ലക്ഷ്മി പുരി
2047ഓടെ വികസിത രാജ്യമാകുക എന്ന ലക്ഷ്യം ഇന്ത്യ കൈക്കൊണ്ടതു മുതൽ അതിന്‍റെ "മഹത്വം' ഇതു വരെയുള്ള സഞ്ചാരപഥം, സാധ്യത എന്നിവയെ മുൻനിർത്തി, മഹാശക്തി എന്ന നിലയിൽ ഇന്ത്യയുടെ സാധ്യതകൾ എന്തൊക്കെയാണ് എന്നതിൽ അന്താരാഷ്‌ട്ര വിദഗ്ധർ വിവിധതരം ചർച്ചകളിൽ ഏർപ്പെട്ടിട്ടുണ്ട്.
അതിൽ ഒടുവിലത്തേതാണ് ജൂലൈ 9ന് "ദ ഫിനാൻഷ്യൽ ടൈംസി'ൽ പ്രസിദ്ധീകരിച്ച മാർട്ടിൻ വുൾഫിന്‍റെ "എന്തുകൊണ്ട് ഇന്ത്യ മഹാശക്തിയാകും' എന്ന ശീർഷകത്തിലുള്ള ലേഖനം. ജനീവയിലെ UNCTAD ദിവസങ്ങൾ മുതൽ ഞാൻ പിന്തുടരുന്ന, അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനാണ് അദ്ദേഹം. സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ഇന്ത്യ വികസിത രാഷ്‌ട്രമാകുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു – "ഇതൊരു പ്രായോഗിക അഭിലാഷമാണ്, പക്ഷേ, അവിശ്വസനീയവും'.
എന്തുകൊണ്ടാണ് ഇത് പ്രായോഗികമാകുന്നത് എന്നതിനെക്കുറിച്ചുള്ള വുൾഫിന്‍റെ ചിന്തയെ ഏറ്റവും നന്നായി ഉൾക്കൊള്ളുന്ന വരി, "ഇന്ത്യ മഹാശക്തിയാകും; ചൈനയ്ക്കും അമെരിക്കയ്ക്കും സമാനമാകില്ല; പക്ഷേ നിസംശയമായും വലിയൊരു ശക്തിയാകും' എന്നതാണ്. "കൂട്ടിയിണക്കുന്ന രാജ്യം' ആയതിനാൽ ഇന്ത്യക്ക് "ആഗോള സാമ്പത്തിക ഫലങ്ങൾ രൂപപ്പെടുത്താൻ കഴിയും, അത് ചെയ്യണം. അമെരിക്ക ഇപ്പോഴും "സാങ്കേതികമായി കൂടുതൽ പുരോഗമിച്ചതും ഉയർന്ന ഉത്പാദനക്ഷമതയുള്ളതു'മായ രാജമായിരിക്കും. അതുപോലെ, "ഇന്ത്യയുടെ നിർമാണ വൈദഗ്ധ്യം ചൈനയ്ക്കൊപ്പമെത്താനും സാധ്യതയില്ല'. ആത്യന്തികമായ ആഗോള വ്യാപാരം, നിക്ഷേപം, സാങ്കേതിക കുതിപ്പ് എന്നിവയിൽ ഏറെ വൈകി കടന്നുവന്നതിന്‍റെ പോരായ്മ മറികടക്കാൻ ഇന്ത്യക്ക് അതിശയകരമായ കുതിച്ചുചാട്ടം നടത്താൻ കഴിയുന്നില്ലെങ്കിൽ ആർക്കും ഈ വിലയിരുത്തലിനോട് തർക്കിക്കാനാകില്ല.
