

ഭാവിയും തൊഴിലുകളും
ധന്യ പി. കൊടിയൻ, കാക്കനാട്
ഭാവിയിൽ, ഒരു വീടും വൈദ്യുതി കണക്‌ഷനും ഉള്ളവർക്ക് സൗജന്യ ഇന്‍റർനെറ്റും വൈദ്യുതിയും ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് എങ്ങനെ സാധ്യമാകും എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. പ്രശസ്ത സംരംഭകനും ടെസ്‌ലയുടെ ഉടമയുമായ ഇലോൺ മസ്‌ക് പറഞ്ഞിട്ടുണ്ട്: "ഭാവിയിൽ ജോലി ഒരു ഓപ്ഷണൽ കാര്യമായിരിക്കും'.
100 വർഷങ്ങൾക്കു മുമ്പ് നമ്മൾ കാർഷിക സമ്പദ്‌വ്യവസ്ഥയെ ആശ്രയിച്ചിരുന്നു. ഭക്ഷണം വേണമെങ്കിൽ നമ്മൾ തന്നെ കൃഷി ചെയ്യണമായിരുന്നു. എന്നാൽ ഇന്ന് നമുക്ക് കൃഷി ചെയ്യാനോ, പലചരക്കു കടയിൽ നിന്നു വാങ്ങാനോ ഉള്ള സ്വാതന്ത്ര്യമുണ്ട്.
എഐ വളർച്ചയും ഡാറ്റാ സെന്‍ററുകളും
ഭാവിയിൽ എഐ സാങ്കേതികവിദ്യയ്ക്ക് ഊർജം നൽകുന്നതിന് ഡേറ്റാ സെന്‍ററുകൾ അനിവാര്യമാണ്. സാധാരണ വാണിജ്യ ഡേറ്റാ സെന്‍ററുകൾക്ക് വീട്ടുടമകൾക്ക് നേരിട്ടു വാടക ലഭിക്കാറില്ല. എന്നാൽ, തെരഞ്ഞെടുത്ത റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ ചെറിയ എഐ സെർവർ യൂണിറ്റുകൾ (എക്സ്എഫ്ആർഎ നോഡുകൾ) സ്ഥാപിക്കാൻ അനുവദിക്കുന്ന ഒരു പുതിയ മാതൃക നിലവിൽ വന്നിട്ടുണ്ട്.
സ്പാൻ, എൻവിഡിയ എന്നീ കമ്പനികൾ സംയുക്തമായി വികസിപ്പിച്ച എക്സ്എഫ്ആർഎനോഡ് എന്ന മിനി എഐ ഡേറ്റാ സെന്‍റർ നിങ്ങളുടെ വീട്ടിൽ സ്ഥാപിക്കുകയാണെങ്കിൽ വീട്ടുടമകൾക്ക് ഹാർഡ്‌വെയർ ആനുകൂല്യങ്ങൾ, യൂട്ടിലിറ്റി ക്രെഡിറ്റുകൾ, ഹോസ്റ്റിങ് പ്രോത്സാഹനങ്ങൾ എന്നിവ ലഭിക്കും.
നിലവിൽ ഈ പദ്ധതി അമെരിക്കയിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. ഭാവിയിൽ ഇത് ഇന്ത്യയിലേക്ക് വ്യാപിക്കുകയും ഇന്ത്യൻ വീട്ടുടമകൾക്ക് ഇതിന്‍റെ ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
വീട്ടുടമകൾക്കുള്ള ആനുകൂല്യങ്ങൾ
ഒരു വീടിന്‍റെ ഉപയോഗിക്കാത്ത വൈദ്യുതി ശേഷി ഉപയോഗിക്കുന്നതിനു പകരമായി, പങ്കെടുക്കുന്നവർക്ക് സ്മാർട്ട് ഹോം നവീകരണങ്ങളുടെയും സേവന ഇളവുകളുടെയും പാക്കേജ് നൽകുന്നു.
* വൈഫൈ കവറേജ്
* ഹോസ്റ്റിങ് നഷ്ടപരിഹാരം: ലിക്വിഡ് കൂളിങ് ഉള്ള കംപ്യൂട്ട് ഹാർഡ്‌വെയർ ഹോസ്റ്റ് ചെയ്യുന്നതിന് പ്രതിമാസമോ വാർഷികമോ ആയ സാമ്പത്തിക പ്രോത്സാഹനങ്ങളോ വരുമാന പങ്കിടലോ.
* സ്മാർട്ട് ഇലക്‌ട്രിക് പാനൽ: വീടിനുള്ളിലെ ഊർജ ഉപഭോഗം തത്സമയം നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള നൂതന സ്മാർട്ട് പാനൽ.
* ബായ്ക്കപ്പ് ബാറ്ററി സംഭരണം: വീട് മുഴുവനുമുള്ള ബാക്കപ്പ് നൽകുന്ന ബാറ്ററി സംവിധാനം (ഉദാ: 16 kWh) പ്രോപ്പർട്ടിയിൽ സംയോജിപ്പിച്ചിരിക്കുന്നു.
* കുറഞ്ഞ യൂട്ടിലിറ്റി ചെലവുകൾ: സബ്‌സിഡിയുള്ളതോ ഇളവുള്ളതോ ആയ വൈദ്യുതി നിരക്കുകൾ, സൗജന്യമോ കുറഞ്ഞ ചെലവിലോ ഉള്ള ഹൈ- സ്പീഡ് ഇന്‍റർനെറ്റ് സൗകര്യം.