
ചക്രവാളത്തെ അനന്തമാക്കുന്ന ഇന്ത്യൻ ബഹിരാകാശ യാത്ര
ഫാൽക്കൺ- 9 ബൂസ്റ്ററിലെ പ്രഷർ ഫീഡ്‌ലൈനിന്‍റെ വെൽഡ് ചെയ്ത് കൂട്ടിച്ചേർത്ത ഭാഗത്ത് മറഞ്ഞിരിക്കുന്ന ഒരു വിള്ളലോടെയാണ് അത് ആരംഭിച്ചത്; കഷ്ടിച്ച് കാണാവുന്ന ഒരു വിള്ളൽ. ബഹിരാകാശ യാത്രയുടെ മഹത്തായ യന്ത്രസാമഗ്രികളിലെ ഒരു ചെറിയ പോരായ്മയായിരിക്കാം. പക്ഷേ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരു വിലയിരുത്തലിന്‍റെ നിമിഷമായിരുന്നു. ജാഗ്രതയോടെയും വിട്ടുവീഴ്ചയില്ലാത്തവരായും നമ്മുടെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ (ഐഎസ്ആർഒ) ശാസ്ത്രജ്ഞർ ഉത്തരങ്ങൾ ആവശ്യപ്പെട്ടു. പരിഹാരമാർഗങ്ങളല്ല, അറ്റകുറ്റപ്പണികളാണ് അവർ നിഷ്കർഷിച്ചത്. അങ്ങനെ ചെയ്തതിലൂടെ, അവർ ഒരു ദൗത്യത്തെ മാത്രമല്ല, ഒരു സ്വപ്നത്തെയും സംരക്ഷിച്ചു.
2025 ജൂൺ 25ന്, ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനും ഐഎസ്ആർഒയിൽ പരിശീലനം ലഭിച്ച ബഹിരാകാശ യാത്രികനുമായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല, ആക്സിയം- 4 ദൗത്യത്തിൽ ഭ്രമണപഥത്തിലെത്തിയതോടെ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ഒരു ദിവസത്തിനു ശേഷം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ഡോക്ക് ചെയ്ത അദ്ദേഹം, ബഹിരാകാശത്തേക്കു മാത്രമല്ല, മനുഷ്യ കേന്ദ്രീകൃത ശാസ്ത്രം, വൈദ്യശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുടെ ഭാവിയിലേക്കുമുള്ള ഇന്ത്യയുടെ അടുത്ത വലിയ കുതിപ്പിന്‍റെ മുഖമായി മാറി.
ഇതു കേവലം ചടങ്ങിനു മാത്രമായൊരു യാത്രയായിരുന്നില്ല. അതൊരു തീവ്രമായ ശാസ്ത്രീയ പോരാട്ടമായിരുന്നു. ബഹിരാകാശയാത്രികർക്കു മാത്രമല്ല, കർഷകർ, ഡോക്റ്റർമാർ, എൻജിനീയർമാർ, നമ്മുടെ രാജ്യത്തുടനീളമുള്ള വിദ്യാർഥികൾ എന്നിവർക്ക് പ്രാധാന്യമുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാനായി ഇന്ത്യൻ ഗവേഷകർ സൂക്ഷ്മമായി രൂപകൽപ്പന ചെയ്ത ഏഴ് മൈക്രോഗ്രാവിറ്റി പരീക്ഷണങ്ങൾ ശുക്ല കൂടെ കൊണ്ടുപോയി.
ബഹിരാകാശത്ത് ഉലുവയും പയറും മുളയ്ക്കുന്നതു പരിഗണിക്കുക. ഇതു ലളിതമായി തോന്നുന്നു, ഏതാണ്ടു കാവ്യാത്മകമാണ്. പക്ഷേ, അതിന്‍റെ അനന്തരഫലങ്ങൾ ആഴമേറിയതാണ്. ഒരു ബഹിരാകാശ പേടകത്തിന്‍റെ പരിമിതമായ സ്ഥലത്തിനുള്ളിൽ, ഓരോ ഗ്രാം പോഷകാഹാരവും കണക്കിലെടുക്കുമ്പോൾ, ഇന്ത്യൻ വിളകൾ മൈക്രോഗ്രാവിറ്റിയിൽ എങ്ങനെ പെരുമാറുന്നുവെന്ന് മനസിലാക്കുന്നത് ദീർഘകാല ദൗത്യങ്ങൾക്കുള്ള ക്രൂ ഡയറ്റുകളെ പുനർനിർവചിക്കാൻ സഹായിക്കും. ഏറ്റവും പ്രധാനമായി ഭൂമിയിൽ, പ്രത്യേകിച്ച് മണ്ണിന്‍റെ ശോഷണവും ജലക്ഷാമവും നേരിടുന്ന പ്രദേശങ്ങളിൽ, വെർട്ടിക്കൽ കൃഷിയിലും ഹൈഡ്രോപോണിക്സിലും നൂതനാശയങ്ങൾക്ക് ഇതു പ്രചോദനം നൽകും.
