ആഗോള കായിക മഹാശക്തിയായി മാറുന്ന ഇന്ത്യ
freepik
ഡോ. മൻസുഖ് മാണ്ഡവ്യ
(കേന്ദ്ര യുവജകാര്യ, കായിക - തൊഴിൽ വകുപ്പു മന്ത്രി)
2047ഓടെ വികസിത രാജ്യമാകാനുള്ള ഇന്ത്യയുടെ യാത്ര ആരംഭിക്കുമ്പോൾ, ഈ കാഴ്ചപ്പാടിനെ രൂപപ്പെടുത്തുന്ന ഏറ്റവും കരുത്തുറ്റ വസ്തുത ഇന്ത്യയുടെ കായികരംഗത്തിന്‍റെ ഉയർച്ചയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ ഇന്ത്യൻ കായികരംഗം ആഗോള വേദികളിൽ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. അടിസ്ഥാനതലങ്ങളിൽ നിന്ന് ആഗോള വേദികളിലേക്കു കുതിക്കുകയാണ് ഇന്ത്യ. പ്രധാനമന്ത്രിയുടെ ദർശനം കായിക രംഗത്തോടുള്ള സമീപനം മാറ്റിമറിച്ചു. ലോകോത്തര പിന്തുണ, ആധുനിക സൗകര്യങ്ങൾ, കഴിവുകൾക്കും കഠിനാധ്വാനത്തിനും പ്രതിഫലം നൽകുന്ന സുതാര്യമായ സംവിധാനം എന്നിവ ഉറപ്പാക്കി.
അടുത്തിടെ, അസാധാരണമായ പ്രകടനങ്ങളുടെ പരമ്പരയിലൂടെ ഇന്ത്യൻ താരങ്ങൾ രാജ്യത്തിന്‍റെ അന്തസ് വീണ്ടുമുയർത്തി. ദക്ഷിണ കൊറിയയിലെ ഗൂമിയിൽ നടന്ന 2025ലെ ഏഷ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പാകട്ടെ, മംഗോളിയയിലെ ഉലാൻബാറ്ററിൽ നടന്ന ലോക ഗുസ്തി റാങ്കിങ് സീരീസ് 4 ആകട്ടെ, അവയിലെല്ലാം നമ്മുടെ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഏഷ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ സംഘം 24 മെഡലുകൾ നേടുകയും നിരവധി ദേശീയ റെക്കോർഡുകൾ തകർക്കുകയും ചെയ്തു.
മംഗോളിയയിൽ നിന്ന് 21 മെഡലുകൾ നേടി റാങ്കിങ് സീരീസിലെ എക്കാലത്തെയും മികച്ച നേട്ടവുമായി തിരിച്ചെത്തിയ നമ്മുടെ വനിതാ ഗുസ്തിക്കാർ ചരിത്രത്തിലെ സുവർണ അധ്യായമാണു രചിച്ചത്. ഈ വിജയം ഒറ്റ രാത്രി കൊണ്ട് വന്നതല്ല. ആദ്യ 23 ഒളിംപിക് എഡിഷനുകളിൽ (സ്വാതന്ത്ര്യത്തിന് മുമ്പുള്ളത് ഉൾപ്പെടെ) ഇന്ത്യ 26 മെഡലുകൾ മാത്രമാണ് നേടിയത്. എന്നാൽ കഴിഞ്ഞ 3 പതിപ്പിൽ മാത്രം (2016, 2020, 2024) ഇന്ത്യ 15 മെഡലുകൾ നേടി. പാരാലിംപിക്‌സിൽ ഈ ഉയർച്ച കൂടുതൽ ശ്രദ്ധേയമാണ്. 1968നും 2012നും ഇടയിൽ ആകെ 8 മെഡലുകൾ മാത്രമുണ്ടായിരുന്ന ഇന്ത്യ കഴിഞ്ഞ 3 പതിപ്പിലായി 52 മെഡലുകൾ നേടി. ഇതിൽ 2024ലെ പാരിസ് പതിപ്പിൽ നേടിയ 29 മെഡലുകളെന്ന റെക്കോർഡും ഉൾപ്പെടുന്നു.
