

പരിഷ്കരണം, അതിജീവനം, നിശ്ചയദാര്‍ഢ്യം
അമിതാഭ് കാന്ത്
അഞ്ചു വർഷത്തിനിടെ നിരവധി ആഘാതങ്ങൾ ആഗോളതലത്തിൽ അസ്ഥിരതയും അനിശ്ചിതത്വവും വർധിപ്പിച്ചു. ഭൗമരാഷ്‌ട്രീയ വിഭജനം, വ്യാപാര മേഖലയിലെ അനിശ്ചിതത്വം, വിതരണ ശൃംഖലകളിലെ അഴിച്ചുപണികൾ, സാങ്കേതിക മേധാവിത്വത്തിനു നടന്ന പോരാട്ടം എന്നിവയാൽ അടയാളപ്പെടുത്തപ്പെട്ട വർഷമാണ് 2025.
അസ്വസ്ഥമായ ഇത്തരം ആഗോള സാഹചര്യങ്ങള്‍ക്കിടയിലും ഇന്ത്യയുടെ ബൃഹദ് സാമ്പത്തിക സ്ഥിരത വേറിട്ടുനിൽക്കുന്നു. ശുഭാപ്തിവിശ്വാസമേറിയ കണക്കുകൂട്ടലുകളെ പോലും മറികടന്ന് 8.2% വളർച്ചയാണ് കഴിഞ്ഞ പാദത്തില്‍ രാജ്യം കൈവരിച്ചത്. പണപ്പെരുപ്പം കുറഞ്ഞ നിലയിലാണെന്നു മാത്രമല്ല, ധനക്കമ്മി നിയന്ത്രണവിധേയവും. പലകുറി ആവർത്തിച്ച ബാഹ്യ ആഘാതങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര സാമ്പത്തിക ഭദ്രതയും അതിജീവന ശേഷിയും ശക്തിപ്പെടുത്തുക എന്നതായിരുന്നു ഇന്ത്യയുടെ നയം.
ഏതൊരു സുസ്ഥിര സമ്പദ്‌വ്യവസ്ഥയുടെയും അടിത്തറ ആഭ്യന്തര ആവശ്യകതയാണ്. ദശലക്ഷക്കണക്കിന് ഇന്ത്യൻ കുടുംബങ്ങളുടെ ഉപഭോഗം ഉത്തേജിപ്പിക്കുന്നതിൽ നികുതി നയം പ്രധാന പങ്കു വഹിക്കുന്നു. പ്രത്യക്ഷവും പരോക്ഷവുമായ നികുതി പരിഷ്കാരങ്ങൾക്ക് ഈ വർഷം ഇന്ത്യ സാക്ഷ്യം വഹിച്ചു. കേന്ദ്ര ബജറ്റിൽ 12 ലക്ഷം രൂപ വരെ ശമ്പളം നികുതിരഹിതമാക്കി ജനങ്ങളുടെ കൈകളിൽ കൂടുതൽ പണമെത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. 1961ലെ സങ്കീർണമായ ആദായ നികുതി നിയമത്തെ 2025ലെ നിയമത്തിലൂടെ ലളിതമാക്കി.
സെപ്റ്റംബറിൽ ചരക്കുസേവന നികുതിയിൽ വരുത്തിയ പരിഷ്കാരങ്ങളിലൂടെ രണ്ടു നിരക്കുകൾ മാത്രമുള്ള നികുതി ഘടനയും ലളിതമായ നികുതി നിര്‍വഹണ രീതികളും അവതരിപ്പിച്ചു. ഇതോടെ ഉപഭോക്തൃ മനോഭാവം മെച്ചപ്പെട്ടു, ഉത്സവകാല വില്പന 6 ലക്ഷം കോടി രൂപയിലെത്തി. ഈ നീക്കങ്ങൾ വരുമാന നഷ്ടമുണ്ടാക്കുന്നവയല്ല എന്നത് ശ്രദ്ധേയം. ഉപഭോഗവും വളർച്ചയും വർധിപ്പിക്കുന്നത് വരുംവർഷങ്ങളിൽ നികുതി സമാഹരണം ഉയരാൻ വഴിയൊരുക്കും.
