ഇന്ത്യ എഐ ആപ്ലിക്കേഷൻസ് സ്റ്റാക്ക്

സാഹചര്യങ്ങൾക്ക് അനുസരിച്ച് രൂപകൽപ്പന ചെയ്ത പരിഹാരങ്ങളുടെ വിപുലീകരണം
India AI Applications Stack

ഇന്ത്യ എഐ ആപ്ലിക്കേഷൻസ് സ്റ്റാക്ക്

file photo

Updated on

എൻ. ദയാസിന്ധു, ഋഷികേശ ടി. കൃഷ്ണൻ

ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ (നിർമിത ബുദ്ധി- എഐ) യഥാർഥ വിജയം വിലയിരുത്തപ്പെടുന്നത് ജിപിയു ക്ലസ്റ്ററുകളുടെ വലുപ്പത്തിലോ പ്രോസസിങ് ശേഷിയിലോ അല്ല, മറിച്ച്, എഐ ആപ്ലിക്കേഷനുകൾ പൗരന്മാരുടെ ജീവിത നിലവാരം എപ്രകാരം മെച്ചപ്പെടുത്തുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്.

ഉദാഹരണത്തിന്, ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണങ്ങൾ കണ്ടെത്താൻ ആശ പ്രവർത്തകരെ എഐ സഹായിക്കുമ്പോഴും, ചെറുകിട കർഷകർക്ക് കീടനാശിനി ഉപയോഗം ഗണ്യമായി ലഭിക്കാൻ കഴിയുമ്പോഴും, വിദൂര പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികളുടെ വായനാ ശേഷിയും ഗണിതത്തിലെ പ്രാവീണ്യവും ഗണ്യമായി മെച്ചപ്പെടുമ്പോഴും എഐയുടെ യഥാർഥ വിജയം വിലയിരുത്തപ്പെടും.

Hrishikesh T. Krishnan is a professor of strategy at IIM Bangalore. N. Dayasindhu is the co-founder and CEO of Itihasa Research and Digital.

ബംഗളൂരു ഐഐഎമ്മിലെ സ്ട്രാറ്റജി പ്രൊഫസറാണ് ഋഷികേശ ടി. കൃഷ്ണൻ. ഇതിഹാസ റിസർച്ച് ആൻഡ് ഡിജിറ്റലിന്‍റെ സഹ സ്ഥാപകയും സിഇഒയുമാണ് എൻ. ദയാസിന്ധു

FILE PHOTO

ഇന്ത്യയ്ക്ക് എഐ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിൽ 2026ലെ സാമ്പത്തിക സർവെ പ്രായോഗിക നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നു. സർവെയിൽ നിർദേശിച്ചിരിക്കുന്ന എഐ സാമ്പത്തിക കൗൺസിലിന്‍റെ പ്രാഥമിക ലക്ഷ്യം മാനവ ക്ഷേമവും രാജ്യത്തിന്‍റെ സാമ്പത്തിക താത്പര്യങ്ങളും സംരക്ഷിക്കുക എന്നതാണ്.

മനുഷ്യത്വത്തിനും സമഗ്ര സാമ്പത്തിക വികസനത്തിനും ഉതകുന്നതാകണം ഇതെന്ന് ദേശീയ എഐ അഡോപ്ഷൻ നയം വ്യക്തമാക്കുന്നു. ഒപ്പം, എഐ ആഭ്യന്തര സാമ്പത്തിക യാഥാർഥ്യങ്ങൾക്ക് അനുഗുണമായി വർത്തിക്കണം. മാത്രമല്ല, എഐ ഉപയോഗത്തിലെ നേട്ടങ്ങൾ സമ്പദ്‌വ്യവസ്ഥയുടെ സമസ്ത മേഖലകളിലും എല്ലാ പൗരന്മാർക്കും ലഭ്യമാകണം.

