ഇന്ത്യയുടെ പുതിയ സ്വതന്ത്ര വ്യാപാര കരാറുകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യാപാര നയതന്ത്രത്തിലെ തന്ത്രപരമായ കുതിച്ചുചാട്ടത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ഇന്ത്യ- ന്യൂസിലാന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍
special story on india newzeland fta trade deal

ന‍്യൂസിലൻഡ് പ്രധാനമന്ത്രിക്കൊപ്പം മോദി

Updated on

പീയൂഷ് ഗോയല്‍- കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യാപാര നയതന്ത്രത്തിലെ തന്ത്രപരമായ കുതിച്ചുചാട്ടത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ഇന്ത്യ- ന്യൂസിലാന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ). ഇത് തൊഴിലവസര സൃഷ്ടി ത്വരിതപ്പെടുത്തുകയും നിക്ഷേപം വര്‍ധിപ്പിക്കുകയും രാജ്യത്തുടനീളമുള്ള ചെറുകിട വ്യവസായങ്ങള്‍, വിദ്യാർഥികള്‍, സ്ത്രീകള്‍, കര്‍ഷകര്‍, യുവാക്കള്‍ എന്നിവര്‍ക്ക് പരിവര്‍ത്തനത്തിനുള്ള അവസരങ്ങള്‍ തുറക്കുകയും ചെയ്യുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണും സംയുക്തമായി പ്രഖ്യാപിച്ച ഈ കരാര്‍, മോദി ഗവണ്‍മെന്‍റ് കൂടിയാലോചിച്ച ഏഴാമത്തെ സ്വതന്ത്ര വ്യാപാര കരാറാണ്. ബ്രിട്ടൻ, ഒമാന്‍ എന്നിവയുമായുള്ള ചരിത്രപരമായ കരാറുകള്‍ക്ക് ശേഷം 2025ല്‍ പൂര്‍ത്തിയാകുന്ന മൂന്നാമത്തെ പ്രധാന വ്യാപാര കരാറാണിത്. ഈ കരാറുകളെല്ലാം ഇന്ത്യയേക്കാള്‍ ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ള വികസിത സമ്പദ് വ്യവസ്ഥകളുമായാണ് എന്നതാണു ശ്രദ്ധേയം. ഇത് ആഗോള വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യയുടെ വർധിച്ചുവരുന്ന കരുത്തും വിശ്വാസ്യതയും അടിവരയിടുന്നു.

തൊഴിലവസരങ്ങള്‍, വളര്‍ച്ച, വിപണി പ്രവേശം

ഈ എഫ്ടിഎയുടെ നെടുംതൂണ്‍ തൊഴില്‍ സൃഷ്ടിയാണ്. ഇന്ത്യയുടെ 100% കയറ്റുമതിക്കും ന്യൂസിലാന്‍ഡ് "സീറോ ഡ്യൂട്ടി' പ്രവേശനം നല്‍കും, ഇത് ഇന്ത്യയുടെ തൊഴില്‍ കേന്ദ്രീകൃത മേഖലകളായ തുണിത്തരങ്ങള്‍, തുകല്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, സമുദ്രോത്പന്നങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, കരകൗശല വസ്തുക്കള്‍, എന്‍ജിനീയറിങ് സാമഗ്രികള്‍ എന്നിവയ്ക്കു വലിയ ഉത്തേജനം നല്‍കും. തൊഴിലാളികള്‍, കരകൗശല വിദഗ്ധര്‍, വനിതാ സംരംഭകര്‍, യുവാക്കള്‍, എംഎസ്എംഇകള്‍ എന്നിവയ്ക്ക് നേരിട്ട് ഗുണം ചെയ്യും.

ടെലികമ്യൂണിക്കേഷന്‍സ്, നിര്‍മാണം, ഐടി, സാമ്പത്തിക സേവനങ്ങള്‍, യാത്ര, വിനോദ സഞ്ചാരം എന്നിവയുള്‍പ്പെടെ 118 സേവന മേഖലകളെ ഉള്‍ക്കൊള്ളുന്ന ഇന്ത്യ, എക്കാലത്തെയും മികച്ച വിപണിപ്രവേശവും സേവന വാഗ്ദാനവും ഉറപ്പാക്കിയിട്ടുണ്ട്. ഈ വിപുലമായ പ്രവേശനം ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും വ്യാപാരങ്ങള്‍ക്കും വലിയ തോതിലുള്ള തൊഴിലവസരങ്ങളും പുതിയ വളര്‍ച്ചാ വഴികളും സൃഷ്ടിക്കും.