അതിവേഗ വളർച്ചാ നിരക്കും വലിയ പരിശ്രമങ്ങളുമുണ്ടെങ്കിലും ഇന്ത്യയുടെ പ്രതിശീർഷ വരുമാനം (പിസിഐ) 2047 ഓടെ ഗ്രീസിന്‍റെ പ്രതിശീർഷ ജിഡിപിയുടെ (പിപിപി) 60% മാത്രമേ എത്തുകയുള്ളൂ എന്നതാണ് ഇന്ത്യ "മഹാശക്തി' യാകാനുള്ള സാധ്യതയെ അദ്ദേഹം ചോദ്യം ചെയ്യുന്ന പ്രധാന ഘടകം. ചൈനയുടെ നിലവിലെ പിസിഐയെ ചുറ്റിപ്പറ്റി, ഏറ്റവും ദരിദ്ര രാഷ്‌ട്രമായ ഗ്രീസിനെ ഐഎംഎഫ് "വികസിതം' എന്ന് തരംതിരിച്ചിട്ടുണ്ട്. ചൈന "ഉയർന്ന വരുമാനമുള്ള' രാജ്യമല്ല (ലോക ബാങ്ക്), "വികസിത' സമ്പദ്‌വ്യവസ്ഥ എന്നു പറയാനുമാകില്ല (ഐഎംഎഫ്); എന്നിരുന്നാലും, സാമ്പത്തിക മഹാശക്തിയെന്ന നിലയിലുള്ള ചൈനയുടെ യോഗ്യതയെ ആരെങ്കിലും സംശയിക്കുന്നുണ്ടോ?
വുൾഫ് വിലയിരുത്തുന്ന ചില പ്രധാന മുൻകരുതലുകൾ നിറവേറ്റാനുള്ള പാതയിലാണ് ഇന്ത്യ. 2023-24 സാമ്പത്തിക വർഷത്തിൽ ആഗോള ഉത്പാദനത്തിൽ 8.2% വർധനയുണ്ടായി. 10 വർഷത്തിനിടെ പുരോഗതിയുടെയും പരിവർത്തനത്തിന്‍റെയും ശ്രദ്ധേയമായ നേട്ടങ്ങൾ ഉൾപ്പെടെ, ഇന്ത്യക്ക് ആവശ്യമായ സാമ്പത്തിക കരുത്തും ഇച്ഛാശക്തിയും കൈവരുന്നു. വൈവിധ്യമാർന്ന ഉത്പാദന അടിത്തറയും ഉത്പാദനക്ഷമതയും ആഗോള ശരാശരിയുടെ ഇരട്ടിയെന്ന നിലയിൽ വർധിക്കുന്നു.
വുൾഫ് പറയുന്നതുപോലെ, തൊഴിലില്ലായ്മയും ദാരിദ്ര്യവും ഗണ്യമായി കുറയുകയും (10 വർഷത്തിനുള്ളിൽ ഏകദേശം 250 ദശലക്ഷം ഇന്ത്യക്കാർ എംഡിപിയിൽ നിന്ന് പുറത്തുകടന്നു) തൊഴിൽ ശക്തിയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്തുകൊണ്ട് ഈ വളർച്ചാ മുന്നേറ്റം ബോധപൂർവം ഉൾക്കൊള്ളുന്നു.
വ്യാപാര അനുപാതം (50%) കുറയാതിരിക്കണമെങ്കിൽ ഇന്ത്യൻ കയറ്റുമതി ഇരട്ടിയെങ്കിലും വേഗത്തിൽ വളരണമെന്ന നിബന്ധന സാധുതയുള്ളതാണ്. "വ്യാപാരത്തോടുള്ള വിമുഖതയ്ക്കെതിരേ' അദ്ദേഹം ഇന്ത്യക്ക് മുന്നറിയിപ്പ് നൽകുന്നു. ആഗോള കയറ്റുമതിയിൽ ഇന്ത്യയുടെ ചെറിയ വിഹിതവും ചരിത്രപരമായ മോശം പ്രകടനവും കയറ്റുമതി ആഭിമുഖ്യത്തിൽ നിന്ന് അകന്നുപോകുന്നതിന്‍റെ ലക്ഷണങ്ങളായി അദ്ദേഹം കണക്കാക്കുന്നു. കയറ്റുമതിയിൽ ഇന്ത്യക്കു മികച്ച പ്രകടനം കാഴ്ചവയ്ക്കാനും മത്സരച്ചെലവ്, വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ സമൃദ്ധി, ഒരു വശത്ത് അതിവേഗം വളരുന്ന വിപണികൾ, വ്യവസായിക സൗഹൃദ നയങ്ങളിലൂടെ കയറ്റുമതി ഫലങ്ങൾ എന്നിവ തമ്മിലുള്ള വിടവ് നികത്താനും കഴിയുമെന്നത് നന്നായി അംഗീകരിക്കപ്പെട്ടതാണ്. ഗവണ്മെന്‍റും വ്യവസായവും സജീവമായി പ്രവർത്തിക്കേണ്ട കാര്യമാണിത്.
