
റീന വർഗീസ് കണ്ണിമല
സസ്യഭുക്കായ നായ...ഞെട്ടണ്ട. അങ്ങനെയുമുണ്ട് ഒരിനം. വേറെവിടെയുമല്ല, നമ്മുടെ ഹിമാലയ സാനുക്കളിൽ, ജമ്മു കാശ്മീരിൽ, ലഡാക്ക് മേഖലയിൽ ഒക്കെ അവനങ്ങനെ വിരാജിക്കുകയല്ലേ രാജകീയമായി!
കശ്മീർ മാസ്റ്റിഫ്, കാശ്മീർ ഷീപ്പ് ഡോഗ്, ബഖർവാൾ മാസ്റ്റിഫ്, കാശ്മീരി ബക്കർവാൾ ഡോഗ്, ഗുജ്ജർ വാക്‌ഡോഗ്... പേരുകൾ പലതരമാണ് ഈ മിടുക്കന്.
നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് ഹിമാലയൻ മലനിരകളിലെ നാടോടികളായ ഗോത്രങ്ങളിൽ നിന്ന് ഉത്ഭവിച്ച കന്നുകാലി സംരക്ഷകനായ നായയുടെ അപൂർവവും അസാധാരണവുമായ ഇനമാണ് ബഖർവാൾ എന്ന ഈ ഇനം നായ. അതീവ ജാഗ്രതയോടെ തങ്ങളുടെ ആട്ടിൻ കൂട്ടത്തെ കവർച്ചാ ഭീഷണിയിൽ നിന്നു ജീവൻ കൊടുത്തും സംരക്ഷിച്ചിരുന്ന ഇവരെ കശ്മീർ വിഘടനവാദികൾ വർധിച്ചതോടെ അവരെ തുരത്താനും ഉപയോഗിച്ചു തുടങ്ങി.
ഹിമാലയമുത്തച്ഛന്‍റെ മടിത്തട്ടിൽ പിറന്നതു കൊണ്ടാണോ ആവോ, ബഖർ വാൾ നായകൾ മാംസഭോജികളല്ല! പകരം ബ്രഡ്, പാൽ, പാലുൽപന്നങ്ങൾ തുടങ്ങിയവയാണ് അവരുടെ ഇഷ്ടഭോജ്യം.
കന്നി മാസത്തിൽ പട്ടി പെറ്റു കൂട്ടുന്നതു പോലെ എന്നൊക്കെ കേട്ടും പറഞ്ഞും പരിചയിച്ചവരാണ് നമ്മൾ മലയാളികൾ.എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി വളരെ കുറച്ചു മാത്രം പ്രജനനം നടത്തുന്ന ഇനമാണ് ബഖർവാളുകൾ. അപൂർവമായ ഈ ഇനം വർഷത്തിലൊരിക്കലേ പ്രജനനം നടത്തൂ.അതും ആകെ ഒരു കുഞ്ഞു മാത്രമേ ഉണ്ടാകൂ.ഗദ്ദികൾ, ജാട്ടുകൾ, ഗുജ്ജർ, ബക്കർവാൾ തുടങ്ങിയ ജനതകൾ, ജമ്മു-കാശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ മറ്റ് തദ്ദേശീയർ എന്നിവരെല്ലാം തങ്ങളുടെ പ്രിയങ്കരനായ വളർത്തുനായയായി തങ്ങളുടെ ആടുമാടുകളുടെ സംരക്ഷണത്തിനായി ഇവയെ വളർത്തുന്നു.
ലഡാക്കിലും ജമ്മു കാശ്മീരിലെ പിർ പഞ്ചൽ റേഞ്ചിലും ഉടനീളം കാണപ്പെടുന്ന ഈ പുരാതന ഇന്ത്യൻ നായകൾ ഇന്നു പക്ഷേ, വംശനാശ ഭീഷണിയിലാണ്.
ഇന്ത്യയുടെ സുരക്ഷയ്ക്കായും ഇവ ഉപയോഗിക്കപ്പെടുന്നു. രാജ്യത്തുടനീളമുള്ള തീവ്രവാദികളെ പിടികൂടാൻ ഇന്ത്യൻ പോലീസും ഇത് ഉപയോഗിക്കുന്നു.ജമ്മു കശ്മീരിലെ വിഘടന വാദികളുടെ ഏറ്റവും വലിയ തലവേദനയാണ് ഈ ബഖർവാൾ നായകൾ.ജമ്മു കശ്മീർ ലഡാക്ക് മേഖലയിൽ വിഘടന വാദികളെ കുറിച്ച് മുന്നറിയിപ്പു നൽകാൻ ഇവയെ ഉപയോഗിക്കുന്നു.അതു കൊണ്ടു തന്നെ വിഘടനവാദികൾ ഈ നായ്ക്കളെ വൻ തോതിൽ വെടി വച്ചു കൊന്നു.
എന്നു മാത്രമല്ല,ജമ്മു-കശ്മീർ-ലഡാക്ക് മേഖലയിലെ ഇടയന്മാരെ ഉയർന്ന പ്രദേശങ്ങളിലേയ്ക്കു പോകുന്നതിനെ ഈ വിഘടന വാദികൾ തടഞ്ഞു.അത് തികച്ചും പർവത നായയായ ബഖർവാളിന് എലിപ്പനി പോലുള്ള രോഗങ്ങൾ പിടിപെടുന്നതിനും അവ വൻ തോതിൽ ചത്തൊടുങ്ങുന്നതിനും ഇടയാക്കി.
അധികം കുഞ്ഞുങ്ങളുണ്ടാകാത്ത ഇനമായതിനാലും വിഘടനവാദികളുടെ നിരന്തര വെടിവയ്പും പകർച്ച വ്യാധികളും മൂലം ഈ അത്യപൂർവമായ മാംസവിരുദ്ധരായ മിടുക്കൻ നായകൾ ഇന്നു വംശഹത്യയുടെ വക്കിലാണ്.
ഇന്ത്യയുടെ തനതു വംശമായ ഈ അപൂർവയിനം നായകളെ വംശനാശഭീഷണി നേരിടുന്ന ഇനങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്താൻ അവിടുത്തെ പ്രാദേശിക സമൂഹങ്ങൾ നിരന്തരം പരിശ്രമിക്കുകയാണിപ്പോൾ.കറുത്ത മിടുക്കന്മാരാണ് ഇവരിൽ ഭൂരിപക്ഷവും.കാലിൽ വെളുത്ത രോമങ്ങളുണ്ടാകും.അപ്പോൾ എങ്ങനെ? വേണമെന്നു തോന്നുന്നുണ്ടോ ഈ ഹിമാലയൻ വെജിറ്റേറിയൻ കറുമ്പൻ നായക്കുട്ടിയെ?