നമ്മുടെ ദേശീയ പതാക; സ്വാതന്ത്ര്യ സമരത്തിലൂടെ ഒരു യാത്ര

നമ്മുടെ ദേശീയ പതാകയുടെ പരിണാമം കേവലം ഒരു പ്രതീകത്തിന്‍റെ കഥ മാത്രമല്ല, നിശ്ചയ ദാർഢ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയുടെ ചരിത്രമാണ്.
the indian national flag independence day
നമ്മുടെ ദേശീയ പതാക; സ്വാതന്ത്ര്യ സമരത്തിലൂടെ ഒരു യാത്ര
Updated on

ചെന്നൈയിലെ സെന്‍റ് ജോർജ് കോട്ടയിൽ നമ്മുടെ രാജ്യത്തിന്‍റെ കഥ പ്രതിഫലിപ്പിക്കുന്ന ചരിത്രത്തിന്‍റെ ഒരു ഭാഗമുണ്ട്. സെന്‍റ് ജോർജ് കോട്ട മ്യൂസിയത്തിലുള്ള ഇന്ത്യൻ ഇൻഡിപെൻഡൻസ് ഗ്യാലറിയിൽ വിളങ്ങുന്ന 12 അടി നീളവും 8 അടി വീതിയുമുള്ള ശുദ്ധമായ പട്ടുതുണിയുടെ കഷണമാണത്. 1947 ഓഗസ്റ്റ് 15ന് സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഉയർത്തിയ പതാകകളിൽ ഒന്നാണത്. ആ സുപ്രധാന ദിനത്തിന്‍റേതായി അവശേഷിക്കുന്ന പതാകകളിൽ ഒന്ന്. സ്വാതന്ത്ര്യത്തിനായി പോരാടിയ ദശലക്ഷക്കണക്കിന് പേരുടെ ത്യാഗങ്ങളുടെയും പോരാട്ടങ്ങളുടെയും പ്രതീക്ഷകളുടെയും നിശബ്ദവും ശക്തവുമായ തെളിവാണിത്.

1947 ഓഗസ്റ്റ് 15ന് പുലർച്ചെ 5.30ന് ഉയർത്തിയ പതാക, ചക്രവാളത്തിൽ ഒരു പുതിയ യുഗപ്പിറവിയുടെ പ്രഭാതത്തിനു സാക്ഷ്യം വഹിച്ചുകൊണ്ട് ഉയർന്നുനിന്നു. നൂറ്റാണ്ടുകൾ നീണ്ട കൊളോണിയൽ ഭരണം സഹിച്ച ഒരു ജനതയ്ക്ക്, അത് സന്തോഷത്തിന്‍റെയും അഭിമാനത്തിന്‍റെയും ആശ്വാസത്തിന്‍റെയും നിമിഷമായിരുന്നു. ഇന്ത്യയുടെ ദേശീയ പതാക എന്താകും എന്നതിന്‍റെ വിവിധ നിർദേശങ്ങളാൽ അടയാളപ്പെടുത്തപ്പെട്ട ആ വിജയകരമായ പ്രഭാതത്തിലേക്കുള്ള യാത്ര ദീർഘവും ക്ലേശകരവുമായിരുന്നു.

നമ്മുടെ ദേശീയ പതാകയുടെ പരിണാമം കേവലം ഒരു പ്രതീകത്തിന്‍റെ കഥ മാത്രമല്ല, നിശ്ചയ ദാർഢ്യത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയുടെ ചരിത്രമാണ്. 1906ൽ സ്വദേശി ബഹിഷ്‌കരണ പ്രസ്ഥാനത്തിന്‍റെ കാലത്താണ് കൊൽക്കത്തയിൽ ആദ്യമായി പതാക ഉയർത്തിയത് . ഇന്ന് നമുക്കറിയാവുന്നതിൽ നിന്ന് വ്യത്യസ്തമായ ഈ പതാക ബ്രിട്ടീഷ് ഭരണത്തിനെതിരായ ചെറുത്തുനിൽപ്പിന്‍റെ ശക്തിയെ പ്രതിനിധീകരിക്കുന്നു. അടുത്ത വർഷം, 1907ൽ മാഡം ഭിക്കാജി കാമ പാരീസിൽ സമാനമായ പതാക ഉയർത്തി രാജ്യത്തിന്‍റെ പോരാട്ടത്തിന്‍റെ സന്ദേശം ആഗോളതലത്തിലേക്ക് എത്തിച്ചു.

