

മരണം വരുമൊരു നാള്‍, ഓര്‍ക്കുക മർത്യാ നീ...
വിജയ് ചൗക്ക്|സുധീര്‍ നാഥ്
""മരണം വരുമൊരുനാള്‍
ഓര്‍ക്കുക മര്‍ത്ത്യാ നീ
കൂടെപ്പോരും നിന്‍
ജീവിത ചെയ്തികളും.
സൽകൃത്യങ്ങള്‍ ചെയ്യുക നീ
അലസത കൂടാതെ...''
ക്രിസ്ത്യാനികളിലെ ചില വിഭാഗങ്ങള്‍ മരണപ്പെട്ടവരുടെ അന്ത്യകര്‍മങ്ങള്‍ നടക്കുന്ന സമയത്ത് പാടുന്ന പാട്ടാണ്. കലാഭവന്‍ എന്നു കേട്ടാല്‍ മിമിക്രിയാണ് മനസില്‍ ഓടിയെത്തുക. എന്നാൽ കലാഭവനെ നയിച്ച ഫാ. ആബേൽ ചിട്ടപ്പെടുത്തിയ ഈ ഗാനം ചിരിയല്ല ഉണ്ടാക്കുക. മനുഷ്യാ നീ മണ്ണാണെന്നും മണ്ണിലേക്കു തന്നെ മടങ്ങുക എന്നും ഓന്നോര്‍പ്പിച്ചു കൊണ്ടാണ് ഈ പാട്ട് അവസാനിക്കുന്നത്. മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നവരോട് നല്ല ജീവിതത്തിലേക്കുള്ള ഒരോര്‍മപ്പെടുത്തല്‍ കൂടിയാണ് ആബേലച്ചന്‍റെ ഈ ഗാനം. മരണം സുനിശ്ചിതമാണെന്ന സത്യം ഓര്‍മിപ്പിക്കുന്ന ഈ വരികളും ഈ പാട്ടിലുണ്ട്. ഓരോ നിമിഷവും അർഥപൂർണമാക്കാനും സ്നേഹത്തിലും സമാധാനത്തിലും നിലകൊള്ളാനും ഈ ചിന്ത മനുഷ്യനെ സഹായിക്കുന്നു.
വര്‍ഷങ്ങളായി ഈ ഗാനം പലപ്പോഴായി പലയിടങ്ങളില്‍ നമ്മളെല്ലാം കേട്ടിട്ടുണ്ട്. ഈ ഗാനത്തിന്‍റെ വരികളില്‍ അടങ്ങിയിരിക്കുന്ന അർഥങ്ങള്‍ ഏറെ ചിന്തിപ്പിക്കും. മരണത്തെക്കുറിച്ചുള്ള ഒരു അവലോകനം തന്നെയാണ് ഈ ഗാനം. അതുകൊണ്ടുതന്നെ ഈ കാലത്തിൽ പ്രസക്തി ഏറെ വലുതുമാണ്. സാങ്കേതികവിദ്യ വളര്‍ന്നാലും, ലോകത്ത് എന്തെല്ലാം മാറ്റങ്ങള്‍ വന്നാലും ഈ ഗാനത്തിലെ ആശയങ്ങള്‍ക്ക് ഒരിക്കലും മരണം ഉണ്ടാകില്ല.
