ചങ്ങാതി പണക്കാരന്‍, നന്നായി സർക്കാരുകൾ

india and its financial growth
india and its financial growth

ഏതാനും ചില വ്യക്തികളുടെ സമ്പത്ത് ഇരട്ടിയിലധികമായി വർധിക്കുന്നു. ജനസംഖ്യയിലെ മഹാഭൂരിപക്ഷം വരുന്ന ദരിദ്രർ കൂടുതൽ ദരിദ്രരാകുന്നു. ഈ പ്രതിഭാസം നമ്മളെ വേദനിപ്പിക്കുകയോ ചിന്തിപ്പിക്കുകയോ ചെയ്യുന്നുണ്ടോ? ഇതാണോ ജനക്ഷേമം ഉറപ്പാക്കുന്ന സാമ്പത്തിക വളർച്ച? എന്നിട്ടും ജിഡിപിയെ കുറിച്ച് നാം വാചാലരാവുന്നു. ഉദാരവത്കരണത്തിലും സ്വതന്ത്ര വിപണിയിലും നാം ഊറ്റം കൊള്ളുന്നു. തുറന്നു കിട്ടിയ സാധ്യതകളിൽ നാം അഭിരമിക്കുന്നു. നിവരാൻ പോലും കഴിയാതെ ജനസാമാന്യം ഈ നുകത്തിന് കീഴിൽ ഞെരിപിരി കൊള്ളുന്നു. അനുഭവിച്ചു തീർക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും അവർക്കു മുമ്പിൽ ഇല്ലല്ലോ. ആ മാർഗത്തിനും മാറ്റങ്ങൾക്കും തിരി തെളിയിക്കേണ്ടവർ - രാഷ്‌ട്ര നേതാക്കളും ഭരണകർത്താക്കളും - സാമ്പത്തിക വളർച്ചയുടെ സൂചിക ചൂണ്ടിക്കാട്ടി നെഞ്ചളവ് വർധിപ്പിച്ച് സ്വാഭിമാനഭരിതരാവുകയും ആ സുഖ ശീതിളമയിൽ മറ്റെല്ലാം മറന്ന് അതിസമ്പന്നരുടെ ആജ്ഞാനിവർത്തികളാവുകയും ചെയ്യുന്നു. സമത്വ സുന്ദര ലോകത്തെക്കുറിച്ച് ഇന്നലെകളിൽ വാചാലമായവർ ഈ അസമത്വ ധാരാളിമയിൽ പങ്കുകാരായി വിലസുന്നു. നാടോടുമ്പോൾ നടുവേ ഓടേണ്ടേ!

ഒടുവിൽ പുറത്തുവന്ന ഓക്സ്ഫാം റിപ്പോർട്ടാണ് ഞെട്ടിപ്പിക്കുന്നതും അമ്പരിപ്പിക്കുന്നതുമായ ഒട്ടേറെ വിവരങ്ങൾ അനാവരണം ചെയ്തത്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്‍റെ വാർഷിക യോഗത്തിന്‍റെ ആദ്യദിവസമാണ് ബ്രിട്ടീഷ് ജീവകാരുണ്യ സംഘടനയായ ഓക്സ്ഫാം സമാനതകളില്ലാത്ത ഈ അസമത്വ റിപ്പോർട്ട് പുറത്തുവിട്ടത്.

ലോകം കൊവിഡിന്‍റെ പിടിയിലായ 2020 മുതൽ ലോകത്തെ 5 അതിസമ്പന്നരുടെ സമ്പത്ത് ഇരട്ടിയിലധികമായെന്ന് ഓക്സ്ഫാം ചൂണ്ടിക്കാട്ടുന്നു. ഈ കാലയളവിൽ ലോകത്തെ 500 കോടി ദരിദ്രർ കൂടുതൽ ദരിദ്രരായി. ലോക ജനസംഖ്യയുടെ 60% വരുന്നതാണ് ഈ ദരിദ്രർ.