സമ്പദ്‌വ്യവസ്ഥയുടെ 55 മുതല്‍ 60% വരെ ആഭ്യന്തര ഉപഭോഗമാണ്. ഉപഭോഗം ഉയരുമ്പോള്‍ ഉത്പാദന ശേഷിയുടെ വിനിയോഗവും വർധിക്കും. ഉത്പാദനം പൂർണശേഷിയിൽ എത്തുന്നതോടെ പുതിയ നിക്ഷേപങ്ങൾക്ക് വഴിയൊരുങ്ങും. ഇത് വീണ്ടും തുടർച്ചയായി വലിയ നേട്ടങ്ങൾ സൃഷ്ടിക്കും.
ഉപഭോക്തൃ ആവശ്യകത സുസ്ഥിരമാകണമെങ്കിൽ ജനങ്ങളുടെ വരുമാനത്തിൽ കൃത്യമായ വർധനവുണ്ടാകണം. പുതിയ തൊഴിൽ നിയമ പരിഷ്കാരങ്ങൾ ഇത് ഉറപ്പാക്കുന്നു. ഏകീകരിക്കപ്പെടാത്ത 29 നിയമങ്ങളെ 4 ആധുനിക നിയമങ്ങളായി ഏകോപിപ്പിച്ചു. തൊഴിൽ മേഖല അതിലൂടെ സംരംഭകർക്ക് സുതാര്യവും തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷിതവുമായി. ന്യായ വേതനത്തിനും മികച്ച തൊഴിലുടമ- തൊഴിലാളി ബന്ധത്തിനും സാമൂഹ്യ സുരക്ഷയ്ക്കും തൊഴിലിട സുരക്ഷയ്ക്കുമാണ് ഇതില്‍ മുൻഗണന. രാജ്യത്തെ 64 കോടി തൊഴിലാളി വർഗത്തിന്‍റെ ഉന്നമനം ഉറപ്പാക്കുന്ന ഈ നിയമങ്ങൾ ഇന്ത്യയുടെ വളർച്ചാ ഗാഥയ്ക്ക് കരുത്തു പകരുന്നു.
കുടുംബ വരുമാനം വർധിക്കുമ്പോൾ കൂടുതൽ തുക ചെലവാക്കണോ, സമ്പാദിക്കണോ, അതോ രണ്ടും ചെയ്യണോ എന്നു തീരുമാനിക്കാന്‍ ജനങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കും. ഔദ്യോഗിക മേഖലയിലെ തൊഴിലവസരങ്ങൾ വർധിക്കുന്നതോടെ പ്രൊവിഡന്‍റ് ഫണ്ട്, പെൻഷൻ, ഇൻഷ്വറൻസ് എന്നിവയുടെ വിഹിതം വർധിക്കും. ആഗോളതലത്തിൽ ഇത്തരം തുക ആഭ്യന്തര മൂലധന വിപണിയുടെ പ്രധാന സ്രോതസാണ്. ഇത് കമ്പനികളിലെയും പദ്ധതികളിലെയും സർക്കാർ ബോണ്ടുകളിലെയും കടപ്പത്രങ്ങളിലും ഓഹരികളിലും നിക്ഷേപിക്കുന്നു. ഇൻഷ്വറൻസ് മേഖലയിലെ 100% നേരിട്ടുള്ള വിദേശ നിക്ഷേപം മൂലധന വിപണിയെ കൂടുതൽ കരുത്തുറ്റതാക്കും, മത്സരക്ഷമതയും സേവന നിലവാരവും മെച്ചപ്പെടുത്തും. ഇൻഷ്വറൻസ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയർത്തുന്നത് സാമ്പത്തിക പരിഷ്കാരം എന്നതിലുപരി സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതു കൂടിയാണ്.
