
ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കുന്ന ബ്രിട്ടനിലെ കുടിയേറ്റ നിയമം
ജോഷി ജോർജ്
ബ്രിട്ടനില്‍ കുടിയേറ്റം നിയമം കര്‍ശനമാക്കുമെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ പ്രഖ്യാപനം ഇന്ത്യയെ സംബന്ധിച്ച് ഏറെ ദോഷകരമായിരിക്കുകയാണ്. ബ്രിട്ടൻ ആദ്യപടിയായി മൈഗ്രേഷന്‍ നയം കര്‍ശനമാക്കുന്നു. സ്ഥിര താമസ സമയം ഇരട്ടിയാക്കി, ഭാഷാ നിലവാരം ഉയര്‍ത്തി, സോഷ്യല്‍ കെയര്‍ വിസ റൂട്ട് അടച്ചു. ഇതു സംബന്ധിച്ച ധവളപത്രം കഴിഞ്ഞ തിങ്കളാഴ്ചയാണ് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. ഇങ്ങനെ പോയാല്‍ യുകെ "അപരിചിതരുടെ ദ്വീപ് ' ആയി മാറാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുക കൂടി ചെയ്തിരിക്കുന്നു രാജ്യത്തിന്‍റെ പ്രധാനമന്ത്രി.
പുതിയ നയം നിയമമായി നടപ്പിലാക്കുന്നതോടെ ചില സന്ദര്‍ഭങ്ങളില്‍ സ്ഥിര താമസത്തിനുള്ള സമയം 5 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി ഇരട്ടിയാക്കും, കുടിയേറ്റക്കാര്‍ക്കുള്ള ഇംഗ്ലീഷ് ഭാഷാ നിലവാരം ഉയര്‍ത്തും, സോഷ്യല്‍ കെയര്‍ വിസ റൂട്ട് അവസാനിപ്പിക്കും. ഈ നിയമങ്ങള്‍ യുകെയില്‍ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ഇന്ത്യക്കാരെ കതാര്യമായി ബാധിക്കുക തന്നെ ചെയ്യും.
സാമൂഹിക പരിപാലന ജോലികള്‍ക്കായി വിദേശത്തൊഴിലാളികളെ നിയമിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്നും, ഇതിനകം അവിടെയുള്ള വ്യക്തികള്‍ക്കുള്ള വിസകളുടെ കാലാവധി 2028 വരെ തുടരുമെന്നും, അതിനകം അവര്‍ക്ക് ഇന്‍- കണ്‍ട്രി സ്വിച്ചിങ് അനുവദിക്കുമെന്നും ധവളപത്രത്തില്‍ പറയുന്നു. സ്‌കില്‍ഡ് വര്‍ക്കര്‍ വിസകള്‍ക്കുള്ള പരിധി ബിരുദതലത്തിലേക്ക് ഉയര്‍ത്താനും എല്ലാ കുടിയേറ്റക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഇംഗ്ലീഷ് ഭാഷാ ആവശ്യകതകള്‍ കര്‍ശനമാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഉയര്‍ന്ന കഴിവുള്ള റൂട്ടുകളിലേക്കുള്ള വിസകളുടെ ലഭ്യത വർധിപ്പിക്കാനും ധവളപത്രത്തില്‍ നിര്‍ദേശമുണ്ട്.
ഇംഗ്ലണ്ടിലുടനീളമുള്ള തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ നൈജല്‍ ഫാരേജിന്‍റെ നേറ്റിവിസ്റ്റ് റിഫോം യുകെ പാര്‍ട്ടി ഗണ്യമായ നേട്ടങ്ങള്‍ കൈവരിച്ചതിനു ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് ഈ പ്രഖ്യാപനം വരുന്നത്. കുടിയേറ്റത്തിനൊപ്പം ജീവിതച്ചെലവും നിലവാരവും സംബന്ധിച്ച കണ്‍സര്‍വേറ്റീവ്, ലേബര്‍ പാര്‍ട്ടികള്‍ക്കെതിരായ കുറ്റപത്രമായാണ് തിരഞ്ഞെടുപ്പ് വിധി വിലയിരുത്തപ്പെടുന്നത്.
യൂറോപ്യന്‍ യൂണിയന്‍റെ ആന്തരിക അതിര്‍ത്തികളിലൂടെയുള്ള ആളുകളുടെ സ്വതന്ത്രമായ സഞ്ചാരം അവസാനിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായി ബ്രെക്‌സിറ്റിനെ (ബ്രിട്ടന്‍റെ യൂറോപ്യന്‍ യൂണിയന്‍ വിടല്‍) പിന്തുണച്ചവരുടെ റാലി മുറവിളി കുട്ടിയിരുന്നു. എന്നാല്‍, തന്‍റെ സര്‍ക്കാര്‍ "നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന്' സ്റ്റാര്‍മര്‍ പറയുന്നു.
