ഇന്ത്യയുടെ സെമികണ്ടക്റ്റർ വിപ്ലവം

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എഴുതുന്നു
India's semiconductor revolution

ഇന്ത്യയുടെ സെമികണ്ടക്റ്റർ വിപ്ലവം

Updated on

മുറിയാകെ നിറഞ്ഞുനില്‍ക്കുന്ന ഭീമാകാര യന്ത്രങ്ങളായിരുന്നല്ലോ ആദ്യകാല കംപ്യൂട്ടറുകള്‍. അന്നത്തെ കാലത്തെ "ഓൺ ഓഫ്' സ്വിച്ചുകൾ പോലെ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു വാക്വം ട്യൂബുകളില്‍ അവ പ്രവര്‍ത്തിച്ചു. ഇന്നു നാം ഉപയോഗിക്കുന്ന മനോഹര ഉപകരണങ്ങളെപ്പോലെ ആയിരുന്നില്ല അവ. മറിച്ച്, പഴയ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പോലെയാണു കാണപ്പെട്ടത്.

ഇന്നു നമ്മുടെ വിരല്‍ നഖത്തേക്കാള്‍ ചെറിയ ചിപ്പിനുള്ളില്‍ വളരെയധികം ശക്തി സംഭരിച്ചിരിക്കുന്നു. അതു പ്രവര്‍ത്തിക്കുന്നതാകട്ടെ, കോടിക്കണക്കിനു ട്രാന്‍സിസ്റ്ററുകളുടെ സഹായത്താലും. ഈ ചിപ്പുകളാണു മൊബൈല്‍ ഫോണ്‍, കാര്‍, ട്രെയ്‌ന്‍, റഫ്രിജറേറ്റര്‍, ടിവി, സ്‌കൂട്ടി, ഫാക്റ്ററി ഉപകരണങ്ങള്‍, വിമാനങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതും ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ നയിക്കുന്നതും. ഇപ്പോഴിതാ, ഹൃദയാരോഗ്യം നിരീക്ഷിക്കാന്‍ സഹായിക്കുന്ന സ്മാര്‍ട് റിങ്ങുകള്‍ പോലെ വിരലില്‍ ധരിക്കാവുന്നത്ര കുഞ്ഞന്‍ ഉപകരണങ്ങളില്‍ വരെ അതെത്തി. അതാണു സെമികണ്ടക്റ്ററുകളുടെ മായാജാലം.

പുരോഗതിയെ നയിക്കുന്ന സെമികണ്ടക്റ്ററുകള്‍

ഒരു രാജ്യം പുരോഗതി കൈവരിക്കണമെങ്കില്‍ വളര്‍ച്ചയെ നിര്‍ണയിക്കുന്ന പ്രധാന മേഖലകളില്‍ പ്രാവീണ്യം നേടണം. ഈ അടിസ്ഥാന മേഖലകളില്‍ ഉരുക്ക്, വൈദ്യുതി, ടെലികോം, രാസവസ്തുക്കള്‍, ഗതാഗതം, സെമികണ്ടക്റ്ററുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

അവയില്‍ അത്യന്തം പ്രധാനപ്പെട്ട അടിസ്ഥാന മേഖലയാണു സെമികണ്ടക്റ്ററുകള്‍. നാം ഉപയോഗിക്കുന്ന മിക്കവാറും എല്ലാ സാധനങ്ങള്‍ക്കുള്ളിലും മറഞ്ഞിരിക്കുന്ന യന്ത്രങ്ങളാണവ. സ്മാര്‍ട് ഫോണ്‍, കാര്‍, ട്രെയ്‌ന്‍, ചികിത്സാ ഉപകരണങ്ങള്‍, പ്രതിരോധ സംവിധാനങ്ങള്‍, ഊര്‍ജ ശൃംഖലകള്‍, ഉപഗ്രഹങ്ങള്‍, നിര്‍മിതബുദ്ധി ഇവയെല്ലാം നിയന്ത്രിക്കാൻ സെമികണ്ടക്റ്ററുകള്‍ അനിവാര്യം.