നിക്ഷേപത്തിന് ഉത്തേജനം നൽകുന്നതിനൊപ്പം നിക്ഷേപ സാഹചര്യങ്ങൾ ഈ വർഷം കൂടുതൽ ലളിതമാക്കിയിട്ടുമുണ്ട്. ജിഎസ്ടി പരിഷ്കാരങ്ങൾ കേവലം നികുതി നിരക്കുകളുടെ ഏകീകരണം മാത്രമായിരുന്നില്ല, മറിച്ച് രജിസ്ട്രേഷനും നിയമപാലന നടപടികളും വലിയ തോതില്‍ എളുപ്പമാക്കി. ചെറുകിട സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സമയം 30 ദിവസത്തിൽ നിന്ന് 3 ദിവസത്തിലേക്ക് ഏകദേശം 90% കുറഞ്ഞു. "ഓഹരി വിപണി നിയമം' മൂലധന വിപണിയുടെ ഭരണ നിർവഹണം ശക്തമാക്കുകയും ഉപഭോക്തൃ സംരക്ഷണം മെച്ചപ്പെടുത്തുകയും നിയമപരമായ നൂലാമാലകൾ കുറയ്ക്കുകയും ചെയ്യും. സ്വതന്ത്ര നിയന്ത്രണ ഏജൻസികളും ഈ വളർച്ചയ്ക്ക് വഴിയൊരുക്കുന്നു. ഉദാഹരണത്തിന്, റിസർവ് ബാങ്ക് അവരുടെ 9,000ത്തിലധികം സർക്കുലറുകൾ ചുരുക്കി 250ൽ താഴെയാക്കി ഏകീകരിച്ചു. ഇൻഷ്വറൻസ് മേഖലയിലെ നിയന്ത്രണ പരിഷ്കാരങ്ങൾക്കായി ഐആർഡിഎഐ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്.
ഏകീകൃത മാനദണ്ഡങ്ങള്‍ക്കു പകരം ഓരോ മേഖലയിലെയും അപകട സാധ്യത കണക്കിലെടുത്ത് ആവിഷ്കരിക്കുന്ന നിയമപാലന രീതിയിലേക്ക് മാറുന്നതിന്‍റെ ഭാഗമായി പരിസ്ഥിതി, കെട്ടിട നിർമാണ ചട്ടങ്ങളിലും വലിയ മാറ്റങ്ങൾ വന്നു. ഉദാഹരണത്തിന് എല്ലാ വ്യവസായങ്ങൾക്കും 33% ഹരിത മേഖല വേണമെന്ന നിബന്ധനയിൽ മാറ്റം വരുത്തിയത് 1.2 ലക്ഷം ഹെക്‌ടർ വ്യവസായ ഭൂമി ലഭ്യമാക്കാൻ സഹായിക്കും. പരിസ്ഥിതി അനുമതികൾ ലഭ്യമായ വ്യാവസായിക പാർക്കുകളിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങള്‍ക്ക് ഇനി പ്രത്യേകം അനുമതി തേടേണ്ടതില്ല. മലിനീകരണ സാധ്യത തീരെ കുറഞ്ഞ വ്യവസായങ്ങൾക്കായി പുതുതായി രൂപീകരിച്ച "ശ്വേത വിഭാഗം' ഇത്തരം മേഖലകളുടെ നിയമപരമായ ബാധ്യതകളും ചെലവുകളും കുറയ്ക്കും. മലിനീകരണ സാധ്യതയേറിയതും ഉയർന്ന സുരക്ഷാ ശ്രദ്ധ ആവശ്യമായതുമായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് മലിനീകരണ നിയന്ത്രണ ബോർഡിന് അവസരമൊരുക്കുന്നു.
ചെറിയ വീഴ്ചകളെ കുറ്റകൃത്യമാക്കുന്ന രീതി ഒഴിവാക്കി 200ലധികം നിയമ ഭേദഗതികൾ "ജൻ വിശ്വാസ്' പരിഷ്കാരങ്ങളിലൂടെ നടപ്പാക്കി. കാലഹരണപ്പെട്ട നൂറുകണക്കിന് നിയമങ്ങൾ റദ്ദാക്കി. ഇതിനു പുറമെ വിവിധ സംസ്ഥാന സർക്കാരുകളും 1,000ത്തിലേറെ കുറ്റകൃത്യങ്ങളെ ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാക്കി. ഭൂമി ഏറ്റെടുക്കൽ, പരിസ്ഥിതി അനുമതി, നിർമാണ അനുമതി എന്നിവയിൽ സംസ്ഥാനങ്ങൾ വരുത്തിയ പരിഷ്കാരങ്ങൾ പദ്ധതികൾക്ക് വേഗത്തിൽ അനുമതി ലഭിക്കാൻ വഴിയൊരുക്കുന്നു. ജൻ വിശ്വാസ് പദ്ധതിയുടെ അടുത്ത ഘട്ടം ഉടൻ നടപ്പാക്കാനൊരുങ്ങുകയാണ്. നിയന്ത്രണങ്ങളിൽ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് വിശ്വാസാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്‍റെ മാറ്റത്തെ ഈ നീക്കങ്ങൾ സൂചിപ്പിക്കുന്നു.
