
വന്യമൃഗ ശല്യം ഗൗരവമായി തന്നെ കാണണം
MV Graphics
ഗ്രഹനില | ജ്യോത്സ്യൻ
നാട്ടിലിറങ്ങുന്ന കാട്ടു മൃഗങ്ങളെ വേട്ടയാടാനായി മലപ്പുറത്ത് വൈദ്യുതി ലൈനിൽ നിന്നൊരുക്കിയ പന്നിക്കെണിയിൽ അകപ്പെട്ട 15 വയസുള്ള വിദ്യാർഥി അനന്തുവിന്‍റെ മരണം എല്ലാവർക്കും ഒരു തീരാനോവായി മാറി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാൽ രാഷ്‌ട്രീയ കെണിയെന്ന് ഭരണപക്ഷവും സർക്കാരിന്‍റെ കെടുകാര്യസ്ഥതാ കെണിയെന്ന് പ്രതിപക്ഷവും വാദിച്ചു.
മലയോര മേഖലകളിൽ കാട്ടുമൃഗങ്ങളുടെ, പ്രത്യേകിച്ച് നല്ല രുചിയുള്ള കാട്ടുപന്നിയുടെ ഇറച്ചിക്കു വേണ്ടി ഇത്തരത്തിലുള്ള അപകട കെണികൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി വനത്തിൽ നിന്ന് ജനവാസ മേഖലയിലെത്തുന്ന വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുകയാണ്.
കേരളത്തിലെ 941 സ്വയംഭരണ സ്ഥാപനങ്ങളിൽ 273 എണ്ണവും വന്യമൃഗ ശല്യം നേരിടുന്ന ഹോട്ട് സ്പോട്ടുകൾ ഉള്ളവയാണ്. വന്യമൃഗ ആക്രമണത്തിൽ 2016-25 കാലയളവിൽ മാത്രം ആയിരത്തോളം മനുഷ്യജീവനുകൾ പൊലിയുകയും ഒൻപതിനായിരത്തിനടുത്ത് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കേന്ദ്ര സർക്കാർ നിയമങ്ങളാണ് വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നത്. ഈ നിയമങ്ങൾക്ക് കാലികമായ മാറ്റം വരുത്തേണ്ടതും കേന്ദ്ര സർക്കാരാണ്. പല കേന്ദ്ര നിയമങ്ങളും സംസ്ഥാനങ്ങളിൽ നടപ്പിലാക്കുമ്പോൾ അപ്രായോഗികമായി മാറുന്നു. ഒരു കാട്ടുപന്നി ജനവാസ മേഖലയിലേക്കിറങ്ങി കൃഷിസ്ഥലത്തും മനുഷ്യർക്കു നേരേയും അക്രമം നടത്തുമ്പോൾ ഗ്രാമസഭ കൂടി തീരുമാനിക്കണമെന്ന കേന്ദ്ര നിയമം പ്രായോഗികമല്ല. ആന, കരടി, പുലി, കടുവ തുടങ്ങിയ വന്യമൃഗങ്ങൾ മനുഷ്യനു ഭീഷണിയാകുമ്പോൾ കേന്ദ്ര നിയമം അക്ഷരം പ്രതി പാലിച്ച് സംസ്ഥാനം ആലോചിച്ച് നടപടിയെടുക്കുമ്പോഴേക്കും അവയെല്ലാം നാട്ടിൽ നാശം വിതച്ചും മനുഷ്യജീവനെടുത്തും കാടുകൾ പിന്നിട്ടിരിക്കും.
അതിനാൽ വന്യമൃഗങ്ങൾക്ക് വനത്തിൽ ജീവിക്കാനുള്ള സംവിധാനമാണ് ഉണ്ടാകേണ്ടത്. അവയ്ക്കാവശ്യമായ വെള്ളവും ഭക്ഷണവും വനത്തിലുണ്ടാവണം. ജനവാസ മേഖലയിലേക്ക് മൃഗങ്ങൾ കടന്നു വരാതിരിക്കാനുള്ള ആധുനിക സംവിധാനങ്ങൾ ഒരുക്കണം. ശാസ്ത്രീയ പഠനത്തിനു ശേഷം ഭക്ഷ്യയോഗ്യമായ വന്യമൃഗങ്ങളെ പിടികൂടി കൊന്ന് മനുഷ്യന്‍റെ വിശപ്പകറ്റാനും അല്ലാത്തവയെ ശാസ്ത്രീയമായി നിയന്ത്രിക്കാനും സാധിക്കണം. കേരളത്തിൽ ഇന്നുള്ള പ്രത്യേക സാഹചര്യങ്ങൾ പരിശോധിച്ച് മനുഷ്യനെയും മൃഗങ്ങളെയും സംരക്ഷിക്കുന്നതിന് ഉചിതമായ തീരുമാനങ്ങൾ സമയബന്ധിതമായി എടുക്കണം. ഇക്കാര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളും പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളും ഒരുമിച്ചു പ്രവർത്തിക്കണം.
അന്ധമായ പരിസ്ഥിതി പ്രേമവും പരിസ്ഥിതിവാദവും കാട്ടുമൃഗ സ്നേഹവും അപകടമാണ്. എന്നാൽ മറുവശത്ത് അനിയന്ത്രിതമായി പ്രകൃതിയെ ഉപദ്രവിക്കുന്നതു മനുഷ്യനു തന്നെ അപകടമായി മാറുന്നതും നാം കാണുന്നു. അനന്തുവിന്‍റെ വേർപാട് രാഷ്‌ട്രീയത്തിനതീതമായി കണ്ടുകൊണ്ട് ഇത്തരം ദുരന്തങ്ങൾ ഇനിയും ആവർത്തിക്കില്ലെന്ന ദൃഢനിശ്ചയത്തോടെ സർക്കാരും രാഷ്‌ട്രീയ പാർട്ടികളും പൊതുസമൂഹവും മാറണമെന്നാണ് ജോത്സ്യന്‍റെ അഭിപ്രായം.