
സിന്ധുവിന്‍റെ ആഹ്വാനം
file image
അർജുൻ റാം മേഘ്‌വാൾ
- കേന്ദ്ര നിയമ- നീതി മന്ത്രാലയം
സഹമന്ത്രി (സ്വതന്ത്ര ചുമതല),
പാർലമെന്‍ററി കാര്യ സഹമന്ത്രി
മൺസൂൺ എന്ന പദം ഭാരതമെമ്പാടും ഉത്സാഹവും അഭിമാനവും ഉണർത്തുന്നു. നവീകരണത്തിന്‍റെയും നൂതനാശയങ്ങളുടെയും പ്രതീകമായി വർത്തിക്കുന്ന വർഷകാലം രാജ്യത്തിന്‍റെ സാമ്പത്തിക മുന്നേറ്റത്തിന് അനിവാര്യമായ ഉത്തേജനം പകരുന്നു. ഭൂമിശാസ്ത്രപരമായ ആനുകൂല്യങ്ങളും, സമൃദ്ധമായ വർഷകാലവും, നദികളെ പുനരുജ്ജീവിപ്പിക്കുകയും രാജ്യത്തുടനീളമുള്ള ജലസ്രോതസുകളെ സമ്പന്നമാക്കുകയും ചെയ്യുന്നു. സമൃദ്ധിയുടെ ആഗമനത്തെ അടയാളപ്പെടുത്തുന്നു, മൺസൂൺ. ചുവപ്പ് കോട്ടയിൽ നിന്നു നടത്തിയ സ്വാതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ, ഉത്കർഷേച്ഛയുള്ള പൗരന്മാർക്കായി ഒരു മാർഗരേഖ മുന്നോട്ടുവച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, വികസിത ഭാരതം കെട്ടിപ്പടുക്കുക എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തെ രൂപപ്പെടുത്തി.
പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിച്ചപ്പോൾ, ഭാരത മഹത്വം വിളിച്ചോതുന്ന സമ്മേളനം എന്നാണ് പ്രധാനമന്ത്രി അതിനെ വിശേഷിപ്പിച്ചത്. സൈനികരുടെ ശൗര്യം, ഓപ്പറേഷൻ സിന്ദൂറിന്‍റെ വിജയം, പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകര ഫാക്റ്ററികൾക്കെതിരായ നിർണായക പ്രഹരങ്ങൾ, സിന്ധു നദീജല ഉടമ്പടി (ഐഡബ്ല്യുടി) മരവിപ്പിച്ചത് - ഇവയെല്ലാം ഭാരതത്തിന്‍റെ ശക്തമായ ഇച്ഛാശക്തിയുടെ സാക്ഷ്യങ്ങളായി നിലകൊള്ളുന്നു. ഓപ്പറേഷൻ സിന്ദൂറിന്‍റെ വിജയം ദേശീയ മനസിൽ മായാത്ത മുദ്ര പതിപ്പിച്ചു. എന്നാൽ, എല്ലാ വിഷയങ്ങളും തുറന്ന മനസോടെ ചർച്ച ചെയ്യാൻ സർക്കാർ സന്നദ്ധതയറിയിച്ചിട്ടും, പ്രതിപക്ഷം നിരന്തരം തടസങ്ങൾ സൃഷ്ടിച്ചു - വിശാലമായ പൊതുജന താത്പര്യം പണയപ്പെടുത്തി ചർച്ചയെ രാഷ്‌ട്രീയ തന്ത്രമാക്കി ചുരുക്കി.
