
അഡ്വ. ജി. സുഗുണന്
രു രാജ്യത്തിന്റെ അധികാരശക്തി സമൂഹത്തിന്റെ മൊത്തം കൈകളില്‍ നിക്ഷിപ്തമായിരിക്കുക എന്നതാണ് ഒരു ഭരണക്രമം എന്ന നിലയ്ക്ക് ജനാധിപത്യം എന്ന പദത്തിന്റെ അർഥം. ജനങ്ങള്‍ സര്‍വവിധ അധികാരങ്ങള്‍ ഉള്ളവരായിരിക്കുന്ന പ്രത്യേകതരം രാജ്യം എന്നതാണ് രാജ്യത്തിന്റെ രൂപം എന്ന നിലയ്ക്ക് ജനാധിപത്യം എന്നതുകൊണ്ട് അർഥമാക്കുന്നത്.
സ്വാതന്ത്ര്യം, മാനുഷിക മൂല്യങ്ങള്‍ എന്നിവയെ മാനിക്കുക എന്നതത്രെ ഒരു ജീവിതരീതി എന്ന നിലയ്ക്ക് ജനാധിപത്യം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു സാമൂഹ്യ തത്വശാസ്ത്രം എന്ന നിലയ്ക്ക് ജനാധിപത്യം സ്വാതന്ത്ര്യത്തിന്റേയും, സമത്വത്തിന്റേയും നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഏറ്റവും കുറഞ്ഞ തോതിലുള്ള ഭീക്ഷണ ശക്തിയുടെ സഹായത്തോടെ മനുഷ്യന്റെ സ്വതന്ത്രമായ ബുദ്ധിവൈഭവത്തേയും സ്വമേധയാലുള്ള പ്രവര്‍ത്തനത്തേയും സമജ്ജസമായി ഏകോപിപ്പിക്കുവാന്‍ ഉപകരിക്കുന്ന ഒരു ജീവിതരീതിയെക്കുറിച്ചുള്ള അന്വേഷണമാണ് ജനാധിപത്യം.
ജനാധിപത്യം ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ ഏറ്റവും വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. പേരിനു വേണ്ടി മാത്രമുള്ള ജനാധിപത്യമാണ് നമ്മുടെ രാജ്യത്തും മറ്റ് കൊട്ടിഘോഷിക്കപ്പെടുന്ന ജനാധിപത്യ രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന പല രാജ്യങ്ങളിലുമുള്ളത്. അതുകൊണ്ടു തന്നെ വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന ജനാധിപത്യത്തെ നിലനിര്‍ത്താന്‍ ലോക മനഃസാക്ഷി തന്നെ ഉണര്‍ന്നെഴുന്നേല്‍ക്കേണ്ട സമയമാണിപ്പോള്‍.
ഇന്ന് ലോകത്ത് പലരാജ്യങ്ങളിലും സ്വതന്ത്രവും നീതിയുക്തമായ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടോ എന്ന സംശയം ബലപ്പെടുകയാണ്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ ജനാധിപത്യം പിന്നോട്ടു പോവുകയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജനാധിപത്യം ഏറ്റവും ദുര്‍ബലമായ രാജ്യങ്ങളുടെ പട്ടികയില്‍ പിന്നില്‍ നിന്ന് അഞ്ചാമതാണ് ഇന്ത്യയുടെ സ്ഥാനം. വളരെ ചുരുക്കം ചില രാജ്യങ്ങള്‍ മാത്രമാണ് ജനാധിത്യത്തില്‍ പുരോഗതി കൈവരിച്ചത്. ലോക പ്രശസ്തമായ വീ-ഡെം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇത് സംബന്ധിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് സമയത്തെ അക്രമങ്ങള്‍, സര്‍ക്കാരിന്റെ ഭയപ്പെടുത്തല്‍ തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍, വോട്ടിന് പണം നല്കല് തുടങ്ങിയവ പഠനവിധേയമാക്കിയാണ് രാജ്യങ്ങളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പില്‍ ഏറ്റവും പിന്നിലുള്ള രാജ്യങ്ങളെയും മുന്നിലുള്ള രാജ്യങ്ങളെയും ഉള്‍പ്പെടുത്തി 0 മുതല്‍ 1 വരെയാണ് രാജ്യങ്ങള്‍ക്ക് സ്കോര്‍ നല്‍കിയിരിക്കുന്നത്. 2012നും 2022നുമിടയില്‍ സ്വതന്ത്ര തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ഇന്ത്യ വളരെ പിന്നാക്കം പോയെന്ന് ഈ റിപ്പോര്‍ട്ടില്‍ അടിവരയിട്ടു പറയുന്നു. 2012ല്‍ 0.75 ആയിരുന്ന സ്കോര്‍ 2022ല്‍ 0.53 ആയി കുറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലും മറ്റ് തെരഞ്ഞെടുപ്പുകളിലുമെല്ലാം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പിന്നോട്ടടി വ്യക്തമാവുകയാണ്.