ആഗോളതലത്തിലെ അസ്ഥിരതയ്ക്കും അനിശ്ചിതത്വത്തിനുമിടയിലും ഇന്ത്യയുടെ വികസന ലക്ഷ്യങ്ങളിൽ വ്യാപാരം നിർണായക പങ്കുവഹിക്കുന്നു. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ 1908ലെയും 1925ലെയും 1958ലെയും പഴയ നിയമങ്ങൾ പരിഷ്കരിച്ച് ഇന്ത്യയുടെ സമുദ്ര ഭരണനിർവഹണം ആധുനികവത്കരിച്ചു. അതോടെ ഇന്ത്യയുടെ സമുദ്ര നിയമങ്ങൾ ആഗോള നിലവാരത്തിലേക്കുയർന്നു. സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതും ഭരണനിർവഹണം ശക്തമാക്കുന്നതും രാജ്യത്തിന്‍റെ ചരക്കുനീക്ക ചെലവുകൾ കുറയ്ക്കാനും മത്സരക്ഷമത വർധിപ്പിക്കാനും സഹായിക്കും. രണ്ടാമതായി 200ലേറെ ഉത്പന്ന ഗുണനിലവാര ഉത്തരവുകൾ ഒഴിവാക്കിയത് ചെറുകിട- ഇടത്തരം സംരംഭകർക്കും കയറ്റുമതിക്കാർക്കും വലിയ ആശ്വാസമേകി. ഒപ്പം ബ്രിട്ടൻ, ന്യൂസിലാൻഡ്, ഒമാൻ എന്നീ രാജ്യങ്ങളുമായി വ്യാപാര കരാറുകളിലേര്‍പ്പെട്ടും യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷനുമായി കരാർ നടപ്പാക്കിയും രാജ്യത്തെ കയറ്റുമതിക്കാർക്ക് പുതിയ വിപണികൾ തുറന്നു നല്‍കുകയും ചെയ്തു.
സ്ഥാപനങ്ങൾ വളരുമ്പോഴാണ് കയറ്റുമതിയും കൂടുതൽ തൊഴിലവസരങ്ങളുമുണ്ടാകുന്നത്. എന്നാൽ, രാജ്യത്തെ നയങ്ങൾ ഏറെക്കാലമായി സ്ഥാപനങ്ങളെ ചെറുകിട തലത്തിൽ തുടരാൻ പ്രേരിപ്പിക്കുന്നവയായിരുന്നു. ചെറുതായി തുടർന്നതിനാല്‍ വലിയ തോതിലുള്ള ഉത്പാദനത്തിന്‍റെ നേട്ടങ്ങൾ കൊയ്യാൻ ഈ സ്ഥാപനങ്ങള്‍ക്ക് സാധിച്ചില്ല. 5 വർഷത്തിനിടെ രണ്ടാം തവണയാണ് സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ പരിധി കേന്ദ്ര സർക്കാർ ഉയർത്തുന്നത്. 2020ന് മുമ്പത്തെ നിർവചനവുമായി താരതമ്യം ചെയ്യുമ്പോൾ ഈ പരിധി പത്തിരട്ടി വർധിച്ചിട്ടുണ്ട്. കൂടാതെ കയറ്റുമതി വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി, പ്രത്യേകിച്ച് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ സഹായിക്കാൻ, 20,000 കോടി രൂപയുടെ പുതിയ കയറ്റുമതി പ്രോത്സാഹന പദ്ധതിയ്ക്കും തുടക്കം കുറിക്കും.