ദേശീയ താത്പര്യത്തിനു മേൽ സ്വാർഥതാത്പര്യം സ്ഥാപിക്കുന്ന കോൺഗ്രസിന്‍റെ വിട്ടുമാറാത്ത പ്രകൃതത്തിന്‍റെ തിക്തഫലങ്ങൾ രാജ്യം ഏറെക്കാലമായി അനുഭവിക്കുന്നു. ദുരന്തപൂർണമായ വിഭജനം മുതൽ, കനത്ത വില നൽകേണ്ടി വന്ന നെഹ്‌റുവിയൻ നയതന്ത്രത്തിന്‍റെ പരാജയങ്ങൾ വരെ, ഈ പ്രകൃതങ്ങൾ ഭാരതം എന്ന ആശയത്തെ എങ്ങനെയാണ് ദുർബലപ്പെടുത്തിയത് എന്നതിനു ചരിത്രം സാക്ഷിയാണ്. സിന്ധു നദീജലക്കരാർ (1960) സൂക്ഷ്മമായി പരിശോധിക്കുമ്പോൾ, ജനങ്ങളുടെയും രാജ്യത്തിന്‍റെ പുരോഗതി അപകടത്തിലാക്കിക്കൊണ്ടുള്ള പ്രീണനത്തിന്‍റെയും അമിത ഔദാര്യത്തിന്‍റെയും കഥയാണ് വെളിവാകുന്നത്. ഇത് രാഷ്‌ട്രത്തിന്‍റെ വളർച്ചാ സാധ്യതകളെ നിരന്തരം തടസപ്പെടുത്തി. വികസനവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ത്യാഗങ്ങൾ സ്വന്തം പൗരന്മാരുടെ ക്ഷേമത്തിനു മേൽ പാക്കിസ്ഥാന്‍റെ താത്പര്യങ്ങളെ പ്രതിഷ്ഠിക്കുന്ന രാഷ്‌ട്രീയ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് നിർണയിക്കപ്പെട്ടിരിക്കുന്നത്. ഈ സത്യം ഇന്നും വിരോധാഭാസമായി തുടരുന്നു.
ലോക ബാങ്കിന്‍റെ മധ്യസ്ഥതയിലുള്ള ഐഡബ്ല്യുടി പ്രകാരം, ഇന്ത്യയിൽ ഉത്ഭവിക്കുന്ന സിന്ധു നദിയിലെ ജലം പാക്കിസ്ഥാന് ഏറെക്കാലമായി വിതരണം ചെയ്തു വരികയായിരുന്നു (80:20). സിന്ധു, ചെനാബ്, ഝലം എന്നീ പ്രധാന പടിഞ്ഞാറൻ നദികളുടെ നിയന്ത്രണം ഉപേക്ഷിക്കാൻ ഇന്ത്യ നിർബന്ധിതമായി. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ വരണ്ടതും വരൾച്ചബാധിതവുമായ വിശാലമായ പ്രദേശങ്ങളെ ഫലഭൂയിഷ്ഠമായി രൂപാന്തരപ്പെടുത്താൻ കഴിയുമായിരുന്ന വലിയ ജല സ്രോതസാണ് അതോടെ നഷ്ടപ്പെടുത്തിയത്. ദേശീയ താത്പര്യത്തിന് പ്രാധാന്യം നൽകിയിരുന്നെങ്കിൽ, ജല അടിസ്ഥാന സൗകര്യങ്ങളുടെ വിവേകപൂർണമായ വിനിയോഗത്തിലൂടെ ആ വിശാല പ്രദേശത്തിന്‍റെ വികസന ചലനാത്മകതയെ ശക്തിപ്പെടുത്താമായിരുന്നു.
ആ ത്യാഗം വിശാല നയതന്ത്ര നേട്ടങ്ങൾ കൊണ്ടുവരുമെന്ന പ്രതീക്ഷകൾ മിഥ്യാധാരണയാണെന്ന് എന്നേ തെളിഞ്ഞിരുന്നു. കരാറിന്‍റെ നടപടിക്രമങ്ങൾ ആശങ്കകളെ കൂടുതൽ ബലപ്പെടുത്തി. 1960 സെപ്റ്റംബർ 19നാണ് കരാർ ഒപ്പുവച്ചത്. നവംബറിൽ കരാർ പാർലമെന്‍റിന് മുമ്പാകെ വച്ചു. വെറും രണ്ടു മണിക്കൂർ ദൈർഘ്യമുള്ള നാമമാത്ര ചർച്ച മാത്രമാണ് അനുവദിച്ചത്. വസ്തുതകൾ പുറത്തുവന്നയുടൻ, കരാറിന്‍റെ വിവിധ വശങ്ങൾ പരിശോധിച്ച ശേഷം പ്രമുഖ പത്രങ്ങൾ തലക്കെട്ടുകളിലൂടെ പ്രതികൂല അഭിപ്രായങ്ങൾ പ്രകടമാക്കി. ഇത്തരമൊരു സുപ്രധാന കരാറുമായി ബന്ധപ്പെട്ട് പാർലമെന്‍ററിൽ സ്വീകരിച്ച തിടുക്കപ്പെട്ട സമീപനം അന്നത്തെ നേതൃത്വത്തിന്‍റെ ജനാധിപത്യത്തോടുള്ള താത്പര്യം, സുതാര്യത, ലക്ഷ്യബോധം എന്നിവ സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തി.
