#നൃപേന്ദ്ര മിശ്ര
ലോകം കാലാവസ്ഥാ അടിയന്തരാവസ്ഥയുടെ കൊടുമുടിയിൽ നിൽക്കുകയും, മഹാമാരിയുടെ ആഘാതങ്ങൾ നേരിടുകയും, വർധിച്ചുവരുന്ന ധ്രുവീകരണം, ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ, അധികാര മാറ്റങ്ങൾ എന്നിവ നേരിടുമ്പോഴാണ്, 2022 ഡിസംബറിൽ ഇന്ത്യ ജി20 അധ്യക്ഷ പദം ഏറ്റെടുക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (SDGs) പുരോഗതിയിലുണ്ടായ തിരിച്ചടി മൂലം സർക്കാരുകളും നയരൂപകർത്താക്കളും കൂടുതൽ വെല്ലുവിളികൾ അഭിമുഖീകരിച്ചു.
ഈ സങ്കീർണമായ സാഹചര്യത്തിൽ, ബഹുമുഖത്വത്തിന്റെ ഫലപ്രാപ്തിയിലും ചോദ്യങ്ങൾ ഉയർന്നു. അന്താരാഷ്ട്ര ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള നിരന്തരമായ പോരാട്ടമായി അത് മാറി. പ്രാദേശിക സഹകരണം സുഗമമാക്കാനും ശിഥിലമായ ബഹുമുഖ ക്രമത്തിന്റെ സങ്കീർണതകൾ നേരിടാനും കാലാകാലങ്ങളായി രാഷ്ട്രങ്ങൾ സ്വീകരിച്ചു പോന്ന വ്യത്യസ്ത പാതകൾ, ബ്രിക്സ്, ക്വാഡ്, ആസിയാൻ തുടങ്ങിയ ബഹുമുഖ വേദികളുടെ രൂപീകരണത്തിന് പ്രേരണയായി.
ഈ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ, ബഹുമുഖത്വം എന്ന ആശയത്തെ പരിഷ്കരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ആഹ്വാനം അടിയന്തിര പ്രാധാന്യമർഹിക്കുന്നു. ഈ ഉദ്യമത്തിൽ ബഹുമുഖ സ്ഥാപനങ്ങളെ അവയുടേതായ പങ്ക് നിർവഹിക്കാൻ സജ്ജമാക്കുക എന്ന ദൗത്യം മാത്രമല്ല, ഭൗമ രാഷ്ട്രീയത്തിന്റെയും ശാക്തിക ബലാബലത്തിന്റെയും സൂക്ഷ്മമായ അടിയൊഴുക്കുകളെ നേരിടുകയും വേണം. വികസിതവും, വളർന്നുവരുന്നതും, വികസ്വരവുമായ സമ്പദ്വ്യവസ്ഥകളുടെ വിശാല താത്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന, സാമ്പത്തികവും ബഹുമുഖവുമായ സഹകരണത്തിനുള്ള സുപ്രധാന വേദി എന്ന നിലയിൽ, എല്ലാ അംഗരാജ്യങ്ങൾക്കും പ്രയോജനപ്പെടുന്ന ശക്തമായ ബഹുമുഖ ഇടപെടലിലൂടെ ലോകം നേരിടുന്ന കടുത്ത വെല്ലുവിളികളെ അഭിസംബോധന ചെയ്യാനുള്ള ഉത്തരവാദിത്തം ജി20ക്ക് ഉണ്ട്.
ജി 20 അധ്യക്ഷപദ കാലയളവിൽ, മേൽപ്പറഞ്ഞ അജണ്ടയെ മുൻഗണനകളിലൊന്നായി പരിഗണിച്ച ഇന്ത്യ, ബഹുരാഷ്ട്ര നയതന്ത്രത്തിൽ വഴിത്തിരിവ് സൃഷ്ടിക്കുന്നതിനുള്ള ആഗോള ചർച്ചകളെ നയിക്കുന്നതിനായി സ്വയം സമർപ്പിച്ചു.
