

രാഷ്‌ട്രീയ പക്വത നഷ്ടമാകുന്ന പുതുതലമുറ
ജ്യോത്സ്യൻ|ഗ്രഹനില
ഇക്കാലമത്രയും രാഷ്‌ട്രീയ പ്രവർത്തനം ജനപിന്തുണയുടെയും ജനകീയ ബന്ധങ്ങളുടെയും സംഘടനയുടെ ആദർശ- താത്വിക കാഴ്ചപ്പാടുകളുടെയും സമഗ്രമായ ഒരു കൂട്ടായ്മയായിരുന്നു. രാഷ്‌ട്രീയ പ്രവർത്തകരുടെ സത്യസന്ധതയും ആത്മാർഥതയും സഹപ്രവർത്തകരോടുള്ള സാഹോദര്യബോധവും അതിന്‍റെ അടിസ്ഥാന മൂല്യങ്ങളായി കണക്കാക്കപ്പെട്ടു. പണവും അധികാരവും ലക്ഷ്യമാക്കുന്നതിനേക്കാൾ സാമൂഹ്യ സേവനമായിരുന്നു രാഷ്‌ട്രീയത്തിന്‍റെ മുഖമുദ്ര.
ജനനം, മരണം, വിവാഹം, പെരുന്നാളുകൾ, ഉത്സവങ്ങൾ തുടങ്ങി ജനങ്ങളുടെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും പങ്കുചേരുകയും അവരോടൊപ്പം നിൽക്കുകയും ചെയ്യുന്നതായിരുന്നു രാഷ്‌ട്രീയ പ്രവർത്തകരുടെ ശൈലി. ചെറിയൊരു ആരോപണത്തിന്‍റെ നിഴൽ പോലും വീഴാതിരിക്കാൻ അവർ പരമാവധി ശ്രദ്ധിച്ചിരുന്നു.
കേരളത്തിന്‍റെ രാഷ്‌ട്രീയ ചരിത്രം പരിശോധിച്ചാൽ, മുൻകാല ജനനേതാക്കൾ പൊതുവേ സത്യസന്ധരും സാമൂഹിക പ്രതിബദ്ധതയുള്ളവരുമായിരുന്നു എന്ന് വ്യക്തമായി കാണാം. പട്ടം താണുപിള്ളയും ആർ. ശങ്കറും മുതൽ കെ. കരുണാകരൻ, എ.കെ. ആന്‍റണി, ഉമ്മൻ ചാണ്ടി വരെയുള്ള നേതാക്കളുടെ ജീവിതം രാഷ്‌ട്രീയ സത്യസന്ധതയുടെ ഉദാഹരണങ്ങളായിരുന്നു. തെരഞ്ഞെടുപ്പു ചെലവുകൾ കഴിഞ്ഞ് ബാക്കി വന്ന തുക കെപിസിസിക്കു കൈമാറിയ എറണാകുളത്തുകാരുടെ എ.എൽ. ജേക്കബ് ചേട്ടൻ പോലുള്ള നേതാക്കളും, വിവാഹ സമയത്ത് നൽകാൻ കഴിയാതിരുന്ന പള്ളിയുടെ പതാരം പിന്നീട് സ്പീക്കറായിരിക്കുമ്പോൾ കിട്ടിയ ശമ്പളത്തിൽ നിന്ന് നൽകി ആ വലിയ ഉത്തരവാദിത്വം നിറവേറ്റിയ അലക്സാണ്ടർ പറമ്പിത്തറ പോലുള്ള വ്യക്തികളും രാഷ്‌ട്രീയ ആത്മാർഥതയുടെ പ്രതീകങ്ങളാണ്.
ഒരു സ്ത്രീയെ കാറിൽ കയറ്റിക്കൊണ്ടുപോയെന്ന ആരോപണത്തിന്‍റെ പേരിൽ പോലും മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന രാഷ്‌ട്രീയ സംസ്കാരവും കേരളം കണ്ടിട്ടുണ്ട്. ""ഇമ്പിച്ചി ബാവ കട്ടുമുടിച്ചാൽ ടി.ഒ. ബാവ കണ്ടുപിടിക്കും'' എന്ന മുദ്രാവാക്യം അന്നത്തെ രാഷ്‌ട്രീയത്തിലെ ജാഗ്രതയുടെയും ഉത്തരവാദിത്ത ബോധത്തിന്‍റെയും അടയാളമായിരുന്നു. ആ പാരമ്പര്യം ദീർഘകാലം പിന്തുടർന്ന ഒരാളെന്ന നിലയിൽ പുതിയ തലമുറയുടെ രാഷ്‌ട്രീയ പ്രവർത്തനശൈലികൾ അംഗീകരിക്കാൻ ജോത്സ്യന് പ്രയാസമുണ്ട്.
