
#ഡോ. എം. അംഗമുത്തു
ചെയർമാൻ, എപിഇഡിഎ
അന്താരാഷ്ട്ര ചെറുധാന്യ വർഷം- 2023, മുന്നോട്ടു വയ്ക്കുന്ന ആശയത്തെയും "ഒറ്റക്കെട്ടായി വീണ്ടെടുക്കുക, ശക്തമായി വീണ്ടെടുക്കുക' എന്ന ജി20 പ്രമേയത്തെയും സമന്വയിപ്പിച്ചുകൊണ്ട്, പോഷസമൃദ്ധമായ ചെറുധാന്യങ്ങളുടെ കയറ്റുമതിയ്ക്ക് ഊന്നൽ നൽകുന്നതിലൂടെ, ലോകത്തെ ആരോഗ്യമുറ്റതാക്കിത്തീർക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. പരമ്പരാഗതമായി കൃഷി ചെയ്യുന്ന പോഷക സമൃദ്ധവും ഔഷധഗുണമുള്ളതും ആരോഗ്യദായകവുമായ ചെറുധാന്യങ്ങൾ സുസ്ഥിര ഭക്ഷണമെന്ന നിലയിൽ ഇന്ത്യയുടെ പുതിയ സ്വത്വമായി മാറുകയാണ്. പവിഴച്ചോളം (ബജ്റ/Pearl millet), റാഗി (Finger millet), ചാമ (Canary/ Little Millet), മണിച്ചോളം (ജാവർ/ Sorghum) കുട്ടു (Buckwheat) എന്നീ ഇന്ത്യൻ ചെറുധാന്യങ്ങൾ ആഗോളതലത്തിൽ ആസ്വാദ്യമാകാൻ പോവുകയാണ്.
കൊവിഡ് 19, കാലാവസ്ഥാ വ്യതിയാനം, കലോറി ഉപഭോഗത്തെക്കുറിച്ചുള്ള അവബോധം എന്നിവയാണ് ചെറുധാന്യങ്ങളെന്ന സ്മാർട്ട് ഭക്ഷണത്തിലേക്കും അതിന്റെ പോഷക ഗുണങ്ങളിലേക്കും പൊടുന്നനെ ലോകത്തെ ആകർഷിക്കും വിധമുള്ള പരിവർത്തനത്തിന് നാന്ദി കുറിച്ചത്. ആഗോളതലത്തിൽ 19% വിഹിതത്തോടെ ഏറ്റവും വലിയ ചെറുധാന്യ ഉത്പാദകരായി നിലകൊള്ളുന്ന ഇന്ത്യ ചെറുധാന്യ വിപ്ലവത്തെ ഏറ്റെടുത്തു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്റ്റ്സ്ട്സ് എക്സ്പോർട്ട് ഡവലപ്മെന്റ് അഥോറിറ്റിയുടെ (APEDA) വിപണന തന്ത്രങ്ങളിലൂടെ ലോകരാജ്യങ്ങളിലേക്കുള്ള ചെറുധാന്യ കയറ്റുമതിയുടെ സിംഹഭാഗവും കരസ്ഥമാക്കി. വിപ്ലവകരമായ പരിവർത്തനം സാധ്യമാക്കുകയെന്ന ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു.
ചെറുധാന്യ കയറ്റുമതി പ്രോത്സാഹനത്തിന്റെ ഭാഗമായി ബന്ധപ്പെട്ടവർ ചേർന്ന് ഒരു ചെറുധാന്യ സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. പോഷക സമൃദ്ധമായ ചെറുധാന്യങ്ങളിൽ നിന്നുള്ള നൂതനമായ മൂല്യവർധിത ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണി അവിടെ പ്രദർശിപ്പിച്ചു. അതിലൂടെ, വ്യാപാരത്തിൽ മികച്ചു നിൽക്കുന്ന 100 രാജ്യങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയും ഇന്ത്യയ്ക്ക് മുന്നോട്ടുള്ള ദിശ കാണിക്കുകയും ചെയ്തു. ഇന്ത്യ വാഗ്ദാനം ചെയ്യുന്ന തനതായ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും ലോകമെമ്പാടുമുള്ള തീൻമേശകളിൽ ഇന്ത്യൻ ചെറുധാന്യ വിഭവങ്ങൾക്ക് സ്ഥാനം ഉറപ്പിക്കാനും അതിലൂടെ സാധിച്ചു.
