വരുന്നു, ഇന്ത്യയുടെ സ്വന്തം ബങ്കർ ബസ്റ്റർ

വിമാനങ്ങൾ ഉപയോഗിച്ച് ബങ്കർ ബസ്റ്റർ ബോംബ് പ്രയോഗിക്കുന്നതിനു പകരം അഗ്നി മിസൈലിന്‍റെ പരിഷ്കരിച്ച പതിപ്പ് ഇതിനായി ഉപയോഗിക്കാനാണ് ശ്രമം
India to develop bunker buster

മിസൈൽ ഉപയോഗിച്ച് പ്രയോഗിക്കാവുന്ന ബങ്കർ ബസ്റ്റർ ബോംബുകൾ നിർമിക്കാൻ ഇന്ത്യ

MV Graphics

Updated on

ന്യൂഡൽഹി: ഭൂമിക്കടിയിലുള്ള രഹസ്യ കേന്ദ്രങ്ങളും ആണവ കേന്ദ്രങ്ങളും വരെ തകർക്കാൻ ശേഷിയുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ സ്വന്തമായി വികസിപ്പിച്ചെടുക്കാനുള്ള ശ്രമം ഇന്ത്യ ഊർജിതമാക്കി. ഇറാനിലെ ഫോർദോ ആണവ കേന്ദ്രമുൾപ്പെടെ തകർക്കാൻ യുഎസ് സൈന്യം ഉപയോഗിച്ചത് ബങ്കർ ബസ്റ്റർ ബോംബുകളായിരുന്നു. എന്നാൽ, നിലവിൽ ഈ ബോംബ് പ്രയോഗിക്കാൻ യുഎസിന്‍റെ പക്കലുള്ള ബി2 സ്പിരിറ്റ് എന്ന ബോംബർ വിമാനത്തിനു മാത്രമാണ് ശേഷിയുള്ളത്.‌

ഇന്ത്യ സ്വന്തമായി ബോംബ് വികസിപ്പിച്ചെടുത്താലും, ആവശ്യം വന്നാൽ ഇതു പ്രയോഗിക്കാനുള്ള വാഹകശേഷി ആർജിച്ചെടുക്കുക എന്നതാണ് വലിയ വെല്ലുവിളി. വിമാനത്തിനു പകരം അഗ്നി മിസൈൽ ഉപയോഗിച്ച് ബങ്കർ ബസ്റ്റർ പ്രയോഗിക്കാൻ സാധിക്കുമോ എന്ന പരീക്ഷണത്തിലാണ് ഇന്ത്യൻ പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO).

5000 കിലോമീറ്റർ ദൂരം വരെ ആണവാക്രമണം നടത്താൻ ശേഷിയുള്ളതാണ് അഗ്നി മിസൈലിന്‍റെ ഏറ്റവും പുതിയ പതിപ്പായ അഗ്നി-5. പരിഷ്കരിച്ച പതിപ്പിന് 7500 കിലോമീറ്റർ പരിധിയുണ്ടാകും. ഇതിൽ ബങ്കർ ബസ്റ്റർ പോർമുന ഘടിപ്പിക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 80 മീറ്റർ മുതൽ 100 മീറ്റർ വരെ ആഴത്തിൽ സ്ഫോടനം നടത്താൻ ശേഷിയുള്ളവയാകും ഇന്ത്യയുടെ ബങ്കർ ബസ്റ്റർ.

ഇറാന്‍റെ ആണവകേന്ദ്രങ്ങൾ തകർക്കാൻ ജിബിയു 57 എന്ന പരമ്പരാഗത ബങ്കർ ബസ്റ്ററുകളാണ് യുഎസ് പ്രയോഗിച്ചത്. ഇത്തരം 14 ബോംബുകളാണ് ബി2 സ്പിരിറ്റിൽനിന്നു പ്രയോഗിച്ചത്. ഇതിനായി ഫോർദോ നിലയത്തിന്‍റെ മുകളിൽ വരെ വിമാനം പറത്തുക എന്ന അപകടകരമായ ദൗത്യവും യുഎസ് വ്യോമസേന ഏറ്റെടുത്തിരുന്നു. ഏറെക്കുറെ ചാവേർ ദൗത്യം പോലെയാണ് ഇത് ഏറ്റെടുത്തതെന്ന് വൈമാനികർ പിന്നീട് സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ, മിസൈലിൽ ബങ്കർ ബസ്റ്റർ പോർമുന ഘടിപ്പിച്ചാൽ ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ നിന്നു തന്നെ ഇത് ശത്രുരാജ്യത്തേക്ക് വിക്ഷേപിക്കാൻ സാധിക്കും. അപകടകസാധ്യതയും ചെലവും കുറവായിരിക്കും.

നേരിട്ട് താഴേക്കിടുന്ന രീതിയല്ലാത്തതിനാൽ, രണ്ടു പോർമുനകളാണ് മിസൈലിൽ ഉപയോഗിക്കേണ്ടി വരുക. ഇതിൽ ആദ്യത്തേത് ലക്ഷ്യത്തിനു മുകളിലായി ഭൂമിയുടെ ഉപരിതലത്തിൽ സ്ഫോടനം നടത്തും. രണ്ടാമത്തേതാണ് ഭൂഗർഭത്തിലെ കോൺക്രീറ്റ് അറ തകർക്കുന്നത്.

7500 കിലോമീറ്റർ പരിധിയുള്ള മിസൈൽ വികസിപ്പിച്ചെടുക്കുന്നതോടെ പാക്കിസ്ഥാനിലും ചൈനയിലുമുള്ള എല്ലാ കേന്ദ്രങ്ങളും ഇന്ത്യയുടെ ആക്രമണ പരിധിക്കുള്ളിലാകും. ശബ്ദത്തെക്കാൾ 20 മടങ്ങ് വരെ വേഗത്തിൽ സഞ്ചരിക്കാനും പുതിയ അഗ്നി മിസൈലിനു സാധിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com