ടെസ്‌ല സിഇഒ ഇലോൺ മസ്ക്, ഫ്രഞ്ച് വ്യവസായി ബർണാർദ് ആർനോ, ആമസോണിന്‍റെ എക്സിക്യൂട്ടീവ് ചെയർമാൻ ജെഫ് ബെസോസ്, ഒറാക്കിൾ സഹ സ്ഥാപകൻ ലാറി എല്ലിസൺ, മെറ്റ സിഇഒ മാർക്ക് സക്കർബർഗ് എന്നിവരുടെ സമ്പത്താണ് ഇരട്ടിയിലേറെയായത്. 40,500 കോടി ഡോളറായിരുന്നു ഇവർക്കെല്ലാവർക്കും കൂടിയുണ്ടായിരുന്ന 2020ലെ സമ്പത്ത്. അതായത് 33.6 ലക്ഷം കോടി രൂപ. ഇത് ഇപ്പോൾ 86,900 കോടി ഡോളറായി കുത്തനെ കുതിച്ചു. ഏകദേശം 72 ലക്ഷം കോടി രൂപ. മണിക്കൂറിൽ 1.4 കോടി ഡോളർ എന്ന നിരക്കിലാണ് (ഏകദേശം 116 കോടി രൂപ) ഇവരുടെ സമ്പത്തിന്‍റെ വർധന.

ലോകത്തെ ഏറ്റവും വലിയ 10 കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഏഴിന്‍റെയും സിഇഒമാർ അല്ലെങ്കിൽ പ്രധാന ഓഹരി ഉടമ ശതകോടീശ്വരനോ കോടീശ്വരിയോ ആണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ലോകത്തെ സമ്പത്തിന്‍റെ 69 ശതമാനവും വടക്കേ അമേരിക്കയും യൂറോപ്പും ഓസ്ട്രേലിയയും ഉൾപ്പെടുന്ന "ആഗോള ഉത്തര' രാജ്യങ്ങളുടെ കൈയിലാണ്. എന്നാൽ ലോക ജനസംഖ്യയുടെ 21 ശതമാനം മാത്രമാണ് ഈ രാജ്യങ്ങളിലുള്ളത്. പക്ഷേ ആഗോള സമ്പത്തിന്‍റെ 74 ശതമാനവും ഇവിടെയാണെന്ന് ഓക്സ്ഫാം വ്യക്തമാക്കുന്നു.

ഈ ഗതിവിഗതികൾ വിലയിരുത്തി സുപ്രധാനമായ ഒരു പ്രവചനം കൂടി ഓക്സ്‌ഫാം നടത്തുന്നു. 10 വർഷത്തിനുള്ളിൽ ലക്ഷം കോടിയിലേറെ സമ്പത്തുള്ള ആദ്യത്തെ "ട്രില്ല്യണയർ' ലോകത്തുണ്ടാകും. അതേസമയം, ഇങ്ങനെ പോയാൽ രണ്ടു നൂറ്റാണ്ട് കഴിഞ്ഞാലേ (ഏകദേശം 229 വർഷം) സമ്പൂർണ ദാരിദ്രനിർമാർജനം സാധ്യമാകൂ എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പേരിനെങ്കിലും മേനി പറയുന്ന ദാരിദ്ര്യ നിർമാർജനം എന്ന ലക്ഷ്യപ്രാപ്തി എവിടെ, എങ്ങനെ എത്തിനിൽക്കുന്നു എന്നതിന്‍റെ നിദർശനം.

ഒറ്റപ്പെട്ടു നിൽക്കാനാവില്ല എന്ന ന്യായേനെ നവ ലിബറൽ സാമ്പത്തിക നയങ്ങൾ സ്വീകരിച്ചതിന്‍റെ പ്രതിഫലം. നവ ലിബറൽ നയങ്ങൾ അന്തരങ്ങൾ വർധിപ്പിച്ചു കൊണ്ടാണ് സമ്പദ്ഘടനയെ വളർത്തുക എന്ന യാഥാർഥ്യം ഇത് നമുക്ക് ബോധ്യപ്പെടുത്തി തന്നിരിക്കുന്നു. ഈ അസമത്വ കൊടുമുടി കയറ്റമാണോ കൊട്ടിഘോഷിക്കപ്പെട്ട സാമ്പത്തിക വളർച്ചാ മെക്കാനിസത്തിലൂടെ നാം ലക്ഷ്യം വച്ചത്?

