പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേൽനോട്ടത്തിൽ, ഇന്ത്യയെന്ന ഭാരതം, 20 വർഷത്തിലൊരിക്കൽ അധ്യക്ഷപദം അലങ്കരിച്ച ജി20 ഉച്ചകോടി ചരിത്രത്തിലിടം നേടുകയും ഭാരതത്തിനകത്തും പുറത്തുമുള്ള ദോഷൈകദൃക്കുകൾക്കു പോലും നിഷേധിക്കാനാകാത്ത വിധം ശാശ്വത മുദ്ര പതിപ്പിക്കുകയും ചെയ്തു. ഭാരതത്തിന്റെ ഭൗതിക- സാംസ്കാരിക- നാഗരിക മഹത്വവും, സാമ്പത്തിക- ശാസ്ത്ര- സാങ്കേതിക മേഖലകളിലെ പുരോഗതിയും ചലനാത്മകതയും പൂർണതോതിൽ പ്രദർശിപ്പിക്കപ്പെട്ടു.
നയതന്ത്ര ചാതുരിയും, അഭിപ്രായ സമന്വയ രൂപീകരണത്തിനുള്ള വൈദഗ്ധ്യവും, ഏറ്റവും ജനസംഖ്യയുള്ളതും യുവജനങ്ങളാൽ സമ്പന്നവുമായ രാജ്യമെന്ന പദവിയും, ഏറ്റവും പഴക്കമേറിയതും വലുതും വൈവിധ്യപൂർണവുമായ ജനാധിപത്യ രാജ്യമെന്നതും ഈ "ജനകീയ ജി20'യിലെ ഭാരത അധ്യക്ഷ പദത്തിന്റെ സവിശേഷ ആകർഷണങ്ങളായി. മോദി സർക്കാർ പ്രകടമാക്കിയ വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത ഭാരതത്തെ വിശ്വഗുരുവും വിശ്വമിത്രവുമെന്ന നിലകളിൽ ലോകവേദിയിലേക്കാനയിച്ചു. ഉന്നതതല പങ്കാളിത്തത്തിനും അർഥവത്തായ ഡൽഹി പ്രഖ്യാപനത്തിനും ജി20 സാക്ഷ്യം വഹിച്ചു.
ആഗോള സാമ്പത്തിക തീരുമാനങ്ങളുടെ ഓരങ്ങളിൽ നിന്ന് കേന്ദ്രബിന്ദുവിലേക്കുള്ള ഭാരതത്തിന്റെ ഉയർച്ചയുടെ യുഗാരംഭം കുറിക്കപ്പെട്ടു. ഉത്തര- ദക്ഷിണ സഹകരണം പ്രോത്സാഹിപ്പിക്കാനും ഇടപെടലുകൾ നടത്താനും പ്രധാന പങ്ക് വഹിക്കുമെന്ന് നാം വ്യക്തമാക്കി. ഭാരതം മുന്നോട്ടു വയ്ക്കുന്ന അതിബൃഹത്തായ സാമൂഹ്യ സുരക്ഷാ പദ്ധതികൾ അതേപടി അനുകരിക്കാനും ഗ്ലോബൽ സൗത്ത് രാജ്യങ്ങളിൽ അത് നടപ്പാക്കാനുമുള്ള മാനദണ്ഡങ്ങൾ പ്രദാനം ചെയ്യാനുമായി. ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ച, സുസ്ഥിര വികസനം, കാലാവസ്ഥാ പ്രവർത്തനം, എല്ലാവർക്കും മാനുഷിക സഹായം എന്നീ കാര്യങ്ങളിൽ ആഗോള പൊതു സമീപനത്തിലേക്ക് വികസിത, വികസ്വര രാജ്യങ്ങളുടെ അതിശക്തമായ ഈ ഗ്രൂപ്പിനെ നയിക്കുന്നതിനുള്ള ചുമതലകളേറ്റെടുക്കുന്നതിൽ സ്വീകരിച്ച എല്ലാവരെയും ഉൾക്കൊള്ളുന്നതും മനുഷ്യ കേന്ദ്രീകൃതവുമായ സമീപനം മോദിയുടെ നേതൃത്വത്തിലുള്ള ഭാരതത്തിന്റെ ജി20 അധ്യക്ഷതയുടെ വിജയത്തിന്റെ മുഖമുദ്രയായി.
