ഹനുമാന്‍റെ കുതിപ്പിനെ അനുസ്മരിപ്പിച്ച് മോദി: തടസങ്ങള്‍ മറികടന്ന് ഇന്ത്യയുടെ മുന്നേറ്റം

ഈ ഉണര്‍വ് വിപണികളിലും തെരുവോരങ്ങളിലും പ്രതിഫലിക്കുന്നു
Indias progress special story

ഹര്‍ദീപ് എസ്. പുരി

Updated on

ഹര്‍ദീപ് എസ്. പുരി -കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി

ഇന്ത്യയിലുടനീളം ദീപങ്ങള്‍ തെളിയുമ്പോള്‍, രാമായണത്തിലെ കാലാതീതമായ ഒരു രംഗം വര്‍ത്തമാനകാലത്തോട് സംവദിക്കുകയാണ്. തന്‍റെ ശക്തിയെക്കുറിച്ച് ജാംബവാന്‍ ഓർമിപ്പിക്കുന്നതുവരെ, സംശയാലുവായി തുടര്‍ന്ന ഹനുമാന്‍ സമുദ്ര തീരത്ത് ശങ്കയോടെ നിന്നു. തുടര്‍ന്നുള്ള ആ കുതിപ്പ് കേവലം അദ്ഭുതമായിരുന്നില്ല; സ്വന്തം ശക്തിയിലുള്ള ആത്മവിശ്വാസമായിരുന്നു അത്. ആഗോള പ്രക്ഷുബ്ധതകളെ മറികടക്കാന്‍ ആന്തരിക ശക്തി ഉപയോഗപ്പെടുത്തുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സമ്പദ‌്‌വ്യവസ്ഥയെ സജ്ജമാക്കുന്നു. പുതിയ വിസ തടസ്സങ്ങളും തീരുവകളും മൂലം ലോകം കൂടുതല്‍ അന്തര്‍മുഖമാകുമ്പോള്‍, മോദിയുടെ കീഴിലുള്ള ഇന്ത്യ സ്വന്തം ആത്മവിശ്വാസം ബഹിര്‍സ്ഫുരിക്കും വിധം പ്രതികൂല സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റുന്നു.

കഴിഞ്ഞ മാസങ്ങളില്‍, പുതിയ എച്ച്1ബി വിസ അപേക്ഷകള്‍ക്കുള്ള ഫീസ് യുഎസ് 1,00,000 ഡോളര്‍ ആയി ഉയര്‍ത്തി. ബ്രാന്‍ഡഡ്, പേറ്റന്‍റ് മരുന്നുകളുടെ ഇറക്കുമതിക്ക് 100% തീരുവ ചുമത്തി. അമെരിക്കയുടെ തൊഴിലുകള്‍ സംരക്ഷിക്കാന്‍ എന്ന പേരിലായിരുന്നു നീക്കങ്ങള്‍. എന്നാല്‍ ഈ തീരുമാനങ്ങള്‍ കൂടുതല്‍ ആഴത്തിലുള്ള പരിവര്‍ത്തനത്തിന് ഹേതുവായി. സംരക്ഷണവാദത്തിന്‍റെയും ജനസംഖ്യാപരമായ ഉത്കണ്ഠയുടെയും പാതയിലേക്ക് വികസിത രാജ്യങ്ങള്‍ തിരിച്ചുപോകുന്നതിന് ലോകം സാക്ഷ്യം വഹിച്ചു. ഒരു തീരുവയ്ക്കും തൊടാന്‍ കഴിയാത്ത വിധം മൂന്നു സ്തംഭങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെയാണ് പ്രധാനമന്ത്രി മോദിയുടെ കീഴില്‍ ഇന്ത്യ മറുപടി നല്‍കിയത്: വിപുലീകരണം, നൈപുണ്യവികസനം, സ്വയംപര്യാപ്തത.