ഇന്ത്യയുടെ സ്ഥിതിയും വ്യത്യസ്തമല്ല. നിതി ആയോഗ് എന്തു തന്നെ പറഞ്ഞാലും യഥാർഥ വസ്തുത നമ്മെ തുറിച്ചു നോക്കുന്നതു തന്നെ. ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന നിതി ആയോഗിന്‍റെ പഠന റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 9 വർഷത്തിനിടെ 24.82 കോടിയാളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി അവകാശപ്പെടുന്നു. രാജ്യത്തെ ദാരിദ്ര്യ നിരക്ക് 2013-14 ലെ 29.17 ശതമാനത്തിൽ നിന്ന് 2022- 23ൽ 11.28 ശതമാനമായി കുറഞ്ഞെന്നാണ് അവകാശവാദം. ദാരിദ്ര്യ നിരക്ക് ഇക്കൊല്ലം ഒറ്റസംഖ്യയിലേക്ക് കൊണ്ടുവരുമെന്നും ക്രമേണ ഒരു ശതമാനത്തിന് താഴെ എത്തിക്കുമെന്നുമാണ് നിതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യം വ്യക്തമാക്കിയത്. ആഗ്രഹം നല്ലതു തന്നെ, എല്ലാവരും ഇച്ഛിക്കുന്നതും അതു തന്നെ. പക്ഷേ നടപടികൾ ആ വഴിക്ക് ഉണ്ടാകുമോ എന്നതാണ് ആശങ്ക. തെരഞ്ഞെടുപ്പ് വർഷത്തിലെ ഒരു അവകാശവാദം എന്നതിനപ്പുറം വസ്തുതയുമായി ഇത് പൊരുത്തപ്പെട്ട് പോകുമോ?

ഓക്സ്ഫാം റിപ്പോർട്ട് തന്നെ ഈ അവകാശവാദത്തിന്‍റെ പൊള്ളത്തരം തുറന്നു കാട്ടുന്നുണ്ട്. പട്ടിണി അനുഭവിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 2018ൽ നിന്നു 2022ൽ എത്തുമ്പോൾ ഇരട്ടിയിലേറെയായി ഉയർന്നെന്ന് ഓക്സ്ഫാം ഇന്ത്യ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക അസമത്വത്തിന്‍റെ കാര്യത്തിലും ഇന്ത്യ ഒട്ടും പിന്നിലല്ല എന്നു തന്നെയാണ് ഏപ്രിലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ബോധ്യപ്പെടുത്തുന്നത്. രാജ്യത്തെ സമ്പത്തിന്‍റെ 60 ശതമാനവും 5% ആളുകളിൽ കേന്ദ്രീകരിച്ചിരിക്കുമ്പോൾ താഴേത്തട്ടിലുള്ള 50% ആളുകളുടെ പക്കൽ വെറും 3 ശതമാനം സമ്പത്തേയുള്ളൂ. 2012നും 2021നുമിടയിൽ രാജ്യത്ത് ഉത്പാദിപ്പിച്ച സമ്പത്തിന്‍റെ 40 ശതമാനം ജനസംഖ്യയിലെ ഒരു ശതമാനത്തിന്‍റെ കൈയിൽ കുമിഞ്ഞു കൂടുകയാണ് ഉണ്ടായത്. രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം 2020ൽ 102 ആയിരുന്നെങ്കിൽ 2022ൽ അത് 166 ആയി.

ഇന്ത്യയിലെ ഒരു ശതമാനം അതിസമ്പന്നരുടെ ആകെ വരുമാനം ജനസംഖ്യയുടെ 70 ശതമാനം വരുന്ന 95 കോടി ദരിദ്രരുടെ വരുമാനത്തിന്‍റെ 4 മടങ്ങ് വരുമെന്നും ഓക്സ്ഫാം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ ഏറ്റവും മുന്നിലുള്ള 61 കോടീശ്വരന്മാരുടെ വരുമാനം ഒരുമിച്ചു ചേർത്താൽ കേന്ദ്ര സർക്കാരിന്‍റെ ഒരു വർഷത്തെ ബജറ്റിനേക്കാൾ കൂടുതൽ വരുമെന്നും.