ജനിച്ചെങ്കില്‍ മരണവും ഉറപ്പായും സംഭവിക്കും, സംശയമില്ല. ചിരഞ്ജീവി എന്നതു സങ്കല്‍പ്പം മാത്രമാണ്. അത് ഇന്നുവരെ കണ്ടെത്തിയിട്ടില്ല. മരണമെന്താണ് എന്നറിയുമ്പോഴേ ജീവിതം എന്താണെന്ന് മനസിലാക്കാനാവൂ. ജീവിതം വേണ്ടവിധം കൈകാര്യം ചെയ്യുന്നതിന് മരണത്തെക്കുറിച്ചും സാമാന്യ ധാരണ ഉണ്ടായിരിക്കണം. കാരണം ജീവിതവും, മരണവും രണ്ടല്ല, ഒന്നാണ് - ശ്വാസോച്ഛ്വാസങ്ങള്‍ പോലെ ഒന്നില്‍ നിന്നും മറ്റേതിനെ ഇഴ പിരിച്ചെടുക്കാനാവില്ല. ജീവിതത്തിന് പല മാനങ്ങളുണ്ട് - ജനനം, ശൈശവം, ബാല്യം, യൗവനം, വാർധക്യം. സ്നേഹവും സന്തോഷവും കാരുണ്യവും, അതു പോലെ, ദുഃഖവും ചവര്‍പ്പും വേദനയും മറ്റും മറ്റും ജീവിതത്തിലൂടെ കടന്നുപോകുന്ന വ്യത്യസ്ത അവസ്ഥകളാണ്.
എന്താണ് ജീവിതം, എന്താണ് മരണം? ഇവ എന്തെന്നറിയാനായി പഠനങ്ങളും പരീക്ഷണങ്ങളും എക്കാലത്തും നടന്നിട്ടുണ്ട്. ഇതെക്കുറിച്ച് പല വ്യാഖ്യാനങ്ങളും വായിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ വ്യക്തമായ ഉത്തരമില്ലാതെ ഇന്നും പഠനം തുടരുന്നു. ലഭ്യമായ ഉത്തരങ്ങൾക്കു മീതെ വീണ്ടും ചോദ്യങ്ങളുയരുന്നു. മരണാനന്തരം എന്തു സംഭവിക്കുന്നു എന്ന ചോദ്യമാണ് വ്യാപകം.
മരണാനന്തര ജീവിതത്തെക്കുറിച്ച് പലരും വ്യാഖ്യാനിച്ചിട്ടുണ്ട്. മനുഷ്യന്‍റെ താത്പര്യത്തെ, അല്ലെങ്കില്‍ ജിജ്ഞാസയെ മുതലെടുത്ത് മരണാനന്തര ജീവിതം വിഷയമാക്കി മനുഷ്യരെ ചൂഷണം ചെയ്യുന്നവരും സമൂഹത്തിലുണ്ട്. മരണാനന്തര ജീവിതം എന്നത് മരണാനന്തര അസ്തിത്വത്തെക്കുറിച്ചുള്ള ഒരു ഊഹാപോഹമാണ്. അതില്‍ ഒരു വ്യക്തിയുടെ ബോധത്തിന്‍റെയോ സ്വത്വത്തിന്‍റെയോ അവശ്യ ഭാഗം അവരുടെ ഭൗതിക ശരീരത്തിന്‍റെ മരണശേഷവും നിലനില്‍ക്കുന്നു. ചില വീക്ഷണങ്ങളില്‍, ഈ തുടര്‍ച്ചയായ അസ്തിത്വം ഒരു അമാനുഷിക മണ്ഡലത്തിലാണ് നടക്കുന്നത്.
മറ്റു ചിലതില്‍, വ്യക്തി ഈ ലോകത്തിലേക്ക് പുനര്‍ജനിക്കുകയും പുനര്‍ജന്മം എന്നറിയപ്പെടുന്ന ഒരു പ്രക്രിയയിലൂടെ ജീവിതചക്രം വീണ്ടും ആരംഭിക്കുകയും ചെയ്യാം. ഒരുപക്ഷേ അവര്‍ മുന്‍കാലങ്ങളില്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് ഓര്‍മയുണ്ടാകില്ല. ഈ രണ്ടാമത്തെ വീക്ഷണത്തില്‍, വ്യക്തി ഒരു ആത്മീയ മണ്ഡലത്തിലേക്കോ മറ്റൊരു ലോകത്തിലേക്കോ പ്രവേശനം നേടുന്നതുവരെ അത്തരം പുനര്‍ജന്മങ്ങളും മരണങ്ങളും തുടര്‍ച്ചയായി വീണ്ടും വീണ്ടും സംഭവിച്ചേക്കാം. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പ്രധാന വീക്ഷണങ്ങള്‍ മതം, നിഗൂഢത, തത്ത്വമീമാംസ എന്നിവയില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്.
