
അജീന പി എ
മനസില്‍ ആഴത്തില്‍ പതിഞ്ഞ യാത്രാമോഹത്തിലേക്കാണു ലൈവി വിനോദ് രാജന്‍ ഫസ്റ്റ് ഗിയറിട്ടത്. ആലുവയില്‍ നിന്ന് ആ യാത്ര തുടങ്ങുമ്പോള്‍, മനസില്‍ വിജയമെന്ന ലക്ഷ്യം മാത്രം. എതിരെ വരുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കാനുള്ള ഉള്‍ക്കരുത്തുണ്ടായിരുന്നു ഓരോ ചുവടിലും. ഒടുവില്‍ 44 ദിവസം നീണ്ട യാത്ര പൂര്‍ത്തിയാക്കി തിരികെയെത്തുമ്പോള്‍, കേരളത്തില്‍ നിന്ന് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനില്‍ കേരള ടു നോര്‍ത്ത് ഈസ്റ്റ് സര്‍ക്യൂട്ട് റൈഡ് പൂര്‍ത്തിയാക്കിയ ആദ്യ ലേഡി റൈഡര്‍ എന്ന വിശേഷണം ലൈവിയ്ക്കു സ്വന്തം. തളരാതെ പിന്നിട്ട വഴികളിലൂടെ നേരിട്ടറിഞ്ഞ അനുഭവങ്ങള്‍ ആലുവ സ്വദേശിനി ലൈവി മെട്രൊ വാര്‍ത്തയോട് പങ്കുവെയ്ക്കുന്നു.
നീയാണ് നിന്‍റെ ശരി
'എന്‍റെ മനസില്‍ ആഴമായി പതിഞ്ഞ ആഗ്രഹങ്ങളില്‍ ഒന്നാണീ യാത്ര. ഇന്‍സ്റ്റഗ്രാം വഴി കണ്ട ടിക് ലാന്‍റ് റൈഡേഴ്സ് എന്ന ടീമില്‍ ജോയിന്‍ ചെയ്താണ് യാത്ര ആരംഭിച്ചത്. എന്‍റെ സ്വപ്നസാക്ഷാത്കാരത്തിന്‍റെ ആദ്യപടി', ലൈവി പറയുന്നു. പ്രതിസന്ധികളെ അതിജീവിച്ചിറങ്ങിയ ലൈവി 44 ദിവസം കൊണ്ടു യാത്ര പൂര്‍ത്തിയാക്കി. ഈ യാത്ര തുടങ്ങുമ്പോള്‍, ബൈക്ക് ഓടിച്ച് വെറും ഏഴ് ദിവസത്തെ പരിചയമേ ഉണ്ടായിരുന്നുള്ളൂ. പിന്നിട്ട വഴികളെക്കാള്‍ ദുര്‍ഘടമല്ല മുന്നോട്ടുള്ള വഴി എന്ന തിരിച്ചറിവില്‍ നിന്നാണു നാലര വയസുള്ള കുഞ്ഞിന്‍റെ അമ്മയായ ലൈവി സാഹസികയാത്രക്ക് മുന്നിട്ടിറങ്ങിയത്. യാത്രയില്‍, ഓരോ സ്ഥലങ്ങളിലും ലഭിച്ച ആദരവും ബഹുമാനവും സ്വന്തം നാട്ടില്‍ നിന്ന് ലഭിച്ചിരുന്നെങ്കില്‍, അസാധ്യമായ പലതും സാധ്യമാക്കാനാകുമായിരുന്നെന്ന് ലൈവി ഉറപ്പിക്കുന്നു. അയേണ്‍ ലേഡി എന്നാണു കൊല്‍ക്കത്ത റൈഡേഴ്സ് ക്ലബ്ബ് ലൈവിക്കു നല്‍കിയ വിശേഷണം. സ്വപ്ന സാക്ഷാത്കാരത്തിന്‍റെ നിറവില്‍ എത്തിനില്‍ക്കുമ്പോള്‍ സിവില്‍ എന്‍ജിനിയറായ ലൈവിക്ക് പറയാനുള്ളത് ഇത്രമാത്രം, 'നീയാണ് നിന്‍റെ ശരി, ധൈര്യമായി മുന്നിട്ടിറങ്ങുക'.
പത്ത് സംസ്ഥാനങ്ങളിലൂടെ
ഒരു നാട്ടിന്‍പുറത്തുകാരിയില്‍ നിന്നും, തനിയെ സഞ്ചരിക്കാനും സംസാരിക്കാനും കരുത്തോടെ മുന്നോട്ട് നീങ്ങാനും പ്രാപ്തയാക്കിയത് സുഹൃത്തിന്‍റെ ഇടപെടലുകളാണ്. ആഗ്രഹങ്ങള്‍ സാധിച്ചെടുത്തതിന്‍റെ വൈകാരികത ലൈവിയുടെ വാക്കുകളില്‍ നിറയുന്നു. ആത്മവിശ്വാസത്തെ മാത്രം കൂടെക്കൂട്ടിയ യാത്ര ഏറെ സാഹസികത നിറഞ്ഞതായിരുന്നു. പ്രത്യാശയുടെയും പ്രതിരോധത്തിന്‍റെയും കഥകളാണ് ലൈവിക്ക് പങ്കുവെയ്ക്കാനുള്ളത്. യാത്ര വിജയകരമായി പൂര്‍ത്തീകരിച്ചെങ്കിലും ലക്ഷ്യംവെച്ച ദിവസത്തിനപ്പുറത്തേക്ക് കടന്നു പേയതിന്‍റെ നിരാശ വാക്കുകളിലുണ്ട്.