ആഫ്രിക്കന്‍ രാജ്യമായ കോമറോസ് ആണ് ഏറ്റവും പിന്നില്‍. പ്രതിപക്ഷം ബഹിഷ്കരിച്ച തെരഞ്ഞെടുപ്പില്‍ 16% പേര് മാത്രമാണ് ഇവിടെ വോട്ട് ചെയ്തത്. ഹംഗറി, ബംഗ്ലാദേശ്, പോളണ്ട് എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്. റഷ്യ, ഇന്തോനേഷ്യ, കംബോഡിയ, മംഗോളിയ എന്നിവയും പട്ടികയില്‍ പിന്നിലാണ്. ജനാധിപത്യ സ്കോറില്‍ നേരിയ കുറവോ പുരോഗതിയോ കൈവരിച്ച രാജ്യങ്ങള്‍ ഉസ്ബക്കിസ്ഥാന്, റൊമാനിയ, ടോഗോ എന്നിവയാണ്.
ഇന്ത്യ മഹാരാജ്യം ജനാധിപത്യ-മതേതര രാജ്യം എന്ന നിലയിലുള്ള അതിന്റെ കടമകളില്‍ നിന്ന് ബോധപൂര്‍വം പിന്നോട്ട് പോവുകയാണ്. ജനാധിപത്യത്തിന്റെ അടിത്തറയായ മതേതരത്വം ഇവിടെ നഗ്നമായി ചോരയില്‍ മുക്കിക്കൊല്ലപ്പെടുന്നു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വ്യാപകമായ കടന്നാക്രമണം ദിനംപ്രതി വർധിക്കുകയാണ്. ഭരണകൂട ഒത്താശയോടെ ന്യൂനപക്ഷ വേട്ടകള്‍ രാജ്യത്ത് തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്നു. രാജ്യത്തെ മുസ്ലിം വിഭാഗത്തെ ലക്ഷ്യമിട്ട് ബിജെപി സര്‍ക്കാരുകള്‍ നടത്തുന്ന നിയമവിരുദ്ധമായ ബുള്‍ഡോസര്‍ രാജ് തുടരുന്നു. ഇതവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, അസാം എന്നിവയ്ക്ക് പുറമെ ക്രമസമാധാനമടക്കം കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹിയിലുള്ള നിയമവിരുദ്ധ കെട്ടിടം പൊളിക്കലുകള്‍ അക്കമിട്ടു നിരത്തുന്ന രണ്ട് റിപ്പോര്‍ട്ടുകള്‍ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ടിട്ടുണ്ട്. "ശിക്ഷാ' നടപടിയായി മുസ്ലിം വിഭാഗക്കാരുടെ വീടുകള്‍, സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയാണ് ബുള്‍ഡോസര്‍ കൊണ്ട് തകര്‍ക്കുന്നത്. ഈ അടുത്ത കാലത്ത് രേഖപ്പെടുത്തിയിട്ടുള്ള 128 പൊളിക്കലുകളില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചിട്ടുണ്ട്. 617 പേര് ഇതില്‍ ഇരകളാക്കപ്പെട്ടു. ഇരകളോടും, മാധ്യമപ്രവര്ത്തകരടക്കമുള്ളവരുമായി നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയത്. മധ്യപ്രദേശിലാണ് ന്യൂനപക്ഷങ്ങളുടെ വീടുകള്‍ പൊളിക്കല്‍ ഏറ്റവും കൂടുതല്‍ നടന്നത്.
