

കലയിലൂടെ ഒരു സമുദായത്തെയും അപമാനിക്കരുതെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: കലാരൂപങ്ങളിലൂടെയോ പ്രസംഗത്തിലൂടെയോ എതെങ്കിലും സമുദായത്തെ അപമാനിക്കാൻ ഭരണഘടന അനുവദിക്കില്ലെന്ന് സുപ്രീംകോടതി. മന്ത്രിമാർ എതെങ്കിലും സമുദായത്തെ ലക്ഷ്യമിട്ട് പ്രവർത്തിക്കരുതെന്നും ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ പറഞ്ഞു. നെറ്റ് ഫിക്ലസ് സിനിമയായ ഗൂഷ്ഖോർ പണ്ഡിറ്റിനെതിരേയുള്ള ഹർജികൾ തീർപ്പാക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
മിയ മുസ്ലീംകൾക്കെതിരേ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നിരന്തരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.ഭരണക്കൂടത്തിന്‍റെ ഭാഗമായവർക്കോ അല്ലാത്തവർക്കോ ആർക്കും ഒരു സമുദായത്തെ പ്രസംഗത്തിലൂടെയോ മീമുകളിലൂടെയോ കാർട്ടൂണുകളിലൂടെയോ മറ്റ് കലാരൂപങ്ങളിലൂടെയോ അപമാനിക്കാനോ വില്ലനായി കാണിക്കാനോ ഭരണഘടന അനുവാദം നൽകുന്നില്ലെന്ന് ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ പറഞ്ഞു.
മന്ത്രിമാരേ പോലെ ഉന്നത ഭരണഘടന പദവികൾ വഹിക്കുന്ന പൊതുപ്രവർത്തകർ മതം, ജാതി, ഭാഷ, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു സമൂഹത്തെ ലക്ഷ്യംവെയ്ക്കരുതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് സിനിമക്കെതിരായ ഹർജി പരിഗണിച്ചത്. ഗൂഷ്ഖോർ പണ്ഡിറ്റ് എന്ന പേര് മാറ്റാമെന്ന് നിർമാതാക്കൾ സമ്മതിച്ചതിനാൽ കേസ് അവസാനിപ്പിക്കുകയാണെന്ന് കോടതി വ്യക്തമാക്കി.