ഭാഗ്യവശാൽ, ഇന്ത്യയുടെ സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സാഹചര്യങ്ങൾക്കനുസരിച്ചും അടിയന്തര ആവശ്യകതകൾക്ക് അനുസരിച്ചും രൂപകൽപ്പന ചെയ്ത എഐ പരിഹാരങ്ങൾ ഇന്ത്യൻ നൂതനാശയക്കാർ വിന്യസിക്കുന്നു. ആരോഗ്യ സംരക്ഷണം, കൃഷി, വിദ്യാഭ്യാസം, നഗര പരിപാലനം, ദുരന്ത നിവാരണ തയാറെടുപ്പ് തുടങ്ങിയ മേഖലകളിലെ ആപ്ലിക്കേഷനുകൾ പ്രതീക്ഷാജനകമാണ്. ശക്തമായ പിന്തുണ നൽകിയാൽ രാജ്യത്തിന്‍റെ മുഴുവൻ വിപണിയും ലക്ഷ്യമിട്ട് വ്യത്യസ്തങ്ങളായ ആപ്ലിക്കേഷനുകൾ സജ്ജമാക്കാനും ഭാവിയിൽ ഇന്ത്യൻ എഐ ആപ്ലിക്കേഷൻ സ്റ്റാക്കിലേക്ക് കൂട്ടിച്ചേർക്കാനും, അന്താരാഷ്‌ട്ര വിപണികളിലേക്ക് പരിചയപ്പെടുത്താനും സാധിക്കും. രസകരവും പ്രചോദനാത്മകവുമായ ചില സംരംഭങ്ങൾ നമുക്ക് പരിശോധിക്കാം.

ആരോഗ്യ സംരക്ഷണം

പരമ്പരാഗത മാമോഗ്രാഫിക്ക് പകരം ശാരീരിക സ്പർശനം ആവശ്യമില്ലാത്തതും സ്വകാര്യതയെ മാനിക്കുന്നതുമായ സ്തനാർബുദ പരിശോധനാ ഉപാധിയെന്ന നിലയിൽ എഐ അധിഷ്ഠിത തെർമൽ ഇമേജിങ് ഉപകരണം ""നിരാമയ് (Niramai)'' വികസിപ്പിച്ചു. മാമോഗ്രാഫി പലപ്പോഴും പരാജയപ്പെടുന്ന, ഇടതൂർന്ന സ്തനകലകളുള്ള വനിതകളിൽ ഉൾപ്പെടെ, എല്ലാ പ്രായക്കാരിലുമുള്ള അസാധാരണത്വങ്ങൾ നേരത്തേ കണ്ടെത്താൻ ഈ ഉപകരണം പ്രാപ്തമാണ്. എളുപ്പത്തിൽ കൈകാര്യം ചെയ്യാനും കൊണ്ടുനടക്കാനും കഴിയുന്നതും കുറഞ്ഞ ചെലവിൽ ലഭ്യമാകുന്നതുമായ ഈ സംവിധാനം ഗ്രാമപ്രദേശങ്ങളിലും അർധനഗര പ്രദേശങ്ങളിലും സാർവത്രിക പരിശോധനയ്ക്കായി വളരെ പ്രായോഗികവും ഫലപ്രദവുമാണ്.

എക്സ്റേയും സിടി സ്കാനുകളും നിമിഷങ്ങൾക്കുള്ളിൽ വിശകലനം ചെയ്യുന്ന എഐ ഉപകരണമായ ""Qure.ai'' ടിബി, ശ്വാസകോശ അർബുദം, ഹൃദയാഘാതം തുടങ്ങി 35ലധികം രോഗാവസ്ഥകൾ കണ്ടെത്തുന്നു. റേഡിയോളജിസ്റ്റുകൾ ലഭ്യമല്ലാത്ത വിഭവപരിമിതമായ സാഹചര്യങ്ങളിൽ ഈ പരിഹാരം ഏറെ ഫലപ്രദമാണ്. രോഗികളെ വേഗത്തിൽ വിലയിരുത്തുന്നതിനും വിദൂര ഗ്രാമപ്രദേശങ്ങളിൽ ആവശ്യമായ ചികിത്സ നൽകുന്നതിനും ആരോഗ്യ പ്രവർത്തകരെ ഇത് സഹായിക്കുന്നു.

