

ഈ മേള രാജ്യത്തിന്‍റെ വികസന കണ്ണാടി
വിജയ് ചൗക്ക്/ സുധീര്‍ നാഥ്
ഡല്‍ഹിയില്‍ എല്ലാ വര്‍ഷവും നടക്കുന്ന മഹാ വ്യാപാര മേളയാണ് ഇന്ത്യ ഇന്‍റര്‍നാഷണല്‍ ടേഡ്ര് ഫെയര്‍ (ഐടിടിഎഫ്). ഇതിന്‍റെ 44 ാം പതിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യ ഇന്‍റര്‍നാഷണല്‍ ട്രേഡ് ഫെയര്‍ എന്നാണ് പേരെങ്കിലും വിവിധ സംസ്ഥാനങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നു. ഓരോ സംസ്ഥാനത്തിനും അവരവരുടെ വ്യവസായ- വാണിജ്യ- ടൂറിസം രംഗത്തെ പുരോഗതി പ്രദര്‍ശിപ്പിക്കുന്ന ഒരു വേദി കൂടിയാണ് ഇവിടം. പ്രഗതി മൈതാൻ എന്ന് നേരത്തേ അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഭാരത് മണ്ഡപത്തിൽ വന്നാല്‍ നമ്മുടെ രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും നടന്ന വികസനങ്ങളുടെ ഒരു രൂപരേഖ ലഭിക്കും. എല്ലാ സംസ്ഥാനങ്ങളും അവരവരുടെ സംസ്ഥാനത്തെ പ്രധാന വികസനങ്ങളും, പ്രധാന വിപണന ഉത്പന്നങ്ങളും ഇവിടെ ഒരു സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. ഇത് അതത് സംസ്ഥാനത്തിന്‍റെ വികസനത്തിന്‍റെ നേര്‍ക്കാഴ്ചയാണ്.
സംസ്ഥാനങ്ങള്‍ കൂടാതെ വിവിധ സര്‍ക്കാര്‍, അർധ സര്‍ക്കാര്‍, പെതുമേഖലാ സ്ഥാപനങ്ങളുടെ പ്രദര്‍ശനവും കാണാം. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ ബ്രാന്‍ഡഡ് ഉത്പന്നങ്ങളുടെയും ഷോറൂമുകള്‍ മേളയില്‍ ഒരുക്കിയിരിക്കുന്നു. എല്ലാ ബ്രാന്‍ഡുകളുടെയും ഒറിജിനലുകള്‍ തന്നെ മേളയില്‍ നിന്ന് സ്വന്തമാക്കാം എന്നത് വലിയ ആകര്‍ഷണമാണ്. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ വിപണിയില്‍ ലഭിക്കുന്നതിനേക്കാള്‍ വില കുറച്ച് ഈ മേളയില്‍ ലഭിക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്. രാജ്യത്തെ പ്രധാന വിദേശ രാജ്യങ്ങളും ഈ പ്രദര്‍ശനത്തിന്‍റെ ഭാഗമായി എത്തുന്നതോടെ ഒരു വലിയ മേളയായി തന്നെ ഇതു മാറുന്നു. കേവലം ഒരു ദിവസം കൊണ്ട് മേള മുഴുവനും കണ്ടുതീര്‍ക്കാനാവില്ല എന്ന് പറയുമ്പോള്‍ അതിന്‍റെ വ്യാപ്തി മനസിലാക്കാവുന്നതേയുള്ളൂ.
ഈ ടേഡ്ര് ഫെയര്‍ രാജ്യാന്തര പ്രശസ്തമായിക്കഴിഞ്ഞു. ലോകോത്തര നിലവാരമുള്ള പ്രദര്‍ശന കേന്ദ്രത്തിലാണ് അത് ഇപ്പോള്‍ നടക്കുന്നത് എന്നതു വിശേഷപ്പെട്ടത് തന്നെ. 1980ല്‍ ആദ്യമായി ആരംഭിച്ചതു മുതല്‍, ഇത് ബിസിനസ് സമൂഹത്തിന്‍റെ പ്രധാന പരിപാടിയായി പരിണമിച്ചു. ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ നോഡല്‍ ട്രേഡ് പ്രൊമോഷന്‍ ഏജന്‍സിയായ ഇന്ത്യാ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്നതാണിത്. എല്ലാ വര്‍ഷവും നവംബര്‍ 14നും 27നും ഇടയില്‍ പ്രഗതി മൈതാനത്താണ് ഈ പരിപാടി. പ്രഗതി മൈതാനം ഇപ്പോള്‍ ഭാരത മണ്ഡപമായി മാറിയിരിക്കുന്നു. ലോക വ്യാപാര സമൂഹം ഇപ്പോള്‍ ഇതിനെ സൂക്ഷ്മതയോടെ നോക്കുന്നതിന് പല കാരണങ്ങളുണ്ട്. അത്യാധുനിക സൗകര്യങ്ങളുള്ള വ്യാപാര മേളാ കേന്ദ്രമാണ് ഇപ്പോഴത്തേത്.