അധ്യക്ഷപദ കാലയളവിലുടനീളം, ഈ അജണ്ടയുമായി ബന്ധപ്പെട്ട മേഖലകളിൽ മൂർത്തമായ പുരോഗതി കൈവരിക്കാൻ ഇന്ത്യയ്ക്കായി. ജർമനിയുടെ അധ്യക്ഷതയിൽ ജി20 വിദേശകാര്യ മന്ത്രിമാരുടെ വാർഷിക സമ്മേളനം ആരംഭിച്ച കാലം മുതൽ വെറുമൊരു ഔപചാരിക യോഗമായിരുന്ന ഇതിനെ സമ്പൂർണ ചർച്ചകളിലൂടെ ഫലരേഖയും ചെയർ സമ്മറിയും (FMM ODCS) പ്രദാനം ചെയ്യുന്ന വേദിയാക്കി മാറ്റുന്നതിൽ ഇന്ത്യ വിജയിച്ചു. ബഹുമുഖവാദം ശക്തിപ്പെടുത്തൽ, ഭീകരതയെ പ്രതിരോധിക്കൽ, ആഗോള ആരോഗ്യപ്രശ്നങ്ങളെ നേരിടൽ തുടങ്ങി അംഗരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം പ്രസക്തവും നിർണായകവുമായ പ്രമേയങ്ങൾ ഈ സമഗ്രമായ രേഖ ഉയർത്തിക്കാട്ടുന്നു. എല്ലാ രാഷ്ട്രങ്ങളുടെയും താൽപ്പര്യങ്ങൾ നിറവേറ്റുന്ന ശക്തമായ ഒരു ബഹുരാഷ്ട്ര സംവിധാനം സഹകരണത്തിലൂടെ കെട്ടിപ്പടുക്കാൻ വിദേശകാര്യ മന്ത്രിമാർ പ്രകടിപ്പിച്ച പ്രതിബദ്ധതയ്ക്ക് ഈ നേട്ടം അടിവരയിടുന്നു.
കൂടാതെ, ഐക്യരാഷ്ട്ര സഭയുടെ രക്ഷാ കൗൺസിൽ ഉൾപ്പെടെയുള്ള പ്രധാന ഘടക സംഘടനകളുടെ പുനഃസംഘടനയിലും, ഐക്യരാഷ്ട്രസഭയ്ക്കുള്ളിലെ പരിഷ്കാരങ്ങളെ ചുറ്റിപ്പറ്റിയും ഉള്ള ചർച്ചകൾ പുനരുജ്ജീവിപ്പിക്കുന്നതിലും ഇന്ത്യ ഫലപ്രദമായി തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. ഐക്യരാഷ്ട്ര സഭയ്ക്കുള്ളിൽ കൂടുതൽ പ്രാതിനിധ്യ സ്വഭാവവും സമകാലിക ഘടനയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഇത് സൂചിപ്പിക്കുന്നത്. FMM ODCSൽ ഈ പരിഷ്കരണ ശ്രമങ്ങൾ ഊന്നിപ്പറയുന്നു. ആഗോള യാഥാർഥ്യങ്ങളുടെ തുടർ പരിണാമവും നിലവിലെ ഭൗമ രാഷ്ട്രീയ യാഥാർഥ്യങ്ങളും യുഎൻ രക്ഷാസമിതിയെ കാലികമായ ആവശ്യങ്ങൾക്കനുഗുണമായി വിന്യസിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നു. കൂടാതെ, ഇന്ന് ലോകത്ത് നിലനിൽക്കുന്ന സംഘർഷങ്ങളുടെ വിനാശകരമായ സ്വാധീനം കൗൺസിലിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നു. ഫലപ്രാപ്തി ഉറപ്പാക്കാൻ സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പാക്കേണ്ടതിന്റെ അടിയന്തിര പ്രാധാന്യമാണിതിലൂടെ ശക്തിപ്പെടുന്നത്.