2025ഓടെ 100 മില്യൺ യുഎസ് ഡോളർ വ്യാപാരലക്ഷ്യം കൈവരിക്കാൻ അഥോറിറ്റിക്ക് വ്യക്തമായ പദ്ധതികളുണ്ട്. രാജ്യത്തിന്റെ സാധ്യതകൾ വിലയിരുത്തി ആഗോള വിപണനത്തിനുള്ള സമഗ്രമായ പ്രചാരണ പരിപാടികൾ തയാറാക്കിവരികയാണ്. അതനുസരിച്ച് ചെറുധാന്യങ്ങൾ ഇറക്കുമതി ചെയ്യുന്ന 30 രാജ്യങ്ങളുടെയും 21 ചെറുധാന്യ ഉത്പാദക സംസ്ഥാനങ്ങളുടെയും ഇ- കാറ്റലോഗ് തയാറാക്കുകയും വെർച്വൽ വ്യാപാര മേള സംഘടിപ്പിക്കുകയും ചെയ്തു. ചെറുധാന്യങ്ങളുടെയും മൂല്യവർധിത ഉത്പന്നങ്ങളുടെയും കയറ്റുമതിക്ക് ഉത്തേജനം പകരാനും മേളയ്ക്ക് സാധിച്ചു.
ലോകം പോഷകാഹാര സുരക്ഷയിലേക്കു നീങ്ങുമ്പോൾ, അന്താരാഷ്ട്ര ചെറുധാന്യ ഇറക്കുമതിയിൽ കഴിഞ്ഞ ഒരു ദശാബ്ദകാലത്തിനിടെ, മൂല്യത്തിൽ 5.4 ശതമാനത്തിന്റെയും അളവിൽ 14 ശതമാനത്തിന്റെയും വർധനവുണ്ടായിട്ടുണ്ട്. പശിമയില്ലാത്തതും പ്രോട്ടീൻ യുക്തവും നാരുകൾ അടങ്ങിയതുമായ ചെറുധാന്യങ്ങൾ ആഗോള ശ്രദ്ധ ആകർഷിച്ചു. അരിയുടെയും ഗോതമ്പിന്റെയും പകരക്കാരനെന്ന നിലയിൽ, ചെറുധാന്യങ്ങൾ പ്രമേഹ നിയന്ത്രണത്തിലും ഭാര നിയന്ത്രണത്തിലും വിളർച്ച, രക്തസമ്മർദം, ഹൃദയ സംബന്ധമായ തകരാറുകൾ എന്നിവ നേരിടുന്നതിലും ഗുണപ്രദമാണ്.
വിവിധ ഗുണവശങ്ങൾ പരിശോധിക്കുമ്പോൾ ഗോതമ്പ്, അരി, ചോളം എന്നിവയെക്കാൾ എന്തുകൊണ്ടും ശ്രേഷ്ഠമാണ് ചെറുധാന്യങ്ങൾ. പോഷകസമൃദ്ധമായ ചെറുധാന്യങ്ങളിലൂടെ രോഗ നിർമാർജനമെന്ന അജൻഡയുമായി ഇന്ത്യ മുന്നോട്ടുപോകുമ്പോൾ, പ്രമേഹരോഗികൾക്കും വിളർച്ചാ ബാധിതരായ സ്ത്രീകൾക്കും ശുപാർശ ചെയ്യുന്ന ഭക്ഷണത്തിൽ മൂന്നിലൊന്ന് ചെറുധാന്യങ്ങൾ ഉൾപ്പെടുത്താനാണ് ശ്രമിക്കുന്നത്. ചെറുധാന്യ വർഷത്തിൽ (IYoM), "ഭക്ഷണക്രമത്തിൽ ചെറുധാന്യങ്ങൾക്ക് പ്രാധാന്യം' ലഭിക്കുന്നതിനായി പ്രതിദിന പ്രതിശീർഷ ചെറുധാന്യ ഉപഭോഗം 100 ഗ്രാം ആക്കാനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യൻ ചെറുധാന്യങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ 16ലധികം അന്താരാഷ്ട്ര വ്യാപാര മേളകളിൽ ബയർ- സെല്ലർ മീറ്റുകൾ സംഘടിപ്പിക്കുന്നതിലൂടെ കയറ്റുമതി സ്ഥാപനങ്ങൾ, കാർഷിക ഉത്പാദക സംഘടനകൾ/ എഫ്പിഓ- എഫ്പിസി വ്യാപാരികൾ എന്നിവർക്ക് വിവിധ അന്താരാഷ്ട്ര പരിപാടികളിൽ പങ്കാളിത്തം ഉറപ്പാക്കാനുള്ള പ്രക്രിയയിലാണ് കേന്ദ്രം. ചെറുധാന്യ വർഷം2023 ആഘോഷിക്കുന്നതിനായി FAO അതിന്റെ ആസ്ഥാനമായ റോമിൽ സംഘടിപ്പിച്ച ഒരു പരിപാടിയിൽ ഇന്ത്യ ചെറുധാന്യങ്ങളും മൂല്യവർധിത ഉത്പന്നങ്ങളും പ്രോത്സാഹിപ്പിക്കുകയുണ്ടായി. ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ഇന്തോനേഷ്യയിലെ ജക്കാർത്തയിലും മെഡാനിലും ബയർ- സെല്ലർ മീറ്റുകൾ സംഘടിപ്പിച്ചു. ദുബായിലെ ഗൾഫുഡ്- 2023, ജപ്പാനിലെ ഫുഡക്സ്, ഓസ്ട്രേലിയയിലെ ഫൈൻ ഫുഡ്, ജർമനിയിലെ അനുഗ ഫുഡ് ഫെയർ തുടങ്ങിയ രാജ്യാന്തര വ്യാപാര മേളകളിൽ "ചെറുധാന്യങ്ങൾ' എന്ന പ്രമേയം അടിസ്ഥാനമാക്കി പങ്കെടുക്കാനും പ്രോത്സാഹനമേകാനും പദ്ധതികൾ നിലവിലുണ്ട്.
