Canadian Prime Minister Justin Trudeau with his Indian counterpart Narendra Modi.
Canadian Prime Minister Justin Trudeau with his Indian counterpart Narendra Modi.File photo

കനേഡിയൻ ധർമസങ്കടം: ഇന്ത്യക്കു ബാധകമാകാത്ത അമേരിക്കൻ നീതി

ഇറാക്കിലും ലിബിയയിലും അഫ്ഗാനിസ്ഥാനിലും കണ്ട അമേരിക്കൻ നീതി ഇന്ത്യക്ക് അനുവദിച്ചുകൊടുക്കാൻ ക്യാനഡയോ യുകെയോ തയാറാകില്ല.

വി.കെ. സഞ്ജു

''യേ ഹമാരാ സിദ്ധാന്ത് ഹേ. ഹം ഘർ മേ ഘുസ് കേ മാരേംഗെ...''

2019ലെ ബാലകോട്ട് ആക്രമണത്തിനു ശേഷം അഹമ്മദാബാദിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയാണിത്. ''അടിക്കാൻ വരുന്നവരെ വീട്ടിൽ കയറി തിരിച്ചടിക്കുന്നതാണ് നമ്മുടെ രീതി'' എന്ന്.

പന്ത്രണ്ട് മിറാഷ് പോർവിമാനങ്ങളുമായി നിയന്ത്രണ രേഖ കടന്ന് പാക്കിസ്ഥാനിലെ ഭീകര ക്യാംപുകൾ ആക്രമിച്ച അന്നതെ ഇന്ത്യൻ നടപടിക്ക് 'നിയന്ത്രണ രേഖ' എന്ന നിയമപരമായ പരിരക്ഷയുണ്ടായിരുന്നു. നിയന്ത്രണ രേഖ എന്നാൽ ഔദ്യോഗികമായി അന്താരാഷ്‌ട്ര അതിർത്തിയല്ല എന്നതു തന്നെ കാരണം. നാലു മരം കത്തിയതല്ലാതെ, നാശനഷ്ടങ്ങളൊന്നും സംഭവിച്ചില്ലെന്ന പ്രസ്താവനയുമായി പാക്കിസ്ഥാൻ ഈ സംഭവത്തെ ലഘൂകരിക്കുക കൂടി ചെയ്തതോടെ അന്താരാഷ്‌ട്രവേദികളിൽ ഈ സംഭവം ഒരു പ്രശ്നം പോലുമായില്ല.

പക്ഷേ, ഇന്ത്യയിൽ നിന്നു തുടച്ചുനീക്കപ്പെട്ട ഖാലിസ്ഥാൻ ഭീകരവാദത്തിന്‍റെയും, ശ്രീലങ്കയിൽ നിന്നു തുടച്ചുനീക്കപ്പെട്ട എൽടിടിഇ ഭീകരവാദത്തിന്‍റെയുമെല്ലാം ശേഷിപ്പുകൾക്ക് സുരക്ഷിതമായ ഇടത്താവളമൊരുക്കുന്ന രാജ്യമാണെങ്കിലും ക്യാനഡയുമായി ഉരസുമ്പോൾ ഇത്തരം 'പരിരക്ഷകൾ' ബാധകമാകില്ല; യുഎസിന്‍റെ അയൽക്കാരും അടുത്ത സുഹൃദ് രാജ്യവും കൂടിയാണ് ക്യാനഡ എന്നതിനാൽ പ്രത്യേകിച്ചും. യുഎസിന്‍റെ ചൊൽപ്പടിക്ക് പുറത്ത് സ്വന്തമായൊരു നിലപാടെടുക്കാൻ യുകെയ്ക്ക് കരുത്തുമില്ല.

ഈ പശ്ചാത്തലത്തിലാണ്, കനേഡിയൻ പൗരനായ ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ യുകെയിൽ വച്ച് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇന്ത്യ സഹകരിക്കണമെന്ന യുഎസിന്‍റെ ആവശ്യം പ്രസക്തമാകുന്നത്.

ഇന്ത്യയിൽ നിന്നു കള്ള പാസ്പോർട്ടിൽ ക്യാനഡയിൽ പോകുകയും, പാക്കിസ്ഥാനിൽനിന്ന് ഭീകര പരിശീലനം നേടുകയും ചെയ്ത നിജ്ജർ ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ വരെ പദ്ധതി തയാറാക്കിയിരുന്ന ആളാണ്. ഈ നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന ക്യാനഡയുടെ ആരോപണത്തെ പരോക്ഷമായി പിന്തുണയ്ക്കുകയാണ് യുഎസ്. ഇന്ത്യ ഈ ആരോപണം നിഷേധിക്കുന്നുമുണ്ട്.

നിജ്ജറുടെ കൊലപാതകത്തിൽ പങ്ക് ആരോപിച്ചാണ് ഇന്ത്യൻ നയതന്ത്രജ്ഞനെ ക്യാനഡ പുറത്താക്കുന്നത്. ആരോപണത്തിനു തെളിവുണ്ടെന്നു പറയുന്നുണ്ടെങ്കിലും, അതു ഹാജരാക്കാനുള്ള ഇന്ത്യയുടെ വെല്ലുവിളി ക്യാനഡ ഇതുവരെ സ്വീകരിച്ചിട്ടുമില്ല.