ഈ നേട്ടങ്ങൾ യാദൃച്ഛികമല്ല. കഴിഞ്ഞ 11 വർഷമായി കെട്ടിപ്പടുത്ത ആവാസവ്യവസ്ഥയുടെ ഫലമാണ്. പശ്ചാത്തലം പരിഗണിക്കാതെ, എല്ലാ കായിക താരങ്ങൾക്കും ലോകോത്തര പരിശീലനം, അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക സഹായം, കായികതാര കേന്ദ്രീകൃത ഭരണം, അഭിവൃദ്ധി പ്രാപിക്കാൻ സുതാര്യമായ ഒരു സംവിധാനം എന്നിവ ലഭിക്കണമെന്ന വ്യക്തവും കേന്ദ്രീകൃതവുമായ കാഴ്ചപ്പാട് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്നിട്ടുണ്ട്. 2014 മുതൽ ഇന്ത്യൻ കായികരംഗത്തെ പുനർരൂപകൽപ്പന ചെയ്ത പരിവർത്തനാത്മക പരിഷ്കാരങ്ങളിലൂടെ കേന്ദ്ര ഗവണ്മെന്‍റ് കരുത്തുറ്റ അടിത്തറ പാകി.
മികച്ച കായിക താരങ്ങളെ തിരിച്ചറിയാനും പിന്തുണയ്ക്കാനും 2014ൽ ആരംഭിച്ച ടാർഗെറ്റ് ഒളിംപിക് പോഡിയം സ്കീം (TOPS) ആണ് ഈ പരിഷ്കാരങ്ങളുടെ കാതൽ. 75 താരങ്ങളിൽ നിന്ന് ആരംഭിച്ച ഈ പദ്ധതി, ഇപ്പോൾ ലോസ് ഏഞ്ജലസ് 2028 കണക്കിലെടുത്ത് 213 താരങ്ങളെ പിന്തുണയ്ക്കുന്നതിലേക്ക് വളർന്നു. ഇതിൽ 52 പാരാ- അത്‌ലറ്റുകളും വികസന വിഭാഗത്തിൽ 112 അത്‌ലറ്റുകളും ഉൾപ്പെടുന്നു. പരമ്പരാഗതമായി കുറഞ്ഞ ശ്രദ്ധ ലഭിച്ചിരുന്ന ഇനങ്ങളിലെ താരങ്ങളെ പിന്തുണയ്ക്കാൻ പുതിയ പദ്ധതികളും അവതരിപ്പിച്ചു. ഈ വർഷം അവതരിപ്പിച്ച ടാർഗെറ്റ് ഏഷ്യൻ ഗെയിംസ് ഗ്രൂപ്പ് (TAGG), ഫെൻസിങ്, സൈക്ലിങ്, കുതിര സവാരി, സെയിലിങ്, കയാക്കിങ്, കനോയിങ്, ജൂഡോ, തായ്‌ക്വൊണ്ടോ, ടെന്നീസ്, ടേബിൾ ടെന്നീസ്, വുഷു തുടങ്ങിയ 10 വിഭാഗങ്ങളിലായി മെഡൽ സാധ്യതയുള്ള 40 പേരെ പിന്തുണയ്ക്കുന്നു.
ഈ പ്രകടനത്തിനു നേതൃത്വം നൽകുക എന്നത് വെറും കാഴ്ചപ്പാടു മാത്രമല്ല; ഗണ്യമായ സാമ്പത്തിക പ്രതിജ്ഞാബദ്ധതയും കൂടിയാണ്. യുവജനകാര്യ, കായിക മന്ത്രാലയ ബജറ്റ് കഴിഞ്ഞ ദശകത്തിൽ മൂന്നിരട്ടിയിലധികം വർധിച്ച്, 2013–14ലെ ₹1,219 കോടിയിൽ നിന്ന് 2025–26ൽ 3,794 കോടി രൂപയായി. അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനും വർഷം മുഴുവനും മത്സരങ്ങൾ പ്രോത്സാഹിപ്പിക്കാനുമായി 2017 ൽ ആരംഭിച്ച ഖേലോ ഇന്ത്യ പദ്ധതിയുടെ ബജറ്റ് ഈ വർഷം ₹1,000 കോടിയായി വർധിച്ചു. ഈ നിക്ഷേപങ്ങൾ പ്രതിഭകളെ പരിപോഷിപ്പിക്കുകയും യുവ അത്‌ലറ്റുകൾക്ക് ആവേശകരമായ മത്സര ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയും ചെയ്യുന്നു.