പാർലമെന്‍റിന്‍റെ പരിമിതമായ പരിശോധനാ വേളയിൽപ്പോലും സിന്ധു നദീജല കരാർ പാർലമെന്‍റിനുള്ളിൽ കാര്യമായ എതിർപ്പു നേരിട്ടു. പാക്കിസ്ഥാന്‍റെ യുക്തിഹീന ആവശ്യങ്ങൾക്ക് വഴങ്ങുന്നത് സൗമനസ്യവും സൗഹാർദവും ശക്തിപ്പെടുത്തുമെന്ന പ്രധാനമന്ത്രി നെഹ്‌റുവിന്‍റെ വാദം അടിസ്ഥാനപരമായി പിഴവുകൾ നിറഞ്ഞതാണെന്ന് അന്ന് യുവ എംപി ആയിരുന്ന മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി മുന്നറിയിപ്പു നൽകി.
1960 നവംബർ 30ന് പാർലമെന്‍ററിൽ നടന്ന ചർച്ച കക്ഷിരാഷ്‌ട്രീയ ഭേദമെന്യേ കരാർ വിമർശന വിധേയമാകുന്നതിന് സാക്ഷ്യം വഹിച്ചു. മിക്ക അംഗങ്ങളും രാജ്യതാത്പര്യം അവഗണിച്ചതിനും പാക്കിസ്ഥാനെ പ്രീണിപ്പിക്കുന്നതിനും അവരോടു കീഴടങ്ങുന്നതിനും സർക്കാരിനെ വിമർശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു. രാജസ്ഥാനിൽ നിന്നുള്ള കോൺഗ്രസ് എംപിമാരായ ഹരീഷ് ചന്ദ്ര മാത്തൂർ, അശോക് മേത്ത, എ.സി. ഗുഹ, കമ്മ്യൂണിസ്റ്റ് പാർട്ടി എംപി കെ.ടി.കെ. തങ്കമണി, സർദാർ ഇഖ്ബാൽ സിങ്, ബ്രിജ്‌രാജ് സിങ് എന്നിവർ ജല നയതന്ത്രത്തിന്‍റെ പരാജയത്തെക്കുറിച്ചുള്ള സത്യസന്ധമായ ആശങ്കകളും ദൃശ്യമായ പ്രത്യാഘാതങ്ങളും വ്യക്തമായി ഉന്നയിച്ചു. "കൊടുക്കൽ വാങ്ങൽ എന്നല്ല, ഏകപക്ഷീയമായ വിട്ടുവീഴ്ച' എന്നാണ് പൊതുവെ കരാർ സംഗ്രഹിക്കപ്പെട്ടത്.
ആ സാഹചര്യത്തിൽ, ലോക്‌സഭയിൽ മറുപടി നൽകുന്നതിനിടെ പ്രധാനമന്ത്രി നെഹ്‌റു എംപിമാരുടെ വിവേചന ബുദ്ധിയെ ചോദ്യം ചെയ്യുകയും ദുർബലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത് വിരോധാഭാസമായി. പാർലമെന്‍ററിൽ ഉയർന്ന വിമർശനം വസ്തുതയെയും പരിഗണനയെയും സംബന്ധിച്ച ധാരണയുടെ അഭാവത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം മറുപടി നൽകി. "ഇത്രയും പ്രാധാന്യമുള്ള ഒരു കാര്യം ... വർത്തമാനകാലത്തെ മാത്രമല്ല, ഭാവിയെയും ബാധിക്കുന്ന ഒരു കാര്യം - വളരെ ലാഘവത്തോടെയും നിസാരമായും ഇടുങ്ങിയ ചിന്താഗതിയോടെയും കൈകാര്യം ചെയ്യേണ്ടിവരുന്നതിൽ എനിക്ക് വിഷമമുണ്ട് ' എന്ന് അദ്ദേഹം തുടർന്നു പറഞ്ഞു.