ഓക്സ്ഫാം മാത്രമല്ല ഇന്ത്യയിലെ സാമ്പത്തിക അസമത്വ വർധനയെക്കുറിച്ച് പറഞ്ഞത്. സാമ്പത്തിക അസമത്വം 2000നു ശേഷം ഇന്ത്യയിൽ കുതിച്ചുയർന്നുവെന്നാണ് യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്‍റ് പ്രോഗ്രാം (യുഎൻഡിപി) റിപ്പോർട്ടിൽ പറയുന്നത്. ഇതൊക്കെ കണ്ടില്ലെന്നു നടിച്ച് കണക്കുകളുടെ കസർത്തിൽ മേനി നടിച്ചാൽ ദാരിദ്ര്യം ഒഴിഞ്ഞു പോവില്ല എന്ന യാഥാർഥ്യം ഉത്തരവാദിത്തപ്പെട്ടവർ ഉൾക്കൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിന് ഇച്ഛാശക്തിയും അതനുസരിച്ചുള്ള നടപടികളും വേണം.

ഒരു ശതമാനം അതിസമ്പന്നർക്കുള്ള നികുതി വർഷം 0.5 ശതമാനം വച്ച് വർധിപ്പിച്ചിരുന്നെങ്കിൽ 11.7 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ആവശ്യമായ നിക്ഷേപം ലഭിക്കുമായിരുന്നുവെന്നു സാമ്പത്തിക ഫോറത്തിന്‍റെ 50ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ഓക്സ്ഫാം നേരത്തെ പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ദാരിദ്ര്യം കുറയ്ക്കാനുള്ള ഒരു നടപടി നിർദേശം.

എന്നാൽ ആ വഴിക്കൊന്നും ഒരു നടപടിയും ഉണ്ടായില്ലെന്നു മാത്രമല്ല, അതിസമ്പന്നർക്ക് നികുതി ചുമത്താൻ നിർദേശിച്ച ഐആർഎസ് ഉദ്യോഗസ്ഥരുടെ മേൽ നടപടി സ്വീകരിക്കാനാണ് കേന്ദ്രം ഒരുമ്പെട്ടത്. കൊവിഡ് പ്രതിസന്ധി മറികടക്കാൻ 50 യുവ ഐആർഎസ് ഉദ്യോഗസ്ഥർ ചേർന്ന് തയാറാക്കിയ റിപ്പോർട്ടാണ് കേന്ദ്രത്തെ പ്രകോപിച്ചതും നടപടിക്ക് മുതിർന്നതും. ഇത്തരത്തിൽ റിപ്പോർട്ട് തയാറാക്കാൻ ഐആർഎസ് അസോസിയേഷനോട് നിർദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സർക്കാർ അതിസമ്പന്നർക്ക് മുമ്പിൽ നല്ലപിള്ള ചമയുകയും ചെയ്തു.

അപ്പോൾ ദിശാഗതി എങ്ങോട്ടെന്ന് വ്യക്തം. അതിസമ്പന്നർ വിശുദ്ധ പശുക്കളാണ്. അവർക്ക് നോവുന്നതൊന്നും ഉണ്ടായിക്കൂടാ. ദാരിദ്രാവസ്ഥ മാറിയില്ലെങ്കിലെന്ത്? ദാരിദ്ര്യ നിർമാർജന മുദ്രാവാക്യം വീണ്ടും വീണ്ടും ഉയർത്താമല്ലോ! തീറ്റ കാട്ടി കന്നുകളെ ഉദ്ദിഷ്ടസ്ഥാനത്തേക്ക് കൊണ്ടുപോകുന്നതു പോലെ മുദ്രാവാക്യം കൊണ്ട് പട്ടിണിപ്പാവങ്ങളെയും ഉദ്ദേശിക്കുന്നതിലേക്ക് നയിക്കാം. ഇതാണ് മനോഭാവം! അപ്പോൾ പിന്നെ അസമത്വം വർധിച്ചില്ലെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളൂ. നമുക്ക് മില്യണയർ കഴിഞ്ഞ് ട്രില്യണയറിലേക്ക് കുതിക്കാം! ലോക പട്ടികയിൽ സ്ഥാനം ഉറപ്പിക്കാം! ദരിദ്രന്‍റെ ദാരിദ്രാവസ്ഥ വർധിച്ചുകൊണ്ടുമിരിക്കും. കാരണം കോരന് കഞ്ഞി കുമ്പിളിൽ തന്നെ!

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com