ബഹുമുഖത്വത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ഇന്ത്യയുടെ അധ്യക്ഷതാ കാലയളവിൽ ഉത്സാഹപൂർവം പിന്തുടർന്നു. അധ്യക്ഷന്റെ മാർഗനിർദേശപ്രകാരം ഒരു സ്വതന്ത്ര വിദഗ്ധ സംഘം (IEG) സ്ഥാപിക്കപ്പെട്ടതോടെ ബഹുമുഖ വികസന ബാങ്കുകളുടെ (MDB) പരിഷ്കാരങ്ങൾ ശക്തി പ്രാപിച്ചു. 21ാം നൂറ്റാണ്ടിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനാവശ്യമായ കാര്യക്ഷമത ഉറപ്പാക്കിക്കൊണ്ട് MDB ആവാസ വ്യവസ്ഥ നവീകരിക്കുന്നതിനുള്ള ഒരു രൂപരേഖയും MDBകളെ ശക്തിപ്പെടുത്തുന്നതിനുള്ള ശുപാർശകളും സമർപ്പിക്കുക എന്നതായിരുന്നു IEGയുടെ ദൗത്യം. "ബഹുതല വികസന ബാങ്കുകളെ ശക്തിപ്പെടുത്തൽ: ത്രിതല അജൻഡ' എന്ന തലക്കെട്ടിലുള്ള രണ്ട് ഭാഗങ്ങളുള്ള റിപ്പോർട്ടിന്റെ പ്രാരംഭ വാല്യം ഇതിനോടകം തന്നെ സമർപ്പിച്ചിട്ടുണ്ട്. ധനകാര്യ മന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും (FMCBG) നാലാമത് യോഗത്തോടനുബന്ധിച്ച് 2023 ഒക്റ്റോബറിൽ രണ്ടാം വാല്യം സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ റിപ്പോർട്ടുകൾ സമന്വയിപ്പിച്ച് വിലയിരുത്തുകയും, അതത് ഭരണ ചട്ടക്കൂടുകൾക്ക് അനുസൃതമായി ചർച്ചകൾ നടത്തി നടപ്പിലാക്കുന്നതിന് MDBകളെ പ്രോത്സാഹിപ്പിക്കും. കൂടാതെ, MDBകളുടെ ക്യാപിറ്റൽ അഡീക്വസി ഫ്രെയിംവർക്കുകൾ (CAFs) സംബന്ധിച്ച് ജി20യുടെ സ്വതന്ത്ര വിലയിരുത്തൽ ശുപാർശകൾ നടപ്പിലാക്കുന്നതിനുള്ള ജി20 രൂപരേഖയുടെ അനുയോജ്യമായ നിർവഹണത്തിന് ധനമന്ത്രിമാരുടെ അംഗീകാരവും പിന്തുണയും നേടിയിട്ടുണ്ട്. നാലാമത് FMCBG യോഗത്തിന്റെ ഭാഗമായി MDBകളുടെ സാമ്പത്തിക ശേഷി ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ഒരു ഉന്നതതല സെമിനാർ സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമായി പുരോഗമിക്കുന്നു. ഈ സെമിനാർ MDBകളെ ശക്തിപ്പെടുത്തുന്നതിനും അവയുടെ ക്രെഡിറ്റർ പദവി ഉയർത്തിപ്പിടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ആഗോള ചർച്ചകൾക്ക് ആക്കം കൂട്ടും.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ, "വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടി'ക്ക് രാഷ്ട്രപതി ആതിഥേയത്വം വഹിച്ചു. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന 10 കാലാംശങ്ങളിലായി 125 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ വികസ്വര രാജ്യങ്ങളുടെ ആശങ്കകൾ, ആശയങ്ങൾ, വെല്ലുവിളികൾ, മുൻഗണനകൾ എന്നിവ പരിഗണിക്കുന്നതിനും ഉയർത്തിപ്പിടിക്കുന്നതിനും ഈ പരിപാടി ഒരു സുപ്രധാന വേദിയായി. ഈ ഒത്തുചേരലിന് പിന്നിലെ ഉദ്ദേശ്യം രാജ്യങ്ങൾക്കിടയിൽ ലക്ഷ്യത്തിനായി പരിശ്രമിക്കാനുള്ള സഹകരണവും ഏകതയും വളർത്തുക എന്നതായിരുന്നു. "വസുധൈവ കുടുംബകം' എന്ന നമ്മുടെ പ്രമേയവുമായി യോജിച്ച്, ജി20 വിപുലീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ സുഗമമാക്കിക്കൊണ്ട് അധ്യക്ഷ പദത്തിലുള്ള ഇന്ത്യ ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. ഫലപ്രദമായ ആലോചനകളുടെ അനന്തര ഫലമായി ആഫ്രിക്കൻ യൂണിയനെ (AU) ജി20യിൽ സ്ഥിരാംഗമായി സ്വാഗതം ചെയ്തു. ഇത് ഉൾക്കൊള്ളലിന്റെയും ആഗോള സഹകരണത്തിന്റെയും ഒരു പുതിയ അധ്യായത്തെ സൂചിപ്പിക്കുന്നു.