ദേശീയ സ്‌പോർട്‌സ് ഫെഡറേഷനുകൾക്കും അഭൂതപൂർവമായ പിന്തുണ ലഭിച്ചു. അന്താരാഷ്‌ട്ര ടൂർണമെന്‍റുകളും ദേശീയ ചാംപ്യൻഷിപ്പുകളും നടത്താനുള്ള സാമ്പത്തിക സഹായം ഏകദേശം ഇരട്ടിയായി. പരിശീലകരുടെ പിന്തുണ 50 ശതമാനം വർധിപ്പിച്ചു. കായിക താരങ്ങൾക്കുള്ള ഭക്ഷണബത്ത വർധിപ്പിച്ചു. ഈ കേന്ദ്രീകൃത ശ്രമങ്ങൾ ഇന്ത്യയെ മെഡൽ സാധ്യത വൈവിധ്യവത്കരിക്കാനും വിവിധ കായിക ഇനങ്ങളിൽ വ്യാപ്തി വർധിപ്പിക്കാനും സഹായിക്കുന്നു.
ഏറ്റവും ഫലപ്രദമായ പരിഷ്കാരങ്ങളിലൊന്ന് സുതാര്യതയിൽ നൽകിയ ഊന്നലാണ്. എല്ലാ ഫെഡറേഷനുകളും ഇപ്പോൾ സെലക്‌ഷൻ ട്രയലുകൾ വീഡിയൊയിൽ റെക്കോഡ് ചെയ്യണം. പ്രധാന മത്സരങ്ങൾക്കുള്ള സെലക്‌ഷൻ മാനദണ്ഡങ്ങൾ 2 വർഷം മുമ്പ് പ്രസിദ്ധീകരിക്കണം. ഇത് നീതി ഉറപ്പാക്കുകയും താരങ്ങൾക്കിടയിൽ വിശ്വാസം വളർത്തുകയും ഈ സംവിധാനത്തെ മെരിറ്റ് അടിസ്ഥാനമാക്കി നിലനിർത്തുകയും ചെയ്യുന്നു.
കായികതാരങ്ങളെ കേന്ദ്രീകരിച്ചുള്ള പരിഷ്കാരങ്ങളാണ് സമീപകാല കായിക നയ രൂപീകരണത്തിൽ പ്രധാനം. സ്‌പോർട്‌സ് സർട്ടിഫിക്കറ്റുകൾ ഇപ്പോൾ ഡിജിലോക്കർ വഴി നൽകുകയും ദേശീയ സ്‌പോർട്‌സ് റിപ്പോസിറ്ററി സിസ്റ്റവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് താരങ്ങൾക്ക് കൃത്രിമമില്ലാത്ത ഡോക്യുമെന്‍റേഷൻ ഉറപ്പാക്കുന്നു. 2024ലെ കരട് ദേശീയ കായിക നയവും, നിലവിൽ അന്തിമ ഘട്ടത്തിലുള്ള കരട് ദേശീയ കായിക ഭരണ ബില്ലും കായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു. പുതിയ മെഡിക്കൽ പരിശോധനകളിലൂടെയും കർശനമായ ശിക്ഷകളിലൂടെയും പ്രായത്തട്ടിപ്പ് തടയുന്നു. സുതാര്യതയും ചട്ടങ്ങൾ പാലിക്കലും ഉറപ്പാക്കാൻ ഫെഡറേഷനുകൾ ഇന്‍റഗ്രിറ്റി ഓഫിസർമാരെ നിയമിക്കേണ്ടതുണ്ട്.