2008ലുണ്ടായ ഒരു ആഗോള പ്രതിസന്ധിയാണ് ജി20 എന്ന ബഹുമുഖ വേദി ജന്മമെടുക്കാൻ കാരണമായത്. ഇപ്പോൾ അത് എക്കാലത്തെയും ഗുരുതരവും ബഹുമുഖവുമായ പ്രതിസന്ധികളെ അഭിസംബോധന ചെയ്യുകയാണ്. സമകാലികവും, ഇഴ ചേർന്നതും, പരസ്പരബന്ധിതവുമായ, കാലാവസ്ഥാ വ്യതിയാനം- പാരിസ്ഥിതിക തകർച്ച; കോവിഡ്-19 മൂലമുണ്ടായ സാമൂഹിക- സാമ്പത്തിക പ്രതിസന്ധികൾ; റഷ്യ- യുക്രെയ്ൻ യുദ്ധം; വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ; ഭക്ഷണ- വള- ഇന്ധന- സാമ്പത്തിക പ്രതിസന്ധി; വിതരണ ശൃംഖലയിലെ അരക്ഷിതാവസ്ഥ തുടങ്ങിയവ ഗ്ലോബൽ സൗത്ത് രാജ്യങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. യുഎൻ സെക്രട്ടറി ജനറൽ ഗുട്ടറസ് സമ്മതിച്ചതു പോലെ, ഐക്യരാഷ്ട്ര സഭ, ലോക ബാങ്ക്, അന്താരാഷ്ട്ര നാണ്യ നിധി, ലോക വ്യാപാര സംഘടന എന്നിവയെല്ലാം "വലിയ പ്രവർത്തന മരവിപ്പ് ' നേരിടുന്ന സമയമാണിത്.
"നിങ്ങളുടെ ശബ്ദം ഇന്ത്യയുടെ ശബ്ദമാണ്, നിങ്ങളുടെ മുൻഗണനകൾ ഇന്ത്യയുടെ മുൻഗണനകളാണ് ' എന്ന് ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് പ്രധാനമന്ത്രി മോദി നൽകിയ വാഗ്ദാനം ആശയപരമായും പ്രവർത്തന തലത്തിലും 18ാമത് ജി20 പ്രയോഗികമാക്കി. 1.466 ബില്യൺ ജനങ്ങൾ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന, രണ്ടാമത്തെ വലിയ- വിഭവ സമൃദ്ധ ഭൂഖണ്ഡമായ 54 രാജ്യങ്ങളടങ്ങിയ ആഫ്രിക്കൻ യൂണിയന്റെ ജി20 പ്രവേശനം ഉറപ്പാക്കിക്കൊണ്ട് ആഗോള സഹകരണത്തിന്റെ സമഗ്രതയിലും ജനാധിപത്യവത്ക്കരണത്തിലും ഭാരതം ഒരു നാഴികക്കല്ല് കൂടി പിന്നിട്ടു.
ജി20 അധ്യക്ഷപദവിയിൽ ഭാരതം മുന്നോട്ടു വച്ച 7 പ്രമേയധിഷ്ഠിത മുൻഗണനകളിലും "അഭിലാഷ പൂർണവും, പ്രവർത്തന കേന്ദ്രീകൃതവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും നിർണായകവുമായ' ഗുണഫലങ്ങൾ ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് ലഭ്യമാകും.
പാരീസ് പ്രതിജ്ഞാബദ്ധതകൾ നടപ്പിലാക്കുന്നതിനുള്ള ശക്തമായ ദൃഢനിശ്ചയത്തോടെയുള്ള ഹരിത വികസന ഉടമ്പടിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. പ്രധാനമന്ത്രി മോദിയുടെ LiFE ദൗത്യം സുസ്ഥിര വികസന ജീവിതശൈലിയുടെ ജി20 ഉന്നതതല തത്വങ്ങളിൽ ഉൾപ്പെടുത്തി.
ഗ്രീൻ ക്ലൈമറ്റ് ഫണ്ടിലേക്ക് രണ്ടാമതും ധനസഹായം നൽകുന്നതിനും, സ്വകാര്യ ധനസഹായത്തിനും ജി20 ആഹ്വാനം ചെയ്തു. കാലാവസ്ഥാ സൗഹൃദ സാങ്കേതികവിദ്യകളുടെ വികസനം- പങ്കിടൽ- വിന്യാസം- ധനസഹായം, എന്നിവയ്ക്കൊപ്പം മൾട്ടി ഇയർ ടെക്നിക്കൽ അസിസ്റ്റൻസ് പ്ലാനിന്റെ നിർവഹണത്തിനും ശക്തമായ പ്രതിബദ്ധത ആവശ്യമാണ്. 2030ന് മുമ്പ് ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് 5.9 ട്രില്യൺ യുഎസ് ഡോളർ ലഭ്യമാക്കണം. ശുദ്ധമായ ഊർജ സാങ്കേതിക വിദ്യകൾക്കായി 4 ട്രില്യൺ ഡോളറിന്റെ ആവശ്യകത, 100 ബില്യൺ ഡോളറിന്റെ പാരീസ് പ്രതിബദ്ധത നിറവേറ്റുക, അനുഭവവേദ്യവും സുതാര്യവുമായ ന്യൂ കലക്റ്റീവ് ക്വാന്റിഫയബിൾ ഗോൾ നിശ്ചയിക്കുക എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
അന്താരാഷ്ട്ര സൗരോർജ സഖ്യത്തിന്റെ "ഊർജ സംക്രമണത്തിനായുള്ള നിർണായക ധാതു മേഖലയിലെ സഹകരണത്തിനുള്ള ഉന്നതതല തത്വങ്ങൾ' ആസ്പദമാക്കി ഗ്രീൻ ഹൈഡ്രജൻ ഇന്നൊവേഷൻ സെന്റർ ആരംഭിച്ചു. അന്താരാഷ്ട്ര ജൈവ ഇന്ധന സഖ്യം പ്രയോഗികമാക്കാനുള്ള അവസരവും ജി20 പ്രദാനം ചെയ്തു.