സെമികണ്ടക്റ്റര്‍ വ്യവസായം അടിസ്ഥാന വ്യവസായമാണ്. ഫാക്റ്ററികള്‍, പാലങ്ങള്‍, റെയ്‌ല്‍ പാതകള്‍ എന്നിവയ്ക്ക് ഉരുക്കാണ് അടിസ്ഥാനം എന്നതുപോലെ, ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയാണു സെമികണ്ടക്റ്ററുകള്‍. ചിപ്പുകളില്ലാതെ ആധുനിക ആശയവിനിമയമോ ഡേറ്റ പ്രോസസിങ്ങോ നിര്‍മിതബുദ്ധിയോ പുനരുപയോഗ ഊര്‍ജ സംവിധാനങ്ങളോ സുരക്ഷിതമായ പ്രതിരോധമോ സൃഷ്ടിക്കാനാകില്ല.

സെമികണ്ടക്റ്ററുകള്‍ രൂപകല്‍പ്പന ചെയ്യാനും ഉത്പാദിപ്പിക്കാനും കഴിയാത്ത രാഷ്‌ട്രം, ആരോഗ്യ സംരക്ഷണം മുതല്‍ സുരക്ഷ വരെയുള്ള ഏറ്റവും അടിസ്ഥാന ആവശ്യങ്ങള്‍ക്കു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരും. അതുകൊണ്ടുതന്നെ, സെമികണ്ടക്റ്ററുകളില്‍ കരുത്താര്‍ജിക്കുന്നതു വ്യവസായ നേട്ടത്തിനും അതീതമാണ്. അതിലൂടെ നാം നമ്മുടെ ഭാവിയെ സ്വയം രൂപപ്പെടുത്തുകയാണു ചെയ്യുന്നത്.

തന്ത്രപ്രധാന ഭൗമരാഷ്‌ട്രീയത

ചിപ്പുകളുടെ പ്രാധാന്യം കൊവിഡ്19 മഹാമാരി നമ്മെ വ്യക്തമായി ഓര്‍മിപ്പിച്ചു. ലോകമെമ്പാടുമുള്ള ചിപ്പ് വിതരണശൃംഖല മന്ദഗതിയിലായപ്പോള്‍ വിവിധ വ്യവസായങ്ങളുടെ ഉത്പാദനത്തെ ബാധിച്ചു, കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി. വാഹന വ്യവസായം, നെറ്റ്‌വര്‍ക്കിങ് ഉപകരണങ്ങള്‍, ഉപഭോക്തൃ ഇലക്‌ട്രോണിക്‌സ് തുടങ്ങിയ മേഖലകളെയാണ് അത് ഏറെ ബാധിച്ചത്.

ആഗോള ഭൗമരാഷ്‌ട്രീയത്തിന്‍റെ കാതലാണിപ്പോള്‍ സെമികണ്ടക്റ്ററുകള്‍. ചിപ്പ് നിര്‍മാണം ഏതാനും പ്രദേശങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍, ചെറിയ പ്രതിബന്ധങ്ങൾ പോലും ലോകമെമ്പാടും പ്രത്യാഘാതം സൃഷ്ടിക്കും. ഒരിടത്തെ വൈദ്യുതി തകരാറോ മറ്റൊരിടത്തെ ഫാക്റ്ററി അപകടമോ വിതരണത്തെയാകെ തടസപ്പെടുത്താം. അതു വ്യവസായങ്ങളെ മന്ദഗതിയിലാക്കും, രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെയും സുരക്ഷയെയും ബാധിക്കും.

അടുത്തിടെ അപൂര്‍വ ഭൗമ കാന്തങ്ങളില്‍ വന്ന ശ്രദ്ധ, നിര്‍ണായക വിഭവങ്ങള്‍ക്കു മേലുള്ള നിയന്ത്രണം ആഗോള അധികാര കേന്ദ്രീകരണത്തെ ഏതു തരത്തില്‍ സ്വാധീനിക്കുമെന്നതിന്‍റെ വ്യക്തമായ ഓര്‍മപ്പെടുത്തലാണ്. അതുപോലെ, സെമികണ്ടക്റ്ററുകള്‍ ഡിജിറ്റല്‍ യുഗത്തിലെ നിര്‍ണായക വിഭവമായി മാറിയിരിക്കുന്നു.