ഇന്ത്യയും ലോകവും തമ്മിലുള്ള വ്യത്യാസം പ്രകടമാണ്. ചൈനയിലെ ജനസംഖ്യ അതിവേഗം വാർധക്യത്തിലേക്ക് നീങ്ങുകയാണ്. അവരുടെ ശരാശരി പ്രായം ഇപ്പോള്‍ നാല്‍പ്പത് കവിഞ്ഞു. അതേസമയം ഇന്ത്യയുടെ ശരാശരി പ്രായം 29ല്‍ താഴെയാണ്. രാജ്യത്തെ ജനങ്ങളില്‍ മൂന്നില്‍ രണ്ടും 35 വയസിന് താഴെ പ്രായമുള്ളവരാണ്. നൈപുണ്യവികസനം, വിദ്യാഭ്യാസം, സംരംഭകത്വം എന്നിവയിലൂടെ ഉപയോഗപ്പെടുത്തുന്ന യുവ ഊര്‍ജമാണ് ഇന്ത്യയെ ലോക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ എൻജിനാക്കി മാറ്റുന്നത്. കഴിഞ്ഞ വര്‍ഷം ആഗോള വളര്‍ച്ചയുടെ പതിനാറ് ശതമാനത്തിലധികം സംഭാവന ഇന്ത്യയുടേതാണെന്ന് ആഗോള സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അത് പൊടുന്നനെ സംഭവിച്ചതല്ല . പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു ദശാബ്ദം കൊണ്ട് സാധ്യമാക്കിയ പരിഷ്കാരങ്ങളുടെയും നിക്ഷേപത്തിന്‍റെയും അടിസ്ഥാന സൗകര്യങ്ങളുടെയും ഗുണഫലമാണത്.

സമീപകാല ഡേറ്റ ഈ വേഗം വ്യക്തമാക്കുന്നു. ചെറുത്ത് നിൽക്കാന്‍ ശേഷിയുള്ള ആഭ്യന്തര ആവശ്യകത, സ്ഥിരതയാര്‍ന്ന നിക്ഷേപ പ്രവാഹം, ആരോഗ്യകരമായ മണ്‍സൂണ്‍ പ്രവചനം എന്നിവ ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് 2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപി പ്രവചനം 6.8 ശതമാനമായി പരിഷ്ക്കരിച്ചു. സെപ്റ്റംബറിലെ ജിഎസ്ടി കല്ക്ഷന്‍ 1.89 ലക്ഷം കോടി കവിഞ്ഞു, തുടര്‍ച്ചയായ ഒമ്പതാം മാസമാണ്1.8 ലക്ഷം കോടി കവിയുന്നത്. ഇത് ഉന്മേഷദായകമായ ഉപഭോഗത്തെയും വികസിച്ചുകൊണ്ടിരിക്കുന്ന നികുതി അടിത്തറയെയും വെളിവാക്കുന്നു. വിദേശനാണ്യ കരുതല്‍ ശേഖരം 700 ബില്യണ്‍ ഡോളറിലെത്തി, ഏകദേശം പതിനൊന്ന് മാസത്തെ ഇറക്കുമതി നിറവേറ്റാന്‍ പര്യാപ്തമാണത്. ജൂണ്‍ പാദത്തില്‍ ഫണ്ട് കൈമാറ്റം 33.2 ബില്യണ്‍ ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ നിലവാരത്തേക്കാള്‍ വളരെ കൂടുതലാണിത്. നിർമാണ മേഖലയിലെ പിഎംഐ 57.7 ലും സേവന മേഖലയിലേത് 60.9 ലും തുടര്‍ന്നത്, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥ എന്ന ഇന്ത്യയുടെ പദവി ഊട്ടിയുറപ്പിച്ചു.