കയറ്റുമതി നിഷ്ക്രിയത്വത്തെയോ അശുഭാപ്തിവാദത്തെയോ സൂചിപ്പിക്കുന്നതിന് പകരം, ടെക് 4.0 മേഖലകളിൽ ഉൾപ്പെടെ ഇന്ത്യ ഉത്പാദന മത്സരക്ഷമത വർദ്ധിപ്പിക്കുകയും കയറ്റുമതിയിൽ ഏറ്റവും ഉയർന്ന വാർഷിക വളർച്ച രേഖപ്പെടുത്തുകയും ചെയ്തു. ചരക്കുകളിലും സേവനങ്ങളിലും വിയറ്റ്നാമിനും ചൈനയ്ക്കും പിന്നിലും ആഗോള ശരാശരിയേക്കാൾ വളരെ മുകളിലുമാണ്. കയറ്റുമതിക്കായി ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയെ ആഗോള വിതരണ ശൃംഖല കേന്ദ്രമാക്കുന്നതിന് എഫ്‌ടിഎകൾ അവസാനിപ്പിക്കുന്നതുൾപ്പെടെ അത്യാധുനിക വ്യാപാര നയങ്ങൾ വികസിപ്പിക്കുന്നത് തുടരുകയും വേണം.
വിതരണ ശൃംഖലയിൽ ആഗോള തകർച്ചയ്ക്ക് കാരണമായ മഹാമാരിയെത്തുടർന്ന് തന്ത്രപരവും നിർണായകവുമായ മേഖലകളിലും അവശ്യ സാമഗ്രികളിലും സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം, ഉള്ളിലേക്ക് വലിയാനുള്ള വ്യാപാര നിലപാടിന് തുല്യമല്ല. ജി7 പാശ്ചാത്യ രാജ്യങ്ങൾ തന്നെ പ്രഖ്യാപിച്ചതുപോലെ, വിട്ടുപോകാനോ ഉള്ളിലേക്ക് തിരിയാനോ ഇന്ത്യ ശ്രമിക്കുന്നില്ല, ""അത് വിതരണ ശൃംഖലകളെ പരിശോധിക്കുകയും വൈവിധ്യവത്കരിക്കുകയും ചെയ്യുന്നു, അമിതശേഷിയുടെ ഫലമായുണ്ടാകുന്ന നിർണായക ആശ്രിതത്വങ്ങൾ കുറയ്ക്കുകയും സാമ്പത്തിക ആയുധവത്കരണത്തെ മറികടക്കാനുള്ള ശേഷി കെട്ടിപ്പടുക്കുകയും ചെയ്യുന്നു''.
2027ഓടെ ജപ്പാനെയും ജർമനിയെയും മറികടക്കാൻ ഒരുങ്ങുന്ന ഇന്ത്യയുടെ അതുല്യമായ ശക്തികളും അടിസ്ഥാന ഘടകങ്ങളും വുൾഫ് പൂർണമായും കണക്കിലെടുക്കുന്നില്ല. പിപിപി വ്യവസ്ഥയിൽ ഇതിനകം ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇത് ചരിത്രത്തിലെ ഏറ്റവും വലിയ യുവജന കൂട്ടായ്മയാണ്. ശക്തമായ മാനവ വിഭവശേഷി സംഭരണിയും മധ്യവർഗം വികസിക്കുന്നതിനനുസരിച്ച് ശ്രദ്ധേയവും വർധിച്ചുവരുന്നതുമായ വാങ്ങൽശേഷിയുമുണ്ട്. ഫെർട്ടിലിറ്റി നിരക്ക് കുറയുകയും യുവാക്കളുടെയും സ്ത്രീകളുടെയും ബോധപൂർവവും സുസ്ഥിരവുമായ വിദ്യാഭ്യാസവും നൈപുണ്യവും നൽകുകയും ചെയ്യുന്നതിനാൽ, ജനസംഖ്യാപരമായ വലിയ മെച്ചം നേടാനും അതിന്‍റെ നന്നായി അംഗീകരിക്കപ്പെട്ട താരതമ്യ നേട്ടങ്ങൾ പ്രയോജനപ്പെടുത്താനും രാജ്യം തയ്യാറാണ്.