ഉയര്‍ന്നുവരുന്ന ആവശ്യകത

സെമികണ്ടക്റ്ററുകളുടെ ആവശ്യകത ഭാവിയില്‍ അതിവേഗം വര്‍ധിക്കും. നമ്മുടെ സ്വന്തം ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗവും ഉത്പാദനവും അഭൂതപൂര്‍വമായി വളരുകയാണ്. ഇന്ന് ഇന്ത്യയില്‍ 65 കോടിയിലധികം സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളുണ്ട്. നമ്മുടെ ഇലക്‌ട്രോണിക്‌സ് നിർമാണം പ്രതിവര്‍ഷം 12 ലക്ഷം കോടിയിലെത്തി.

അതേസമയം, സെമികണ്ടക്റ്റര്‍ ചിപ്പുകള്‍ ആവശ്യമുള്ള നിര്‍മിതബുദ്ധി അധിഷ്ഠിത സംവിധാനങ്ങള്‍, ഡേറ്റ സെന്‍ററുകള്‍, വൈദ്യുത വാഹനങ്ങള്‍ എന്നിവയും നാം വികസിപ്പിക്കുന്നു. ആവശ്യകതയിലും നവീകരണത്തിലുമുള്ള ഈ കുതിച്ചുചാട്ടം ആഗോള സെമികണ്ടക്റ്റര്‍ മൂല്യശൃംഖലയില്‍ ഇന്ത്യയുടെ സ്ഥാനം ഉറപ്പാക്കേണ്ടത് അനിവാര്യമാക്കുന്നു.

ഭാവി നിയന്ത്രിക്കുന്നു

പതിറ്റാണ്ടുകളായി, സെമികണ്ടക്റ്ററുകളുടെ കാര്യത്തില്‍ ഇന്ത്യക്ക് "അവസരം നഷ്ടമായി' എന്നു പറയുമായിരുന്നു. ആ പല്ലവിക്ക് ഇനി അര്‍ഥമില്ല. "ഇന്ത്യ സെമികണ്ടക്റ്റര്‍ ദൗത്യ'ത്തിനു കീഴില്‍ 10 സെമികണ്ടക്റ്റര്‍ പ്ലാന്‍റുകള്‍ക്ക് അംഗീകാരം ലഭിച്ചു. ഇവയുടെ നിര്‍മാണങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു.

ആദ്യത്തെ "മെയ്ഡ് ഇന്‍ ഇന്ത്യ' ചിപ്പ് ഈ വര്‍ഷം പുറത്തിറങ്ങുമെന്ന് ആത്മവിശ്വാസത്തോടെ പറയാം. സാനന്ദില്‍ ഒരു യൂണിറ്റിലെ പരീക്ഷണാര്‍ഥ ഉത്പാദനം ആരംഭിച്ചു. ഒരു വര്‍ഷത്തിനകം, നാലു യൂണിറ്റുകള്‍കൂടി ഉത്പാദനത്തിലേക്കു കടക്കുമെന്നാണു പ്രതീക്ഷ.

അപ്ലൈഡ് മെറ്റീരിയല്‍സ്, ലാം റിസര്‍ച്ച്, മെര്‍ക്ക്, ലിന്‍ഡെ തുടങ്ങി ആഗോള രംഗത്തെ പ്രമുഖ കമ്പനികള്‍ ഫാക്റ്ററികളെയും വിതരണ ശൃംഖലകളെയും പിന്തുണയ്ക്കുന്നതില്‍ നിക്ഷേപം നടത്തുന്നു. സെമികണ്ടക്റ്റര്‍ വ്യവസായത്തിന്‍റെ ദീര്‍ഘകാല വളര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുന്ന ശ്രദ്ധയെ ഈ ആവാസ വ്യവസ്ഥാ സമീപനം പ്രതിഫലിപ്പിക്കുന്നു.