ഈ ഉണര്‍വ് വിപണികളിലും തെരുവോരങ്ങളിലും പ്രതിഫലിക്കുന്നു. ചില്ലറ, ഇ-കൊമേഴ്സ് മേഖലകളിലെ വില്‍പ്പന ഈ ദസറക്കാലത്ത് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി,സിഎഐടി, റീട്ടെയിലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളുടെ കണക്കനുസരിച്ച് ?3.7 ലക്ഷം കോടി കവിഞ്ഞിരിക്കുന്നു - കഴിഞ്ഞ വര്‍ഷത്തംക്കാള്‍ ഏകദേശം 15 ശതമാനം കൂടുതലാണിത്. വാഹനങ്ങള്‍, ഇലക്‌ട്രോണിക്സ്, സ്വർണം, വസ്ത്രങ്ങള്‍ എന്നിവയ്ക്കുള്ള ആവശ്യകത മൂലം ഉത്സവ സീസന്‍റെ ആദ്യ രണ്ടാഴ്ചയില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ മാത്രം 90,000 കോടിയിലധികം മൊത്ത വ്യാപാര മൂല്യം നേടി. ഉപഭോക്തൃ ആത്മവിശ്വാസം മാത്രമല്ല, ഔപചാരിക വായ്പ, ഡിജിറ്റല്‍ പേയ്മെന്‍റുകള്‍, ഗ്രാമീണ വാങ്ങല്‍ ശേഷി എന്നിവ വിപുലീകരിക്കാനുള്ള സര്‍ക്കാരിന്‍റെ സ്ഥായിയായായ പരിശ്രമങ്ങളുടെ വിജയത്തിലൂടെ ദീപാവലിക്കാലം ഇപ്പോള്‍ മുന്‍കാല റെക്കോര്‍ഡുകളെല്ലാം തകര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സാമ്പത്തിക അടിത്തറ ശക്തമാണ്. കഴിഞ്ഞ ദശകത്തില്‍, ഇന്ത്യയുടെ ജിഡിപി ഏകദേശം ഇരട്ടിയായി. ലോകത്തിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി രാജ്യം മാറിയിരിക്കുന്നു. സമീപഭാവിയില്‍ ജര്‍മനിയെ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിദേശനാണ്യ കരുതല്‍ ശേഖരം 600 ബില്യണ്‍ യുഎസ് ഡോളറിലധികമാണ്. പണപ്പെരുപ്പം മിതമാണ്, റെക്കോഡ് പൊതു മൂലധന ചെലവുമായി സാമ്പത്തിക ഉത്തരവാദിത്തം പൊരുത്തപ്പെടുന്നു. 2024-25 ല്‍, ഇന്ത്യയുടെ ചരക്കുകളുടെയും സേവനങ്ങളുടെയും മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ ഏകദേശം 825 ബില്യണ്‍ യുഎസ് ഡോളറിലെത്തി, ചരക്ക് കയറ്റുമതി മാത്രം ഏകദേശം 437 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. പുനരുപയോഗ ഊര്‍ജ ശേഷി 220 ജിഗാവാട്ട് കവിഞ്ഞു. ദര്‍ശനവും നിര്‍വഹണവും സംഗമിക്കുന്ന ഒരു നേതൃത്വത്തിന് കീഴില്‍ ദുര്‍ബലാവസ്ഥയില്‍ നിന്ന് ശക്തമായ അവസ്ഥയിലേക്ക് മാറിയ ഒരു രാജ്യത്തിന്‍റെ കഥയാണ് ഈ സംഖ്യകള്‍ വെളിവാക്കുന്നത്.