പിന്നെ ഇന്ത്യൻ ടാർഡിഗ്രേഡുകളെ കുറിച്ചുള്ള പഠനമുണ്ട് - പ്രതിരോധ ശേഷിക്ക് പേരുകേട്ട സൂക്ഷ്മജീവികൾ. സുഷുപ്തിയില്‍ നിന്ന് പുനരുജ്ജീവിപ്പിച്ച ഈ ചെറിയ ജീവികള്‍ ബഹിരാകാശത്ത് അതിജീവനം, പുനരുത്പാദനം, ജനിതക ആവിഷ്കാരം എന്നിവയ്ക്കായി നിരീക്ഷിക്കപ്പെട്ടു. അവരുടെ പെരുമാറ്റം ജൈവിക സഹിഷ്ണുതയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തും, വാക്സിൻ വികസനം മുതൽ കാലാവസ്ഥാ- പ്രതിരോധ ശേഷിയുള്ള കൃഷി വരെ എല്ലാത്തിനും അറിവു നൽകും.
മനുഷ്യ പേശീകോശങ്ങൾ ബഹിരാകാശ സാഹചര്യങ്ങളോടും അനുബന്ധ പോഷക വസ്തുക്കളോടും എങ്ങനെ പ്രതികരിക്കുന്നുവെന്നു പരിശോധിച്ചു കൊണ്ട് ശുക്ല ഒരു മയോജെനിസിസ് പരീക്ഷണവും നടത്തി. പേശികളുടെ അപചയത്തിനുള്ള ചികിത്സകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഈ കണ്ടെത്തലുകൾ കാരണമാകും, ഇത് ബഹിരാകാശ യാത്രികർക്ക് മാത്രമല്ല, പ്രായമായ രോഗികൾക്കും ട്രോമയിൽ നിന്ന് കര കയറുന്നവർക്കും ഗുണം ചെയ്യും.
ബഹിരാകാശത്തു ജീവൻ നിലനിർത്താൻ കഴിയുന്ന ജീവജാലങ്ങളായ സയനോ ബാക്റ്റീരിയകളുടെ വളർച്ചയും അരി, പയർ, എള്ള്, വഴുതന, തക്കാളി തുടങ്ങിയ ഇന്ത്യൻ വിളകളുടെ വിത്തുകൾ സൂക്ഷ്മ ഗുരുത്വാകർഷണത്തിന് വിധേയമാക്കലുമൊക്കെ നടന്നുകൊണ്ടിരിക്കുന്ന മറ്റു പരീക്ഷണങ്ങളിൽ ഉൾപ്പെടുന്നു. പാരമ്പര്യമായി ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചു പഠിക്കാനായി ഈ വിത്തുകൾ തലമുറകളായി വളർത്തിയെടുക്കും, ഇത് കഠിനമായ പരിതസ്ഥിതികൾക്ക് അനുയോജ്യമായ പുതിയ വിള ഇനങ്ങൾക്ക് കാരണമാകും.
മനുഷ്യ- യന്ത്ര ഇടപെടൽ പോലും പരീക്ഷിക്കപ്പെട്ടു. ഇലക്‌ട്രോണിക് ഡിസ്പ്ലേകളുമായി ഇടപഴകാനുള്ള നമ്മുടെ കഴിവിനെ മൈക്രോഗ്രാവിറ്റി എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കാൻ ശുക്ല വെബ് അധിഷ്ഠിത വിലയിരുത്തലുകൾ നടത്തി. ഭാവിയിലെ ബഹിരാകാശ നിലയങ്ങൾക്കും ബഹിരാകാശ പേടകങ്ങൾക്കും അവബോധമുണർത്തുന്ന ഇന്‍റർഫേസുകൾ രൂപകൽപ്പന ചെയ്യുന്നതിനുള്ള നിർണായക ഉൾക്കാഴ്ചയിരുന്നു ഇത്.
ഇവ അമൂർത്തമായ പരിശ്രമങ്ങളല്ല. സമൂഹത്തിനായുള്ള ശാസ്ത്രത്തിന്‍റെ ഇന്ത്യൻ ധാർമികതയിൽ അവ ആഴത്തിൽ വേരൂന്നിയതാണ്. ഒഡിഷയിലെ ഒരു ആദിവാസി കർഷകനായാലും, ഷില്ലോങ്ങിലെ ഒരു സ്കൂൾ കുട്ടിയായാലും, ലഡാഖിലെ ഒരു മുൻനിര ഡോക്റ്ററായാലും ഭൂമിയിലെ ജീവജാലങ്ങളെ സ്പർശിക്കാനുള്ള കഴിവ് ആക്സിയം- 4ലെ ഓരോ പരീക്ഷണത്തിനുമുണ്ട്.