ദൈവവിശ്വാസികളായവര്‍ പൊതുവേ വിശ്വസിക്കുന്നത് ഒരു മരണാനന്തര ജീവിതം കാത്തിരിക്കുമെന്നാണ്. അത് വിശ്വാസമാണ്. അത് അവരുടെ സ്വയം ആശ്വാസമാണ്. ദൈവവിശ്വാസമില്ലാത്തവര്‍ മരണാനന്തര ജീവിതത്തിലും വിശ്വസിക്കുന്നില്ല. പുനര്‍ജന്മം എന്നത് ഒരു ജീവിയുടെ ഒരു ഘടകം ഓരോ മരണത്തിനു ശേഷവും വ്യത്യസ്തമായ ഒരു ഭൗതിക ശരീരത്തിലോ രൂപത്തിലോ ഒരു പുതിയ ജീവിതം ആരംഭിക്കുന്നു എന്ന ദാര്‍ശനികമോ മതപരമോ ആയ അനുമാനമാണ്.
സ്വര്‍ഗത്തെ പലപ്പോഴും "ഉയര്‍ന്ന സ്ഥലം' എന്നാണ് കരുതിപ്പോരുന്നത്. ഏറ്റവും വിശുദ്ധമായ സ്ഥലം, പറുദീസ എന്നിങ്ങനെയാണ് സ്വര്‍ഗത്തെ വിശേഷിപ്പിക്കാറുള്ളത്. നരകത്തെ പാതാളം അല്ലെങ്കില്‍ "താഴ്ന്ന സ്ഥലങ്ങള്‍' എന്ന നിലയിലും വിശേഷിപ്പിക്കാറുണ്ട്. മരണാനന്തര ആത്മാക്കള്‍ക്കുള്ള ശിക്ഷാ സ്ഥലമോ അവസ്ഥയോ ആണ് നരകം എന്നാണ് സങ്കല്‍പ്പം.
നമ്മള്‍ ഉറങ്ങാന്‍ കിടന്നാല്‍ എന്ത് സംഭവിക്കുന്നു എന്നുള്ളത് നമ്മള്‍ അറിയുന്നില്ല. അതല്ലേ മരണം. സ്വപ്നങ്ങള്‍ ഇല്ലാത്ത ഒരു ലോകത്താണ് ഓരോ മനുഷ്യ ശരീരവും മരണാനന്തരം എത്തിപ്പെടുന്നത്. ശ്വസിക്കുന്നതും ദഹിക്കുന്നതും ഒരു യാന്ത്രിക പ്രക്രിയയാണ്. മരണത്തോടെ അത് അവസാനിക്കുന്നു എന്നുള്ളടത്ത് എല്ലാം നിശ്ചലമാകും. അതല്ലേ മരണം!
നന്മ ചെയ്യുന്നവർ മരണാനന്തരം സ്വര്‍ഗലോകത്ത് എത്തപ്പെടുമെന്നോ, മോക്ഷം കിട്ടാത്തവർ പുനർജനിക്കുമെന്നോ ഹിന്ദുക്കൾ വിശ്വസിക്കുന്നു. മറ്റു മതങ്ങളിലുള്ളവരും മരണാനന്തരം സ്വര്‍ഗലോകത്തോ നരകത്തിലോ എത്തപ്പെടുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. എല്ലാ മതങ്ങളുടേയും മരണാനന്തര പ്രാർഥനകള്‍ വിശകലനം ചെയ്താല്‍ അത് മനസിലാകും. മരിച്ചവരുടെ ശരീരം ദഹിപ്പിക്കാതെ കല്ലറകളിൽ അടക്കുകയോ കുഴിച്ചിടുകയോ ചെയ്യുന്ന വിശ്വാസക്കാർ പുനർജനനം പ്രതീക്ഷിക്കുന്നവരാണ്.
