ഹരിത പാതയില്‍ കുതിക്കാന്‍ ഇന്ത്യന്‍ സമുദ്ര മേഖല

സമുദ്ര വ്യവസായത്തോടൊപ്പം ഗതാഗതം, വിനോദസഞ്ചാരം, വ്യാപാരം, മത്സ്യബന്ധനം തുടങ്ങിയ വ്യവസായങ്ങളും വളരുന്നു
ഹരിത പാതയില്‍ കുതിക്കാന്‍ ഇന്ത്യന്‍ സമുദ്ര മേഖല

കാലാവസ്ഥാ വ്യതിയാനങ്ങള്‍ പലതും തിരുത്തപ്പെടാനാകാത്തതാണ്. തീരദേശ നഗരങ്ങളിലെ വെള്ളപ്പൊക്കം, ഫലഭൂയിഷ്ഠമായ പ്രദേശങ്ങളുടെ മരുഭൂവത്കരണം, ഹിമാനികളുടെ ഉരുകല്‍, വിനാശകരമായ ചുഴലിക്കാറ്റുകളുടെ വ്യാപനം, പകര്‍ച്ചവ്യാധികളുടെ വ്യാപനം എന്നിവ ആഗോളതാപനത്തിന്‍റെയും കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും പ്രധാന അനന്തരഫലങ്ങളില്‍ ചിലത് മാത്രമാണ്. ഗുരുതരമായ ആശങ്കയുടെ മറ്റു പല പ്രത്യാഘാതങ്ങളും ഇന്ന് ആഗോളതലത്തില്‍ നിലവിലുണ്ട്.

അതിനാല്‍ ഹരിതഗൃഹ വാതകങ്ങള്‍ (കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥെയ്ന്‍, നൈട്രസ് ഓക്സൈഡ്, നീരാവി) കുറയ്ക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന, അല്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന, ആ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ധനസഹായം നല്‍കുകയും ചെയ്യുന്ന ഏതൊരു നയത്തിന്‍റെയും നടപടിയുടെയും പദ്ധതിയുടെയും പര്യായമാണ് “കാലാവസ്ഥാ പ്രവര്‍ത്തനം’.

പാരീസ് ഉടമ്പടി (2015) ആ ലക്ഷ്യങ്ങള്‍ക്കായുള്ള ആദ്യത്തെ പ്രധാന അന്താരാഷ്‌ട്ര കരാറാണ്. സിഒപി21ല്‍ ഒപ്പിട്ടപ്പോള്‍ ആഗോളതാപനം 2 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാന്‍ 174 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും സമ്മതിച്ചിരുന്നു.

ആഗോള വ്യാപാരത്തിന്‍റെ 80 ശതമാനത്തിലധികം നയിക്കുന്നത് കപ്പല്‍ വ്യവസായമാണ്. സമുദ്ര വ്യവസായത്തോടൊപ്പം ഗതാഗതം, വിനോദസഞ്ചാരം, വ്യാപാരം, മത്സ്യബന്ധനം തുടങ്ങിയ വ്യവസായങ്ങളും വളരുന്നു. അതേസമയം കപ്പല്‍ വ്യവസായവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന്, കപ്പല്‍ മേഖല ഏകദേശം ഒരു ബില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതായി കണക്കാക്കപ്പെടുന്നു. ഇത് ആഗോള ഹരിതഗൃഹ വാതകത്തിന്‍റെ (ജിഎച്ച്ജി പുറന്തള്ളല്‍) 2.5 ശതമാനത്തിലധികം സംഭാവന ചെയ്യുന്നു.

അന്താരാഷ്‌ട്ര സമുദ്രമേഖല സംഘടനയുടെ (ഐഎംഒ) ജിഎച്ച്ജി തന്ത്രം അടുത്തിടെ 2050 ഓടെ ജിഎച്ച്ജി പുറന്തള്ളല്‍ നെറ്റ് സീറോയില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. അതേസമയം 2008നെ അപേക്ഷിച്ച് 2030ഓടെ ഹരിതഗൃഹവാതക പുറന്തള്ളല്‍ 30 ശതമാനവും 2040ഓടെ 80 ശതമാനവും കുറയ്ക്കാന്‍ ശ്രമിക്കുന്നു. 2050ഓടെ ഹരിതഗൃഹ വാതക പുറന്തള്ളല്‍ 50% മാത്രം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് 2018ല്‍ സജ്ജമാക്കിയ മുന്‍കാല തന്ത്രത്തെക്കാള്‍ ഗണ്യമായ പുരോഗതിയായി ഇത് കണക്കാക്കപ്പെടുന്നു.