"ഇമിഗ്രേഷന്‍ സംവിധാനത്തിന്‍റെ എല്ലാ മേഖലകളും ജോലി, കുടുംബം, പഠനം എന്നിവ കൂടുതല്‍ നിയന്ത്രണം ഉറപ്പാക്കുന്നതിനായി കൂടുതല്‍ കര്‍ശനമാക്കും,' "തെരഞ്ഞെടുത്തതും ന്യായവുമായ' മൈഗ്രേഷന്‍ സംവിധാനം വാഗ്ദാനം ചെയ്തുകൊണ്ട് മിസ്റ്റര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
പുതിയ നിയമം നടപ്പിലാക്കണമെങ്കില്‍ തൊഴില്‍ മേഖലകളില്‍ കൂടുതല്‍ സ്വദേശീയരെ നിയമിക്കുകയും നിലവില്‍ രാജ്യത്തുള്ള വിദേശികളുടെ വിസ നീട്ടി നല്‍കുകയും വേണം. ഈ നീക്കത്തിലൂടെ വിദേശത്തേക്ക് വരുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ പ്രതിവര്‍ഷം 7,000 മുതല്‍ 8,000 വരെ കുറവു വന്നേക്കാമെന്നാണു വിലയിരുത്തല്‍. എന്നാല്‍ കെയര്‍ മേഖലയില്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഈ മേഖലയെ പ്രതിസന്ധിലാക്കിയേക്കാമെന്ന് കമ്പനികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇമിഗ്രേഷന്‍ സ്‌കില്‍ ചാര്‍ജ് 32 ശതമാനമായി ഉയര്‍ത്തുന്നതോടെ കമ്പനികള്‍ക്ക് തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനായി നിലവില്‍ നല്‍കുന്നതില്‍ നിന്ന് അധിക പണം നല്‍കേണ്ടതായി വന്നേക്കാം. കൂടാതെ യൂണിവേഴ്‌സിറ്റികളില്‍ നിന്നും അധിക നികുതി ഈടാക്കിയേക്കാം. ഓരോ അന്താരാഷ്‌ട്ര വിദ്യാർഥിക്കും പ്രവേശനം നല്‍കുന്നതിന് യൂണിവേഴ്‌സിറ്റികള്‍ പ്രധാന നികുതി നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
"2019 നും 2023 നും ഇടയില്‍, കുടിയേറ്റം കുറയ്ക്കുമെന്ന് മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും നെറ്റ് മൈഗ്രേഷന്‍ നാലിരട്ടിയായി വര്‍ദ്ധിക്കുകയാണ് ചെയ്തതെന്ന് സ്റ്റാര്‍മര്‍ കുറ്റപ്പെടുത്തി. സ്ഥിരതാമസത്തിനായി അപേക്ഷിക്കുന്നവരുടെ കാത്തിരിപ്പ് സമയം 5 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി വർധിപ്പിക്കുന്നതാണ് കുടിയേറ്റ നയത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം. നിലവില്‍ 10 വര്‍ഷമായി യുകെയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ സ്ഥിര താമസത്തിനായി അപേക്ഷിക്കാന്‍ കഴിയൂ. 5 വര്‍ഷമായി യുകെയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വ്യക്തികള്‍ക്ക് ഓട്ടോമാറ്റിക് സെറ്റില്‍മെന്‍റും പൗരത്വവും നല്‍കുന്ന നിലവിലെ നയം പുതിയ സംവിധാനം ഇല്ലാതാക്കും.
തൊഴിലാളി വിസയ്ക്കുള്ള മാനദണ്ഡങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. കുടിയേറ്റ പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാന്‍ ഇനി എ- ലെവലിന് തുല്യമായ യോഗ്യതയ്ക്ക് പകരം ബിരുദതല യോഗ്യത നിര്‍ബന്ധമാക്കും. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നിലവില്‍ കൊണ്ടുവന്ന നിയമങ്ങള്‍ക്ക് ബദലായാവും സ്റ്റാര്‍മാറിന്‍റെ പുതിയ നയങ്ങള്‍.
എല്ലാ വര്‍ഷവും യുകെയില്‍ ഏറ്റവും കൂടുതല്‍ പ്രൊഫഷണലുകളും വിദ്യാർഥികളും എത്തുന്നത് ഇന്ത്യയില്‍ നിന്നാണ്. അത് കൊണ്ടു തന്നെ ഇന്ത്യയെ ഇത് കാര്യമായി ബാധിക്കുക തന്നെ ചെയ്യും. ഓഫിസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്‍റെ കണക്കു പ്രകാരം 2023ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ യുകെയിലേക്ക് കുടിയേറിയത് ഇന്ത്യയില്‍ നിന്നാണ് ഏകദേശം 2,50,000 ആളുകളാണ് 2023ല്‍ ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലെത്തിയത്.
കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച കണക്കു പ്രകാരം കഴിഞ്ഞ നവംബറില്‍ 1,36,921 ഇന്ത്യന്‍ വിദ്യാർഥികളാണ് യുകെയില്‍ പഠിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ പഠനത്തിനായി ബ്രിട്ടനിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന കാര്യങ്ങളിലൊന്ന് നിലവിലെ ഗ്രാജ്വേറ്റ് റൂട്ട് വിസ മാനദണ്ഡങ്ങളാണ്. പഠനം പൂര്‍ത്തിയാക്കിയാലും 2 വര്‍ഷം ബ്രിട്ടനില്‍ തുടരാനും ജോലി തേടാനും ഇതിലൂടെ കഴിയും. എന്നാല്‍, 2 വര്‍ഷമെന്നതു 18 മാസമായി (ഒന്നര വര്‍ഷം) കുറയ്ക്കണമെന്ന നിര്‍ദേശം മൂലം ഗ്രാജ്വേറ്റ് റൂട്ട് വിസ ആകര്‍ഷകമല്ലാതാകും.