മേള സന്ദര്‍ശിക്കുന്ന ഒരു വ്യക്തി രാജ്യം മുഴുവനും ഒരിടത്ത് കണ്ടു എന്ന അവകാശം ഉന്നയിച്ചാല്‍ കുറ്റം പറയാനാവില്ല. വ്യാപാരമേള സന്ദര്‍ശിക്കുന്നതും ഒരു ടൂറിസം തന്നെയാണ്. മേളയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനും മേള കാണാനുമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നു പോലും ജനങ്ങള്‍ എത്തുന്നു. പ്രാദേശിക ടൂറിസത്തിന് ഇത്രയേറെ ആകര്‍ഷണമുള്ള ഒരു പരിപാടി രാജ്യത്ത് വേറെയില്ല.
യാത്ര ചെയ്ത് ഡല്‍ഹിയിലെത്തി വ്യത്യസ്ത ഉത്പന്നങ്ങള്‍ വാങ്ങുക എന്നത് ഏതൊരു ടൂറിസ്റ്റുകള്‍ക്കും താല്പര്യമുള്ള ഒരു വിഷയമാണല്ലോ. വ്യത്യസ്ത സംസ്ഥാനങ്ങളില്‍ പോയതു പോലെ ആ സംസ്ഥാനങ്ങളിലെ ഉത്പന്നങ്ങള്‍ ഈ ട്രേഡ് ഫെയറില്‍ നിന്ന് വാങ്ങാം. അതിനായി പ്രസ്തുത സംസ്ഥാനത്തിലേക്ക് പോകേണ്ട ആവശ്യമില്ല എന്നർഥം. മറ്റൊന്ന് അതാത് സംസ്ഥാനങ്ങളിലെ പവനിയില്‍ നിന്ന് ഒരുത്പന്നം വാങ്ങിയാല്‍ കബളിപ്പിക്കപ്പെടുന്നില്ല എന്ന് ഉറപ്പിച്ച് പറയാം. കാരണം അതത് സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലാണ് സ്റ്റാളുകളില്‍ ഉത്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.
അന്താരാഷ്‌ട്ര വ്യാപാര മേളയിലെ കേരളത്തിന്‍റെ പവലിയന്‍ ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഉദ്ഘാടനം ചെയ്തത്. നാലാം നമ്പര്‍ ഹാളിലാണ് 299 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കേരള പവലിയന്‍. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് മേല്‍നോട്ടം വഹിക്കുന്നത്. സാംസ്കാരിക വകുപ്പ്, കേരള ബാംബൂ മിഷന്‍, കയര്‍ വികസന വകുപ്പ്, ഹാന്‍റ് ലൂം ആന്‍ഡ് ടെക്സ്റ്റൈല്‍സ്, കോ- ഓപ്പറേറ്റീവ് വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ്, മത്സ്യഫെഡ്, വ്യവസായ-വാണിജ്യ വകുപ്പ്, നോര്‍ക്ക, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കുടുംബശ്രീ, ഹാന്‍ടെക്സ്, കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, ഫിഷറീസ് (സാഫ്), അതിരപ്പള്ളി ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി, കാര്‍ഷിക വികസന -കര്‍ഷക ക്ഷേമ വകുപ്പ്, കേരഫെഡ്, പ്ലാന്‍റേഷന്‍ ഡയറക്റ്ററേറ്റ്, ഹാന്‍ഡി ക്രാഫ്റ്റ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കൈരളി), ഹാന്‍വീവ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ഔഷധി, വിനോദ സഞ്ചാര വകുപ്പ് എന്നിവയാണ് മേളയിലെ കേരള പവലിയനില്‍ സ്റ്റാളുകള്‍ ഒരുക്കിയിരുന്നത്.
മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ചെറിയ ഇടങ്ങളില്‍ പ്രദര്‍ശനം നടത്തുക എന്നത് വലിയ മാറ്റമായി കാണേണ്ടതുണ്ട്. ആധുനിക സാങ്കേതിക വിദ്യകള്‍ വളര്‍ന്നതിന്‍റെ വെളിച്ചത്തില്‍ വികസനങ്ങള്‍ പ്രദര്‍ശിപ്പിക്കുവാന്‍ ചെറിയ ഇടത്തില്‍ സാധിക്കുന്നു എന്നത് എടുത്തു പറയണം. മുമ്പ് കേരളത്തിനുള്‍പ്പടെ എല്ലാ സംസ്ഥാനങ്ങള്‍ക്കും വലിയ പ്രദേശം തന്നെ കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശനത്തിനായി നല്‍കിയിരുന്നു. ഇന്ന് ചെറിയ ഭാഗം മാത്രമാണ് കേരളം പ്രദര്‍ശനത്തിനായി വാടകയ്ക്ക് എടുത്തിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ പ്രദര്‍ശിപ്പിച്ച വികസന രേഖകളേക്കാള്‍ അധികം ഇപ്പോള്‍ പ്രദര്‍ശിപ്പിക്കാന്‍ ചെറിയ ഇടത്ത് സാധിക്കുന്നു എന്നത് സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണ്.
എല്ലാ സംസ്ഥാനങ്ങള്‍ക്കും അതത് സംസ്ഥാനത്തിന്‍റെ സാംസ്കാരിക കലാപ്രകടനങ്ങൾ നടത്താനുള്ള അവസരവും മേളയില്‍ ഒരുക്കിയിട്ടുണ്ട്. രണ്ടു വലിയ ഓപ്പണ്‍ എയര്‍ ആംഫി തീയെറ്ററുകള്‍ ഭാരത് മണ്ഡപത്തിലെ പ്രദര്‍ശന നഗരിയിലുണ്ട്. ഓരോ സംസ്ഥാനങ്ങളും 27 വരെയുള്ള ദിവസങ്ങളില്‍ വ്യത്യസ്ത കലാ പ്രകടനങ്ങൾ ഒരുക്കുന്നു. അവ കാണുവാനുള്ള അപൂര്‍വാവസരമാണ് ജനങ്ങള്‍ക്ക് ഈ മേളയില്‍ ലഭിക്കുന്നത്.
ഓരോ സംസ്ഥാനത്തിന്‍റെ പവലിയനില്‍ ചെന്നാല്‍ അതത് സംസ്ഥാനത്തിന്‍റെ കലാരൂപങ്ങളുടെ നേരിട്ടുള്ള ദൃശ്യാവിഷ്കാരം വേറിട്ടുള്ള അനുഭവമാണ്. കേരളത്തിന്‍റെ പവലിയനില്‍ ചെല്ലുമ്പോള്‍ പൂമുഖത്തു തന്നെ ഒരുക്കിയിരിക്കുന്ന കേരള മാതൃകയിലുള്ള നടുമുറ്റത്ത് ചിലപ്പോള്‍ മോഹിനിയാട്ടവും കഥകളിയും ഓടക്കുഴല്‍ സംഗീതവും മറ്റ് കലാരൂപങ്ങളും നേരിട്ടു കാണാന്‍ സാധിക്കും. സമാന രീതിയിലാണ് ഇതര സംസ്ഥാനങ്ങളുടെ പവലിയനില്‍ ചെല്ലുമ്പോഴും.
സാംസ്കാരിക കലാ രംഗത്തുള്ള പരിപാടികള്‍ കൂടാതെ ഓരോ സംസ്ഥാനത്തിന്‍റെയും ഭക്ഷണ രുചികളറിയാനും മേളയില്‍ അവസരമുണ്ട്. ഓരോ സംസ്ഥാനങ്ങളും അവരുടെ രുചി വിഭവങ്ങൾ ജനങ്ങള്‍ക്ക് നല്‍കുന്നതിന് പ്രത്യേക ഫുഡ് കോർട്ടുകളില്‍ സ്റ്റാളുകള്‍ തയാറായിരിക്കുന്നു. കേരളത്തിനു വേണ്ടി കുടുംബശ്രീയാണ് ഫുഡ് കോര്‍ട്ടില്‍ സ്റ്റാളുകള്‍ നടത്തുന്നത്. രുചികരമായ ഒട്ടേറെ തനതു കേരള വിഭവങ്ങളും പരമ്പരാഗത വിഭവങ്ങളും അവിടെ ലഭിക്കും.