നെറ്റ്- സീറോ ഭാവിക്കായി സുസ്ഥിര ഇന്ധനങ്ങളിലേക്ക് ത്വരിതഗതിയില്‍ മാറാന്‍ ഇത് ആവശ്യപ്പെടുന്നു. ഈ പരിവര്‍ത്തനം വേഗത്തില്‍ നടക്കേണ്ടതുണ്ടെങ്കിലും, അത് ന്യായവും സമഗ്രവുമായ രീതിയില്‍ സംഭവിക്കണം. പാരിസ്ഥിതിക സുസ്ഥിരതയെയും സാമൂഹിക സമത്വത്തെയും പിന്തുണയ്ക്കുമ്പോള്‍ തന്നെ ഇത് സാമ്പത്തിക സംവിധാനങ്ങള്‍ക്ക് വലിയ അവസരങ്ങള്‍ തുറക്കും.

സമീപകാലത്തെ ഹരിത പ്രഖ്യാപനങ്ങളുടെയും സംരംഭങ്ങളുടെയും പരമ്പരയില്‍, ഇന്ത്യയുടെ തുറമുഖങ്ങളും ഷിപ്പിങ് മേഖലയും 2070ഓടെ നെറ്റ് സീറോ എന്ന പ്രതിബദ്ധത ഉള്‍പ്പെടെ ഇന്ത്യ ദേശീയതലത്തില്‍ പുതുക്കി നിർണയിച്ച സംഭാവനകളുമായി യോജിക്കുന്നു.

ഇന്ത്യയിലെ ആദ്യത്തെ നാഷണല്‍ സെന്‍റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ ഗ്രീന്‍ പോര്‍ട്ട് ആന്‍ഡ് ഷിപ്പിങ് (എന്‍സിഒഇജിപിഎസ്) തുറമുഖങ്ങളെയും ഷിപ്പിങ്ങിനെയും പരിവര്‍ത്തനം ചെയ്യുന്നതിന് ഹരിത പ്രതിവിധികള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്.

ഇന്ത്യയിലെ ഷിപ്പിങ് മേഖലയില്‍ കാര്‍ബണ്‍ ന്യൂട്രാലിറ്റിയും ചാക്രിക സമ്പദ് വ്യവസ്ഥയും പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രീന്‍ ഷിപ്പിങ്ങിനായി ഒരു നിയന്ത്രണ ചട്ടക്കൂടും ഇതര സാങ്കേതികവിദ്യ കൈക്കൊള്ളല്‍ മാര്‍ഗനിര്‍ദേശവും വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് വിജ്ഞാന പങ്കാളിയായ ടിഇആര്‍ഐ (ദി എനര്‍ജി ആന്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്).

പുനരുത്പാദക ഊര്‍ജത്തിന്‍റെ വിഹിതം അതിന്‍റെ ഓരോ പ്രധാന തുറമുഖങ്ങളുടെയും നിലവിലെ 10% വിഹിതത്തില്‍ നിന്ന് മൊത്തം വൈദ്യുതി ആവശ്യകതയുടെ 60% ആയി വർധിപ്പിക്കാന്‍ ഇന്ത്യ ഉദേശിക്കുന്നു. സൂര്യനില്‍നിന്നും കാറ്റില്‍നിന്നുമുള്ള ഊര്‍ജം വഴിയായിരിക്കും ഇത്.

പരിവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട പ്രതിവിധികള്‍ വാഗ്ദാനം ചെയ്യുന്നതിനൊപ്പം പരിവര്‍ത്തനത്തിന്‍റെ വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് ആഴത്തില്‍ മനസിലാക്കുന്നതിനായി എന്‍സിഒഇജിപിഎസ് പ്രവര്‍ത്തിക്കും. അതനുസരിച്ച്, ടിഇആര്‍ഐക്ക് കീഴില്‍ ഏകദേശം 10 പദ്ധതികള്‍ കണ്ടെത്തി അവ നടപ്പിലാക്കുന്നതിന്‍റെ വിവിധ ഘട്ടങ്ങളിലാണ്.

എന്‍സിഒഇജിപിഎസിന്‍റെ പരിധിയില്‍, മുഴുവന്‍ സമുദ്ര മേഖലയുടെയും ഡീകാര്‍ബണൈസേഷന്‍ ദൗത്യത്തോടെ വികസിപ്പിച്ചെടുത്ത എല്ലാ നിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും വിശാലമായി ഉള്‍ക്കൊള്ളുന്ന കരട് ദേശീയ ഹരിത ഷിപ്പിങ് നയം തയ്യാറാക്കുകയാണ്.

