സമത്വത്തിന്‍റെ സമ്പദ്ഘടനയിലേക്കു വഴിതെളിച്ച് വനിതകൾ

സമത്വത്തിന്‍റെ സമ്പദ്ഘടനയിലേക്കു വഴിതെളിച്ച് വനിതകൾ

ധുവാരാഖ ശ്രീറാം (യുവാ മേധാവി യുണിസെഫ് ഇന്ത്യ)

കഴിഞ്ഞ ദശകത്തില്‍, സ്ത്രീകളുടെ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്ക് (ഡബ്ല്യുഎല്‍എഫ്പിആര്‍) വര്‍ധിപ്പിക്കുന്നതില്‍ ഇന്ത്യ ഗണ്യമായ മുന്നേറ്റം നടത്തി. സ്ത്രീകളുടെ, പ്രത്യേകിച്ച് തൊഴില്‍ ശക്തിയില്‍ യുവതികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള പരിവര്‍ത്തന സാധ്യതകള്‍ വളരെ വലുതാണ്. ഇത് സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്തുക മാത്രമല്ല, സാമൂഹിക മാറ്റത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും.

കൗതുകകരമെന്നു പറയട്ടെ, കഴിഞ്ഞ ദശകത്തില്‍ ഡബ്ല്യുഎല്‍എഫ്പിയിലെ വര്‍ധന കഴിഞ്ഞ നൂറ്റാണ്ടില്‍ നിരീക്ഷിച്ച വര്‍ധനയേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇത് വിശാലമായ സാമൂഹിക- സാമ്പത്തിക മാറ്റങ്ങള്‍, നയപരമായ ഇടപെടലുകള്‍, സ്ത്രീകളുടെ ജോലിയുമായി ബന്ധപ്പെട്ട സാമൂഹിക മാനദണ്ഡങ്ങളിലെ മാറ്റങ്ങള്‍ എന്നിവ പ്രതിഫലിപ്പിക്കുന്നു.

സ്ത്രീപങ്കാളിത്തത്തിന്‍റെ നിര്‍ണായക ദശകം

സ്ത്രീകളുടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യ നിരവധി സംരംഭങ്ങളും നയങ്ങളും നടപ്പാക്കിയിട്ടുണ്ട്. ഇത് തൊഴില്‍ശക്തിയില്‍ ലിംഗ സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുന്നതില്‍ ഗണ്യമായ പുരോഗതി പ്രതിഫലിപ്പിക്കുന്നു. ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് ഈടുരഹിത വായ്പകള്‍ നല്‍കി, വനിതാ സംരംഭകര്‍ക്ക് മുന്‍ഗണന നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രധാന സംരംഭങ്ങളില്‍ പ്രധാനമന്ത്രി മുദ്ര യോജന ഉള്‍പ്പെടുന്നു.

കൂടാതെ, "ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' യജ്ഞം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും അവരുടെ ഭാവി തൊഴില്‍ സാധ്യതകളെ നേരിട്ട് സ്വാധീനിക്കുന്നതിനും സഹായകമായിട്ടുണ്ട്.

തൊഴിലിടങ്ങളിലെ സുരക്ഷയും വൈവിധ്യവും ഉറപ്പുവരുത്തുന്നതിനുള്ള കോര്‍പ്പറേറ്റ് നയങ്ങളുമായി സംയോജിപ്പിച്ചുള്ള ഈ ശ്രമങ്ങള്‍, തൊഴില്‍ വിപണിയില്‍ സ്ത്രീകള്‍ക്കുള്ള പ്രതിബന്ധങ്ങൾ ഇല്ലാതാക്കുന്നതിനുള്ള സമഗ്രമായ സമീപനം വ്യക്തമാക്കുന്നു.

ആനുകാലിക തൊഴിൽശക്തി സര്‍വേ (പിഎല്‍എഫ്എസ്) സൂചിപ്പിക്കുന്നത് സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തം 2017-18ലെ 22 ശതമാനത്തില്‍ നിന്ന് 13.9 ശതമാനം വര്‍ധിച്ച് 2022-23 ല്‍ 35.9 ശതമാനമായി എന്നാണ്. പ്രതീക്ഷ നല്‍കുന്ന ഈ പ്രവണത ഉയര്‍ന്ന രാഷ്‌ട്രീയ, ബ്യൂറോക്രാറ്റിക് (പൊതു), കോര്‍പ്പറേറ്റ് (സ്വകാര്യ) മേഖലകളിലുള്ള യുവതികളുടെ ഇച്ഛാശക്തിയുടെ തെളിവാണ്. ഇവിടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ യുവജന സംഖ്യ എന്ന നിലയില്‍ സാമ്പത്തിക അവസരങ്ങള്‍ക്കായി തയ്യാറെടുക്കുമ്പോള്‍, ഈ പൊതു- സ്വകാര്യ- യുവജന ആവാസവ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതും ഉയര്‍ന്ന തലത്തില്‍ നയരൂപീകരണത്തിന്‍റെ ഭാഗമാക്കുന്നതിന് യുവതികളെ തുല്യ പങ്കാളികളായി ഉള്‍പ്പെടുത്തേണ്ടതും പ്രധാനമാണ്.