ഇന്ത്യയുടെ ലക്ഷ്യത്തിലെത്താൻ തടസമായേക്കാവുന്ന ആന്തരികവും ബാഹ്യവുമായ സാഹചര്യങ്ങളിലും നയങ്ങളിലുമുള്ള പോരായ്മകളിലേക്കും വുൾഫ് വിരൽചൂണ്ടുന്നു. "സ്ഥിരത നിലനിർത്തുക' ; വിദ്യാഭ്യാസം മെച്ചപ്പെടുത്തൽ; നിയമവാഴ്ച സംരക്ഷിക്കൽ; അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കൽ; നിക്ഷേപത്തിന് മികച്ച അന്തരീക്ഷം നൽകൽ; ആന്തരിക നിക്ഷേപം പ്രോത്സാഹിപ്പിക്കൽ; സംശുദ്ധ ഊർജത്തിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തൽ പോലെയുള്ള വിവിധ "ആഭ്യന്തര വെല്ലുവിളികൾ' ഇന്ത്യ മറികടക്കേണ്ടതുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഈ വശങ്ങളിൽ ശ്രദ്ധേയമായ മെച്ചപ്പെടുത്തലുകൾ ഇന്ത്യ കാട്ടിത്തരുന്നുണ്ട്.
ദക്ഷിണേഷ്യയിൽ നമുക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങളുടെ വെളിച്ചത്തിൽ, സ്ഥിരത തീർച്ചയായും നിർണായകമാണ്. നമ്മുടെ പ്രാദേശിക സമഗ്രത കാത്തുസൂക്ഷിക്കുന്നതും പൗര ദേശീയത കെട്ടിപ്പടുക്കുന്നതും നമ്മുടെ വിശാലമായ ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തൽ, അരാജകത്വം, ഭീകരവാദം എന്നിവയിൽ നിന്ന് മുക്തമാക്കുന്നതും ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതും പ്രധാനമാണ്. കൂടാതെ, വിദേശത്തു നിന്നുള്ള വിവരങ്ങളിൽ കൃത്രിമത്വം കാട്ടുന്നതിനും തെറ്റായ രീതിയിൽ ഇടപെടുന്നതിനുമെതിരെ (എഫ്ഐഎംഐ) പോരാടുമെന്ന് ജി7 തന്നെ പ്രതിജ്ഞയെടുത്തിട്ടുണ്ട്.
മാർട്ടിൻ വുൾഫിന്‍റെ ഉപദേശം, ബിജെപി ഗവണ്മെന്‍റ് "ഇന്ത്യയുടെ സ്വന്തം സാംസ്കാരിക യുദ്ധങ്ങളേക്കാൾ സമ്പദ്‌വ്യവസ്ഥയ്ക്കും ക്ഷേമത്തിനും വേണ്ടിയുള്ള അതിന്‍റെ ശ്രമങ്ങൾ' പുനഃസ്ഥാപിക്കണമെന്നതാണ്. ഗവൺമെന്‍റിന്‍റെ "സബ്‌കാ വികാസ്' ഊന്നൽ നൽകുന്നത് സാമ്പത്തിക വളർച്ചയിലും എല്ലാവരുടെയും ക്ഷേമത്തിലും ആണ്.