സുസ്ഥിരതയുടെ സാക്ഷ്യപത്രത്തിന് വിധേയമായി ജൈവ ഇന്ധനങ്ങളിലും അതിന്‍റെ മിശ്രണങ്ങളിലും പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഡയറക്റ്ററേറ്റ് അനുമതി നല്‍കിയിട്ടുണ്ട്. ഇത് കപ്പല്‍ ഉടമകള്‍ക്ക് ആവശ്യമുള്ള സിഐഐ ലഘൂകരണം കൈവരിക്കാനും സുസ്ഥിരതയ്ക്കായുള്ള അവരുടെ ശ്രമങ്ങള്‍ പ്രകടിപ്പിക്കുന്നതിനും ഷിപ്പിങ് കമ്പനികളെ സഹായിക്കും. 150 കിലോവാട്ട് വരെ തീര വൈദ്യുതി ആവശ്യമുള്ള കപ്പലുകള്‍ക്ക് തീരത്ത് വൈദ്യുതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഡയറക്റ്ററേറ്റ് വിഭാവനം ചെയ്തിട്ടുണ്ട്.

തീരദേശ കപ്പലുകള്‍ ഉള്‍പ്പെടെ എല്ലാ കപ്പലുകളിലും ഇഇഎക്‌സ്ഐ, പ്രവര്‍ത്തന സിഐഐ എന്നിവയുമായി ബന്ധപ്പെട്ട മാര്‍പോള്‍ അനക്സ് 6 ലെ പുതിയ ഭേദഗതികള്‍ നടപ്പാക്കിയിട്ടുണ്ട്.

മാരിടൈം വിഷന്‍ 2030 ഓടെ എല്ലാ പ്രധാന വ്യാപാരത്തിനും 2030ഓടെ മൂന്ന് ഘട്ടമായി എല്ലാ കപ്പലുകള്‍ക്കും തീരത്തെ വൈദ്യുതി വിതരണം ചെയ്യാന്‍ ലക്ഷ്യമിടുന്നു. ഇത് തുറമുഖങ്ങളിലെ ഹരിതഗൃഹ വാതക പുറന്തള്ളല്‍ കുറയ്ക്കുന്നതിന് വഴിയൊരുക്കി. അതേസമയം എത്തുന്ന എല്ലാ കപ്പലുകള്‍ക്കും തീരത്ത് വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള തന്ത്രത്തിനായും പ്രവര്‍ത്തിക്കുന്നു.

മൂല്‍ദ്വാരകയ്ക്കും സൂറത്ത്/ നവി മുംബൈയ്ക്കും ഇടയില്‍ ഹരിത തീരദേശ ഷിപ്പിങ് ഇടനാഴിയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതില്‍ വിജയിക്കാനായി. 30% ജൈവ ഇന്ധനം കലര്‍ന്ന ഡീസലും തീരത്തെ വൈദ്യുതിയും ഉപയോഗിച്ച് ഇരുകരയിലും കൃത്യസമയത്ത് എത്താനാകുന്നു.

ഹരിത ഹൈഡ്രജന്‍റെയും അതിന്‍റെ വകഭേദങ്ങളുടെയും ഉത്പാദനം, ഉപയോഗം, കയറ്റുമതി എന്നിവയ്ക്കുള്ള ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുക എന്നതാണ് ദേശീയ ഹൈഡ്രജന്‍ ദൗത്യത്തിന്‍റെ പരമമായ ലക്ഷ്യം. സംശുദ്ധ ഊര്‍ജത്തിലൂടെ സ്വയംപര്യാപ്തമാകാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് ഇത് സംഭാവന നല്‍കുകയും ആഗോള സംശുദ്ധ ഊര്‍ജ പരിവര്‍ത്തനത്തിന് പ്രചോദനമാകുകയും ചെയ്യും.