മരണാനന്തര ജീവിതം ഉണ്ടെന്ന് പുരാതന ഈജിപ്ഷ്യന്‍ മതത്തില്‍ വലിയ വിശ്വസമുണ്ട്. വിശ്വാസ സമ്പ്രദായം രേഖപ്പെടുത്തിയ ചരിത്രത്തില്‍ അറിയപ്പെടുന്ന ആദ്യ കാലങ്ങളില്‍ ഒന്നാണ് ഈജിപ്ഷ്യന്‍ മതങ്ങളുടെ വിശ്വസം. ശരീരം മരിക്കുമ്പോള്‍ ആത്മാവിന്‍റെ ഭാഗങ്ങള്‍ ക (ശരീര ഇരട്ടി) എന്നും ബാ (വ്യക്തിത്വം) എന്നും അറിയപ്പെടുന്നു. "മരിച്ചവരുടെ രാജ്യം' എന്നറിയപ്പെടുന്ന മരണാനന്തര ജീവിതത്തിലേക്ക് പോകും.
അതിനാൽ ഈജിപ്തുകാര്‍ മമ്മി ചെയ്ത് സങ്കീർണമായ ചിഹ്നങ്ങളും രൂപകല്‍പ്പനകളും ചിത്രങ്ങളും ചിത്രലിപികളും കൊണ്ട് കൊത്തിയെടുത്ത പുരാതന ഈജിപ്ഷ്യന്‍ "ശവപ്പെട്ടിയില്‍' മരണപ്പെട്ടവരുടെ ശരീരം സൂക്ഷിക്കുന്നത് മരണാനന്തര ജീവിതം നേടാനുള്ള മാര്‍ഗമായാണ്. അവ പിരമിഡുകളായി പണിതു വയ്ക്കുകയും ചെയ്തു.
മരണശേഷം ആത്മാക്കള്‍ വസിക്കുന്ന ഒരു സ്ഥലമായ അധോലോകത്തിന്‍റെ രാജാവ് എന്നാണ് ഗ്രീക്ക് ദേവനായ ഹേഡീസ് ഗ്രീക്ക് പുരാണങ്ങളില്‍ അറിയപ്പെടുന്നത്. ദൈവങ്ങളുടെ ദൂതനായ ഗ്രീക്ക് ദേവനായ ഹെര്‍മിസ് ഒരു വ്യക്തിയുടെ ആത്മാവിനെ അധോലോകത്തിലേക്ക് കൊണ്ടുപോകും. അതിനെ എലീസിയം, ടാര്‍ട്ടറസ് അല്ലെങ്കില്‍ ആസ്ഫോഡെല്‍ ഫീല്‍ഡുകളിലേക്ക് അയയ്ക്കും.
നല്ല ജീവിതം നയിക്കുന്നവര്‍ക്കുള്ളതാണ് എലീസിയന്‍ ഫീല്‍ഡുകള്‍. അതില്‍ പച്ചപ്പാടങ്ങള്‍, താഴ്വരകള്‍, പര്‍വതങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. അവിടെ എല്ലാവരും സമാധാനപരവും സംതൃപ്തരുമായിരുന്നു. സൂര്യന്‍ എപ്പോഴും അവിടെ പ്രകാശിച്ചു. അതിനെ സ്വര്‍ഗരാജ്യം എന്നാണ് പറയുന്നത്. ദൈവങ്ങളെ നിന്ദിക്കുന്നവര്‍ക്കും ദുഷ്ടർക്കുമുള്ളതാണ് ടാര്‍ട്ടറസ്. അവിടെ ആത്മാവിനെ ലാവയില്‍ കത്തിച്ചുകളയുകയോ റാക്കുകളില്‍ നീട്ടുകയോ ചെയ്തു ശിക്ഷിക്കും. അതിനെ നരകമെന്നാണ് വിശേഷിപ്പിക്കുന്നത്. നന്മയ്ക്ക് തുല്യമായ പാപങ്ങള്‍ ചെയ്തവര്‍, ജീവിതത്തില്‍ അനിശ്ചിതത്വം കാണിച്ചവര്‍, വിധിക്കപ്പെടാത്തവര്‍ എന്നിവരുള്‍പ്പെടെ വൈവിധ്യമാര്‍ന്ന മനുഷ്യാത്മാക്കള്‍ക്കാണ് ആസ്ഫോഡെല്‍ ഫീല്‍ഡുകള്‍.