ഇത്രയും ചെറിയ കാലയളവില്‍ ഈ ശ്രദ്ധേയമായ വിജയത്തിലേക്കു നയിച്ചതു വിവിധ ഘടകങ്ങളുടെ സംയോജനമാണ്. പ്രധാനമന്ത്രിയുടെ വ്യക്തമായ കാഴ്ചപ്പാട്, നിര്‍വഹണത്തിലെ കൃത്യമായ ശ്രദ്ധ, തീരുമാനമെടുക്കാന്‍ പ്രൊഫഷണലുകള്‍ക്ക് അധികാരം നല്‍കിയത്, ആഗോള സഹകരണം, സംസ്ഥാന ഗവണ്മെന്‍റുകളുടെ പിന്തുണ എന്നിവയാണവ. ചരിത്രത്തിന്‍റെ കോണില്‍ അവസരം കാത്തിരിക്കുന്നതില്‍ നിന്ന് ഭാവിയെ നയിക്കുന്നതിലേക്ക് ഇന്ത്യ എത്തിച്ചേര്‍ന്നിരിക്കുന്നു. നമ്മുടെ രൂപകല്‍പ്പനാ മികവും പ്രതിഭാ സഞ്ചയവും ഇതില്‍ പ്രധാന പങ്കുവഹിക്കുന്നു.

രൂപകല്‍പ്പന, വൈദഗ്ധ്യം: ഇന്ത്യയുടെ പ്രഭാവം

രാജ്യത്തിന്‍റെ യഥാര്‍ഥ കരുത്തായ മനുഷ്യ വിഭവശേഷി പ്രയോജനപ്പെടുത്തുന്നതില്‍ നയവും നിക്ഷേപവും നിര്‍ണായകമാണ്. ആഗോള രൂപകല്‍പ്പനാ വിദഗ്ധരില്‍ 20 ശതമാനത്തിലധികം ഇന്ത്യയിലാണ്. വ്യാവസായിക കണക്കുകളനുസരിച്ച്, അടുത്ത ദശകത്തിന്‍റെ തുടക്കത്തില്‍ ലോകത്ത് ഒരു ദശലക്ഷത്തിലധികം സെമികണ്ടക്റ്റര്‍ പ്രൊഫഷണലുകളുടെ കുറവുണ്ടാകും. ഈ വിടവു നികത്താന്‍ ഇന്ത്യ തയാറെടുക്കുകയാണ്.

350 സ്ഥാപനങ്ങളിലും സ്റ്റാര്‍ട്ടപ്പുകളിലുമായി 60,000ത്തിലധികം ഉപയോക്താക്കള്‍ ഇന്ത്യാ ഗവണ്‍മെന്‍റ് സൗജന്യമായി നല്‍കുന്ന ലോകോത്തര ഇലക്‌ട്രോണിക് ഡിസൈന്‍ ഓട്ടോമേഷന്‍ (ഇഡിഎ) സങ്കേതങ്ങള്‍ ഉപയോഗിക്കുന്നു. ഇക്കൊല്ലം മാത്രം അവയുടെ ഉപയോഗം 1.2 കോടി മണിക്കൂര്‍ കവിഞ്ഞു.

ഗവണ്മെന്‍റിന്‍റെ കരുത്തുറ്റ പിന്തുണയോടെ സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയുടെ ചിപ്പ് രൂപകല്‍പ്പന ആവാസ വ്യവസ്ഥയെ ഊര്‍ജസ്വലമാക്കുന്നു. മദ്രാസ് ഐഐടിയില്‍ തദ്ദേശീയമായി വികസിപ്പിച്ച SHAKTI പ്രോസസറില്‍ നിര്‍മിച്ച IoT ചിപ്പുകള്‍ മൈന്‍ഡ്‌ഗ്രോവ് ടെക്‌നോളജീസ് വികസിപ്പിക്കുകയാണ്.