വർഷങ്ങൾ കടന്നുപോകുമ്പോൾ, സ്വാതന്ത്ര്യത്തിനായുള്ള രാജ്യത്തിന്‍റെ പോരാട്ടത്തിനൊപ്പം പതാകയുടെ രൂപവും പരിണമിച്ചു. 1917ൽ ആനി ബസന്‍റിന്‍റെയും ബാലഗംഗാധര തിലകിന്‍റെയും നേതൃത്വത്തിൽ നടന്ന ഹോം റൂൾ പ്രസ്ഥാനത്തിന്‍റെ കാലത്ത് സ്വയം ഭരണം ആവശ്യപ്പെട്ട് മറ്റൊരു പതാക ഉയർത്തി. പിംഗളി വെങ്കയ്യ രൂപകല്പന ചെയ്ത പതാകയ്ക്ക് കൂടുതൽ പരിചിതമായ രൂപം കൈവരുന്നത് 1921ലായിരുന്നു. അദ്ദേഹത്തിന്‍റെ രൂപകൽപ്പനയിലെ, ഇന്ത്യയിലെ വിവിധ സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന മൂന്ന് വരകൾ നാനാത്വത്തിൽ ഏകത്വത്തിനുള്ള ആഹ്വാനമായിരുന്നു. കേന്ദ്ര സ്ഥാനത്തുള്ള ചക്രം ഇന്ത്യയുടെ സാമ്പത്തിക സ്വാശ്രയത്വത്തിന്‍റെ പ്രതീകമായിരുന്നു

1931ൽ പതാകയുടെ നിറങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനം വന്നതോടെയാണ് അതിന് അന്തിമമായ മാറ്റം സംഭവിച്ചത്: കുങ്കുമ നിറം ധീരതയെയും വെള്ള സമാധാനത്തെയും പച്ചനിറം ഫലഭൂയിഷ്ഠതയെയും വളർച്ചയെയും സൂചിപ്പിക്കുന്നവയായി. നൂൽനൂൽക്കുന്ന ചക്രത്തിനു പകരമായി നിയമത്തിന്‍റെയും പുരോഗതിയുടെയും അനശ്വരമായ ചക്രത്തിന്‍റെ സൂചകമായ ധർമചക്രം സ്വീകരിച്ചു. 1947 ജൂലൈ 22ന് ഭരണഘടനാ അസംബ്ലി ഔപചാരികമായി അംഗീകരിച്ച ഈ പതാക ഇന്ന് നാം ആദരിക്കുന്ന ത്രിവർണ പതാകയായി മാറി.

സ്വതന്ത്രരാകാൻ ആഗ്രഹിച്ച ഒരു രാജ്യത്തിന്‍റെ കൂട്ടായ അഭിലാഷങ്ങളുടെ പ്രതീകമാണ് ഫോർട്ട്‌ സെന്‍റ് ജോർജ് മ്യൂസിയത്തിലെ കുങ്കുമ, വെള്ള, പച്ച വരകളും, കടും നീല അശോകചക്രവുമുള്ള പതാക. സ്വതന്ത്ര ഇന്ത്യയുടെ പിറവിക്ക് സാക്ഷ്യം വഹിക്കുകയും മാറ്റത്തിന്‍റെ കാറ്റേൽക്കുകയും ചെയ്ത ഈ പതാക രാജ്യത്തിന്‍റെ വളർച്ചയുടെയും വെല്ലുവിളികളുടെയും നിശബ്ദ നിരീക്ഷകനായി നിലകൊള്ളുകയും ചെയ്തു.