ലോകത്ത് എല്ലാ ഭാഗങ്ങളിലും ഇത്തരത്തില്‍ വൈവിധ്യങ്ങളായ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നു. മരണാനന്തര ജീവിതത്തെ കുറിച്ചുള്ള എല്ലാ ജനവിഭാഗങ്ങളുടെയും വിശ്വാസം അവരവരുടെ ആശ്വാസമായി മാത്രം കണ്ടാൽ മതി. ജനിച്ചാല്‍ മരിക്കും എന്ന യാഥാർഥ്യം ഓരോരുത്തരും തിരിച്ചറിഞ്ഞാല്‍ ഭൂമിയില്‍ സമാധാനം ഉണ്ടാകും. ഇന്നല്ലെങ്കില്‍ നാളെ മരണമെത്തും എന്ന ചിന്തയില്ലാത്തതാണ് പലപ്പോഴും ആക്രമങ്ങള്‍ക്കും കൊലകൾക്കും യുദ്ധങ്ങൾക്കുമൊക്കെ കാരണമാകുന്നത്. സമാധാനം നഷ്ടപ്പെടുന്നതും അവിടെയാണ്.
ഇനി, ലഭ്യമായ ജീവിത ദൈര്‍ഘ്യം പൂര്‍ത്തിയാക്കാതെ സ്വയം മരണത്തിന് കീഴടങ്ങുന്നവര്‍ ഭീരുക്കളാണ് എന്നു വേണം കരുതുവാന്‍. ആത്മഹത്യ ഒളിച്ചോട്ടമാണ്. ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികമാണ് എന്ന തിരിച്ചറിവ് ഓരോ മനുഷ്യനുമുണ്ടെങ്കില്‍ ആത്മഹത്യയും ഈ ഭൂമിയില്‍ ഉണ്ടാകില്ല. ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അവസാനിച്ചെന്ന് തോന്നുമ്പോള്‍ കണ്ടെത്തുന്ന മാര്‍ഗമാണ് ആത്മഹത്യ. ജീവിത വിജയം വരാനിരിക്കുന്നു എന്ന പ്രതീക്ഷ എല്ലാവരിലും ഉണ്ടാക്കിയെടുക്കണം. മനസു തുറന്ന് മറ്റൊരാളോട് ആശങ്കകള്‍ സംസാരിക്കണം. അത് ബന്ധുവാകാം, സുഹൃത്താകാം, ഏറ്റവും അടുപ്പമുള്ള മറ്റാരെങ്കിലുമാകാം. മനസിലെ ഭാരം അങ്ങിനെ ഇല്ലാതാക്കാം എന്ന് ഓരോരുത്തരും തിരിച്ചറിയണം.
ആബേലച്ചന്‍റെ ഗാനം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാം....
""മരണം വരുമൊരുനാള്‍
ഓര്‍ക്കുക മര്‍ത്ത്യാ നീ
കൂടെപ്പോരും നിന്‍
ജീവിത ചെയ്തികളും.
സൽകൃത്യങ്ങള്‍ ചെയ്യുക നീ
അലസത കൂടാതെ...''