സാങ്കേതികവിദ്യയ്ക്കും ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യത്തിനുമായുള്ള ജി20- 2023 ഫിനാൻഷ്യൽ ഇൻക്ലൂഷൻ ആക്ഷൻ പ്ലാൻ, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ജി20 ചട്ടക്കൂട്, ഒരു ഗ്ലോബൽ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ സങ്കേതം നിർമിക്കാനും പരിപാലിക്കാനുമുള്ള ഇന്ത്യയുടെ പദ്ധതി എന്നിവ അംഗീകരിച്ചു. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും സാങ്കേതിക സഹായം നൽകാനും ധനസഹായം ലഭ്യമാക്കാനുമുള്ള വൺ ഫ്യൂച്ചർ അലയൻസ് എന്ന ഭാരതത്തിന്റെ നിർദേശവും സ്വാഗതം ചെയ്യപ്പെട്ടു. ക്രിപ്റ്റോ ആസ്തികൾക്കായുള്ള സംയുക്ത FSB, SSB കർമ പദ്ധതിയും സമഗ്രവും ഏകോപിതവുമായ നയങ്ങൾക്കും നിയന്ത്രണ ചട്ടക്കൂടുകൾക്കുമുള്ള ഒരു രൂപ രേഖയും തയാറായി.
ഐക്യരാഷ്ട്ര സഭയും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളും പരിഷ്കരിക്കാനും ബൃഹത്തും, ഫലപ്രദവും, മികച്ചതുമായ ബഹുമുഖ വികസന ബാങ്കുകൾ യാഥാർഥ്യമാക്കാനും പുനരുജ്ജീവിപ്പിക്കാനും വികസന ധനകാര്യത്തിൽ ബില്യനുകളിൽ നിന്ന് ട്രില്യനുകളിലേക്ക് കുതിച്ചുചാട്ടം നടത്താനും ജി20 പ്രതിജ്ഞയെടുത്തു.
വികസ്വര രാജ്യങ്ങളുടെ 9 ട്രില്യൺ ഡോളർ കടത്തെ നേരിടാൻ ജി20 യുടെ ഡെറ്റ് സസ്പെഷൻ സംരംഭം കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ ആവശ്യപ്പെടുകയും കൂടുതൽ നടപടികൾ സ്വീകരിക്കാൻ സമ്മതിക്കുകയും ചെയ്തു. 21ാം നൂറ്റാണ്ടിനനുയോജ്യമായ ന്യായവും സുസ്ഥിരവും ആധുനികവുമായ അന്താരാഷ്ട്ര നികുതി സമ്പ്രദായം യാഥാർഥ്യമാക്കുന്നതിലും അന്താരാഷ്ട്ര ഭീകരതയ്ക്കും കള്ളപ്പണം വെളുപ്പിക്കലിനുമെതിരെയുള്ള പ്രവർത്തനങ്ങളിലും പുരോഗതി കൈവരിച്ചു.
റഷ്യ- യുക്രെയ്ൻ സംഘർഷത്തിൽ സമവായ സാധ്യതയ്ക്കു വേണ്ടി നിലകൊണ്ട ജി20 ഉച്ചകോടി ഇത് യുദ്ധത്തിന്റെ യുഗമല്ലെന്ന് ഊന്നിപ്പറഞ്ഞത് വിശ്വാസം കെട്ടിപ്പടുക്കുന്നതിലെ വിജയമാണ്. അനുകൂല- പ്രതികൂല കാലങ്ങളെന്ന വ്യത്യാസമില്ലാതെ ആഗോള സാമ്പത്തിക സഹകരണത്തിന്റെ ഒരു "സുപ്രധാന വേദി'യായി ജി20യെ പുനഃപ്രതിഷ്ഠിക്കാൻ ഇത് ഭാരതത്തെ പ്രാപ്തമാക്കി.
(ഐക്യരാഷ്ട്ര സഭാ മുൻ അസിസ്റ്റന്റ് സെക്രട്ടറി ജനറലും ദീർഘകാലം വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ അംബാസഡറുമായിരുന്നു ലേഖിക.)