പുതിയ തലമുറയ്ക്ക് അറിവും കഴിവുകളും ചിന്താശേഷിയും ധാരാളമുണ്ട്. എന്നാൽ എങ്ങനെയെങ്കിലും അധികാരത്തിലെത്തണം എന്ന ആഗ്രഹം പലരെയും നയിക്കുന്നതായി തോന്നുന്നു. ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കുന്നതിനു പകരം സാമൂഹിക മാധ്യമങ്ങളിലൂടെയും നിർമിത ബുദ്ധിയിലൂടെയും രാഷ്‌ട്രീയ ഉയർച്ച നേടാനാണ് ശ്രമം. സമരങ്ങളിലൂടെ പോലീസുമായി ഏറ്റുമുട്ടി മാധ്യമശ്രദ്ധ നേടുന്നതും പിആർ ഏജൻസികളെ ഉപയോഗിച്ച് വ്യക്തിപ്രചാരം നടത്തുന്നതും ഇന്നത്തെ രാഷ്‌ട്രീയത്തിന്‍റെ ഭാഗമായിരിക്കുന്നു.
ജനങ്ങളോടൊപ്പം നിന്ന് വിയർപ്പൊഴുക്കി നാടിന്‍റെ വളർച്ചയ്ക്കായി പ്രവർത്തിക്കുന്നതിനേക്കാൾ, ഏതു വിധേനയും സ്വാധീനവും സാമ്പത്തിക നേട്ടവും സമ്പാദിക്കാനാണ് ചിലർ ശ്രമിക്കുന്നത്. കാപട്യത്തിന്‍റെ മുഖംമൂടി ധരിച്ച രാഷ്‌ട്രീയ പ്രവർത്തനം സമൂഹത്തിനു മുന്നിൽ ഒരു പുതിയ വെല്ലുവിളിയായി മാറുകയാണ്.
പതിവിനു വിരുദ്ധമായി 10 വർഷം തുടർച്ചയായി ഭരണം നടത്തിയ ഇടതു മുന്നണിക്കെതിരേ സ്വാഭാവികമായ ജനവിരോധം രൂപപ്പെട്ടു. കേരളത്തിൽ നടപ്പാക്കിയ വികസന പദ്ധതികളും സാമൂഹിക ഇടപെടലുകളും നല്ല രീതിയിലായിരുന്നെങ്കിലും, അവസാന 5 വർഷത്തിനിടെ ഉണ്ടായ ചെറുതും വലുതുമായ നെഗറ്റീവ് സംഭവങ്ങൾ പ്രതിപക്ഷം പിആർ പ്രവർത്തനങ്ങളിലൂടെ ശക്തമായി ജനങ്ങളിലെത്തിച്ചു. ശബരിമല വിഷയവും അതിന് കൂടുതൽ ആക്കം കൂട്ടി. മുഖ്യമന്ത്രിയുടെ ""വീട്ടിൽ പോയി ചോദിക്ക് '' എന്നതു പോലെയുള്ള കമന്‍റുകൾ ജനരോഷം ആളിക്കത്തിച്ചു.
പ്രതീക്ഷിച്ചതിലും വലിയ ഭൂരിപക്ഷത്തോടെ ഐക്യജനാധിപത്യ മുന്നണി അധികാരത്തിലെത്തി. കോൺഗ്രസിന് 63 സീറ്റുകളും യുഡിഎഫിന് ആകെ 102 സീറ്റുകളും ലഭിച്ചു. വലിയ നേട്ടം. എന്നാൽ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനം ചുറ്റിപ്പറ്റിയുള്ള ചർച്ചകളും ഗ്രൂപ്പ് രാഷ്‌ട്രീയവും കൊടുങ്കാറ്റായി. 5 വർഷക്കാലം പ്രതിപക്ഷത്തെ നയിച്ച നേതാവിനെപ്പോലും തള്ളിപ്പറയുന്ന അവസ്ഥ രൂപപ്പെട്ടു.
ഒരു മേശയ്ക്കു ചുറ്റുമിരുന്നു ചർച്ച ചെയ്ത് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീരുമാനിക്കേണ്ട രാഷ്‌ട്രീയ പക്വതയ്ക്കു പകരം, ജാഥകളും ഫ്ലക്സുകളും പ്രചാരണ യുദ്ധങ്ങളും തെരുവുകളിലേക്കെത്തി. ഒരുകാലത്ത് എതിർപക്ഷത്തിനെതിരേ ഉയർത്തിയ ആരോപണങ്ങൾ ഇന്ന് അതേപടി തിരിച്ചെത്തുന്ന അവസ്ഥയായെന്ന് ജനങ്ങൾ മനസിലാക്കി.
""ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ'' എന്ന പഴമൊഴി പോലെ, പിആർ രാഷ്‌ട്രീയത്തിലൂടെ ഉയർന്നുവന്നവർ ഇന്ന് അതേ പിആർ രാഷ്‌ട്രീയത്തിലൂടെ ഏറ്റുമുട്ടി കുടുങ്ങുകയാണ്. ഈ സാഹചര്യത്തിൽ ജോത്സ്യന്‍റെ മനസിൽ നിറയുന്നത് ബൈബിളിലെ യേശു ക്രിസ്തുവിന്‍റെ വാചകമാണ്- ""വാളെടുക്കുന്നവൻ വാളാൽ നശിക്കും''.