2030ഓടെ കിഴക്ക്, വടക്ക്, ദക്ഷിണേന്ത്യ എന്നിവിടങ്ങളില്‍ ഹൈഡ്രജന്‍ സംഭരണ ബങ്കറുകള്‍ നിർമിക്കുന്നതിനുള്ള ലോജിസ്റ്റിക് പിന്തുണ നല്‍കിക്കൊണ്ട് ദേശീയ ഹരിത ഹൈഡ്രജന്‍ ദൗത്യം ത്വരിതപ്പെടുത്തുന്നതിന് ഹൈഡ്രജന്‍ ഹബ്ബുകളായി വികസിപ്പിക്കുന്നതിനായി കിഴക്ക് പാരാദീപ് തുറമുഖം, കണ്ട്‌ലയിലെ ദീന്‍ദയാല്‍ തുറമുഖം, തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ വി.ഒ. ചിദംബരനാര്‍ തുറമുഖം എന്നീ മൂന്ന് തുറമുഖങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സമീപഭാവിയില്‍ ഇത് 12 ഇന്ത്യന്‍ തുറമുഖങ്ങളായി ഉയര്‍ത്തും.

2025ഓടെ എല്ലാ പ്രധാന തുറമുഖങ്ങളിലും ഗ്രീന്‍ ടഗുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും 2030ഓടെ 50% ടഗുകള്‍ ഗ്രീന്‍ ടഗുകളാക്കി മാറ്റാനും ഈ നയസംരംഭം ലക്ഷ്യമിടുന്നു. ഗ്രീന്‍ ഹൈബ്രിഡ് ടഗുകള്‍ തുടക്കത്തില്‍ ഗ്രീന്‍ ഹൈബ്രിഡ് പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങളാല്‍ പ്രവര്‍ത്തിപ്പിക്കും. തുടര്‍ന്ന്, ഫോസില്‍ ഇതര ഇന്ധന ലായനികളായ മെഥനോള്‍, അമോണിയ, ഹൈഡ്രജന്‍ എന്നിവ സ്വീകരിക്കുകയും ചെയ്യുന്നു.

കാലാവസ്ഥാ പ്രവര്‍ത്തനത്തിനായുള്ള സിഒപി 26-ലെ പ്രതിബദ്ധതയുടെ ഭാഗമായി, 2005ലെ നിലവാരത്തില്‍ നിന്ന് 2030-ഓടെ ഒരു യൂണിറ്റ് ജിഡിപി പുറന്തള്ളല്‍ തീവ്രത 45 ശതമാനം കുറയ്ക്കുമെന്ന് ഇന്ത്യ പ്രതിജ്ഞയെടുത്തു.

ഇത് അംഗീകരിച്ചുകൊണ്ട്, ഈ മേഖലയിലെ സുസ്ഥിര വികസനത്തിന്‍റെ കാര്യപരിപാടി തുറമുഖ- ഷിപ്പിങ്- ജലപാതാ മന്ത്രാലയം തീവ്രമായി പിന്തുടരുന്നു. കൂടാതെ ഹരിത് സാഗര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ 2023, ഗ്രീന്‍ ടഗ് പരിവര്‍ത്തന പരിപാടി എന്നിവയുള്‍പ്പെടെ വിവിധ സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതിന്‍റെ തുടര്‍ച്ചയായി 2024 ജനുവരിയില്‍ ഉള്‍നാടന്‍ കപ്പലുകള്‍ക്കായുള്ള ഹരിത നൗക - ഹരിത പരിവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ ആവിഷ്‌കരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു.

നവയുഗ കപ്പലുകള്‍ വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുക, കപ്പല്‍നിർമാണത്തില്‍ “മെയ്ക്ക് ഇന്‍ ഇന്ത്യ’ നയം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 2047 ഓടെ ഹരിതനൗകകളിലേക്കുള്ള സമ്പൂര്‍ണ മാറ്റമാണു ഗവണ്മെന്‍റ് വിഭാവനം ചെയ്യുന്നത്. അത്തരം ഹരിത നൗകകളുടെ പ്രവര്‍ത്തനം പ്രാപ്തമാക്കുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കും. സുരക്ഷിതവും സൗകര്യപ്രദവും ഹരിതവുമായ ഉള്‍നാടന്‍ ജലപാത അടിസ്ഥാനമാക്കിയുള്ള യാത്രാ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ ഹരിത യാനങ്ങളുടെയും അനുബന്ധ ആവാസവ്യവസ്ഥയുടെയും വികസനത്തിന് സാമ്പത്തിക സഹായം സാധ്യമാക്കുകയും ചെയ്യും. ഹരിത പരിവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിന് അനുയോജ്യമായ മുന്നേറ്റങ്ങള്‍ നടത്തുന്നതിന് സമഗ്രമായ നയങ്ങള്‍, ശക്തമായ പിന്തുണാ സംവിധാനം, സാങ്കേതിക ചേരുവകള്‍, തന്ത്രപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയുടെ ആവശ്യകത ഇത് ഉയര്‍ത്തിക്കാട്ടുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com