സമകാലിക വെല്ലുവിളികൾ രാജ്യാതിർത്തികളിൽ പരിമിതപ്പെടുന്നില്ലെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. മാർച്ചിൽ നടന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് നൽകിയ തന്റെ സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചതുപോലെ, ""ബഹുപക്ഷവാദം ഇന്ന് പ്രതിസന്ധിയിലാണ്''.
""കഴിഞ്ഞ കുറച്ച് കാലത്തെ അനുഭവം വച്ച് നോക്കുമ്പോൾ - സാമ്പത്തിക പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, മഹാമാരികൾ, ഭീകരവാദം, യുദ്ധങ്ങൾ - ആഗോള ഭരണ നിർവഹണം അതിന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു എന്നത് വ്യക്തമാണ്.
അതിനാൽ, ബഹുമുഖത്വത്തിനെതിരായ ഭീഷണികളെ ചെറുക്കുന്നതിന് കൂട്ടായതും, നിർണായകവുമായ പ്രവർത്തനവും സഹകരണവും മനുഷ്യകേന്ദ്രീകൃത സമീപനവും മുമ്പെന്നത്തേക്കാളും ഇപ്പോൾ അത്യന്താപേക്ഷിതമാണ്. പ്രധാനമന്ത്രിയുടെ വാക്കുകളിൽ പറഞ്ഞാൽ "ലോകം മാറുമ്പോൾ ആഗോള സ്ഥാപനങ്ങളും മാറണം. അല്ലെങ്കിൽ നിയമങ്ങളില്ലാത്ത മത്സരാധിഷ്ഠിതമായ ഒരു ലോകക്രമം സ്ഥാപിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്''.
പൗരാണിക ഇന്ത്യൻ ഗ്രന്ഥങ്ങളിൽ നിന്നും പ്രധാനമന്ത്രി മോദിയുടെ മാർഗദർശക വീക്ഷണത്തിൽ നിന്നും ഉരുത്തിരിഞ്ഞ "ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നതിന്റെ ചൈതന്യത്തിൽ, പൊതു വെല്ലുവിളികളെ പൊതു പരിഹാരങ്ങളിലൂടെ നേരിടണം - അവിടെയാണ് ഭിന്നതകൾക്കും അനിശ്ചിതത്വങ്ങൾക്കും ഉപരിയായ മാനവികതയുടെ കൂട്ടായ ക്ഷേമം നിലനിൽക്കുന്നത്. 21ാം നൂറ്റാണ്ടിലെ ആഗോള സ്ഥാപനങ്ങളിന്മേലുള്ള വിശ്വാസം പുനഃസ്ഥാപിക്കുന്നതിന്, നമ്മുടെ ജി 20 അധ്യക്ഷത നിർവചിച്ചിട്ടുള്ള സഹകരണം, ഉൾക്കൊള്ളൽ, യോജിപ്പ് എന്നീ മനോഭാവങ്ങൾ പ്രവൃത്തിപഥത്തിൽ നാം പ്രയോജനപ്പെടുത്തണം.
(പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ലേഖകൻ)