തൊഴില്‍ മന്ത്രാലയത്തിന്‍റെ നിര്‍ണായക പങ്ക്

ഡബ്ല്യുഎല്‍എഫ്പിആര്‍ മെച്ചപ്പെടുത്തുന്നതിന്‍റെ വെളിച്ചത്തില്‍, ഗവണ്‍മെന്‍റ്, പൊതു സമൂഹം, വ്യവസായ സംഘടനകള്‍, ബഹുരാഷ്‌ട്ര ഏജന്‍സികള്‍ എന്നിവയില്‍ നിന്നും പ്രാതിനിധ്യമുള്ള ദൗത്യസംഘത്തെ ഒരുമിച്ച് കൊണ്ടുവരാനുള്ള കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്‍റെ ശ്രമങ്ങള്‍ പ്രശംസനീയമാണ്. ഈ ദൗത്യസംഘത്തിന്‍റെ ചര്‍ച്ചകളില്‍ നിന്ന് നിര്‍ണായക ഫലമായി ഉയര്‍ന്നുവന്ന കാര്യങ്ങള്‍ "സമത്വം ഉറപ്പാക്കല്‍, സ്ത്രീശാക്തീകരണം' എന്ന ശീർഷകത്തില്‍ തൊഴിലുടമകള്‍ക്കുള്ള നിര്‍ദേശമായി സമാഹരിച്ചു.

ഇത് പങ്കാളികള്‍ തമ്മിലുള്ള സഹകരണ സമീപനത്തിന്‍റെ ശക്തി കൂടുതല്‍ ദൃഢമാക്കുന്നു. അനുയോജ്യമായ തൊഴില്‍ അന്തരീക്ഷം, തുല്യമായ വേതന സമ്പ്രദായങ്ങള്‍, തൊഴില്‍ശക്തിയിലെ സ്ത്രീകളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി ആരോഗ്യ- സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ ഉറപ്പാക്കേണ്ടതിന്‍റെ പ്രാധാന്യം ഇത് അടിവരയിടുന്നു.

പ്രതിബന്ധങ്ങള്‍ തകർക്കുന്നു

ഇഷ്ടാനുസൃത ജോലി സമയം, ശിശുപരിപാലന സൗകര്യങ്ങള്‍ തുടങ്ങിയ നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിലൂടെ, തൊഴില്‍ വിപണിയില്‍ സ്ത്രീകളുടെ പങ്കാളിത്തം പരിമിതപ്പെടുത്തുന്ന ചില പ്രാഥമിക പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നിര്‍ദേശം ലക്ഷ്യമിടുന്നു.

നിര്‍മാണത്തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, സൂക്ഷ്മ-ഇടത്തരം-ചെറുകിട സംരംഭങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ എന്നിവര്‍ക്ക് ലിംഗഭേദമില്ലാത്ത ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ക്കും വനിതാ തൊഴില്‍ കേന്ദ്രങ്ങള്‍ക്കുമുള്ള വ്യവസ്ഥകളുടെ പ്രാധാന്യം തുല്യമായി ഊന്നിപ്പറയുന്നു. ചലനാത്മകതയ്ക്കും കുട്ടികളെ പ്രസവിക്കുന്നതിനുമുള്ള സാമൂഹിക തടസങ്ങളാണ് യുവതികളെ തൊഴില്‍ ശക്തിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും പുനഃപ്രവേശിപ്പിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്ന രണ്ട് പ്രധാന ഘടകങ്ങള്‍. നിര്‍ദേശത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ, ശിശു സംരക്ഷണ കേന്ദ്രങ്ങളും വയോജന സംരക്ഷണ സൗകര്യങ്ങളുമുള്ള വനിതാ തൊഴില്‍ കേന്ദ്രങ്ങള്‍/ ഹോസ്റ്റലുകള്‍ എന്നിവയുടെ കാഴ്ചപ്പാട് നിറവേറ്റുന്നതിന്, സര്‍ക്കാരും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണ ശ്രമങ്ങള്‍ നിര്‍ണായകമാണ്.

സുരക്ഷ, സംരക്ഷണം, ആരോഗ്യപരിപാലനം, മാറ്റങ്ങളുടെയും തിരഞ്ഞെടുപ്പുകളുടെയും പ്രതിനിധികളായി യുവതികളെ പരിപോഷിപ്പിക്കല്‍, സ്വന്തം തീരുമാനങ്ങളെടുക്കാനുള്ള കഴിവ് ശക്തിപ്പെടുത്തല്‍ തുടങ്ങിയ വ്യവസ്ഥകളോടെ ലോകോത്തര സൗകര്യവും ഗുണനിലവാരവുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടും. പൊതുസമൂഹത്തില്‍ നിന്നും ബഹുമുഖ ഏജന്‍സികളില്‍ നിന്നുമുള്ള പിന്തുണ, സമുദായങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഈ കേന്ദ്രങ്ങളെ സാമ്പത്തിക ശാക്തീകരണത്തിനായി സ്ത്രീകളുടെ അഭിലാഷങ്ങള്‍ പിന്തുടരാന്‍ ഒരിടമായി പരിഗണിക്കുന്നതിനുള്ള പെരുമാറ്റ വ്യതിയാനത്തെ ശക്തിപ്പെടുത്തും.