ചെറുധാന്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി മുൻനിര ഇറക്കുമതി സ്ഥാപനങ്ങൾ/ ഡിപ്പാർട്ട്മെന്റൽ സ്റ്റോറുകൾ/ സൂപ്പർ മാർക്കറ്റ്/ ഹൈപ്പർ മാർക്കറ്റ് ശൃംഖലകൾ എന്നിവയെ ഇന്ത്യൻ എംബസി മുഖേന ബന്ധിപ്പിക്കുകയും ഭക്ഷണ സാംപിളുകൾ രുചിക്കുന്നതിനുള്ള പ്രചാരണങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും. ലക്ഷ്യമിടുന്ന രാജ്യങ്ങളിലും വിപണികളിലും IBEFമായി സഹകരിച്ച് ഇന്ത്യൻ ചെറുധാന്യങ്ങളുടെ ബ്രാൻഡിങ്/ പബ്ലിസിറ്റി, സാമൂഹ്യ മാധ്യമ പ്രചാരണ പരിപാടികൾ എന്നിവയും ഉണ്ടാകും.
രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച 5 ചെറുധാന്യ ഉത്പാദക സംസ്ഥാനങ്ങൾ. ഇന്ത്യയിൽ നിന്നുള്ള ചെറുധാന്യങ്ങളുടെ മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതി കുറവാണ്. നൂഡിൽസ്, പാസ്ത, ബ്രേക്ക്ഫാസ്റ്റ് സീരിയൽസ് മിക്സ്, ബിസ്കറ്റ്, കുക്കീസ്, മറ്റ് ലഘുഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങിയ റെഡി- ടു- ഈറ്റ് (RTE), റെഡി- ടു- സെർവ് (RTS) വിഭാഗത്തിൽ മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റാർട്ടപ്പുകളെ സർക്കാർ അണിനിരത്തുന്നു.
യുഎഇ, നേപ്പാൾ, സൗദി അറേബ്യ, ലിബിയ, ഒമാൻ, ഈജിപ്ത്, ടുണീഷ്യ, യെമൻ, യുകെ, യുഎസ്എ എന്നിവയാണ് ഇന്ത്യയുടെ പ്രധാന ചെറുധാന്യ കയറ്റുമതി ലക്ഷ്യസ്ഥാനങ്ങൾ. പവിഴച്ചോളം (ബജ്റ), റാഗി, ചാമ, മണിച്ചോളം (ജാവർ) കുട്ടു എന്നിവ ഇന്ത്യയിൽ നിന്ന് ഇറക്കുമതി രാജ്യങ്ങളിൽ ഇന്തോനേഷ്യ, ബെൽജിയം, ജപ്പാൻ, ജർമ്മനി, മെക്സിക്കോ, ഇറ്റലി, യുഎസ്എ, യുകെ, ബ്രസീൽ, നെതർലാൻഡ്സ് എന്നിവ ഉൾപ്പെടുന്നു. എല്ലാ ഭക്ഷണക്രമത്തിലും പ്രധാന ഭക്ഷണമായി ചെറുധാന്യങ്ങളുടെ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചെറുധാന്യങ്ങളെ ലോകമെമ്പാടും പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യ മുന്നേറുകയാണ്.