ഒളിംപിക് മത്സര ഇനങ്ങൾക്കു പുറമേ, നമ്മുടെ പരമ്പരാഗത കായിക ഇനങ്ങളായ മല്ലക്കാമ്പ, കളരിപ്പയറ്റ്, യോഗാസന, ഗത്ക, താങ്-ത എന്നിവ ഖേലോ ഇന്ത്യ ഗെയിംസിലൂടെ പുനരുജ്ജീവിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കബഡി, ഖോ-ഖോ തുടങ്ങിയ തദ്ദേശീയ കായിക ഇനങ്ങൾ ഇപ്പോൾ അന്താരാഷ്‌ട്ര അംഗീകാരം നേടുന്നു. ഇത് ഇന്ത്യയുടെ സമ്പന്നമായ കായിക പാരമ്പര്യത്തെ അഭിമാനത്തോടെ പ്രദർശിപ്പിക്കുന്നു.
ലിംഗസമത്വത്തിനായുള്ള ശ്രമങ്ങളും പ്രധാനമാണ്. കായിക രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച ASMITA ലീഗ് (പ്രവർത്തനത്തിലൂടെ സ്ത്രീകളെ പ്രചോദിപ്പിച്ചുകൊണ്ട് കായിക നാഴികക്കല്ലുകൾ കൈവരിക്കുന്നു) അതിവേഗം വികസിച്ചു. 2021–22ലെ 840 വനിതാ കായിക താരങ്ങളിൽ നിന്ന്, 2024–25ൽ 26 കായിക ഇനങ്ങളിലായി 60,000ത്തിലധികം സ്ത്രീകൾ പങ്കെടുത്തു. ASMITA ലീഗ് ഈ താരങ്ങളെ ഖേലോ ഇന്ത്യ പാതയുമായി കൂട്ടിയിണക്കുന്നു. ഇത് അവർക്ക് സുപ്രധാന അവസരങ്ങളും മത്സര പരിചയവും നൽകുന്നു.
11 വർഷത്തിനിടെ ഇന്ത്യയുടെ കായിക അടിസ്ഥാന സൗകര്യങ്ങളും അഭൂതപൂർവമായി വികസിച്ചു. 2014ന് മുമ്പ് വെറും 38 അടിസ്ഥാന സൗകര്യ പദ്ധതികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴത് 350 ആയി. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ നിലവിൽ മികവിന്‍റെ 23 ദേശീയ കേന്ദ്രങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നു. TOPS, ഖേലോ ഇന്ത്യ എന്നിവയ്ക്കു കീഴിൽ മികച്ച കായിക താരങ്ങളെ പരിശീലിപ്പിക്കുന്നു. കൂടാതെ, 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി മികവിന്‍റെ 34 സംസ്ഥാന കേന്ദ്രങ്ങൾ. കൂടാതെ 757 ജില്ലകളിലായി 1,048 ഖേലോ ഇന്ത്യ കേന്ദ്രങ്ങളും സ്ഥാപിച്ചു. ഈ കേന്ദ്രങ്ങൾ താഴേത്തട്ടിൽ നിന്നു തന്നെ കഴിവുകൾ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നു.
ഖേലോ ഇന്ത്യ ഗെയിംസ് ദേശീയ പ്രസ്ഥാനമായി പരിണമിച്ചു. ഇതുവരെ, യൂത്ത്, യൂണിവേഴ്സിറ്റി, പാരാ, വിന്‍റർ, ബീച്ച് ഗെയിംസ് ഉൾപ്പെടെ 19 പതിപ്പുകൾ നടന്നിട്ടുണ്ട്. 56,000ത്തിലധികം താരങ്ങൾ ഇതിൽ പങ്കെടുത്തു. പ്രത്യേകിച്ച് ഖേലോ ഇന്ത്യ പാരാ ഗെയിംസ് പരിവർത്തന ഘടകമാണ്. ഈ മത്സരങ്ങളിൽ നിന്നുള്ള നിരവധി അത്‌ലറ്റുകൾ പാരാലിംപിക്‌സിൽ മെഡലുകൾ നേടുമെന്നുറപ്പാണ്.