ജോലിസ്ഥലങ്ങളെ കൊവിഡ്-19 നാം കാണുന്ന രീതിയില്‍ മാറ്റം വരുത്തുകയും കൂടുതല്‍ ജോലികള്‍ ഹൈബ്രിഡ്, റിമോട്ട് എന്നിവയിലേക്ക് മാറുകയും ചെയ്യുമ്പോള്‍, പരമ്പരാഗത ജോലിസ്ഥലത്തിന്‍റെ വൈവിധ്യങ്ങള്‍ ഇല്ലാതാക്കുന്നതില്‍ സാങ്കേതിക വിദ്യയ്ക്ക് വലിയ പങ്കുണ്ട്. എല്ലാ ലിംഗക്കാര്‍ക്കും ടെലി വര്‍ക്കിങ് സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഇഷ്ടാനുസൃത അവസരങ്ങള്‍ ഈ നിര്‍ദേശത്തില്‍ നല്‍കിയിട്ടുണ്ട്. ഇത് വനിതകള്‍ തൊഴിലിടങ്ങള്‍ ഉപേക്ഷിക്കാതിരിക്കാന്‍ സഹായകമായിട്ടുണ്ട്.

സ്ത്രീകളുടെ കൂടുതല്‍ സാമ്പത്തിക ശാക്തീകരണത്തിലേക്കുള്ള പുരോഗമനപരമായ പാതയാണ് ഈ സംഭവവികാസങ്ങള്‍ നിര്‍ദേശിക്കുന്നത്. ഒപ്പം ഈ നേട്ടങ്ങള്‍ നിലനിര്‍ത്താനും മെച്ചപ്പെടുത്താനും നയപരമായ ശ്രദ്ധയും സാമൂഹിക മാറ്റവും തുടരേണ്ടതിന്‍റെ ആവശ്യകതയും ഉയര്‍ത്തിക്കാട്ടുന്നു.

ഈ നൂറ്റാണ്ട് വനിതകളുടേത്

ഇന്ത്യ ജനസംഖ്യാപരമായ മെച്ചത്തിന്‍റെ ഉന്നതിയില്‍ നില്‍ക്കുന്നതിനാല്‍, രാജ്യത്തെ സ്ത്രീ തൊഴിലാളികളുടെ സാധ്യതകള്‍ തുറക്കൽ സാമൂഹിക നീതിയുടെയും തന്ത്രപരമായ സാമ്പത്തിക അനിവാര്യതയുടെയും വിഷയമാണ്. തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദേശവും ഒപ്പം സമൂഹത്തിന്‍റെ എല്ലാ മേഖലകളില്‍ നിന്നുമുള്ള കൂട്ടായ ശ്രമങ്ങളും പ്രവര്‍ത്തനത്തിനുള്ള രൂപരേഖ വാഗ്ദാനം ചെയ്യുന്നു.

മുന്നോട്ടുള്ള യാത്ര വെല്ലുവിളി നിറഞ്ഞതാണ്, പക്ഷേ പ്രതിഫലങ്ങള്‍ (സാമ്പത്തിക അതിജീവനശേഷി കൈവരിക്കല്‍, സാമൂഹിക ക്ഷേമം, മാനുഷിക കഴിവുകളുടെ പൂര്‍ത്തീകരണം എന്നിവ) എത്തിച്ചേരാവുന്ന ദൂരത്താണ്. ആഗോള വേദിയില്‍ ഇന്ത്യയുടെ കുതിപ്പിന് ഈ ശ്രമം ആവശ്യമാണെന്ന് മാത്രമല്ല അത്യന്താപേക്ഷിതവുമാണ്.

ഈ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിലൂടെയും ഡബ്ല്യുഎല്‍എഫ്പിആര്‍ മെച്ചപ്പെടുത്തുന്നതിനുള്ള സുസ്ഥിരമായ ശ്രമങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെയും, ഇന്ത്യയ്ക്ക് എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്ന സാമൂഹികവും സാമ്പത്തികവുമായ സമത്വവും ഒപ്പം എല്ലാ പൗരന്മാര്‍ക്കും ശോഭനമായ ഭാവിയിലേക്കുള്ള ഗതിയും നിര്‍ണയിക്കാന്‍ കഴിയും. തീർച്ചയായും, ഇന്ത്യ@100ന്‍റെ സാമ്പത്തിക വികസനത്തിന് നേതൃത്വം നല്‍കുന്ന "നായകരാ'ണു കഴിവുറ്റ സ്ത്രീകൾ.

(യുനിസെഫ് ഇന്ത്യയിലെ യുവാ മേധാവിയാണ് ധുവാരാഖ ശ്രീറാം. ഇന്ത്യയിലെ യുവജനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള പൊതു- സ്വകാര്യ യുവജന പങ്കാളിത്ത പ്ലാറ്റ്‌ഫോമാണ് യുവാ).

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com