ഇങ്ങനെയൊരു സാഹചര്യത്തിൽ അൽപ്പം ചരിത്രം പരിശോധിക്കുന്നത് ഉചിതമായിരിക്കും. ചരിത്രമെന്നു വച്ചാൽ, അത്ര പഴങ്കഥയൊന്നുമില്ല, ഏതാനും പതിറ്റാണ്ട് മാത്രം പഴക്കമുള്ള സമീപകാല ചരിത്രം:

  • ഇറാക്കിന്‍റെ പ്രസിഡന്‍റായിരുന്നു സദ്ദാം ഹുസൈൻ, 2006 ഡിസംബർ 30ന് വധശിക്ഷയ്ക്കു വിധേയനായി.

  • ലിബിയൻ ഭരണാധികാരിയായിരുന്നു മുവാമർ ഗദ്ദാഫി, 2011 ഒക്റ്റോബർ 20ന് വെടിയേറ്റു മരിച്ചു.

(രണ്ടും സംഭവിക്കുന്നത് യുഎസ് നടത്തിയ സൈനിക അധിനിവേശത്തിനൊടുവിൽ.)

  • അൽ ക്വയ്ദ എന്ന ഭീകര സംഘടനയുടെ തലവനായിരുന്ന ഒസാമ ബിൻ ലാദനെ 2011 മേയ് 2ന് യുഎസ് കമാൻഡോകൾ വെടിവച്ചു കൊന്നത് പാക്കിസ്ഥാന്‍റെ മണ്ണിൽ, പാക് സർക്കാർ പോലുമറിയാതെ.

2001 മുതൽ 2021 വരെ അഫ്ഗാനിസ്ഥാനിൽ ഭീകരവിരുദ്ധ പോരാട്ടമെന്ന് ഓമനപ്പേരിട്ട് ഇതേ യുഎസ് നടത്തിയ സൈനിക അധിനിവേശത്തിനൊടുവിൽ മറ്റൊരു കൂട്ടം ഭീകരർക്കു തന്നെ ഭരണം കൈമാറി; തകർന്നു തരിപ്പണമായിക്കഴിഞ്ഞ ആ രാജ്യം ഇന്നു മരിച്ചുജീവിക്കുന്നു....

പക്ഷേ, ക്യാനഡയുടെ ആരോപണം തെളിയിക്കപ്പെട്ടാൽ ഈ ന്യായം നിരത്തിയൊന്നും ഇന്ത്യക്കു മുഖം രക്ഷിക്കാനാവില്ല എന്നതാണ് യാഥാർഥ്യം. കാരണം, ആധുനിക ആഗോള രാഷ്‌ട്രീയത്തിൽ എന്നും രണ്ടു നീതിയായിരുന്നു- ഒന്ന് സാമാന്യ നീതി, രണ്ടാമത്തേത് അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും മാത്രം ബാധകമായ അമേരിക്കൻ നീതി. അങ്ങനെയൊരു സ്വന്തം നീതി വളർത്തിയെടുക്കാൻ മാത്രം ഇന്ത്യ വലുപ്പം ഇന്ത്യക്ക് ആഗോള വേദിയിൽ കൈവന്നിട്ടില്ലെന്നത് നിഷേധിക്കാൻ കഴിയാത്ത യാഥാർഥ്യം തന്നെയാണ്.

ജി20 അധ്യക്ഷപദത്തിനു മുൻപും ശേഷവും എന്നു വിഭജിക്കാൻ മാത്രം ഇന്ത്യയുടെ ആഗോള സ്വാധീനം വളർന്നു കഴിഞ്ഞു എന്ന തെറ്റിദ്ധാരണ കൂടി ഇവിടെ ഒരു ഘടകമാകുന്നുണ്ട്. നിജ്ജറിന്‍റെ വധത്തിൽ പങ്കില്ലെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ച് വിശദീകരിക്കുമ്പോഴും, ''അതു നമ്മളാണ്'' എന്ന മട്ടിൽ സർക്കാരിനെയും ഭരണകക്ഷിയെയും ബൂസ്റ്റ് ചെയ്യാൻ നടത്തുന്ന ശ്രമം ഈ തെറ്റിദ്ധാരണയുടെ സ്വാധീനത്തിൽപ്പെട്ടുള്ളതാണ്.

ലോകത്തിന്‍റെ രണ്ടറ്റത്തു കിടക്കുന്ന രണ്ടു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര തർക്കം എന്നതിൽ കവിഞ്ഞ് ഒരു തലമുണ്ട് ഇന്ത്യ - ക്യാനഡ പ്രശ്നത്തിന്. 14 ലക്ഷത്തോളം ഇന്ത്യൻ വംശജർ ക്യാനഡയിൽ ജോലി ചെയ്തും വ്യവസായ സംരംഭങ്ങൾ നടത്തിയും ജീവിക്കുന്നുണ്ട്. രണ്ടേകാൽ ലക്ഷത്തോളം ഇന്ത്യൻ വിദ്യാർഥികൾ ക്യാനഡയിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്നുണ്ട്. ഇവരുടെയൊക്കെ ജീവന്‍റെയും സ്വത്തിന്‍റെയും ഭാവിയുടെയും സുരക്ഷിതത്വം കൂടി കണക്കിലെടുക്കാതെ ഇരു രാജ്യങ്ങൾക്കും രാഷ്‌ട്രീയ തർക്കം അനിശ്ചിതകാലത്തേക്ക് മുന്നോട്ടു കൊണ്ടുപോകാനാകില്ല.