ആത്മനിര്‍ഭര്‍ ഭാരതത്തോടുള്ള പ്രധാനമന്ത്രി മോദിയുടെ സമീപനത്തെ ഇരുപതാം നൂറ്റാണ്ടിലെ വീക്ഷണകോണിലൂടെ ഇപ്പോഴും വീക്ഷിക്കുന്ന ചിലര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് ദുഃഖകരമായ ഒരു യാഥാർഥ്യമാണ്. സ്വാശ്രയത്വം എന്നാല്‍ ഒറ്റപ്പെടല്‍ അല്ല. ആത്മനിര്‍ഭര്‍ ഭാരത് എന്നതിനെ ബഹിര്‍സ്ഫുരിക്കുന്ന ശക്തി എന്നാണ് യഥാര്‍ഥത്തില്‍ മനസ്സിലാക്കപ്പെടേണ്ടത്. സമത്വപൂര്‍ണമായ ഇടപെടല്‍ അനുവദിക്കുന്ന ഒരു ശക്തിയാണിത്. ലോകത്തിനായി ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള ശേഷിയാണിത്, അവസരങ്ങള്‍ വികേന്ദ്രീകരിക്കുന്നതിലൂടെ മൂല്യം അത് സൃഷ്ടിക്കുന്നവരിലേക്ക് ഒഴുകിയെത്തും, ആഗോള വിപണികളില്‍ തുല്യ നിലയില്‍ ഇടപഴകാന്‍ ഇത് സഹായിക്കുന്നു. മൊബൈല്‍ ഫോണുകള്‍, പ്രതിരോധ ഉപകരണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സോളാര്‍ മൊഡ്യൂളുകള്‍ അടക്കം ഉത്പാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹനങ്ങള്‍ നിക്ഷേപം, തൊഴിലവസരങ്ങള്‍, കയറ്റുമതി എന്നിവയെ ഉത്തേജിപ്പിച്ചിട്ടുണ്ട്.

?50,000 കോടി രൂപയുടെ ആസൂത്രിത വിഹിതമുള്ള അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ നമ്മുടെ ഗവേഷണ വികസന ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള രണ്ടാമത്തെ ഫണ്ട്-ഓഫ്-ഫണ്ടും പിഎല്‍ഐ പദ്ധതികളുടെ വിപുലീകരണവും നമ്മുടെ സാങ്കേതിക അടിത്തറയെ കൂടുതല്‍ ശക്തിപ്പെടുത്തും. ആത്മവിശ്വാസത്തിലൂന്നിയതും, നയങ്ങളിലൂടെ സാക്ഷാത്കരിക്കപ്പെട്ടതും, ആഗോള പങ്കാളിത്തങ്ങളാല്‍ വർധിതവുമായ തന്ത്രപരമായ സ്വയംഭരണം എന്ന നിലയിലാണ് ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തെ വിലയിരുത്തേണ്ടത്.

മോദിയുടെ മാർഗദര്‍ശനത്തില്‍, ആഗോളതലത്തില്‍ ഏറ്റവും സമഗ്രമായ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ ഇന്ത്യ നിർമിച്ചു. യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേസ് ഇപ്പോള്‍ 'വിസ' യെക്കാള്‍ കൂടുതല്‍ ദൈനംദിന ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നു, അതായത് പ്രതിദിനം 650 ദശലക്ഷത്തിലധികം. ആധാര്‍, ഡിജിലോക്കര്‍, ഒഎൻഡിസി എന്നിവ സംയുക്തമായി ജനസംഖ്യാ തലത്തില്‍ പൗരന്മാരെയും ചെറുകിട ബിസിനസുകളെയും നൂതനാശയക്കാരെയും ബന്ധിപ്പിക്കുന്ന ആവാസവ്യവസ്ഥയെ രൂപപ്പെടുത്തുന്നു. സിംഗപ്പൂര്‍, യുഎഇ, അടക്കമുള്ള രാജ്യങ്ങളുമായുള്ള യുപിഐയുടെ ആഗോള പങ്കാളിത്തം വ്യക്തമാക്കുന്നത് ഇന്ത്യന്‍ നൂതനാശയങ്ങള്‍ക്ക് ആഗോള മാനദണ്ഡങ്ങള്‍ സ്ഥാപിക്കാന്‍ കഴിയുമെന്നാണ്. ഭരണനിര്‍വ്വഹണം, ശാക്തീകരണം, കയറ്റുമതി എന്നീ മേഖലകളിലെ ഭാവി സാങ്കേതികവിദ്യയാണിത്.