മറ്റൊരു സ്റ്റാര്‍ട്ടപ്പായ നേത്രസെമി അടുത്തിടെ 107 കോടിയുടെ റെക്കോര്‍ഡ് ധനസഹായം നേടി. ഇന്ത്യയിലെ സെമികണ്ടക്റ്റര്‍ രൂപകല്‍പ്പനാ മേഖലയിലെ ഏറ്റവും വലിയ വെഞ്ചര്‍ ക്യാപിറ്റല്‍ നിക്ഷേപങ്ങളില്‍ ഒന്നാണിത്. ഈ മേഖലയില്‍ നിക്ഷേപകരുടെ വിശ്വാസം വര്‍ധിച്ചുവരുന്നതിന്‍റെ തെളിവാണിത്. ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ രൂപകല്‍പ്പനാബന്ധിത ആനുകൂല്യ (ഡിഎൽഐ) പദ്ധതി പ്രകാരം ഇത്തരം നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു.

ക്ലാസ്‌റൂമില്‍ നിന്ന് ക്ലീൻറൂമിലേക്ക്

മൊഹാലിയിലെ സെമികണ്ടക്റ്റര്‍ പരീക്ഷണശാലയില്‍ (എസ്‌സിഎൽ) 17 കോളെജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇതിനകം 20 ചിപ്പുകള്‍ നിര്‍മിച്ചുകഴിഞ്ഞു. വരും മാസങ്ങളില്‍ കൂടുതല്‍ ചിപ്പുകള്‍ പുറത്തിറങ്ങും. ഇത്തരത്തിലുള്ള പ്രതിഭാ വികസനം രാജ്യത്തെ സെമികണ്ടക്റ്റര്‍ വ്യവസായത്തെ ശക്തമായ നിലയിലെത്തിക്കും.

നവീനാശയ ഉപജ്ഞാതാക്കളായ യുവാക്കളുടെ സ്വപ്നങ്ങള്‍ മനസില്‍ക്കണ്ട് എസ്‌സിഎൽ നവീകരിക്കുകയാണ്. ഇന്ത്യയുടെ കഴിവുകള്‍ ക്ലാസ്‌റൂമില്‍ നിന്നു ക്ലീൻറൂമിലേക്കു മാറുമെന്ന് ഇതുറപ്പാക്കും.

ആഗോള കമ്പനികളും ഇന്ത്യയുടെ പ്രതിഭകളില്‍ നിക്ഷേപം നടത്തുന്നു. ലാം റിസര്‍ച്ച് 60,000 എന്‍ജിനിയര്‍മാര്‍ക്ക് ഇന്ത്യയില്‍ പരിശീലനം നല്‍കും. അപ്ലൈഡ് മെറ്റീരിയല്‍സ്, മൈക്രോചിപ്പ് എന്നിവ ഗവേഷണ വികസനത്തിനായി 1.1 ശതകോടി ഡോളര്‍ ചെലവഴിക്കുന്നു. IISc, IITകള്‍, തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം ശക്തമായ ലാബ് ടു ഫാബ് തൊഴില്‍ശക്തി ഉറപ്പാക്കുന്നു.

ഭാവി പ്രതിഭകളെ സൃഷ്ടിക്കാൻ അമെരിക്ക, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍, സിംഗപ്പുര്‍ എന്നിവിടങ്ങളിലെ പങ്കാളികളുമായി ഇന്ത്യ വളരെയടുത്തു പ്രവര്‍ത്തിക്കുന്നു. പ്രാദേശിക പ്രതിഭകളുടെയും ആഗോള സഹകരണത്തിന്‍റെയും ഈ സംയോജനം ഇന്ത്യയ്ക്കു മാത്രമല്ല, ലോകത്തിനാകെയും പ്രയോജനപ്രദമാകും എന്നുറപ്പാക്കുന്നു.

ഡിജിറ്റല്‍ ഇന്ത്യയില്‍ നിന്ന് സെമികോണ്‍ ഇന്ത്യയിലേക്ക്

പ്രധാനമന്ത്രി മോദിയുടെ വിശാല കാഴ്ചപ്പാടിന്‍റെ ഭാഗമാണു രാജ്യത്തിന്‍റെ സെമികണ്ടക്റ്റര്‍ യാത്ര. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം കെട്ടിപ്പടുക്കുകയും പൗരന്മാരെ ശാക്തീകരിക്കുകയും ചെയ്ത ഡിജിറ്റല്‍ ഇന്ത്യ ദൗത്യത്തിലൂടെയാണ് ഇതിനു തുടക്കമിട്ടത്. ഇന്ത്യ സ്റ്റാക്ക്, യുപിഐ, ആധാര്‍, ടെലികോം ശൃംഖല എന്നിവയിലൂടെ ഓരോ ഇന്ത്യക്കാരനും വിരല്‍ത്തുമ്പില്‍ സാങ്കേതികവിദ്യ ലഭ്യമായി.