എഐയിൽ പ്രവർത്തിക്കുന്ന സ്റ്റെതസ്കോപ്പായ ""എഐ സ്റ്റെത്ത് '' ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും ശബ്ദങ്ങളെ കൃത്യമായ, വിദൂര രോഗനിർണയത്തിനായി ദൃശ്യ തരംഗരൂപങ്ങളാക്കി മാറ്റുന്നു. ഈ ചെലവ് കുറഞ്ഞ ഉപകരണത്തിന് 93% കൃത്യതയുണ്ട്. കൂടാതെ ഗ്രാമീണ ഇന്ത്യയിലെ മുൻനിര ആരോഗ്യ പ്രവർത്തകരെ ഹൃദയ, ശ്വസന പ്രശ്നങ്ങൾ നേരത്തേ കണ്ടെത്താൻ പ്രാപ്തരാക്കുന്നു. ഇത് സ്പെഷ്യലിസ്റ്റ് പരിചരണത്തിലെ നിർണായക പരിമിതികൾ പരിഹരിക്കുകയും, ഇന്ത്യയുടെ പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

കൃഷി

നിയർ- ഇൻഫ്രാറെഡ് സ്പെക്‌ട്രോസ്കോപ്പിയും മെഷീൻ ലേണിങ്ങും ഉപയോഗിച്ച് മണ്ണിന്‍റെ ആരോഗ്യം തത്ക്ഷണം വിശകലനം ചെയ്യാൻ സഹായിക്കുന്ന പോർട്ടബിൾ ഉപകരണമാണ് നിയോപെർക്. ഇത് 5 മിനിറ്റിനുള്ളിൽ മണ്ണിന്‍റെ 12 പ്രധാന സവിശേഷതകൾ വിലയിരുത്തി ലാബുകളുടേതിന് തുല്യമായ കൃത്യതയോടെ ഫലങ്ങൾ നൽകുന്നു. വളം ഉപയോഗത്തിൽ ഡാറ്റാ പിന്തുണയോടെ തീരുമാനങ്ങൾ കൈക്കൊള്ളാനും, മണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും, പ്രാഥമിക ചെലവുകൾ കുറയ്ക്കാനും കർഷകരെ ഇത് സഹായിക്കുന്നു.

കെണികളിൽ കുടുങ്ങിയ കീടങ്ങളുടെ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാനും കീടനാശിനി പ്രയോഗത്തെക്കുറിച്ച് തൽക്ഷണവും പ്രാദേശികാടിസ്ഥാനത്തിലുള്ള ഉപദേശം ലഭ്യമാക്കാനും കർഷകരെ സഹായിക്കുന്ന എഐ അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷനായ ""കോട്ടൺഏസ് '' വാദ്വാനി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വികസിപ്പിച്ചതാണ്. പിങ്ക് ബോൾവോം പോലുള്ള കീടങ്ങളിൽ നിന്ന് വിളകളെ സംരക്ഷിക്കാനും, വിളവെടുപ്പ് മെച്ചപ്പെടുത്തി ലാഭവിഹിതം വർധിപ്പിക്കാനും ആയിരക്കണക്കിന് ചെറുകിട പരുത്തി കർഷകരെ ഈ ആപ്പ് സഹായിക്കുന്നു.