ആഗോള ബഹിരാകാശ നയതന്ത്രത്തിൽ ഇന്ത്യയുടെ വളർന്നുവരുന്ന ഔന്നത്യവും ഈ ദൗത്യം പ്രദർശിപ്പിച്ചു. സുരക്ഷാ മാനദണ്ഡങ്ങളോടുള്ള ഞങ്ങളുടെ നിർബന്ധം സ്‌പേസ് എക്‌സിനെ ഒരു വിനാശകരമായ പിഴവ് തിരിച്ചറിഞ്ഞു നന്നാക്കാൻ പ്രേരിപ്പിച്ചു. നാസ, യൂറോപ്യൻ ഏജൻസി, ആക്സിയം സ്‌പേസ് എന്നിവയുമായുള്ള ഞങ്ങളുടെ സഹകരണം തുല്യ പങ്കാളിത്തത്തിന്‍റെ ഒരു പുതിയ യുഗത്തെ പ്രതിഫലിപ്പിക്കുന്നു, അവിടെ ഇന്ത്യ പങ്കെടുക്കുക മാത്രമല്ല, നേതൃത്വം നൽകുകയും ചെയ്യുന്നു.
ദൗത്യത്തിലുടനീളം, ഇസ്രൊയിലെ ഫ്ലൈറ്റ് സർജന്മാർ ശുക്ലയുടെ ആരോഗ്യം നിരീക്ഷിച്ചു, അദ്ദേഹത്തിന്‍റെ ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പാക്കി. ലഖ്‌നൗ മുതൽ തിരുവനന്തപുരം വരെയും, ബംഗളൂരു മുതൽ ഷില്ലോങ് വരെയും ഇന്ത്യയിലുടനീളമുള്ള വിദ്യാർഥികളുമായി സംവദിച്ചുകൊണ്ട് അദ്ദേഹം ഉത്സാഹഭരിതനായി തുടർന്നു, ശാസ്ത്രത്തിന്‍റെയും ബഹിരാകാശത്തിന്‍റെയും സാധ്യതകളെക്കുറിച്ച് യുവമനസുകളെ ഉത്തേജിപ്പിച്ചു.
അതിനുശേഷം ശുക്ല തിരിച്ചെത്തി, ഇന്ത്യയുടെ വരാനിരിക്കുന്ന ഗഗൻയാൻ ദൗത്യത്തിനും ഭാരത് ബഹിരാകാശ നിലയത്തിനും ഇന്ധനമാകുന്ന ഡേറ്റ, സാംപിളുകൾ, ഉൾക്കാഴ്ചകൾ എന്നിവയുടെ സമ്പന്നമായ സമ്പത്ത് അദ്ദേഹം തിരികെ കൊണ്ടുവരുന്നു.
ഇത് ഒരു ബഹിരാകാശ സഞ്ചാരിയെക്കുറിച്ചു മാത്രമല്ല. ഇത് ഒരു രാഷ്‌ട്രം ഉയർന്നുവരുന്നതിനെക്കുറിച്ചാണ്. ബഹിരാകാശ ശാസ്ത്രത്തെ പൊതുസേവനമാക്കി മാറ്റുന്നതിനെക്കുറിച്ചാണിത്. വിദൂര ഗ്രാമങ്ങളിലെ സാറ്റലൈറ്റ് ഇന്‍റർനെറ്റ് മുതൽ നഗര ആശുപത്രികളിലെ പുനരുജ്ജീവന മരുന്നുകൾ വരെ മൈക്രോഗ്രാവിറ്റി ഗവേഷണത്തിന്‍റെ പ്രയോജനങ്ങൾ ഇന്ത്യയുടെ എല്ലാ കോണുകളിലും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളിൽ, ഗഗൻയാൻ എന്നത് ഇന്ത്യൻ മാർഗങ്ങളിലൂടെ ഒരു ഇന്ത്യക്കാരനെ ബഹിരാകാശത്ത് എത്തിക്കുന്നതിനെ കുറിച്ചാണ്. ആക്സിയം- 4 എന്നത് ഒരു പരിശീലനമാണ്, ആശയത്തിന്‍റെ തെളിവാണ്, അഭിലാഷത്തിനും നേട്ടത്തിനും ഇടയിലുള്ള പാലമാണ്.
നക്ഷത്രങ്ങളെ നമ്മൾ നോക്കുന്നത് വിസ്മയത്തോടെ മാത്രമല്ല, മറിച്ച് ഉദ്ദേശ്യത്തോടെയാണ്. കാരണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആകാശം പരിധിയല്ല - അത് പരീക്ഷണശാലയാണ്.