ഈ വിജയഗാഥയുടെ കേന്ദ്രബിന്ദു ജനങ്ങളാണ്. 3.2 കോടിയിലധികം വരുന്ന നമ്മുടെ പ്രവാസികള്‍ ആഗോളതലത്തില്‍ അത്യന്തം വിജയശാലികളും ആദരണീയരുമാണ്. ആറ് ട്രില്യണ്‍ ഡോളറിന് മുകളില്‍ സംയോജിത വിപണി മൂലധനം സാധ്യമാക്കിയ ഇന്ത്യന്‍ വംശജരായ സിഇഒമാരാണ് ഇന്ന് പതിനൊന്ന് ഫോര്‍ച്യൂണ്‍ 500 കമ്പനികളെ നയിക്കുന്നത്. അവരുടെ പ്രയാണം നൈപുണ്യമുള്ള, ആത്മവിശ്വാസമുള്ള, പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുന്ന പുതിയ ഇന്ത്യയുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നു.2024-ല്‍ 135 ബില്യണ്‍ ഡോളറിന്‍റെ പണമടവ് കേവലം സമ്പത്തികമായ വരുമാനം മാത്രമല്ല; അവ വിശ്വാസത്തിന്‍റെ സ്ഥിരീകരണമാണ്. പ്രധാനമന്ത്രി മോദി പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ, വിദേശത്തുള്ള ഇന്ത്യക്കാരന്‍ വെറുമൊരു പ്രവാസിയല്ല, മറിച്ച് ഇന്ത്യയുടെ മൂല്യങ്ങളുടെയും സംരംഭങ്ങളുടെയും അംബാസഡര്‍ കൂടിയാണ്.

പ്രധാനമന്ത്രിയുടെ നേതൃത്വം വികേന്ദ്രീകൃതമായ ആഗോള ഊര്‍ജ്ജത്തിന് ആഭ്യന്തരമായ ഒരു നങ്കൂരം സജ്ജമാക്കിയിരിക്കുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്കില്‍ ഇന്ത്യ എന്നിവ സമാന്തര പാതകളല്ല, മറിച്ച് ബന്ധിതമായ ഒരു മൂല്യ ശൃംഖലയാണ്: അവസരങ്ങള്‍ തിരിച്ചറിയുക, സംരംഭകത്വം പ്രാപ്തമാക്കുക, പ്രതിഭകളെ സജ്ജരാക്കുക. ഈ സംരംഭങ്ങളെ ഒരൊറ്റ ചട്ടക്കൂടിന് കീഴില്‍ സമന്വയിപ്പിക്കുന്ന സമഗ്രമായ ആഗോള നൈപുണ്യ ദൗത്യമാണ് അടുത്ത ഘട്ടം. അന്താരാഷ്ട്ര സര്‍ട്ടിഫിക്കേഷനുകള്‍, തൊഴിലാളികള്‍ക്കുള്ള പ്രീ-ഡിപ്പാര്‍ച്ചര്‍ പരിശീലനം, ഭാഷ, സാംസ്കാരിക വിന്യാസം, സാമൂഹിക-സുരക്ഷാ കരാറുകള്‍ എന്നിവയുമായി സമന്വയിപ്പിച്ച പാഠ്യപദ്ധതി, എന്നിവ ഇന്ത്യന്‍ തൊഴിലാളികളെ ഭൂഖണ്ഡങ്ങളിലുടനീളം ഇഷ്ടപ്പെടുന്ന പ്രൊഫഷണലുകളാക്കി മാറ്റും. മോദിയുടെ നയതന്ത്രത്തിന് കീഴില്‍ രൂപപ്പെടുത്തിയ ഒന്നിലധികം ഏ2ഏ പങ്കാളിത്തങ്ങളിലൂടെ ചലനാത്മകമായിത്തീര്‍ന്ന ഒരു അജൻഡയാണിത്.