പത്തു സംസ്ഥാനങ്ങളിലൂടെ കടന്നു പോയി. പകല്‍ മാത്രമായിരുന്നു യാത്ര ചെയ്തിരുന്നത്. യാത്രയില്‍ അല്‍പ്പം ദുര്‍ഘടമായി തോന്നിയത് ഗുരുദോങ്മര്‍ലേക്കുള്ള പാത ആയിരുന്നു. മണിപ്പൂരിലേക്കു പോകുന്നവഴി സില്‍ച്ചറില്‍ എത്തിയപ്പോള്‍ രണ്ട് മൂന്ന് വട്ടം ടയര്‍ പഞ്ചറായതും മറക്കാന്‍ പറ്റാത്ത അനുഭവങ്ങളാണ്, ലൈവി പറഞ്ഞു.
വാക്കുകള്‍ക്കതീതം മേഘാലയ
അതിശയങ്ങള്‍ ഒളിച്ചിരിക്കുന്ന സുന്ദരഭൂമിയാണു മേഘാലയ, സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടം. ഒരിക്കല്‍കൂടി പോകാന്‍ ആഗ്രഹിക്കുന്നത് ഈ സ്വര്‍ഗഭൂമിയിലേക്കാണ്. വാക്കുകള്‍ക്ക് അതീതമാണ്, നേരിട്ട് തന്നെ കണ്ടറിയണമെന്ന് ലൈവി. വ്യത്യസ്തമായ ഗോത്രവിഭാഗങ്ങളെ കണ്ടു, അവരുമായി ആശയവിനിമയം നടത്തി. ആദ്യമായി ഗോത്രവിഭാഗത്തിലെ രാജാവിനെ കാണാനായതു മറക്കാത്ത അനുഭവമാണ്.
ഇന്ത്യ-മ്യാന്‍മര്‍ ഗോത്രവിഭാഗത്തെ നിയന്ത്രിക്കുന്ന കൊന്യാക് രാജാവിനെയാണ് നേരിട്ട് കണ്ടത്. അവരുമായുള്ള ഫോട്ടോയും താമസസ്ഥലത്ത് കൂട്ടിക്കൊണ്ട് പോയതും സത്കരിച്ചതുമെല്ലാം ഓര്‍മയില്‍ തെളിഞ്ഞു നില്‍ക്കുന്നു. ചൈന, മ്യാന്‍മര്‍, ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശങ്ങളിലൂടെ കടന്നു പോകാനും സാധിച്ചു.
സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ചവരറിയാന്‍
ആഗ്രഹങ്ങളെ നിരുത്സാഹപ്പെടുത്താന്‍ ഒരുപാട് ആളുകള്‍ ചുറ്റുമുണ്ടാവും. സഫലീകരിക്കാന്‍ സാധിക്കില്ലെന്നു കരുതി നാലു ചുവരുകള്‍ക്കുള്ളില്‍ ആഗ്രഹങ്ങളെ ഉപേക്ഷിച്ചവര്‍ക്കായി പറയുകയാണ്, 'പേടിച്ചിരിക്കാതെ ധൈര്യമായി ചുവടുവെയ്ക്കണം. നിങ്ങളുടെ ആഗ്രഹങ്ങള്‍ നിങ്ങളുടേത് മാത്രമാണ്. മറ്റുള്ളവര്‍ എന്ത് പറയും, എന്ത് വിചാരിക്കും, എന്ന് കരുതി പിന്‍മാറിയാല്‍ അവിടെ പൊലിയുന്നത് സ്വന്തം ആഗ്രഹങ്ങളാണ്, സ്വപ്നങ്ങളാണ്. ഈ റൈഡിങ്ങും നൈറ്റ് ലൈഫും പുരുഷസമൂഹത്തിന് മാത്രമുള്ളതല്ലന്നേ. പരിമിതികളെ ഭേദിച്ച് മുന്നിട്ടിറങ്ങണം.
ഒരു പക്ഷേ നമ്മുടെ കുടുംബമോ സുഹൃത്തുക്കളോ ആരുമുണ്ടായെന്ന് വരില്ല. നിനക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് പറയുന്നവര്‍ക്ക് മുമ്പില്‍ ചെയ്ത് കാണിക്കുക. അന്നുവരെ നിരുത്സാഹപ്പെടുത്തിയവര്‍ തന്നെ നമ്മളെ പ്രശംസിക്കുന്ന കാഴ്ച കാണാന്‍ സാധിക്കും. ഇന്ന് ഞാനിത് അനുഭവിച്ചറിയുന്നു. എന്‍റെ യാത്രകള്‍ അവസാനിപ്പിക്കാന്‍ തുടങ്ങിയതല്ല. ഇനിയും കുതിച്ചു പായാനുള്ളതാണ്. ഇന്ത്യ മുഴുവന്‍ യാത്ര ചെയ്യണം. ഒരുപാടു നാടുകളില്‍ എത്തണം. ലഡാക്കിനെ ലക്ഷ്യമാക്കിയുള്ള യാത്രയാണിനി. തടസങ്ങളുണ്ടാവാം ഭേദിച്ച് മുന്നോട്ട് കുതിക്കുക. നീയാണ് നിന്‍റെ ശരി.'