ഇന്ത്യയുടെ താത്പര്യങ്ങളെ ഹനിക്കുന്ന കരാർ പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം നിർണായകമായ ഒരു നാഴികക്കല്ലായിരുന്നു. കരാറിന്‍റെ നിയമസാധുതയും ഗുണവശങ്ങളും പാക്കിസ്ഥാനെതിരാണെന്ന് അയൂബ് ഖാൻ ഒരു പൊതു പ്രക്ഷേപണത്തിൽ സമ്മതിച്ചു. എന്നാൽ നെഹ്‌റുവിയൻ നയതന്ത്ര പരാജയം പാക്കിസ്ഥാനു പിടിവള്ളിയായി മാറി. 1960 സെപ്റ്റംബർ 4ന് റാവൽപിണ്ടിയിൽ നടത്തിയ പൊതു പ്രക്ഷേപണത്തിൽ അയൂബ് ഖാൻ പറഞ്ഞു, "നമുക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന പരിഹാരം സമ്പൂർണമായും സ്വീകാര്യമായ ഒന്നല്ല... പക്ഷേ, വിഷയത്തിൽ ഉയർന്നു വരാവുന്ന അർഹതയും നിയമസാധുതയും സംബന്ധിച്ച ചോദ്യങ്ങൾ, എതിരായേക്കാവുന്ന സാഹചര്യത്തിൽ, നമുക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച പരിഹാരമാണിത് '. ദേശീയ താത്പര്യത്തെ ദ്വിതീയഘട്ടത്തിൽ നിർത്തുന്നതിനു പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് ഈ വെളിപ്പെടുത്തലുകൾ ഇപ്പോഴും ചോദ്യങ്ങൾ ഉയർത്തുന്നു.
1961 ഫെബ്രുവരി 28ന് പ്രധാനമന്ത്രി നെഹ്‌റു തന്നെ ഈ നിരാശ അംഗീകരിച്ചതായി നിരഞ്ജൻ ഡി. ഗുലാത്തി തന്‍റെ "സിന്ധു ജല ഉടമ്പടി: അന്താരാഷ്‌ട്ര മധ്യസ്ഥതയിൽ ഒരു പരിഹാരം' എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നു. "ഈ കരാർ മറ്റു പ്രശ്‌നങ്ങൾക്കു കൂടി പരിഹാരമാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, പക്ഷേ നാം തുടങ്ങിയിടത്തു തന്നെയാണ് നിൽക്കുന്നത് '.
കരാറിനു ശേഷമുള്ള സംഭവവികാസങ്ങൾ അതിന്‍റെ അസമത്വ സ്വഭാവത്തിന് അടിവരയിടുന്നു. നെഹ്‌റുവിന്‍റെ അലംഭാവവും ദേശീയ താത്പര്യത്തോടുള്ള അവഗണനയും കാലക്രമേണ വിജയിച്ചു. അന്താരാഷ്‌ട്ര ജല കരാർ ഒപ്പുവയ്ക്കുന്നത് "ഒരു വലിയ ചുവടുവയ്പ്പാണെന്നും ആ ഒത്തുതീർപ്പ് (കശ്മീരിന്‍റെ) പ്രദേശിക പ്രശ്‌നങ്ങളേക്കാൾ പ്രധാനമായിരുന്നു..' എന്നും 1962 ഫെബ്രുവരിയിൽ വാഷിങ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ നെഹ്‌റു പറയുകയുണ്ടായി.
വ്യക്തമായ മുന്നറിയിപ്പുകൾ നിലനിൽക്കെ, സമാധാനത്തിനും അന്താരാഷ്‌ട്ര അംഗീകാരത്തിനും വേണ്ടിയുള്ള ഉത്ക്കടമായ അഭിനിവേശത്താൽ നയിക്കപ്പെട്ട കോൺഗ്രസ് നേതൃത്വം ഇന്ത്യയുടെ ദീർഘകാല ജലസുരക്ഷയും സമൃദ്ധിയും ബലികഴിച്ചുള്ള നയതന്ത്രത്തിനു മുൻഗണന നൽകി. ഈ പ്രീണന നയം ഒട്ടേറെ മേഖലകളിലെ ദേശീയ മുന്നേറ്റത്തിനു ഹാനികരമാണെന്ന് തെളിഞ്ഞു. കരാറിൽ നിന്ന് പ്രതീക്ഷിച്ച നേട്ടങ്ങൾ ഒരിക്കലും യാഥാർഥ്യമായില്ല; പകരം, അത് യുദ്ധങ്ങളുടെയും അതിർത്തി കടന്നുള്ള നിരന്തര സംഘർഷങ്ങളുടെയും രൂപത്തിൽ അസ്വസ്ഥതകൾക്കു കാരണമായി. കർശനമായ ജലം പങ്കിടൽ ക്രമീകരണം വരൾച്ചയെ നേരിടാനും, ജലസേചനം വിപുലമാക്കാനും, ദുർബല പ്രദേശങ്ങളിൽ കൃഷി ശക്തിപ്പെടുത്താനും പ്രകൃതി വിഭവങ്ങൾ ഉപയോഗപ്പെടുത്താനുള്ള ഇന്ത്യയുടെ ശേഷിയെ പരിമിതപ്പെടുത്തി. അധികാരക്കൊതി പൂണ്ട ഭരണകൂടങ്ങൾക്കു സ്വാശ്രയത്വം കെട്ടിപ്പടുക്കേണ്ടതിന്‍റെ അനിവാര്യത ബോധ്യപ്പെട്ടില്ല. അത് ഇന്ത്യയെ ദുർബലപ്പെടുത്തി. ഫലത്തിൽ, ആ കരാർ ഇന്ത്യയ്ക്ക് ജലനയതന്ത്ര പരാജയവും പാക്കിസ്ഥാന് രാഷ്‌ട്രീയ വിജയവുമായിരുന്നു.
