ഇന്ത്യൻ ഗതാഗത മേഖലയ്ക്ക് ഇഷ്ടം മൾട്ടി പവർട്രെയ്‌ൻ വാഹനങ്ങൾ

കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റതിനേക്കാൾ 2% വളർച്ച രേഖപ്പെടുത്തി.
Indian transport sector favours multi-powertrain vehicles

ഇന്ത്യൻ ഗതാഗത മേഖലയ്ക്ക് ഇഷ്ടം മൾട്ടി പവർട്രെയ്‌ൻ വാഹനങ്ങൾ

Updated on

വിവേക് ശ്രീവത്സ,

ചീഫ് കൊമേഴ്‌സ്യൽ ഓഫിസർ,

ടാറ്റ പാസഞ്ചർ ഇലക്‌ട്രിക് മൊബിലിറ്റി

ഇന്ത്യയുടെ വൈവിധ്യമാർന്ന ജീവിത സാഹചര്യങ്ങൾ പോലെ തന്നെ വ്യത്യസ്തമാണ് വാഹന താത്പര്യങ്ങളും. 2025 സാമ്പത്തിക വർഷം 4.34 ദശലക്ഷം വാഹനങ്ങൾ പുറത്തിറക്കി ഇന്ത്യൻ കാർ വ്യവസായം ചരിത്രം കുറിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റതിനേക്കാൾ 2% വളർച്ച രേഖപ്പെടുത്തി. കൂടുതൽ ആളുകൾ വാഹനങ്ങൾ വാങ്ങുന്നു എന്നതു മാത്രമല്ല ഈ വളർച്ച. മറിച്ച്, പെട്രോൾ, ഡീസൽ, സിഎൻജി, വൈദ്യുതി എന്നീ നാല് പവർട്രെയ്‌നുകളെ എങ്ങനെ ആവശ്യമാം വിധം സംയോജിപ്പിച്ച് മുന്നോട്ടുപോകുന്നു എന്നതു കൂടിയാണ്.

പൂർണമായ വൈദ്യുതീകരണത്തിലേക്കു കുതിക്കുന്ന ആഗോള വിപണികളിൽ നിന്നും വ്യത്യസ്തമായി, ഇന്ത്യൻ വിപണി കൂടുതൽ സൂക്ഷ്മമായ സമീപനമാണ് ആവശ്യപ്പെടുന്നത്. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങൾ, സാമ്പത്തിക അസമത്വങ്ങൾ, അടിസ്ഥാന സൗകര്യവ്യത്യാസങ്ങൾ എന്നീ സാഹചര്യങ്ങളിൽ ഒരൊറ്റ ഇന്ധന തരം ഉപയോഗപ്പെടുത്തി വിപണിയിൽ ആധിപത്യം സ്ഥാപിക്കുന്നത് പ്രായോഗികമായി അസാധ്യമാണ്. പകരം, വ്യത്യസ്ത ഉപയോഗ രീതികളും പ്രയോഗിഗതകളും പിൻപറ്റുന്ന ഇന്ത്യൻ ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റി ഈ നാല് ഇന്ധന ശക്തികളും ഒന്നിച്ച് പ്രവർത്തിച്ചുപോരുന്നു.

മൾട്ടി പവർട്രെയ്‌ൻ:

ഹാച്ച്ബാക്കുകളുടെ പങ്ക്

ഒതുക്കമുള്ള രൂപം, താങ്ങാനാവുന്ന വില, ഇന്ധനക്ഷമത എന്നിവയെ ചേർത്തുനിർത്തുന്ന ഇന്ത്യയുടെ എൻട്രി ലെവൽ കാർ വിഭാഗത്തിന്‍റെ മൂലക്കല്ലാണ് ഹാച്ച്ബാക്കുകൾ. തിരക്കേറിയ തെരുവുകളിലൂടെ സഞ്ചരിക്കുന്ന നഗര യാത്രക്കാർ മുതൽ വിശ്വസനീയമായ യാത്ര മാർഗം അന്വേഷിക്കുന്ന ഗ്രാമീണ കുടുംബങ്ങൾ വരെയുള്ളവരിൽ ആദ്യമായി കാർ വാങ്ങുന്നവർ തേടിപ്പോകുന്നത് ഹാച്ച്ബാക്കുകളിലേക്കാണ്. അതുകൊണ്ടു തന്നെ പെട്രോൾ, ഡീസൽ, സിഎൻജി, ഇലക്‌ട്രിക് തുടങ്ങിയ പലവിധ പവർട്രെയ്‌നുകൾ ഒരൊറ്റ മോഡലിൽ തന്നെ ലഭ്യമാക്കാൻ കഴിയുന്നവർക്കാണ് ഇനിയുള്ള വിപണി.