സമാന്തരമായി, നാം നമ്മുടെ ഇലക്‌ട്രോണിക്‌സ് ഉത്പാദന ആവാസ വ്യവസ്ഥയ്ക്കും കരുത്തേകി. ഇപ്പോള്‍ നാം സെമികണ്ടക്റ്ററുകള്‍, ഇലക്‌ട്രോണിക് ഘടകങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയ്ക്കായുള്ള ഉത്പാദന ആവാസവ്യവസ്ഥ വളര്‍ത്തിയെടുക്കുകയാണ്.

ഇന്നു മുതൽ വ്യാഴാഴ്ച വരെ ന്യൂഡൽഹി യശോഭൂമിയിൽ ആരംഭിക്കുന്ന "സെമികോണ്‍ ഇന്ത്യ ഉച്ചകോടി- 2025' ഈ യാത്രയുടെ തുടര്‍ച്ചയ്ക്കാണു സാക്ഷ്യം വഹിക്കുന്നത്. പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വര്‍ഷം 100 പേരാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ഇത്തവണ 48 രാജ്യങ്ങളില്‍ നിന്നുള്ള 500ലധികം വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്നു. അസ്ഥിരതകളാല്‍ ബുദ്ധിമുട്ടുന്ന ലോകത്തിന്‍റെ പ്രതീക്ഷ സ്ഥിരതയുള്ള ഇന്ത്യയാണ്. അതിനാല്‍, ലോകം നമ്മുടെ പടിവാതിലിൽ എത്തുകയാണ്.

ജപ്പാന്‍, ദക്ഷിണ കൊറിയ, സിംഗപ്പുര്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രത്യേക പവലിയനുകള്‍ അര്‍ഥവത്തായ സഹകരണമൊരുക്കും. ലോകമെമ്പാടുമുള്ള വ്യവസായ യുവ പ്രതിഭകള്‍ക്കിടയില്‍ നാം ബി2ബി ചര്‍ച്ചകള്‍, ധാരണാപത്രങ്ങള്‍, പങ്കാളിത്തങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.

"ഉത്പന്ന രാഷ്‌ട്രം'

ഇന്ത്യയെ "ഉത്പന്ന രാഷ്‌ട്രം' ആക്കുക എന്നതാണു ലക്ഷ്യം. നമ്മുടെ സെമികണ്ടക്റ്റര്‍ പ്ലാന്‍റുകളില്‍ നിന്നുള്ള ഉത്പാദനം ടെലികോം, ഓട്ടോമോട്ടീവ്, ഡേറ്റ സെന്‍ററുകള്‍, ഉപഭോക്തൃ ഇലക്‌ട്രോണിക്‌സ്, വ്യാവസായിക ഇലക്‌ട്രോണിക്‌സ് തുടങ്ങിയ നിര്‍ണായക മേഖലകള്‍ക്കു സേവനമേകും. ഇന്ത്യക്കു മാത്രമല്ല, ലോകത്തിനാകെയാണ് ഇതിന്‍റെ പ്രയോജനം.

അടുത്ത ദശകത്തില്‍, നമ്മുടെ സെമികണ്ടക്റ്റര്‍ യൂണിറ്റുകള്‍ പക്വതയും വ്യാപ്തിയും കൈവരിക്കുമ്പോള്‍, സെമികണ്ടക്റ്റര്‍ മൂല്യശൃംഖലയുടെയാകെ മത്സരാധിഷ്ഠിത കേന്ദ്രമായി ഉയര്‍ന്നുവരാന്‍ ഒരുങ്ങുകയാണ് ഇന്ത്യ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com