2014 മുതൽ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ മറ്റേതൊരു ഗവണ്മെന്‍റിനേക്കാളും ക്ഷേമ ആനുകൂല്യങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. 800 ദശലക്ഷം പേർക്കുള്ള സൗജന്യ ഭക്ഷണം മുതൽ സബ്‌സിഡി നിരക്കിൽ പാർപ്പിടം, ശുചിത്വം, ആരോഗ്യ ഇൻഷുറൻസ്, വിദ്യാഭ്യാസവും നൈപുണ്യവും, ഊർജ ലഭ്യത, താങ്ങാനാവുന്ന സാമ്പത്തിക- ഡിജിറ്റൽ ഉൾപ്പെടുത്തൽ, ഉപജീവനം, തൊഴിൽ, ഗ്രാമവികസനം എന്നിങ്ങനെ ക്ഷേമത്തിൽ ഇന്ത്യ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചു.
ജിഎസ്‌ടി നടപ്പാക്കൽ പോലുള്ള വലിയ സാമ്പത്തിക പരിഷ്കാരങ്ങൾ; പാപ്പരത്ത കോഡ് (ഐബിസി); ആസ്തി ധനസമ്പാദനം; തൊഴിൽ നിയമ പരിഷ്കാരങ്ങൾ; സ്റ്റാർട്ട് അപ്പ് ഇന്ത്യ; ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിലും നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും ഉത്പാദനബന്ധിത ആനുകൂല്യങ്ങൾ (പിഎൽഐ) എന്നിവ പരിവർത്തനഘടകങ്ങളാണ്. നിക്ഷേപ സൗഹൃദ മോദി ഗവണ്മെന്‍റ് 25,000 അനാവശ്യ ചട്ടങ്ങൾ പാലിക്കലുകൾ ഇല്ലാതാക്കിയതും 1400-ലധികം പുരാതന നിയമങ്ങൾ റദ്ദാക്കിയതും വ്യാപാരം, വ്യവസായം, എഫ്ഡിഐ എന്നിവയ്ക്ക് വിരുദ്ധമല്ലാത്ത നയപരമായ അന്തരീക്ഷത്തെ സൂചിപ്പിക്കുന്നു.
"ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥ' പാരമ്പര്യമായി ലഭിച്ചിട്ടും വിവിധ ആഗോള സാമ്പത്തിക പ്രതിസന്ധികളോടും അനിശ്ചിതത്വങ്ങളോടും ആഭ്യന്തര തിരിച്ചടികളോടും പോരാടിയിട്ടും ഇതെല്ലാം നേടാനായി. കൊവിഡ്-19 മഹാമാരിക്കാലത്ത് മറ്റു വലിയ ശക്തികൾ പരാജയപ്പെട്ടപ്പോൾ, മറ്റ് വികസ്വര രാജ്യങ്ങളെ പിന്തുണച്ച് ഇന്ത്യ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. റഷ്യ-യുക്രൈൻ സംഘർഷവും മറ്റു പ്രതിസന്ധികളും ഉണ്ടായിരുന്നിട്ടും, ഗ്ലോബൽ സൗത്തിനെ ബാധിച്ച ഇന്ധന- ഭക്ഷണ- വളം- സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുന്നതിന് ഇന്ത്യക്കു കഴിഞ്ഞു.
വെല്ലുവിളികൾ ഇനിയും അവശേഷിക്കുന്നുണ്ട്. അടിസ്ഥാനസൗകര്യങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്തുന്നത് തുടരുക, വലിയ തൊഴിൽ ശക്തിക്ക് ഉചിതമായ രീതിയിൽ വൈദഗ്ധ്യം നൽകുക, തൊഴിൽ കേന്ദ്രീകൃത വ്യവസായങ്ങളിൽ ഉയർന്ന നിലവാരമുള്ള ജോലികൾ പ്രദാനം ചെയ്യുക, സമഗ്രമായ നഗരവത്കരണം, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യ വിപ്ലവം നയിക്കൽ, കാർഷിക ഉത്പാദനക്ഷമത വർധിപ്പിക്കൽ, ഹരിത പരിവർത്തനം സാധ്യമാക്കൽ; പ്രതിവർഷം 100 ബില്യൺ യുഎസ് ഡോളർ എന്ന നിർണായകമായ എഫ്ഡിഐ ആകർഷിക്കൽ എന്നിവയിൽ ആവശ്യമായ ഘടനാപരമായ പരിവർത്തനം കൈവരിക്കുന്നതിന് ഇന്ത്യ കൂടുതൽ പ്രവർത്തിക്കേണ്ടതുണ്ട്.