ഹനുമാന്‍റെ കുതിപ്പിന്‍റെ പ്രതീകാത്മകത ഈ മുന്നേറ്റത്തിനുണ്ട്. അത് ധിക്കാരപൂര്‍ണമായ ഒരു പ്രവൃത്തിയായിരുന്നില്ല, മറിച്ച് തിരിച്ചറിവിലൂടെ സ്വയം നിറവേറ്റുന്ന കടമയായിരുന്നു. ഇന്ത്യയുടെ ഭാവി സ്വന്തം ജനതയുടെ സാധ്യതകളെ ഉണര്‍ത്തുന്നതിലാണെന്ന വിശ്വാസത്തിലാണ് പ്രധാനമന്ത്രി മോദിയുടെ ഭരണ തത്വശാസ്ത്രം വേരൂന്നിയിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍, ഡിജിറ്റല്‍ പരിവര്‍ത്തനം, ഹരിത ഊര്‍ജ്ജം, ആഗോള പങ്കാളിത്തങ്ങള്‍ എന്നിവയാണ് ആ ഉണര്‍വിന്‍റെ ഉപാധികള്‍. മറ്റുള്ളവര്‍ മതിലുകള്‍ പണിയുമ്പോള്‍, ഇന്ത്യ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നു. മറ്റുള്ളവര്‍ വ്യാപാരം ചുരുക്കുമ്പോള്‍, ഇന്ത്യ അവസരങ്ങളെ വികസിപ്പിക്കുന്നു. മറ്റുള്ളവര്‍ ഭാവിയെ ഭയപ്പെടുമ്പോള്‍, ഇന്ത്യ അതിനായി സജ്ജമാകുന്നു.

ഓര്‍മകളുടെ വീണ്ടെടുപ്പായിരുന്നു ഹനുമാന്‍റെ കുതിപ്പിനുള്ള ആധാരം.ആ ദേശീയ ശക്തിയുടെ ഓര്‍മ പുനഃസ്ഥാപിക്കുക എന്നതായിരുന്നു പ്രധാനമന്ത്രി മോദിയുടെ പദ്ധതി. മറ്റുള്ളവര്‍ മതിലുകള്‍ പണിയുമ്പോള്‍, ഇന്ത്യ ശേഷി വികസിപ്പിക്കുന്നു. മറ്റുള്ളവര്‍ അവസരം ക്ലിപ്തപ്പെടുത്തുമ്പോള്‍, ഇന്ത്യ അത് വിപുലമാക്കുന്നു. അങ്ങനെയാണ് സാംസ്കാരിക ആത്മവിശ്വാസം ആധുനിക നേട്ടമായി പരിവര്‍ത്തനം ചെയ്യപ്പെടുന്നത്. ദീപാവലിയോട് അടുക്കുമ്പോള്‍, ഹനുമാന്‍റെ കുതിപ്പില്‍ സമുദ്രം ചുരുങ്ങുകയായിരുന്നില്ല, മറിച്ച് അദ്ദേഹത്തിന്‍റെ ആത്മവിശ്വാസം വർധിക്കുകയായിരുന്നു എന്നതാണ് ഓര്‍ക്കേണ്ട കാര്യം. ലോകം പുതിയ തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാം, പക്ഷേ ഇന്ത്യയ്ക്കിന്ന് മികച്ച നേതൃത്വവും പ്രതിരോധശേഷിയും ഉന്നതമായ ലക്ഷ്യവുമുണ്ട്. പ്രധാനമന്ത്രി മോദിയുടെ ദര്‍ശനത്താല്‍ നയിക്കപ്പെടുന്നതും തീരത്ത് വെറുതെ നോക്കി നില്ക്കാന്‍ ആഗ്രഹിക്കാത്തതുമായ ഒരു രാഷ്ട്രമാണ് ഇന്ത്യ. അത് അതിന്‍റെ ശക്തിയെ സ്മരിച്ച് മുന്നോട്ട് കുതിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com