മുന്നോട്ടു നോക്കുമ്പോൾ, 2030 കോമൺവെൽത്ത് ഗെയിംസിനും 2036 ഒളിംപിക് ഗെയിംസിനും ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തിനായി ഇന്ത്യ തയാറെടുക്കുകയാണ്. ഈ കാഴ്ചപ്പാടിനെ പിന്തുണയ്ക്കാനും വർഷം മുഴുവനും മത്സരവും കഴിവുകളുടെ കണ്ടെത്തലും ഉറപ്പാക്കാനും ഖേലോ ഇന്ത്യയുടെ കീഴിൽ സ്കൂൾ ഗെയിംസ്, ട്രൈബൽ ഗെയിംസ്, നോർത്ത് ഈസ്റ്റ് ഗെയിംസ്, വാട്ടർ ഗെയിംസ്, ആയോധന കലാ ഗെയിംസ്, സ്വദേശി ഗെയിംസ് തുടങ്ങിയ പുതിയ പരിപാടികൾക്കു തുടക്കം കുറിക്കുകയാണ്. ചെറുപ്പം മുതലേ താരങ്ങളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിലൂടെ കായിക ആവാസ വ്യവസ്ഥയിലേക്ക് പുതിയ പ്രതിഭകളെ കൊണ്ടുവരുന്നതിൽ വരാനിരിക്കുന്ന ഖേലോ ഇന്ത്യ സ്കൂൾ ഗെയിംസ് നിർണായക പങ്ക് വഹിക്കും.
2036ൽ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുമ്പോൾ ഇന്ത്യയെ മികച്ച 10 കായിക രാജ്യങ്ങളിൽ ഒന്നായും 2047ൽ സ്വാതന്ത്ര്യത്തിന്‍റെ 100 വർഷം ആഘോഷിക്കുമ്പോഴേക്കും മികച്ച 5 രാജ്യങ്ങളിൽ ഒന്നായും മാറ്റുക എന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. ഇതു സാക്ഷാത്കരിക്കാൻ വളരെയേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇനിയും ഒട്ടേറെ കാര്യങ്ങൾ നേടേണ്ടതുണ്ട്. കരുത്തുറ്റ അടിത്തറ പാകാൻ പ്രധാന ഭരണ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്, അവ കായിക വികസനത്തിൽ നിർണായകമാണ്.
കായികരംഗത്ത് മാത്രമല്ല, 2024 ഡിസംബറിൽ ആരംഭിച്ച "ഫിറ്റ് ഇന്ത്യ സൺഡേയ്‌സ് ഓൺ സൈക്കിൾ' യജ്ഞത്തിലൂടെ ഫിറ്റ്‌നസിലെ സാമൂഹ്യ ഇടപെടൽ കരുത്തുറ്റ വേഗത കൈവരിച്ചു. വെറും 150 പേർ മാത്രം പങ്കെടുത്തിരുന്ന ഈ യജ്ഞം ഇപ്പോൾ 10,000ത്തിലധികം സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. 3.5 ലക്ഷത്തിലധികം പൗരന്മാർ സജീവമായി പങ്കെടുക്കുന്നു. ജൂൺ ഒന്നിന് സംഘടിപ്പിച്ച 25ാമത് പതിപ്പ് സായുധ സേനകൾക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതിന്, ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് ത്രിവർണ റാലിയായി ആഘോഷിച്ചു. ജമ്മു കശ്മീരിലെ ഒറ്റപ്പെട്ട ജില്ലകൾ ഉൾപ്പെടെ 5,000 സ്ഥലങ്ങളിലായി 75,000ത്തിലധികം പേർ റാലിയിൽ പങ്കെടുത്തു.
കായികക്ഷമതയുടെ സന്ദേശം പ്രചരിപ്പിക്കാൻ ഡോക്റ്റർമാർ, ഗവണ്മെന്‍റ് ജീവനക്കാർ, അധ്യാപകർ തുടങ്ങി വിവിധ വിഭാഗങ്ങൾ ആഴ്ച തോറുമുള്ള ഈ പരിപാടികളിൽ പങ്കെടുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനനുസൃതമായി ഫിറ്റ് ഇന്ത്യ പ്രസ്ഥാനം ഫിറ്റ്‌നസിന്‍റെ സന്ദേശം രാജ്യത്തെ എല്ലാ വീടുകളിലേക്കും എത്തിക്കുന്നു.