മുൻനിര ശക്തി എന്ന നിലയിലേക്കുള്ള ഇന്ത്യയുടെ ഉയർച്ച ചൈനയുടേതിൽ നിന്ന് വ്യത്യസ്തമായിരിക്കും. അത് സൗമ്യവും പ്രയോജനകരവുമായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ, വിഘടിത ലോകത്തെ ഏകീകരിക്കാനുള്ള കഴിവ് ഇന്ത്യ പ്രകടമാക്കി. വിശേഷിച്ചും, 2023ലെ ജി20 ന്യൂഡൽഹി ഉച്ചകോടിയിൽ സമവായം കെട്ടിപ്പടുക്കുന്നതിനും, സഹകരണപരവും പരസ്പരപ്രയോജനകരവുമായ ധർമചിന്തയ്ക്കുമായി ഇന്ത്യ നിലകൊണ്ടു. മറ്റ് ചില വലിയ ശക്തികൾ തങ്ങളുടെ ദേശീയ താൽപ്പര്യങ്ങൾ മറ്റുള്ളവർക്ക് ഗുരുതരമായ ആഘാതം സൃഷ്ടിച്ചു മുന്നോട്ടു കൊണ്ടുപോകുകയും അന്താരാഷ്‌ട്ര ബന്ധങ്ങളെ "സീറോ- സം' ഗെയിമുകളിലേക്ക് ചുരുക്കുകയും ചെയ്യുന്നതിൽനിന്ന് ഇത് വ്യത്യസ്തമാണ്.
ഒരു മഹാശക്തി വൻശക്തികളുടെ ഇടയിൽ വളരെ പ്രധാനമാണ്. അത് കരുത്തുറ്റതും ആഗോള ക്രമത്തിന് അവിഭാജ്യവുമാണ്. എന്നിരുന്നാലും, ഇപ്പോൾ, ബഹുധ്രുവലോകം രൂപം പ്രാപിക്കുന്നതിനാൽ, കൂടുതൽ രാജ്യങ്ങൾ അവരുടെ തന്ത്രപരമായ സ്വയംഭരണത്തെ കൂടുതലായി വിലമതിക്കുന്നതിനാൽ, ഈ വ്യത്യാസം വളരെ കുറവായിരിക്കാം. ഒരു പുതിയ അന്താരാഷ്‌ട്ര ക്രമത്തിനായുള്ള ആശയങ്ങളുടെയും സംവിധാനങ്ങളുടെയും പോരാട്ടം അവസാന ഘട്ടത്തിലെത്തുമ്പോൾ ഇന്ത്യ അതിന്‍റെ സഹകരണപരവും സുസ്ഥിരവുമായ വികസന മാതൃക സ്ഥാപിക്കാൻ ശ്രമിക്കുന്നു. ഗ്ലോബൽ സൗത്ത് ഇതിനകം ഈ സമീപനത്തിൽ നിന്ന് നേട്ടങ്ങൾ കൊയ്തിട്ടുണ്ട്; ആഗോള ഭരണത്തിന്‍റെ നിർണായക മേഖലകളിൽ ഇന്ത്യ തുടർന്നും നേതൃത്വം നൽകുമെന്നാണു പ്രതീക്ഷിക്കുന്നത്.