നിക്കോ റോബോട്ടിക്സ് കംപ്യൂട്ടർ വിഷൻ തയാറാക്കിയ എഐ പവേഡ് റോബോട്ടുകൾ കീടങ്ങളെയും കളകളെയും തത്സമയം തിരിച്ചറിയുന്നു. ഇത് സെലക്റ്റീവ് സ്പ്രേയിങ് പ്രാപ്തമാക്കുന്നു, ആവശ്യമുള്ള ഇടങ്ങളിൽ മാത്രമേ രാസവസ്തുക്കൾ ഉപയോഗിക്കുകയുള്ളൂ എന്ന് ഉറപ്പാക്കുന്നു. ചില സന്ദർഭങ്ങളിൽ കീടനാശിനി ഉപയോഗം 60– 90% വരെ പരിമിതപ്പെടുത്താനായതോടെ കർഷകരുടെ ചെലവുകളും പരിസ്ഥിതി മലിനീകരണവും കുറയ്ക്കാനായി. കാർഷിക നിരീക്ഷണം, ക്രെഡിറ്റ് റിസ്ക് വിശകലനം, അവസാന കർഷകനിലേക്കും നേരിട്ടുള്ള സഹായം എന്നിവ സമന്വയിപ്പിക്കുന്ന എഐ അധിഷ്ഠിത ഡിജിറ്റൽ കാർഷിക ആവാസവ്യവസ്ഥയാണ് ""ക്രോപിൻ''. ഇത് സുസ്ഥിര ഉത്പാദനക്ഷമതയും കാലാവസ്ഥാ അധിഷ്ഠിത തീരുമാനങ്ങളും സുഗമമാക്കുന്നു, വിപരീത സാഹചര്യങ്ങളെപ്പോലും ആഗോളതലത്തിൽ പ്രായോഗികമായ പ്രവചനാത്മക കൃഷി സമ്പ്രദായങ്ങളാക്കി മാറ്റുന്നു.

വിദ്യാഭ്യാസം

സർക്കാർ വിദ്യാലയങ്ങളിലെ ഗണിതശാസ്ത്ര പഠനത്തിലെ കുറവുകൾ പരിഹരിക്കാൻ രൂപകൽപ്പന ചെയ്‌ത എഐ അധിഷ്ഠിത വ്യക്തിഗത പഠന പ്ലാറ്റ്‌ഫോമാണ് ""പഠായി വിത്ത് എഐ''. വെറും ആറാഴ്ചക്കുള്ളിൽ ഇത് പൊതുവെയുള്ള വിജയ നിരക്കിലും ഉന്നത വിജയം നേടിയ വിദ്യാർഥികളുടെ പ്രകടനത്തിലും ഗണ്യമായ പുരോഗതി സാധ്യമാക്കി. ഗ്രാമീണ ഇന്ത്യൻ വിദ്യാഭ്യാസത്തിലെ പഠന വിടവുകൾ നികത്തുന്നതിനുള്ള വിപുലീകൃത മാതൃകയായി ഇത് വർത്തിക്കുന്നു.

റോക്കറ്റ് ലേണിങ് എന്ന സംരംഭകർക്ക് എഐയിൽ പ്രവർത്തിക്കുന്ന ഒരു പഠന സഹായിയുണ്ട്, ""അപ്പു'' (ഒരു ജനറേറ്റീവ് എഐ ആന). അത് മാതാപിതാക്കളുമായും കുട്ടികളുമായും വാട്ട്‌സ്ആപ്പ് മുഖേന സംവദിക്കുന്നു. 6 വയസിൽ താഴെയുള്ള കുട്ടികൾക്ക് അടിസ്ഥാന സാക്ഷരതയും സംഖ്യാശാസ്ത്രവും നേടാൻ ഇത് ചെറിയ കളികൾ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ നൽകുന്നു.

""ബെലഗാവി സ്മാർട്ട് സിറ്റി'' അതിന്‍റെ പൊതു ലൈബ്രറി സംവിധാനത്തിലേക്ക് ആഴത്തിലുള്ള പഠനത്തിന് സഹായകമായ ഇ- ബുക്കുകൾ സംയോജിപ്പിക്കുന്നു. ഉപയോക്തൃ പെരുമാറ്റം വിശകലനം ചെയ്യുകയും, കഥാ സന്ദർഭങ്ങൾ, പദാവലി, ബുദ്ധിമുട്ട് എന്നിവ തത്സമയം വിലയിരുത്തുകയും ചെയ്യുന്ന ഈ പുസ്തകങ്ങൾ മെച്ചപ്പെട്ട ഇടപെടലും ഗ്രഹണശേഷിയും ഉറപ്പാക്കുന്നു. വെറും രണ്ടാഴ്ചയ്ക്കുള്ളിൽ വായനാ വേഗതയിൽ 12% പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്.