ഉപയോക്താക്കളുടെ വൈവിധ്യമേറിയ ആവശ്യങ്ങളെ നിറവേറ്റാൻ ഈ തന്ത്രം വാഹന നിർമാതാക്കളെ പ്രാപ്തമാക്കും. ഇന്ധന ചെലവ് മുഖ്യപരിഗണനായി കാണുന്ന നഗരവാസികളും ഇന്ധനത്തിന്‍റെ ലഭ്യത കണക്കാക്കി പവർട്രെയ്ൻ തെരഞ്ഞെടുക്കുന്ന ഗ്രാമീണ ഉപയോക്താക്കൾക്കും ‌ഏറ്റവും അനുയോജ്യമായ ഓപ്ഷൻ ഒരു കാറിൽ എത്തിക്കാൻ കഴിയുന്നത് വിപണിയിലെ പ്രാമുഖ്യം വർധിപ്പിക്കും. മൾട്ടി പവർട്രെയ്‌ൻ ഓപ്ഷനുകളിലെത്തുന്ന ഹാച്ച്ബാക്കുകൾ കൂടുതൽ പേർക്ക് കാർ ഉടമസ്ഥത പ്രാപ്യമാക്കുക മാത്രമല്ല, ഭാവിയിൽ വന്നേക്കാവുന്ന അനിശ്ചിതത്വങ്ങളെ പ്രതിരോധിക്കാനാകും വിധം വാഹന വ്യവസായത്തെ തന്നെ സജ്ജമാക്കാനും സഹായിക്കും.

വരുമാന വിടവ്,

വില എന്ന പരിഗണന

ഗ്രാമീണ കുടുംബങ്ങൾ മുതൽ നഗര പ്രൊഫഷണലുകൾ വരെ നീളുന്ന സാമ്പത്തിക സ്പെക്‌ട്രത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഇന്ത്യയിൽ കാർ ഉപയോക്താക്കൾ. വാങ്ങൽ വില, ഇന്ധനം, പരിപാലനം തുടങ്ങിയ ചെലവുകളെയാണ് ഇവരെല്ലാം മുഖ്യമായി പരിഗണിക്കുന്നത്. അവിടെയാണ്‌ സിഎൻജി വേറിട്ടുനിൽക്കുന്നത്. പ്രവർത്തനച്ചെലവിന്‍റെ ബജറ്റ് അടിസ്ഥാനപ്പെടുത്തി തെരഞ്ഞെടുക്കുന്ന നഗരയാത്രക്കാർക്ക് യോജിക്കുന്ന ചോയ്സ് ആയി സിഎൻജി മാറുന്നു.

ഫാക്റ്ററിയിൽ നിന്നു തന്നെ ഘടിപ്പിക്കുന്ന സിഎൻജി വാഹനങ്ങൾക്ക് ജനപ്രീതി ഏറെയാണ്, പ്രത്യേകിച്ച് വിലക്കുറവിനും പരിസ്ഥിതി സൗഹാര്‍ദ ജീവിതശൈലിക്കും പ്രാധാന്യം നൽകുന്ന മധ്യവർഗ ഉപയോക്താക്കൾക്കിടയിൽ. അതേസമയം, തുടക്കത്തിൽ അധിക ചെലവകളൊന്നും ഇല്ലാത്തതും വ്യാപകമായ ലഭ്യതയും പെട്രോനെ ഒഴിച്ചു കൂടാനാവാത്ത പവർട്രെയ്‌നാക്കി നിലനിർത്തുന്നു. എന്നാൽ വൈവിധ്യമാർന്ന ഗതാഗത ആവശ്യകതകൾക്കും ബദൽ ഇന്ധനങ്ങൾ കുറവുള്ള പ്രദേശങ്ങളിലും പെട്രോൾ മുഖ്യ ആശ്രയം തന്നെയാണ്.

കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ കാരണം ഡീസലിന്‍റെ സ്വീകാര്യത കുറയുന്നുണ്ടെങ്കിലും, ഉയർന്ന ഇന്ധനക്ഷമതയും നീണ്ടകാല ഈടും അർധ നഗര, വാണിജ്യ മേഖലകളിൽ ഡീസലിനോടുള്ള പ്രിയം നിലനിൽക്കുന്നു. സബ്സിഡികളും ഇന്ധന ചെലവിലെ ലാഭവും വാഗ്ദാനം ചെയ്യുന്ന ഇലക്‌ട്രിക് വാഹനങ്ങൾ സാങ്കേതികവിദ്യ കുതുകികളായിട്ടുള്ള നഗരവാസികളെ ആകർഷിക്കുന്നുണ്ടെങ്കിലും പരിമിതമായ ചാർജിങ് ഇൻഫ്രാസ്ട്രക്ച്ചർ കാരണം ഗ്രാമപ്രദേശങ്ങളിൽ വെല്ലുവിളികൾ നേരിടുന്നുണ്ട്. വിവിധ ബജറ്റിനും ജീവിതശൈലിക്കും പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾക്കും അവിടുത്തെ ഇന്ധന ലഭ്യതയ്ക്കും ഇണങ്ങും വിധം അനുയോജ്യമായ ഒരു വാഹനം കണ്ടെത്താൻ എല്ലാ തരം പവർട്രെയ്‌നുകളും പ്രസക്തമാണെന്ന് തെളിയിക്കുന്നതാണ് ഈ വൈവിധ്യങ്ങൾ.

പരിസ്ഥിതി

പ്രതിബദ്ധതകൾ

ഇന്ത്യയുടെ പാരിസ്ഥിതിക ലക്ഷ്യങ്ങൾ വാഹനലോകത്തെ പുനർനിർവചിക്കുകയാണ്. 2030ഓടെ കാർബൺ തീവ്രത കുറയ്ക്കാനും ക്ലീൻ എനർജി ഉപയോഗം വർധിപ്പിക്കാനും സിഒപി 26ൽ നടത്തിയ പ്രതിജ്ഞാബദ്ധതകൾ ക്ലീൻ എനർജി പവർട്രെയ്‌നുകൾക്ക് വേദിയൊരുക്കി. കർശനമായ ബിഎസ് 6 മാനദണ്ഡങ്ങൾ വാഹന നിർമാതാക്കളെ എൻജിൻ സാങ്കേതികവിദ്യകൾ പരിഷ്കരിക്കാൻ പ്രേരിപ്പിച്ചു, അതേസമയം ഫെയിം II, സംസ്ഥാനതല ഇവി സബ്സിഡികൾ തുടങ്ങിയ സർക്കാർ പദ്ധതികൾ ഇലക്‌ട്രിക്കിലേക്കുള്ള ചുവടുവയ്പ വേഗത്തിലാക്കുന്നുണ്ട്.

ഗ്രാമീണ പ്രദേശങ്ങൾ നഗര കേന്ദ്രങ്ങളേക്കാൾ പിന്നിലാണെങ്കിലും ചാർജിങ് അടിസ്ഥാന സൗകര്യങ്ങൾ വളരുകയാണ്. പരമ്പരാഗത ഇന്ധനങ്ങളേക്കാൾ മലിനീകരണം കുറഞ്ഞതും പല പ്രദേശങ്ങളിലും ഇവികളേക്കാൾ കൂടുതൽ ആക്സസ് ചെയ്യാവുന്നതുമായ ഒരു പ്രായോഗിക പാലമായി സിഎൻജി പ്രവർത്തിക്കുന്നു. ഗുജറാത്ത്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ നികുതി ഇളവുകൾ പോലുള്ള നയങ്ങൾ സിഎൻജി സ്വീകാര്യതയ്ക്ക് കൂടുതൽ പിന്തുണ നൽകുന്നു.

മുന്നോട്ടേക്ക്

സന്തുലിതമായ പാത

പെട്രോൾ, ഡീസൽ, സിഎൻജി, ഇലക്‌ട്രിക് പവർട്രെയ്‌നുകൾ എന്നിവയുടെ സഹവർത്തിത്വം ഒരു ശക്തിയാണ്. സാമ്പത്തിക വൈവിധ്യം മുതൽ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങൾ, സുസ്ഥിരത വരെയുള്ള സങ്കീർണതകളോടു പൊരുത്തപ്പെടാനുള്ള ഇന്ത്യയുടെ ശേഷിയെയാണ് ഇത് കാണിക്കുന്നത്.

യാത്രാമാർഗം താങ്ങാനാവുന്നതും യാത്രാ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നതോടൊപ്പം പുതുമയും പ്രായോഗികതയും കൈകോർക്കുന്ന ഒരു ഭാവിക്ക് വഴിയൊരുക്കുകയും മലിനീകരണം കുറവുള്ളതും കൂടുതൽ ആക്സസ് ചെയ്യാവുന്നതുമായ വാഹനലോകം ഇന്ത്യയ്ക്കായി തുറക്കുകയും കൂടിയാണ് വ്യത്യസ്ത പവർ ട്രെയ്‌നുകളുടെ സംയോജനത്തിലൂടെ സാധ്യമാക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com