നിർമിത ബുദ്ധി, ഡാറ്റാ സെന്‍ററുകൾ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളുടെ വളർച്ച ഊർജ ഉപഭോഗത്തിൽ വൻ വർധനയും നിക്ഷേപവുമുണ്ടാക്കുന്നു. ഈ മേഖലയിൽ മാത്രം കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ 70 ബില്യൺ ഡോളറിന്‍റെ നിക്ഷേപമാണ് ഇന്ത്യയിലെത്തിയത്. ഈ നൂതനാശയങ്ങള്‍ക്ക് ആവശ്യമായ ഊർജം പരിസ്ഥിതി സൗഹൃദമായ രീതിയിൽ ലഭ്യമാക്കാൻ ആണവോർജത്തിലൂടെ സാധിക്കും. ഇന്ത്യയുടെ പരിവർത്തനത്തിന് ആണവോർജം സുസ്ഥിരമായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന "ശാന്തി' ബില്ലിന് പാര്‍ലമെന്‍റ് അംഗീകാരം നൽകി. ആണവോർജരംഗത്തെ സർക്കാർ കുത്തക അവസാനിപ്പിച്ച് സുരക്ഷിതത്വത്തിന് മുൻഗണന നൽകുന്നതും നിക്ഷേപ സൗഹൃദവുമായ രീതിയിലേക്കുള്ള ഇന്ത്യയുടെ മാറ്റം ഏറെ നിർണായകം. പുതിയ നിയമപ്രകാരം സൈനികേതര ആണവ പദ്ധതികളിൽ സ്വകാര്യ- വിദേശ പങ്കാളിത്തം അനുവദിക്കുന്നുണ്ടെങ്കിലും ഇന്ധനം, ഇന്ധന സമ്പുഷ്ടീകരണം, ആണവമാലിന്യ സംസ്കരണം, ആയുധങ്ങൾ എന്നിവ പൂർണമായും സർക്കാര്‍ നിയന്ത്രണത്തിൽ തുടരും.
പരിഷ്കാരങ്ങൾ കേവലം സാമ്പത്തിക മേഖലയിൽ മാത്രം ഒതുങ്ങില്ല. ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ മാറ്റം കുറഞ്ഞ തൊഴിൽ ദിനങ്ങൾ 100ൽ നിന്ന് 125 ആയി ഉയർത്തി. തൊഴിൽ നൽകുക എന്നതിലുപരി ഗ്രാമീണ മേഖലയിൽ ശാശ്വത ആസ്തികൾ സൃഷ്ടിക്കുന്നതിലേക്കും ജല സുരക്ഷ, കാലാവസ്ഥാ പ്രതിരോധം, ഉപജീവന മാർഗങ്ങൾ കണ്ടെത്താവുന്ന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിലേക്കും പുതിയ നിയമം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന "വികസിത ഭാരത് ശിക്ഷാ അധിഷ്ഠാൻ നിയമം' യുജിസി, എഐസിടിഇ, എൻസിടിഇ തുടങ്ങിയ വിവിധ ഏജൻസികൾക്ക് പകരം ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഏകീകൃത നിയന്ത്രണ സംവിധാനം ഉറപ്പാക്കുന്നു. ദേശീയ വിദ്യാഭ്യാസ നയവുമായി പൂർണമായി ചേര്‍ന്നുനില്‍ക്കുന്ന ഈ നീക്കം വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ധനസഹായത്തെയും നിയന്ത്രണ നടപടികളെയും രണ്ടു വ്യത്യസ്ത വിഭാഗങ്ങളായി തിരിക്കുന്നു.
ആഗോളതലത്തിലെ അസ്ഥിരതയ്ക്കും അനിശ്ചിതത്വത്തിനുമിടയിലും കരുത്തോടെ നിലകൊള്ളുകയാണ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിശ്വാസ്യത, ലാളിത്യം, നയപരമായ സ്ഥിരത എന്നിവയാല്‍ അടയാളപ്പെടുത്തിയ നിർണായക പരിഷ്കാരങ്ങളുടെ വർഷമാണ് 2025. ഇവ നടപ്പാക്കുക അത്ര എളുപ്പമല്ല; വലിയ രാഷ്‌ട്രീയ ഇച്ഛാശക്തിയും മൂലധനവും അതിന് അനിവാര്യമാണ്. സുസ്ഥിര വളർച്ച എന്നത് കേവലം സാമ്പത്തിക ഉത്തേജന പാക്കെജുകളിൽ മാത്രമല്ല, മറിച്ച് രാജ്യത്തെ സ്ഥാപനങ്ങളുടെയും നിയമ വ്യവസ്ഥകളുടെയും ഗുണനിലവാരത്തെ കൂടി ആശ്രയിച്ചിരിക്കുന്നു എന്ന അടിസ്ഥാന സാമ്പത്തിക വസ്തുതയെ ഈ പരിഷ്കാരങ്ങൾ അടിവരയിടുന്നു. ഇനി ഈ പാത പിന്തുടരേണ്ടത് സംസ്ഥാന സർക്കാരുകളാണ്.
(ജി-20 മുന്‍ ഷെർപ്പയും നിതി ആയോഗ് മുൻ സിഇഒയുമാണ് ലേഖകൻ. അഭിപ്രായങ്ങള്‍ വ്യക്തിപരം).