താഴേത്തട്ടിൽ കേന്ദ്രീകരിച്ചുള്ള ഈ എഐ മുന്നേറ്റങ്ങൾക്ക് വേണ്ട ശക്തമായ ഒരു ഇക്കോസിസ്റ്റം ഓർക്കസ്ട്രേറ്ററായി മാറാനും, പാൻ- ഇന്ത്യ സ്വാധീനമുള്ള ആപ്ലിക്കേഷനുകളായി അവയെ വികസിപ്പിക്കാൻ സഹായിക്കാനും സർക്കാരിനു കഴിയും. ഈ എഐ ആപ്ലിക്കേഷനുകളുടെ വിപണി വികസനത്തിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഉദാഹരണത്തിന്, എംപാനൽ ചെയ്ത ആഭ്യന്തര എഐ ആപ്ലിക്കേഷനുകൾക്ക് സർക്കാർ (സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ) വകുപ്പുകൾ, ആശുപത്രികൾ, സ്കൂളുകൾ മുതലായവയ്ക്ക് പരിഹാരങ്ങൾ നൽകാൻ കഴിയും വിധം സംഭരണം സുഗമമാക്കാൻ സർക്കാരിനു കഴിയും.

കൂടാതെ ആരോഗ്യം, കൃഷി, വിദ്യാഭ്യാസം മുതലായവയിൽ എഐ അധിഷ്ഠിത മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിലൂടെ, ഉപഭോക്താക്കൾക്കും പൗരന്മാർക്കും അവ സ്വീകരിക്കുന്നതിന് വിശ്വസനീയമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ സാധിക്കും.

ഈ എഐ ആപ്ലിക്കേഷനുകൾ വിശ്വസനീയമാണെന്ന് തെളിയിച്ചാൽ, ഗുണഫലങ്ങൾ ഏറെയുള്ള ആപ്ലിക്കേഷനുകളെ ഒരു ""ഇന്ത്യ എഐ ആപ്ലിക്കേഷൻ സ്റ്റാക്കി''ലേക്ക് സംയോജിപ്പിക്കാൻ സർക്കാരിനു കഴിയും. അതായത്, ഇന്ത്യയുടെ വൈപുല്യവും വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന, ആഗോള വിന്യാസത്തിന് സജ്ജമായ പരിഹാരങ്ങൾ ഒരേ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കാനാകും എന്നർഥം.

എഐയിലെ ആഗോള പങ്കാളിത്ത പ്ലാറ്റ്‌ഫോമുകൾ നമുക്ക് പ്രയോജനപ്പെടുത്താം. യൂറോപ്യൻ ജിഡിപിആർ പോലുള്ള അന്താരാഷ്‌ട്ര ചട്ടക്കൂടുകളുമായി ഇണങ്ങിച്ചേരുന്ന ഇന്ത്യൻ എഐ ആപ്ലിക്കേഷൻ സ്റ്റാക്കിനായുള്ള ശക്തമായ ദേശീയ ഭരണ ചട്ടക്കൂടിനെ വിവിധ രാജ്യങ്ങളിൽ പ്ലഗ്- ആൻഡ്- പ്ലേ രീതിയിൽ ഉപയോഗിക്കാവുന്ന തരത്തിൽ രൂപകൽപ്പന ചെയ്യാം.

(ബംഗളൂരു ഐഐഎമ്മിലെ സ്ട്രാറ്റജി പ്രൊഫസറാണ് ഋഷികേശ ടി. കൃഷ്ണൻ. ഇതിഹാസ റിസർച്ച് ആൻഡ് ഡിജിറ്റലിന്‍റെ സഹ സ്ഥാപകയും സിഇഒയുമാണ് എൻ. ദയാസിന്ധു).

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com