വികസനത്തിലേക്കുള്ള സുസ്ഥിര പാത രൂപപ്പെടുത്തുന്നതിലൂടെ ഇന്ത്യ വലിയ ശക്തിയായി മാറുന്നതിൽ പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങൾക്ക് ഏറ്റവും വ്യവസ്ഥാപരമായ പങ്കുണ്ട്. ഇന്ത്യ വിജയിച്ചാൽ ലോകം ജയിക്കും. സുസ്ഥിര വികസനലക്ഷ്യങ്ങളിലും പാരിസ് കാലാവസ്ഥാ ഉടമ്പടിയിലും രാജ്യങ്ങളുടെ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിൽ ഇന്ത്യ ഏറ്റവും മുന്നിലാണ്. ഉയർന്ന പുറന്തള്ളലിനും നെറ്റ് സീറോ സ്റ്റാറ്റസിനും ഇടയിലുള്ള ഏറ്റവും കുറഞ്ഞ സമയപരിധികളിലൊന്ന് നിർദേശിച്ചത്; കരുത്തുറ്റ സൗരോർജ ആവാസവ്യവസ്ഥ സ്ഥാപിച്ചത്; എഥനോൾ മിശ്രണവും മറ്റ് ജൈവ ഇന്ധനങ്ങളും ഹരിത ഹൈഡ്രജനും; പ്രധാനമന്ത്രിയുടെ "ലൈഫ് പ്രസ്ഥാനം' എന്നിവയെല്ലാം ഇന്ത്യയുടെ സമഗ്രമായ ഹരിത ദർശനത്തിന്‍റെയും പ്രവർത്തനത്തിന്‍റെയും തെളിവാണ്.
ഇന്ത്യയുടെ വികസന സങ്കൽപ്പം പാശ്ചാത്യ സമ്പദ്‌വ്യവസ്ഥകൾ നിർവചിച്ചിരിക്കുന്ന സങ്കൽപ്പങ്ങളോ വരുമാന പരിധികളോ പാലിക്കുന്നില്ലായിരിക്കാം. എന്നാൽ അടിസ്ഥാന സാമൂഹ്യ- രാഷ്‌ട്രീയ- സാംസ്കാരിക സ്വാതന്ത്ര്യങ്ങൾ ഇല്ലാത്ത ചൈനയുടെയും മറ്റു ചില രാജ്യങ്ങളുടെയും ഉദാഹരണം, വികസനത്തിന്‍റെയോ മഹത്വത്തിന്‍റെയോ സത്ത പിടിച്ചെടുക്കുന്നതിൽ അത്തരം അളവുകോലുകളുടെ പോരായ്മ കാണിക്കുന്നു. സാമ്പത്തിക മഹാശക്തി എന്ന നിലയിലേക്കുള്ള ഇന്ത്യയുടെ പാത സ്വന്തം നാട്ടിലെ സമഗ്രമായ മനുഷ്യവികസനത്തിലാണ്. അതിനാൽ എല്ലാ ഇന്ത്യക്കാർക്കും സമൃദ്ധമായ അവസരങ്ങൾ ഉണ്ടായിരിക്കും. വസുധൈവ കുടുംബക ഐക്യദാർഢ്യത്തിൽ അധിഷ്‌ഠിതമായ മനുഷ്യകേന്ദ്രീകൃത പുനർ- ആഗോളവത്കരണത്തെ നയിക്കാനും കഴിയും.
വിശ്വസനീയ സ്ഥാപനങ്ങളും വിദഗ്ധരും പ്രവചിക്കുന്നത് 2047-ഓടെ ഇന്ത്യ 26-55 ട്രില്യൺ യുഎസ് ഡോളറിനും അപ്പോഴുള്ള പിസിഐയുടെ 6-10 മടങ്ങിനും ഇടയിലുള്ള ജിഡിപിയിലെത്തുമെന്നാണ്. രണ്ടാമത്തെ വലിയ, സാങ്കേതികമായി വികസിച്ച, സമ്പദ്‌വ്യവസ്ഥയും വിപണിയും എന്ന നിലയിൽ, ഇന്നത്തെ മറ്റ് വലിയ ശക്തികളെക്കാൾ വളരെ മുന്നിലെത്തി, ഇന്ത്യ ആഗോള നന്മയ്ക്കായുള്ള മഹാശക്തിയാകുമെന്നു സങ്കൽപ്പിച്ചു നോക്കൂ! ആരാണ് പേരുകളുടെ യുക്തിക്കു പിന്നാലെ പോകുന്നത്?
(ഐക്യരാഷ്‌ട്ര സഭയുടെ മുൻ അസിസ്റ്റന്‍റ് സെക്രട്ടറി ജനറലും യുഎൻ വനിതാ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്റ്ററുമാണ് ലേഖിക)