പ്രൊഫഷണലുകള്‍ക്ക്,വിദ്യാർഥികള്‍ക്ക്,യുവാക്കള്‍ക്ക് അവസരം

ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും വിദ്യാർഥികള്‍ക്കും ന്യൂസിലാന്‍ഡില്‍ പ്രവേശിക്കാനും താമസിക്കാനുമുള്ള വ്യവസ്ഥകളില്‍ ഈ കരാര്‍ ഇളവുകള്‍ നല്‍കുന്നു. പഠനസമയത്ത് ജോലി അവസരങ്ങള്‍, പഠനാനന്തര തൊഴില്‍, ഘടനാപരമായ വര്‍ക്കിങ്- ഹോളിഡേ വിസ ചട്ടക്കൂട് എന്നിവ ഇതു സാധ്യമാക്കുന്നു.

സ്റ്റെം ബിരുദധാരികള്‍ക്കും പിജിക്കാർക്കും ഇനി 3 വര്‍ഷം വരെയും, ഡോക്റ്ററല്‍ ഗവേഷകര്‍ക്ക് (പിഎച്ച്ഡി) 4 വര്‍ഷം വരെയും അവിടെ ജോലി ചെയ്യാം. ഇത് ഇന്ത്യയിലെ യുവാക്കള്‍ക്ക് ആഗോളാനുഭവവും തൊഴില്‍ പാതകളും സൃഷ്ടിക്കുന്നു. അന്താരാഷ്‌ട്ര അവസരങ്ങള്‍ തേടുന്ന വൈദഗ്ധ്യമുള്ള ഇന്ത്യന്‍ പ്രൊഫഷണലുകളെ പുതിയ താത്കാലിക എംപ്ലോയ്മെന്‍റ് എന്‍ട്രി വിസ കൂടുതല്‍ പിന്തുണയ്ക്കുന്നു.

കര്‍ഷകരുടെ ഉന്നമനം

പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് വ്യക്തമാണ്: ആഗോളതലത്തില്‍ ഇന്ത്യന്‍ കര്‍ഷകര്‍ അർഥവത്തായ പങ്ക് വഹിക്കണം. എഫ്ടിഎ ഈ പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിക്കുന്നു.

ആഭ്യന്തര ഉത്പാദനക്ഷമത വർധിപ്പിക്കാനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ആപ്പിള്‍, കിവി, തേന്‍ എന്നിവ ഉള്‍പ്പെടുന്ന കാര്‍ഷിക ഉത്പാദന പങ്കാളിത്തം ഈ കരാര്‍ സ്ഥാപിക്കുന്നു. കൂടാതെ, ബസുമതി അരിക്ക് ഭൗമസൂചിക പദവിക്ക് തുല്യമായ സംരക്ഷണം നല്‍കാന്‍ ന്യൂസിലാന്‍ഡ് സമ്മതിച്ചിട്ടുണ്ട്, ഇത് ഇന്ത്യന്‍ അരി കര്‍ഷകര്‍ക്കു വലിയ പിന്തുണയാകും.

അരി, പാല്‍, ഗോതമ്പ്, സോയ, മറ്റു പ്രധാന കാര്‍ഷിക ഉത്പന്നങ്ങള്‍ തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഗാര്‍ഹിക ഉപജീവനമാര്‍ഗത്തിനു ദോഷം വരുത്തുന്ന വിപണി വിട്ടുവീഴ്ചകളൊന്നും ഉണ്ടാകില്ലെന്നും ഇന്ത്യ ഉറപ്പുവരുത്തിയിട്ടുണ്ട്.

നൂതന കരാറുകളും നിക്ഷേപ വാഗ്ദാനങ്ങളും

ഇന്ത്യയിലെ എഫ്ടിഎകള്‍ ഇന്ന് ചുങ്കം കുറയ്ക്കലുകള്‍ക്ക് അതീതമാണ്. ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം കര്‍ഷകര്‍, എംഎസ്എംഇകള്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവര്‍ക്കു പുതിയ അവസരങ്ങള്‍ തുറക്കുന്നതിനുള്ള ഉപകരണങ്ങളാണ് അവ.