ഇന്ത്യൻ ദേശീയ പതാക സ്വാതന്ത്ര്യത്തിന്‍റെ പ്രതീകം മാത്രമല്ല, സ്വാതന്ത്ര്യത്തോടൊപ്പം വന്നുചേരുന്ന ഉത്തരവാദിത്തത്തിന്‍റെ ഓർമപ്പെടുത്തൽ കൂടിയാണ്. ത്രിവർണ പതാക അർഹിക്കുന്ന ബഹുമാനവും അന്തസും ഉൾക്കൊണ്ടിരിക്കുന്നതാണ് 2002ലെ ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ. ഇതിലൂടെ സ്വകാര്യ, പൊതു, സർക്കാർ സ്ഥാപനങ്ങൾ പതാക പ്രദർശിപ്പിക്കുന്നത് , അതിന് കൽപ്പിച്ചു നൽകിയിട്ടുള്ള ആദരവ് പരിഗണിച്ചുകൊണ്ടാണെന്ന് ഉറപ്പാക്കുന്നു. ഖാദിയിൽ കൈകൊണ്ട് നൂൽ നൂൽക്കുന്നതായാലും പോളിയെസ്റ്ററിൽ യന്ത്രം കൊണ്ട് നിർമിച്ചതായാലും പതാകയെ രാജ്യത്തിന്‍റെ അഭിമാനമായി കണക്കാക്കണം. പതാക പ്രദർശിപ്പിക്കുന്നതിനുള്ള ശരിയായ മാർഗം കോഡ് ഊന്നിപ്പറയുന്നു, അതിന് എല്ലായ്പ്പോഴും ഏറ്റവും ഉയർന്ന ബഹുമതി നൽകപ്പെടുന്നു, ഒരിക്കലും നിലത്തോ വെള്ളത്തിലോ തൊടാൻ അനുവദിക്കില്ല, കേടുപാടുകൾ സംഭവിച്ചാൽ മാന്യമായി നീക്കം ചെയ്യുന്നു.

ഫോർട്ട് സെന്‍റ് ജോർജ് മ്യൂസിയം സന്ദർശിക്കുന്നവർക്ക് ഈ പതാകയുടെ മുന്നിൽ നിൽക്കുന്നത് എളിമയുണർത്തുന്ന അനുഭവമാണ്. നമുക്ക് മുൻപുള്ളവരുടെ ത്യാഗത്തെ സ്മരിക്കാനും അവർ കരുതിവച്ച പൈതൃകത്തെ ആദരിക്കാനും ഈ പതാക പ്രതിനിധീകരിക്കുന്ന ആദർശങ്ങളിലേക്കുള്ള യാത്രയെ തിരിച്ചറിയാനുമുള്ള നിമിഷമാണത്.

നിത്യവും മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, പ്രത്യാശയുടെയും തിരിച്ചുവരവിന്‍റെയും ശാശ്വത ദീപമായി ഇന്ത്യൻ ദേശീയ പതാക നിലകൊള്ളുന്നു. ഒരു ജനത സഹിച്ച പോരാട്ടങ്ങളെക്കുറിച്ചും നേടിയ വിജയങ്ങളെക്കുറിച്ചും എല്ലാ വൈചിത്ര്യങ്ങൾക്കും നടുവിൽ നിവർന്നു നിന്ന്, ലോകത്ത് സ്വന്തം സ്ഥാനമുറപ്പിച്ച കീഴടങ്ങാത്ത ഒരു രാജ്യത്തിന്‍റെ ചൈതന്യത്തെക്കുറിച്ചും അത് നമ്മെ ഓർമിപ്പിക്കുന്നു, 12 അടി നീളവും 8 അടി വീതിയുമുള്ള പതാക ഭൂതകാലത്തിന്‍റെ ഒരു തിരുശേഷിപ്പ് മാത്രമല്ല, ഇന്ത്യയെ മുന്നോട്ട് നയിക്കുന്ന സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും ജീവിക്കുന്ന പ്രതീകമാണ്!

Trending

No stories found.

Latest News

No stories found.