മുന്‍കൂറായി നോട്ടീസ് പോലും നല്‍കാതെ വീടുകളും കടകളും ഇടിച്ചുനിരത്തി തെരുവിലേക്ക് മുസ്ലിങ്ങളെ ഇറക്കിവിടുന്നു. കോടതികളില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള അവസരംപോലും നിഷേധിക്കുന്നു. ഭൂരിപക്ഷ വിഭാഗത്തിന്റെ കൈയേറ്റങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് മറ്റ് വിഭാഗത്തിന്റേത് മാത്രം പൊളിക്കുന്നത് തുല്യതയ്ക്കെതിരാണ്. മധ്യപ്രദേശിലെ ഗര്ഗോണില് കൈയേറ്റ ഭൂമിയിലുണ്ടായിരുന്ന ക്ഷേത്രം നിലനിര്‍ത്തി. എന്നാല്‍ സമീപത്തെ മസ്ജിദ് നിഷ്കരുണം പൊളിച്ചുമാറ്റി. ഇതിന്റെ സാറ്റലൈറ്റ് ചിത്രം പുറത്തുവന്നിട്ടുണ്ട്. മുസ്ലിങ്ങളുടെയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ബുള്‍ഡോസറുകള്‍ കൊണ്ടുള്ള മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കണമെന്ന് ജെസിബി യന്ത്രനിർമാതാക്കളായ ജോസഫ് സിറിള്‍ ബാം ഫോര്‍ഡ് (ജെസിബി) കമ്പനിയോടും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യാ മഹാരാജ്യത്തിലെ ഏകാധിപത്യസംവിധാനത്തിലേക്കുള്ള മാറ്റത്തില്‍ ആശങ്ക രേഖപ്പെടുത്തി മനുഷ്യാവകാശപ്രവര്‍ത്തകരും പൗരസമൂഹവും ഇതിനകം രംഗത്തു വന്നിട്ടുണ്ട്. മോദി ഭരണത്തിന് കീഴില്‍ വർധിക്കുന്ന ഏകാധിപത്യവത്കരണം, രാജ്യത്തിന്റെ ബഹുസ്വരത, ജനാധിപത്യം, മതനിരപേക്ഷത എന്നിവയ്ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. വർധിച്ചുവരുന്ന ന്യൂനപക്ഷവേട്ട, ഇതരമത ധ്വംസനം, വര്‍ഗീയ പ്രീണനം, വിഭജന രാഷ്ട്രീയം എന്നിവ രാജ്യത്തെ എല്ലാ നിലയിലും പിന്നോട്ടടിക്കുന്നു. ജനാധിപത്യത്തിന്റെ അടിത്തറയെയാണ് ഇത് തകര്‍ത്തിരിക്കുന്നത്. സാമൂഹ്യനീതിയും അഭിപ്രായസ്വാതന്ത്ര്യവും അന്യംനില്‍ക്കുന്ന കാലമാണിത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനവും, അഭിപ്രായസ്വാതന്ത്ര്യവും ഈ രാജ്യത്ത് നിഷേധിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൊട്ടിഘോഷിക്കപ്പെടുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന് എന്ത് നിലനില്‍പ്പാണുള്ളത്? ജർമനിയില്‍ ഹിറ്റ്ലര്‍ നടത്തിയ ഏകാധിപത്യ ഭരണത്തിന്റെ മാതൃക ഈ രാജ്യത്ത് നടപ്പിലാക്കാനുള്ള അജൻഡയാണ് മോദിയും ബിജെപിയും അണിയറയില്‍ തയാറാക്കിക്കൊണ്ടിരിക്കുന്നത്. ഇതെല്ലാം വിലയിരുത്തിക്കൊണ്ടാണ് ഇന്ത്യന്‍ ജനാധിപത്യം വളരെ പിന്നോട്ട് പോയിരിക്കുകയാണെന്ന് വീ-ഡെം ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
ഈ വര്‍ഷം ഒരു തെരഞ്ഞെടുപ്പ് വര്‍ഷമാണ്. ലോകജനസംഖ്യയുടെ 45% ത്തോളം പേരാണ് ലോകത്തെ 50ലധികം രാജ്യങ്ങളിലായി വോട്ട് ചെയ്യാന്‍ പോകുന്നത്. ജനാധിപത്യത്തിന്റെ വിജയത്തിനുവേണ്ടി തങ്ങളുടെ പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്നാണ് ഇന്ത്യന്‍ ഭരണകക്ഷിയായ ബിജെപി നേതൃത്വത്തിലെ നരേന്ദ്ര മോദിയും അതുപോലുള്ള ലോകത്തെ മറ്റ് നേതാക്കളും ആവശ്യപ്പെടുന്നത്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ ജനാധിപത്യം പേരിനുവേണ്ടി മാത്രമാണ് നിലനില്‍ക്കുന്നത്. ജനാധിപത്യത്തിന്റെ ബാനറില്‍ തനി സ്വേച്ഛാധിപത്യപരവും മതേതരവിരുദ്ധവുമായ നടപടികളാണ് ഈ ഭരണകൂടം നിരന്തരമായി കൈകൊണ്ടുവരുന്നത്. ഇക്കാര്യത്തില്‍ ശ്രീമാന്‍ നരേന്ദ്രമോദിക്ക് കൂട്ടായി ലോകത്തെ മറ്റ് പലരാജ്യങ്ങളും ഉണ്ടെന്നാണ് വീ-ഡെ ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് എടുത്തുപറയുന്നത്.
ഇന്ത്യയിലും മറ്റ് പലരാജ്യങ്ങളിലും ജനാധിപത്യത്തെ അവിടങ്ങളിലെ ഭരണകൂടങ്ങൾ തന്നെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഈ ജനാധിപത്യ ധ്വംസനങ്ങള്‍ക്ക് എതിരായും, ജനാധിപത്യത്തിന്റെ കൊടുക്കൂറ ഉയര്ത്തിക്കിട്ടുന്നതിനും വേണ്ടി ഇന്ത്യയിലും ലോകത്തൊട്ടാകെയുമുള്ള ജനാധിപത്യ വാദികള്‍ വളരെ ശക്തമായി ശബ്ദമുയര്‍ത്തേണ്ട സമയമാണിത്.
(ലേഖകന്റെ ഫോണ്‍: 9847132428)