വിവിധ വ്യാപാര കരാറുകളിലൂടെ, ഇന്ത്യന്‍ കയറ്റുമതിക്ക് ഉടനടിയോ വേഗത്തിലോ ഉള്ള ചുങ്കം ഒഴിവാക്കലിന്‍റെ പ്രയോജനം ലഭിക്കുന്നു. അതേസമയം, ഇന്ത്യന്‍ വിപണി മറ്റു രാജ്യങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത് വളരെ പടിപടിയായാണ്; ശ്രദ്ധാപൂര്‍വവും. 15 വര്‍ഷത്തേക്കു ന്യൂസിലന്‍ഡ് 20 ശതകോടി ഡോളറിന്‍റെ നേരിട്ടുള്ള വിദേശ നിക്ഷേപം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് സ്വിറ്റ്‌സര്‍ലാന്‍ഡ്, നോര്‍വെ, ഐസ്‌ലാന്‍ഡ്, ലിച്ചെന്‍സ്റ്റൈന്‍ എന്നീ രാജ്യങ്ങളുമായുള്ള, ഇന്ത്യയുടെ എഫ്ടിഎയിലെ നൂതന നിക്ഷേപ- ബന്ധിത വ്യവസ്ഥകളെ പ്രതിഫലിപ്പിക്കുന്നു.

ന്യൂസിലാന്‍ഡിനെ സംബന്ധിച്ചിടത്തോളം, ഇത് ഇന്ത്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വലിയ കുതിച്ചുചാട്ടത്തെ അടയാളപ്പെടുത്തുന്നു. 25 വര്‍ഷത്തിനിടെ, ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ ഏകദേശം 643 കോടി രൂപ നിക്ഷേപിച്ചു. എന്നാല്‍ പുതിയ കരാര്‍ പ്രകാരം ഇത് 15 വര്‍ഷത്തിനുള്ളില്‍ ഏകദേശം 1.8 ലക്ഷം കോടി രൂപയായി വർധിക്കും. നിക്ഷേപ ലക്ഷ്യങ്ങള്‍ കൈവരിക്കാനായില്ലെങ്കില്‍ അതു തിരിച്ചുപിടിക്കാനുള്ള സംവിധാനവും ഈ കരാറിലുണ്ട്.

ഈ നിക്ഷേപത്തിന്‍റെ ഭൂരിഭാഗവും കൃഷി, ക്ഷീരോത്പാദനം, എംഎസ്എംഇകള്‍, വിദ്യാഭ്യാസം, കായികം, യുവജന വികസനം എന്നിവയെ പിന്തുണയ്ക്കുകയും വിശാലവും സമഗ്രവുമായ വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യും.

വനിതാ നേതൃത്വത്തിലുള്ള ആദ്യത്തെ എഫ്ടിഎ

വനിതാ നേതൃത്വത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ എഫ്ടിഎ ആണെന്നതിനാല്‍ ഈ കരാര്‍ ചരിത്രപരമായ നാഴികക്കല്ല് കൂടിയാണ്. ചീഫ് നെഗോഷ്യേറ്റര്‍, ഡെപ്യൂട്ടി ചീഫ് നെഗോഷ്യേറ്റര്‍ മുതല്‍ ചരക്ക്, സേവനം, നിക്ഷേപം എന്നീ മേഖലകളിലെ ടീം ലീഡര്‍മാര്‍ വരെയും ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ അംബാസഡറും ഉള്‍പ്പെടെ ചര്‍ച്ചാ സംഘത്തിലെ ഭൂരിഭാഗം പേരും സ്ത്രീകളായിരുന്നു. പ്രധാനമന്ത്രിയുടെ വികസന കാര്യപരിപാടിയില്‍ നമ്മുടെ കരുത്തരായ സ്ത്രീകള്‍ കൂടുതല്‍ നേതൃത്വപരമായ പങ്കുവഹിക്കുന്നു.

ഇന്ത്യയുടെ തന്ത്രം

ഇന്ത്യന്‍ ഉത്പന്നങ്ങളുമായി അന്യായമായി മത്സരിക്കാതെ ഇന്ത്യയുടെ തൊഴില്‍ കേന്ദ്രീകൃത വ്യവസായങ്ങള്‍ക്കു വിപണികള്‍ തുറക്കുന്ന വികസിത സമ്പദ് വ്യവസ്ഥകളുമായി പങ്കാളിത്തം സ്ഥാപിക്കുക എന്ന ഇന്ത്യയുടെ വ്യക്തമായ തന്ത്രത്തിന് ഉദാഹരണമാണ് ഇന്ത്യ- ന്യൂസിലാന്‍ഡ് എഫ്ടിഎ.