ആ ചരിത്രപരമായ വിഡ്ഢിത്തം തിരുത്താൻ ഇപ്പോൾ മോദി സർക്കാർ നിർണായകവും ധീരവുമായ നടപടി കൈക്കൊള്ളുകയാണ്. അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാക്കിസ്ഥാൻ എന്നെന്നേക്കുമായി വിശ്വസനീയമാം വിധം ഉപേക്ഷിക്കുന്നതുവരെ അന്താരാഷ്‌ട്ര നിയമപ്രകാരമുള്ള പരമാധികാരങ്ങൾ വിനിയോഗിച്ച് ഐഡബ്ല്യുടി ഇന്ത്യ മരവിപ്പിച്ചിരിക്കുന്നു. ദേശീയ താത്പര്യത്തെ ഹനിക്കുന്നവർക്കു കർശന മുന്നറിയിപ്പാണ് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം: "ഭീകരതയും ചർച്ചയും ഒരുമിച്ച് കൊണ്ട് പോകാനാകില്ല; വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല'.
മുൻകാല നയങ്ങളിൽ നിന്നുള്ള ധീരവും ചരിത്രപരവുമായ വ്യതിയാനമാണ് ഈ പ്രഖ്യാപനം. ഇത് കേവലം നയതന്ത്രപരമായ പുനഃക്രമീകരണമല്ല, മറിച്ച് പാകിസ്ഥാനിൽ നിന്നും അതിർത്തി കടന്നുള്ള നിരന്തര ഭീഷണികൾ നേരിടുന്നതിൽ "രാഷ്‌ട്രം ആദ്യം' എന്ന തത്വം എല്ലാറ്റിനുമുപരിയായി പ്രതിഷ്ഠിച്ച്, ഇന്ത്യയുടെ വിഭവങ്ങളും കർഷകരുടെ താത്പര്യങ്ങളും അനുബന്ധ പങ്കാളികളുടെ ഉപജീവന അവസരങ്ങളും സംരക്ഷിക്കാനുള്ള പരമാധികാരത്തിന്‍റെ ഉറച്ച തന്ത്രപരമായ ഉറപ്പാണ്.
സിന്ധു നദീജല കരാർ താതാകാലികമായി മരവിപ്പിച്ചതിന് നയതന്ത്രത്തിനപ്പുറമുള്ള ലക്ഷ്യങ്ങൾ കൂടിയുണ്ട് - അത് വികസിത് ഭാരത് @2047 സാക്ഷാത്ക്കരിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിക്കുന്നു. ജലസ്രോതസുകളുടെ നിയന്ത്രണം വീണ്ടെടുക്കുന്നതിലൂടെ, കാലാവസ്ഥാ പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കാനും, ജലസേചനം ശക്തിപ്പെടുത്താനും, വ്യാവസായിക വളർച്ച ത്വരിതപ്പെടുത്താനും ഭാരതത്തിന് കഴിയും. ഒരു വികസിത രാഷ്‌ട്രമാകുന്നതിൽ ഇവയെല്ലാം പ്രധാന പങ്കു വഹിക്കും. കാലഹരണപ്പെട്ട കരാറുകളിലൂടെ അടിച്ചേല്പിക്കപ്പെട്ട വിട്ടുവീഴ്ചകൾക്ക് ഈ തീരുമാനം അറുതി വരുത്തും. ജല പരമാധികാരം പുരോഗതിയുടെ അടിസ്ഥാന ശിലയായി സ്ഥാപിക്കപ്പെടും. സ്വാശ്രയത്വം, സുസ്ഥിരത, സർവാശ്ലേഷിയായ വളർച്ച എന്നീ ദൗത്യങ്ങളോട് സുഗമമായി സമന്വയിക്കുന്ന ധീരമായ ഒരു ചുവടുവയ്പ്പാണിത്.