മോദി ഗവണ്‍മെന്‍റിനു കീഴിലുള്ള വ്യാപാര കരാറുകള്‍ കേവലം ഇടപാടുകള്‍ മാത്രമല്ല. അവ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് ദരിദ്രരില്‍ ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്താനുമുള്ള വിശാല ദൗത്യത്തിന്‍റെ ഭാഗമാണ്. 2014ല്‍ "ദുര്‍ബലമായ അഞ്ച്' എന്ന പട്ടികയില്‍ ഇടംനേടിയ ഇന്ത്യയെ ആഗോള വളര്‍ച്ചയുടെ യന്ത്രമായും ലോകമെമ്പാടുമുള്ള വ്യാപാരത്തിനും നിക്ഷേപത്തിനും പ്രിയപ്പെട്ട പങ്കാളിയായും മാറ്റിയത് ഈ തന്ത്രമാണ്.

ഇന്ന്, ഇന്ത്യ ആത്മവിശ്വാസത്തിന്‍റെയും കരുത്തിന്‍റെയും സ്ഥാനത്തു നിന്നാണ് ചര്‍ച്ചകള്‍ നടത്തുന്നത്, കൃഷി, ക്ഷീരോത്പാദനം, മറ്റു തന്ത്രപ്രധാന മേഖലകള്‍ എന്നിവ പൂര്‍ണമായും സംരക്ഷിക്കപ്പെടുന്നു എന്നും, പരസ്പര നേട്ടം നല്‍കുമ്പോള്‍ മാത്രമേ കരാറുകളില്‍ ഒപ്പുവയ്ക്കൂ എന്നും ഉറപ്പാക്കുന്നു.

വ്യാപാര ഭരണത്തിലെ നവോന്മേഷം

ഇന്ത്യയുടെ നിലവിലെ സമീപനം മുന്‍കാലങ്ങളില്‍ നിന്നു തികച്ചും വ്യത്യസ്തമാണ്. പഴയ വ്യാപാര തന്ത്രങ്ങള്‍, മതിയായ കൂടിയാലോചനകളില്ലാതെ കുറഞ്ഞ വിലയുള്ള ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്കു തള്ളാന്‍ അനുവദിച്ചിരുന്നു. ഇത് ചെറുകിട ബിസിനസുകളെയും തൊഴിലവസരങ്ങളെയും അപകടത്തിലാക്കി. പ്രധാനമന്ത്രി മോദിയുടെ നിര്‍ണായക നേതൃത്വം ആഗോളതലത്തില്‍ ഇന്ത്യയുടെ നിലവാരം, വിശ്വാസ്യത, കൂടിയാലോചനാ ശക്തി എന്നിവ പുനഃസ്ഥാപിച്ചു.

2014 മുതല്‍ ഭരണത്തില്‍ ഉണ്ടായ നവോന്മേഷകരമായ മാറ്റത്തിന്‍റെ ഫലമാണ് ഇന്ത്യന്‍ വ്യവസായ മേഖലയിലുടനീളം പ്രശംസിക്കപ്പെട്ട ഇന്ത്യ- ന്യൂസിലാന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍.

ചരക്കുകള്‍, സേവനങ്ങള്‍, നിക്ഷേപം, തൊഴില്‍പരമായ യാത്രകള്‍ എന്നിവയെ ദേശീയ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് സംയോജിപ്പിക്കുക വഴി, ഇന്ത്യയുടെ ആധുനികവും സമഗ്രവും സന്തുലിതവുമായ വ്യാപാര നയതന്ത്രത്തെയാണ് ഈ കരാര്‍ പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയും ന്യൂസിലാന്‍ഡും സാമ്പത്തിക സംയോജനം കൂടുതല്‍ ആഴത്തിലാക്കുമ്പോള്‍, അതിര്‍ത്തികള്‍ക്കപ്പുറം മനുഷ്യ കേന്ദ്രീകൃത വളര്‍ച്ചയും പങ്കിട്ട സമൃദ്ധിയും നല്‍കിക്കൊണ്ട് വ്യാപാരത്തിന് എങ്ങനെ വിപണികളെ തുറക്കാന്‍ കഴിയുമെന്ന് ഈ കരാര്‍ തെളിയിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com